
നനയാത്ത ഇല
:സത്യൻ മാടാക്കര.
"We made the Path and found the river; The river is from ago"( ഘാന വാമൊഴി)
സമ്പന്നത ഹൃദയത്തിലാണ്, ആഴത്തിലാണ് വേണ്ടത്. അവിടെ നിന്ന് വാരിക്കോരിക്കൊടുത്തോളൂ; നിങ്ങൾ ദരിദനാവില്ല.
അതേറ്റു വാങ്ങുന്ന മുഖത്തെ വെയിൽ ത്തിളക്കം, സൗഹൃദയത്തിന്റെകുഞ്ഞിളം കാറ്റിലെ ഇലയനക്കം പറഞ്ഞാൽ മനസ്സിലാവില്ല. അനുഭവിക്കണം. എടുത്തു നിരത്താൻ നിർവചനങ്ങളില്ല. ദൈന്യം തിരിച്ചറിയുമ്പോൾ തണുത്തൊരു മഴ ഹൃദയത്തിനകത്ത് പെയ്ത് നനയ്ക്കാറുണ്ട് അത് അനുഭവം.
യൗവ്വനത്തിന്റെ പരക്കംപാച്ചിലിൽ കടൽ കടന്ന് ഒരിടത്ത് നിൽക്കാനുള്ള പെടാപ്പാടിൽ വേവലാതിയിൽ ആ മഴ നനച്ചതു പോലെ മറ്റൊന്നും സാന്ത്വനം തന്നിട്ടില്ല. തർക്കം - മടി ഇത് രണ്ടുമാണ് കേരളീയ മുദ്ര. വേദനിച്ചിട്ടു കാര്യമില്ല. രണ്ടു ശങ്കരൻ മാർ മലയാളിക്ക് അതിന് മുൻഗാമികളായുണ്ട്.
പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പുത്തൻ ആഗോള വീക്ഷണം വളർന്നു കഴിഞ്ഞു. അതൊന്നും അനുവദിച്ചു തരുന്നതല്ല വളരുന്ന അധികാര രാഷ്ട്രീയ നേതൃത്വ കൂട്ടുകെട്ട്. ഈയവസരത്തിൽ പരിസ്ഥിതി നിരൂപണത്തിന്റെ ദാർശനിക പദ്ധതി തന്നെ സ്വപ്നം കണ്ട ടി.പി.സുകുമാരൻ മാഷെ ഓർത്തു പോകുന്നു. അകാലത്തിൽ പൊലിഞ്ഞില്ലായിരുന്നുവെങ്കിൽ മാഷിൽ നിന്ന് നല്ല കുറേ സാഹിത്യ പഠനങ്ങൾ ലഭിച്ചേനേ കവിതയിൽ "നനയാത്ത ഇല" എന്ന പ്രയോഗം ഞാൻ കണ്ടെടുത്തത് ഇത്തരം ഒരു ആഴത്തിൽ നിന്നു തന്നെ. പൈപ്പ് വെള്ളം കുടിച്ചു നിലനില്കുന്ന മരുഭൂമിയിലെ ചെടികൾ പലപ്പോഴും പ്രവാസിയെ ഓർമ്മപ്പെടുത്തുന്നു. ഒരർത്ഥത്തിൽ അവർ നനയാത്ത ഇലകൾ തന്നെ. മരുഭൂമിയിലെ ഏകാന്തതയിൽ ഞാൻ ആ ചെടികളോട് സംസാരിച്ചിട്ടുണ്ട്, പെങ്ങൾ ഇലയും അമ്മയിലും ശ്രീമതിയുമായവർ തലയാട്ടിയിട്ടുണ്ട്. ഇത് ഭ്രാന്തെന്ന് തോന്നാം. ഇത്തരം ഭ്രാന്തന്മാർക്ക് വേണ്ടിയാണ് മുഴുത്ത ഭ്രാന്തിൽ ആശുപത്രിയിലിരുന്ന് വൈക്കം മുഹമ്മദ് ബഷീർ" പാത്തുമ്മയുടെ ആട്" എഴുതിയത്. ഇല്ല; എനിക്കു തെറ്റിയിട്ടില്ല. മേഘം വഴി പ്രണയ സന്ദേശം കാമുകിക്ക് കൊടുത്തയച്ച വലിയ കവി കാളിദാസൻഋതുക്കളുടെ മാത്രമല്ല ഹൃദയത്തിലെ കരച്ചിൽ കൂടിയറിഞ്ഞ പാട്ടുകാരനാണ്. ലെബനോണിലെ മുന്തിരിത്തോട്ടത്തിലിരുന്ന് ഖലീൽ ജിബ്രാൻ" ആത്മാവിന്റെ കണ്ണുകൾക്ക് ഒരായിരം മണിക്കൂർ ഒരു മണിക്കൂറല്ലോ" എന്നറിയിച്ചപ്പോൾ മറ്റൊന്നല്ല ഉദ്ദേശിച്ചു കാണുക.
