
ഒഞ്ചിയം, മാടാക്കര,
ഊരാളുങ്കൽ, ചോമ്പാല
:സത്യൻ മാടാക്കര
നിശ്ചയിച്ചമുഹൂർത്തത്തേക്കാൾ മഹനീയമായ മുഹൂർത്തത്തിൽ ഒഞ്ചിയം തമ്പുരാൻ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ച് ഒന്നും അറിയാത്തവനെ പ്പോലെ ഇരിക്കുകയാണെന്ന വാസ്തവം തച്ചനു മനസ്സിലായി. അന്ന്" തമ്പുരാനെ എന്നെക്കൊണ്ട് വിഡ്‌ഢി വേഷം കെട്ടിക്കണമായിരുന്നോ... കെട്ടിക്കണമായിരുന്നോ" എന്ന് തച്ചൻ ചോദിക്കുകയുണ്ടായി.
സ്ഥലനാമങ്ങളും വീട്ടു പേരുകളും ഭൂമിശാസ്ത്രവും പഠിക്കുന്നതിലൂടെ ഒരു നാടിന്റെ പൂർവ്വ കാല ചരിത്രം വെളിപ്പെടുന്നു.
ഒഞ്ചിയം, ഊരാളുങ്കൽ, മാടാക്കര, മുട്ടുങ്ങൽ, ചോമ്പാല എന്നീ പ്രദേശങ്ങൾ അത്തരം പഠനത്തിനുള്ള നിരവധി പ്രാചീന, നവീന ശിലാവശിഷ്ടങ്ങളും, ഗുഹകളും നിറഞ്ഞ പ്രദേശമാണ്.
ചിലയിടത്തു നിന്നൊക്കെ കണ്ടെടുത്ത പുരാതന ശിലായുഗത്തിലെകൈ ക്കോടാലിയും, നവീന ശിലായുഗത്തിലെ മൺവെട്ടികളും 'മഹാശില സാംസ്കാരിക ബെൽറ്റ് ' ( ഡോ: എം.ആർ.രാഘവവാരിയർ ) നിലനിന്നതിന്റെയും ബുദ്ധ-ജൈന മത ജീവിത കേന്ദ്രത്തിന്റെയും സൂചന നല്കുന്നു.
മാടാക്കര എന്ന പേരിന്റെ ഉല്പത്തിയെക്കുറിച്ച് എഴുതപ്പെട്ട രേഖകളൊന്നും ഇല്ല.
വായ്മൊഴിയായിപറഞ്ഞുകേട്ടത്അരയസമുദായംതിങ്ങിപ്പാർക്കുന്നഈ സ്ഥലത്ത് പണ്ട് ഒരു 'മടപ്പുര 'ദൈവ പ്രാർത്ഥനയ്ക്കായി ഉണ്ടായിരുന്നെന്നും അവിടുന്നാണ് ഇന്നുള്ള തിരുവാണി ഭഗവതി ക്ഷേത്രം വന്നതെന്നുമാണ്. മടപ്പുര നിന്ന പ്രദേശം മടക്കര എന്ന പേരിലും പിന്നീടത് മാടാക്കരയായി എന്നും പ ഴമക്കാർ പറയുന്നു.
ഒരു വ്യാപാര തുറമുഖംആയ ചോമ്പാലിലേക്ക് കയറ്റുമതി സാധനങ്ങൾ കടന്നുപോയതും സ്റ്റോക്ക് ചെയ്തതുമായ സ്ഥലമായിരിക്കാം മാടാക്കര. അതിന് തെളിവായി പാണ്ടികശാല വളപ്പിൽ, പീട്യേക്കണ്ടി എന്നീ പേരുകൾ ഇപ്പോഴും ഉണ്ട്.

മാഹി (മയ്യഴി) പുഴയുടെ തീരപ്രദേശത്തുള്ള ചേമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാണുന്ന ശിലാലിഖിതങ്ങൾ ഒഞ്ചിയത്തിന്റെ പ്രാചീനതയിലേക്ക് വെളിച്ചം വീശുന്നു.
ഈ ലിഖിതങ്ങൾ രണ്ടു ഗ്രാമങ്ങളിലെ ഊരാളെരെക്കുറിച്ച് പറയുന്നുണ്ട്.
