
കടത്തനാട് കാവ്യ പെരുമ
:സത്യൻ മാടാക്കര .
കാതിനു കുഴമ്പായ പഴമ്പാട്ടുകൾ
വനപർവ്വങ്ങളുടെയും ഏകാന്ത ഗീതികളുടെയുംഇടയിലിതാ ജീവിത നേരെഴുത്തമായി, സ്വപ്നത്തിന്റെ ആർദ്ര സ്പർശവുമായി, പ്രകൃതിയുടെ ലാവണ്യവുമായി ഇത്തിരി കൊയ്ത്തുപാട്ടുകൾ. ചെകിടിൻ കുഴമ്പായ പഴമ്പാട്ടുകൾ. പൂതം മുടി പിരിച്ചു ആടുകയും, നാഗം പടം വിരിച്ചാടുകയും, ഉണക്കമരം പൊട്ടി പാലൊഴുകുകയും, പച്ചമരത്തിലെ ഇല കൊഴിയുകയും ചെയ്യുന്ന കിണ്ണം മണിയൊച്ചയൊക്കുന്ന തച്ചോളിപ്പാട്ടുകൾ. അയിത്തത്തിന്റെയും അനാചാരങ്ങളുടെയും ശാപങ്ങളേറ്റുവാങ്ങിജീവിച്ച കാലഘട്ടത്തിൽ, അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകളിൽ മനുഷ്യ സമൂഹം ഞെരിഞ്ഞമർന്ന ചുറ്റുപാടിൽ സർഗ വൈഭവം ഏകാന്തതയ്ക്ക് സമ്മാനിച്ചു ഏകാകിയുടെ വീണാ ഗാനം പോലെ മനസ്സിനെ കുളിർപ്പിക്കുന്ന കഥകളിലൂടെ ആഹ്ലാദം നല്കിയ കഥാകാവ്യങ്ങൾ.
എല്ലാമെല്ലാം നവീകരിക്കുകയും പാരമ്പര്യത്തിലൂന്നി നിന്ന് സംസ്കാരത്തെ പുതുക്കിപ്പണിയുകയും കാലത്തിനനുസരിച്ച് സങ്കേതത്തിൽ നൂതനത്വം കൈവരുത്തുകയും ചെയ്യുന്ന നമ്മുടെ കാലഘട്ടം. ചിത്രങ്ങളുടെയും പകർപ്പുകളുടെയും ലോകത്തിൽ നിന്നിറങ്ങി മനുഷ്യനോട് മുഖാമുഖം സംസാരിക്കുന്ന കലാധാരകൾ ഇവയ്ക്കിടയിലായി സ്നേഹത്തെയും കലയെയും മനസ്സിൽ പേറി ജീവന്റെ പിറകടിയൊച്ചയ്ക്കായലയുന്ന കലാസ്നേഹികൾ. ഇവരെ സംബന്ധിച്ചിടത്തോളം വടക്കൻ പാട്ടുകളാസ്വദിക്കുന്നതു പ്രകൃതി സഹവാസത്തിന്റെ മധുരിമ നേടലാണ്. ആഴങ്ങളിൽ മുങ്ങി മുത്തു തപ്പിയെടുക്കൽ.
ഇവിടെ ഏതോ അജ്ഞാത കവിയുടെ പേനത്തുസിൽനിന്നും ഉറ്റിവീണ അക്ഷരങ്ങളെ ചേർത്തു വെച്ച് വായിച്ചു നോക്കാം. പട്ടും വളയും പാരിതോഷികവും ആഗ്രഹിക്കാതെ, കൊട്ടാരത്തിലെ മഹാകവിപ്പട്ടം ആഗ്രഹിക്കാതെ, അക്കാദമി അംഗീകാരമില്ലാതെ അജ്ഞാതരായ കവികൾ എഴുതി വെച്ച കാവ്യങ്ങൾ സാഹിത്യ ശാഖയിലെ വിലപ്പെട്ട കൃതികളാണ്. കാവ്യമേഖലയിൽ മുൻ നിര അർഹിക്കുന്നതാണ്.