കേരളം വലിയൊരു തട്ടുകടയായി, അരപ്പട്ടകെട്ടിയ ഗ്രാമമായി മാറിയതിൽ എല്ലാവർക്കും പങ്കുണ്ട്. മയക്കുമരുന്ന് വില്ക്കുന്നവർ മുതൽ പലിശക്കാരൻ വരെ അതിന് അതിന്റേതായ ജീർണ്ണത വരുത്തിയിട്ടുണ്ട്. പറയേണ്ടത് പറഞ്ഞു തന്നെ മരിക്കണം. മനസ്സിൽ രഹസ്യങ്ങളുമായി എത്ര പേർ മരിക്കുന്നു. അത് തുറന്നു പറഞ്ഞ് കാര്യങ്ങൾ സംവാദാത്മകമായെങ്കിൽ മൂല്യാധിഷ്ഠിത ബോധമുള്ള തലമുറയുടെ അടിത്തറയെങ്കിലും രൂപപ്പെട്ടേനേ.
പുറമ്പോക്കിലെ ജനതയുടെ പ്രശ്നങ്ങൾക്കൊപ്പം നിന്ന് അവരിലൊരാളായി പെരുമാറുമ്പോൾ വിമതനാക്കിയിട്ടുണ്ട്. പലതിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. എന്നാലും മരക്കസേര ഉപേക്ഷിക്കാൻ വയ്യ. പ്ലാസ്റ്റിക്ക് കസേരയിലിരുന്നുള്ള പ്ലാസ്റ്റിക്ക് മനസ്സ് ഉപേക്ഷിക്കുമ്പോൾ ഉള്ളിൽ സമരഭടന്റെ ഹസ്തദാനമുണ്ട്. അതിലുണ്ട് വലിയ ആഹ്ലാദം പകർന്നു തരുന്ന അഭിനന്ദനം.
നമ്മുടെ ഓരോ ചലനത്തിലും പ്രകൃതിയുടെകൈയ്യൊപ്പ് ഉണ്ട്. ചെടിയുടെ ആവാസ തലം എഴുത്തുകാരന് ഭാവന നല്കുമ്പോൾ (വീണപൂവ് ഓർക്കുക)വലിയൊരു സമഗ്രതക്ക് അയാൾ പറ്റുകാരനാവുന്നു.ആ മനസ്സിനേ അടുക്കള പുകയാതിരിക്കുമ്പോൾ വേദനിക്കാനാവൂ. അയാൾക്കേ ഡേ എക്സ്പ്രസിന്റെ തിരക്കിൽപ്പെട്ട് നാടിന്റെ ഗതികേട് കഥയാക്കാനാവൂ. അയാളിൽ നിന്ന മുരിങ്ങ മരച്ചുവട്ടിൽ നിന്ന് കാണുന്ന ആകാശം കാണിച്ചു തരാനാകൂ. വേവലാതി മുറിയാണ് എഴുത്തിടം. അവിടെ തല പെരുക്കുമ്പോൾ ഭ്രാന്ത് സർഗ്ഗാത്മകമായിത്തീരുന്നു. അവിടെയാണ് ചോറ്. ലോഹ്യത്തിന് ഇരിപ്പിടം.
സാമൂഹ്യ ജീവിതത്തിലേക്കുള്ള വഴിയടയാളങ്ങൾ ഇല്ലാതായ ഇടത്ത് ഒത്തുചേരലിന്റെ സജീവത ആഴത്തിലുള്ള നിരീക്ഷണം, കണ്ടെത്തൽ ആവുന്നില്ലെങ്കിൽ അത് കെട്ടിയാടലായി ഒടുങ്ങും. കെട്ടിയാടി അധ:കൃതനാക്കുകയെന്ന തന്ത്രം ഇപ്പോഴും നടക്കുന്നു. പറഞ്ഞതിനപ്പുറത്തുണ്ട് പറയാത്ത വാക്കുകൾ. മുൻഗാമികൾ തന്നതൊന്നും ചെറുതല്ല. അതിലുണ്ട് മാനവികതയുടെ നടന്നു തീരാത്ത ദൂരം. പടിവാതിൽ തുറന്നു കിടക്കട്ടെ.
ജീവിച്ചിരിക്കെ ഒരു പിടി കഥകൾ തന്ന് കഥയിൽ നിറഞ്ഞു നിന്ന വിക്ടർ ലീനസ് എഴുതിയ വരികൾ എത്ര പേർ ആന്തരികാർത്ഥത്തോടെ വായിച്ചെടുത്തു എന്നറിയില്ല. അത് നോവ് മാത്രമല്ല ജീവിതത്തിന്റെ പിടച്ചിൽ കൂടിയാകുന്നു.
"അതേ, എനിക്ക് ചലിച്ചു കൊണ്ടേയിരുന്നാൽ മാത്രം മതി. തൽക്കാലത്തേക്ക്

വിക്ടർ ലീനസ്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group