
അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം
:സത്യൻ മാടാക്കര .
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ഓർക്കുമ്പോൾ എന്നിലേക്ക് ഈ വാചകം എത്തിച്ചേരുന്നു. സൂഫി ടെച്ച് ഉള്ള ഈ വരി നല്കുന്ന പോസറ്റീവ് എനർജി വേറിട്ടൊരു റീ ചാർജ്ജിങ്ങാണ്. മഴതിമർത്തു പെയ്യുമ്പോൾ മറ്റൊന്നു കൂടി കയറി വന്നു. മഴ പ്രാർത്ഥനയ്ക്കു കിട്ടുന്ന ദൈവ ദാനമാകുന്നു. വെള്ളമില്ലെങ്കിൽ ഈ ലോകത്ത് ഒരു കാര്യവും നടക്കുകയില്ല. അതിന്റെ വില പൈപ്പുവെള്ളം ആശ്രയിച്ചു കഴിഞ്ഞ അറബ് ജീവിത കാലത്താണ് അനുഭവിച്ചത്. വെള്ളം അതിന്റെ പവിത്രത നിറഞ്ഞ എഴുത്ത് ബഷീറിനെ ഓർക്കുമ്പോൾ ഓർമ്മ വരുന്നു.
" അന്തമില്ലാത്ത മരുഭൂമി ചുട്ടുപൊള്ളുന്നു. മുകളിൽ ഭീകര സൂര്യൻ, തലയുടെ അടുത്ത് ലക്കില്ലാതെ നടക്കുകയാണ്. കാലുകൾ പൂണ്ടു പോകുന്നു. ചൂടിൽ ഞാൻ വേവുകയാണ്. കൊടിയ ദാഹം. അവശനായി ഞാൻ വീണു. നീളത്തിലുളള ഒരു കരിക്കട്ടയാണ് ഞാൻ. ഒത്ത നടുക്ക് അകത്ത് ഒരു ചുവപ്പു വെളിച്ചം. അല്ലാഹ് എന്നാണത്. അതും മറഞ്ഞു. ബോധം തീരേയില്ല. അങ്ങനെ ചുട്ട് പഴുത്ത് എത്ര സമയം കിടന്നു ? മണിക്കൂറുകളോ? ദിവസങ്ങളോ അറിഞ്ഞുകൂടാ. പിന്നെ തണുത്ത മഴത്തുള്ളികൾ. തണുത്ത കാറ്റും വീശുന്നുണ്ടോ? ഒരു ഗംഭീര ശബ്ദം: പീയോ !......കുടിക്ക് . ചുണ്ടത്ത് പാത്രം. പിയോ..... ഞാൻ കുടിച്ചു. മാവുൽ ഹയാത്ത്. ജീവന്റെ ജലം ഞാൻ കുടിച്ചു കൊണ്ടേയിരുന്നു. പിന്നെയും ഗംഭീര ശബ്ദം . ആജ്ഞയാണ്. കണ്ണുകൾ തുറക്ക് ! ഞാൻ കണ്ണുകൾ തുറന്നു........ അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം.
( ബഷീർ കോഴിക്കോട് സർവ്വകലാശാല ഡി .ലിറ്റ്. സ്വീകരിച്ചപ്പോൾ ചെയ്ത പ്രഭാഷണത്തിലെ വരികൾ)
ദേശത്തെ എഴുതുമ്പോഴും പരിസ്ഥിതി വിവേകത്തോടെ തിരിച്ചറിയുമ്പോഴും, മനസ്സിൽ ഹരിതം കരുതുമ്പോഴും ഒരർത്ഥത്തിൽ മാനവികതയിലൂന്നി സ്വന്തം പ്രാകൃത വാസനകളോട് സമരം ചെയ്ത് നവീകരിക്കുകയാണ് നമ്മൾ ചെയ്യുന്നത്. വീട്ടു വിളിക്കും കുടുംബത്തിനും ദേശവ്യത്യാസമില്ല. എല്ലാറ്റിലും കണ്ണീരും വാക്കും കുഴഞ്ഞ അനുകമ്പയുണ്ട്.
കഷണ്ടി കയറിയ പല്ല് കൊഴിഞ്ഞ ചോദ്യ ചിന്നം ? ഉന്തിത്തള്ളി ഏകോപനം (=) കടന്നു വരുമ്പോൾ ഞാനറിയാതെ ചിരിക്കുന്നു. വീഞ്ഞു ഗ്ലാസ്സും ഗസലുമായി അലൂമിനിയം ഫോയിൽ പൊളിച്ച് 'നരകത്തിലെ കോഴിയിലേക്ക് ', വിനാഗിരിയൊഴിച്ച നീളൻ പച്ചമുളകിലേക്ക്, പപ്പട തമാശയിലേക്ക്, കോഴിക്കാല് കടിച്ചു വലിക്കലിലേക്ക് പാകപ്പെടാനാവാതെ തന്നെ.