പൂമാതൈ പൊന്നമ്മ എന്ന കാവ്യത്തിലെ ഹേമന്ത കാല വർണ്ണന നോക്കൂ. അതിലെ സൂക്ഷ്മ സ്വഭാവവർണ്ണന പരിശോധിക്കൂ
"മകരം പിറന്നാറെ മാവു പൂത്തു
പൂക്കൈത പൂത്ത് മണം പൊന്ത്യല്ല്യോ
കൊമ്പത്തിരിക്കുന്ന മാരനോട്
മാമാതംകൊഞ്ചുന്നു പെൺപിറാവ്
പുള്ളിച്ചി പൂപ്പേട കോഴിയോട്
പൂവാലൻ കോഴിയടുത്തു കൂടി
കാട്ടിലെയരിത്തുമ്പ കണ്ടത്തീന്ന്
തുള്ളിക്കളിക്കുന്നു ചേര രണ്ട്
പടിക്കലെ പൊന്മര പൂത്തിലഞ്ഞി
പൂവുകൊണ്ടാറാട്ടും പാട്ടും കൂട്ടി.
മണലൂരെ കണ്ടൻ വരിക്കയില്
തായും കന്നഞ്ചെട്ട് ചക്ക തൂങ്ങി
കദളിക്കരിമ്പന കുപ്പയില്
വായക്കവുക്കപ്പടല ചോന്നു വന്ന്
കായലെളമള താളം കൂട്ടി
കൂരിയാറ്റ കൂട്ടിലൊറങ്ങിപ്പോയ്.
വരികളിൽ കണ്ണുനട്ട് വായിക്കുമ്പോൾ അനുഭൂതിയുടെ പാൽക്കടലിൽ പായത്തോണിയിലിരുന്ന് സവാരി ചെയ്യുന്നതായാണ് നമുക്ക് തോന്നുക.

വർഗ്ഗ വ്യത്യാസം രണ്ടു ചിത്രങ്ങളിലൂടെ അവതരിപ്പിച്ച് നമ്മുടെ അവബോധത്തിൽ കാലഘട്ടത്തിന്റെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ഒരു ഭാഗം ഇങ്ങനെ . മറ്റൊന്നും പറയാതെ അജ്ഞാതകവി ഇത് മാത്രമേ പറയുന്നുള്ളു:
തമ്പുരാന്റെ മാളികയിൽ:
ആവണിപ്പലവെച്ചും ദീപം വെച്ചും
ചങ്ങല വട്ടയിൽ തിരിയുമിട്ട്
അമൃതേത്താലത്താഴം കൊള്ളുന്നോറ്
പൂലുവക്കുടിലിൽ:
വരിനെല്ലുരിയരി കഞ്ഞി വെച്ച്
കണ്ണിപ്പരളുമായ്യൊറിക്കൊഞ്ചൻ
വാല ത്താൻമീനും പൊയക്കലെ ഞണ്ടും
കൂട്ടിക്കറിവെച്ച് കഞ്ഞി വെച്ച്
അത്തായം കഞ്ഞി കയിക്കുന്നോള്
സൗന്ദര്യo മുറ്റി നില്ക്കുന്ന മറ്റൊരു ഭാഗമാണ് പൂമാതൈയുടെ കൊയ്ത്തുപാട്ടു വർണ്ണന. സൗന്ദര്യോപാസന ഇത്ര നിറഞ്ഞു നിൽക്കുന്നതു കൊണ്ടായിരിക്കാം ഈ വരികൾ നമ്മളെ വല്ലാതെ ആകർഷിക്കുന്നത്.
കാറ്റിലെപ്പൂമാലപ്പൂവ് പോലെ
ത്തടിക്കൊയഞ്ഞല്ലോ പാടുന്നോള്
നീട്ടിയും കുറുക്കിയും ചേലൊപ്പിച്ചും
പാട്ട് പൊടിമാനം കൊള്ളിക്കുന്നു.