ആശയത്തിന്റെ ലോഗ്യസുഖമറിഞ്ഞ് സാഹിത്യ കൂട്ടായ്മയിലേക്ക് എത്തിപ്പെടുമ്പോൾ മസിലു പിടിച്ചുള്ള ചോദ്യം കേട്ട് അറിയാതെ ചോദ്യം വരുന്നു. ഇതാണോ സാഹിത്യ ക്കൂട്ടായ്മ. ഇങ്ങനെയാണോ സാഹിത്യം രൂപപ്പെടൽ. അതേ, സാഹിത്യത്തിൽ സാഹിത്യ ബാഹ്യമായത് ഇടപെടുമ്പോൾ പുസ്തക പ്രകാശനത്തിനു ശേഷം ബിരിയാണിയും, സിനിമാറ്റിക് ഡാർഡും വായനക്കാർ സഹിക്കേണ്ടി വരുന്നു. അടിയറവ് പറയുന്ന മൂന്നാം കിട ഉത്സവ കാലം ഒരു ദേശത്തെയും ഉണർത്തുന്നില്ല. കെട്ടിയാട്ട ചരിത്രം മലയാളിക്കു നല്കിയ ചരിത്രം അതാകുന്നു. അപരിചിതന്റെ തെളിഞ്ഞ മുഖത്തോടെയുള്ള സ്നേഹമാണ് എഴുത്തിന്റെ വലിയ അംഗീകാരം. നാരായണ ഗുരു അരുൾ, അൻപ്, അനുകമ്പ എന്ന് പറഞ്ഞു തന്നത് അതാകുന്നു. എന്നാൽ അത്ര പെട്ടെന്നൊന്നും കൈപിടിക്കാൻ മലയാളിയെ കിട്ടില്ല. അവർ കൈയടിക്കും, ചിരിക്കും, പറഞ്ഞറിയിക്കുo എന്നാൽ മനസ്സിനകത്ത് കയറ്റാൻ ഒന്നാലോചിക്കും.
ബഷീർ ഓർമ്മയിൽ നിന്നുള്ള ഈ എഴുത്ത് പണ്ട് എഴുതിയ ബഷീർ കവിതയിലൂടെ അവസാനിപ്പിക്കട്ടെ:
"പാതിരാത്രി
കച്ചാൻ കാറ്റടിക്കുന്ന മകരം
കോഴിക്കോട്ടെ വലിയങ്ങാടി
ഗുദാമുകൾക്കും രണ്ടാം ഗെയിറ്റിനുമിടയിലൂടെ
സൈക്കളിൽ വൈക്കം മുഹമ്മദ് ബഷീർ.
കവിൾ നിറച്ചും ബീഡി പുകയുമായ്
ശ്വാസം മുട്ടി നില്ക്കുന്നേ തോളുരുമ്മി വിശ്വ വിഖ്യാതയായ ബാലം കാല സഖി.
മുട്ടായിത്തെരുവിലേക്ക് നീങ്ങുന്ന അവരെ നോക്കി
രാധാ ടാകീസിൽ നിന്നിറങ്ങുന്ന ചെറുപ്പക്കാർ അമ്പരന്നു.
തലയിൽ തോർത്തു കെട്ടിയ അമ്മാലികൾ
മസിലുരുട്ടി രൂക്ഷമായി നോക്കി.
സൂഫിയുടെ ചിരിയുമായി ബഷീർ
കിന്നാരം പറഞ്ഞു നടന്നു.
നീലാകാശത്ത് ചന്ദ്രക്കല തെളിഞ്ഞു.
തീവ്ര സ്നേഹത്തെക്കുറിച്ചു സംസാരിച്ചു നടന്നു
കടപ്പുറത്തെത്തിയതറിഞ്ഞില്ല.
കാരുണ്യത്തോടെ കരുണാമയനായ
സൃഷ്ടാവിലേക്ക്കൈ മലർത്തി
ബഷീർ കടലിലേക്ക് കണ്ണു നട്ടു.
അപ്പോൾ :
ആകാശത്ത് നിന്നിറങ്ങിയ ഹൂറികൾ
ബാലം കാല സഖിയേയും കൂട്ടി
ദിക്കറിയാ നാട്ടിലേക്ക് പറന്നു.
കുറുക്കൻ, പാറ്റ, പൂച്ച, പാമ്പ്, ആട്, കോഴി
ഇവർക്കിടയിൽ
ഗസലിന്റെ പതിഞ്ഞ ഈണം.
ബാല്യകാലസഖിയുടെ ഓർമ്മയുമായി
സുലൈമാനി മോന്തി
വൈക്കം മുഹമ്മദ് ബഷീർ.





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group