പുഞ്ചക്കതിരിനും പൂക്കൈതക്കും
പറക്കും പറവക്കും കേൾക്കുന്നോർക്കും
കൊതിതോന്നും പൂലുവ പ്പെണ്ണിനോട്
പുഞ്ചക്കതിരിനു വന്ന തത്ത
പാട്ട് കേട്ട് കൊമ്പത്തൊറങ്ങിപ്പോയി
അന്തിക്കു പട്ടിണിപ്പാടായിറ്റും
കൂരിയാറ്റ കൂട്ടിന്നെറങ്ങിയില്ല
മീൻ കണ്ണൻ പൂവാളി വെള്ളക്കൊച്ച
പരൽ നോക്കി കണ്ടിക്കല് നിന്നും പോയി.
നാടും പച്ചപ്പും ഉണങ്ങുന്ന വേനലിന്റെ വരൾച്ച . ചുട്ടുപഴുത്ത വെയിലിലെ ഭൂമിയുടെ അവസ്ഥ. പ്രകൃതിയും ചരാചരങ്ങളുമൊക്കെ ചൂടിൽ നരകിക്കുന്നു. വടക്കൻ പാട്ടുകാരന്റെ ഭാഷാവിരുത് ഇവിടെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
കുളം വറ്റി കൈതോലക്കോട് വറ്റി
ആറ്റുകര, അത്താണിത്തോട് വറ്റി
നീരറ്റു പുഞ്ച കരിഞ്ഞു പാളി
കുടിനീരിറക്കാനും നീരില്ലാ ലോ
മുറ്റത്തെ മാളി മയങ്ങിപ്പോയി
ചെന്തങ്ങളിനീരും വാടി വീണു
വള്ളിയും വായ ഒണങ്ങിപ്പോയി
നാനായ് കറക്കുംപൈക്കുമ്പച്ചിക്കു
പാലില്ല പുല്ലൊന്നും നാട്ടിലില്ല.
ചുടു ചൂടാറിക്കുന്ന തീവെയിലിലാകെ
എരിപൊരി സഞ്ചാരം പാതിരാക്ക്.
ഒട്ടനവധി നുറുങ്ങു ചിത്രങ്ങളിലൂടെ സുന്ദര ചിത്രമൊരുക്കും തച്ചോളിപ്പാട്ടുകളിൽ ഭൂരിഭാഗവും ദുസ്ഥിതിയിലകപ്പെട്ടു പോയ ചുറ്റുപാടിലാണിന്ന്. ലാളിത്യം, ജീവിത സ്പർശിയായ നാടോടി ശീല് നിറഞ്ഞു നിൽക്കുന്ന പാട്ടുകൾ പരിശോധിച്ചാൽ വൈകാരികസത്തയുടെ തെളിനീരാണ് കിട്ടുക.

നിയതമായൊരു ചട്ടക്കൂടില്ലാത്തത് കൊണ്ടു തന്നെ വടക്കൻ പാട്ടുകൾ അജ്ഞാത ഗ്രാമീണ കവികളെ ഓർമ്മപ്പെടുത്തുന്നു. പതുക്കെപ്പതുക്കെ കരളു രുകി പറയുന്ന കഥകളിലൂടെ വായനക്കാരുടെ മനസ്സിൽ ഇ കെട്ടുന്ന രീതിയാണ് മിക്കവാറും നാടോടിപ്പാട്ടുകളുടെ ഘടന. മനുഷ്യമനസ്സിന്റെ ചക്രവാളത്തിൽ വീശുന്ന തണുത്ത കാറ്റായി, അക്ഷയ പാത്രമായി വടക്കൻ പാട്ടുകൾ മാറുമ്പോൾ പരമ്പര്യ കലയെ അറിഞ്ഞ് സംരക്ഷിക്കേണ്ടത്, ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണ്. കർത്തവ്യമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group