ചേമ്പ്ര ക്ഷേത്രത്തിലെ ഈ ഗ്രാമങ്ങളിൽ നിന്നുള്ള വിവിധ സംഭാവനകളെ ക്കുറിച്ചും ഗ്രാമ നടത്തിപ്പിനെക്കുറിച്ചുമാണ് ഇവ പറയുന്നതെങ്കിലും ഈ പ്രദേശത്തിന്റെ സാമൂഹ്യ ജീവിതത്തിന്റെ ചുരുളഴിക്കാൻ കൂടി ഇവ സഹായിക്കുന്നു.
മേൽപ്പറഞ്ഞ രണ്ടു ഗ്രാമങ്ങളിലൊന്ന് ചേമ്പ്ര ക്ഷേത്രം കേന്ദ്രീകരിച്ചുള്ള
തായിരുന്നു.
മറ്റേ ഗ്രാമം ഏതാണെന്ന് ലിഖിതങ്ങൾ പഠിച്ച പണ്ഡിതന്മാർക്ക് മനസ്സിലായിരുന്നില്ല.
രണ്ടാമത്തെ ഗ്രാമം ഒഞ്ചിയത്തിന്റെ സിരാ കേന്ദ്രമായിരുന്ന ഊരാളുങ്കൽ ആയിരുന്നുവെന്ന് ആ പേര് തന്നെ സൂചിപ്പിക്കുന്നുണ്ട്. ഊർ അഥവാ ഗ്രാമം ഭരിക്കുന്നവരുടെ (ഊരാളർമാരുടെ ) കോവിലുണ്ടായിരുന്ന സ്ഥലമാണ് ഊരാളുങ്കൽ എന്നറിയപ്പെടുന്നത്.
ഊരാളുങ്കൽ അഥവാ ഒഞ്ചിയം പ്രദേശം ഭരിച്ചിരുന്ന ഊരാളർ സമിതിയിൽ അഞ്ച് ബ്രാഹ്മണന്മാർ (നമ്പൂതിരിമാർ) ഉണ്ടായിരുന്നുവെന്ന് ഊഹിക്കാൻ കഴിയും.
ഇവിടെ അഞ്ച് യോഗക്കാർ അടങ്ങിയ സമിതിയായിരുന്നു ഭരണം നടത്തിയിരുന്നത്.

അങ്ങനെ അഞ്ചു യോഗം എന്നത് ലോപിച്ചാണ് ഒഞ്ചിയം എന്ന പേര് ഗ്രാമത്തിന് പിന്നീട് കിട്ടിയത്.
ഈ പ്രദേശത്തെ ഊരാളുങ്കൽ, അക്കം വീട്, തോടം വീട്, ഇല്ലത്ത്, കൊല്ലന്റവിട, തട്ടാന്റവിട, തൊണ്ടിയിൽ, പുനത്തിൽ, നൊച്ചോടി, കൊയിലോത്ത്, കേളോത്ത്, മാടത്തിൻ കീഴിൽ, പള്ളിയാൻ താഴ, തോട്ടോളി, പുന്നോളി തുടങ്ങി അനേകം വീട്ടു പേരുകൾ ഈ പ്രദേശത്തിന്റെ പഴയ ചരിത്രത്തിലേക്കുള്ള സൂചകങ്ങളായി ഇന്നും നിലനിൽക്കുന്നു. " (കെ.പി. ദേവദാസ്, ചരിത്രകാരൻ, മുൻ അസി.ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. എഴുതിയ ലേഖനത്തിൽ നിന്ന്)
ഒഞ്ചിയം തമ്പുരാൻ
ഒഞ്ചിയത്തുകാർ അറിയേണ്ട പേരാണ് ഇ.കെ. ശങ്കരവർമ്മ രാജ എന്ന അപ്പുത്തനുരാൻ എന്ന പേരിൽ അറിയപ്പെടുന്ന ഒഞ്ചിയം തമ്പുരാൻ. ഇടവലത്ത് കോവിലകത്ത് 1774 ലാണ് ജനനം.
ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും സ്വപ്രയത്നത്താൽ പഠിച്ച് വിഷ ചികിത്സയിലും, ജ്യോതിഷ ശാസ്ത്രത്തിലും, ഗണിത ശാസ്ത്രത്തിലും, സാഹിത്യത്തിലും, മീമാംസയിലും, തച്ചുശാസ്ത്രത്തിലും അതിനിപുണ നായി അദ്ദേഹം.
ലോകത്തിലെ മഹാന്മാരായ ഗണിത ശാസ്ത്രജ്ഞരുടെ ഗണത്തിൽ ഒഞ്ചിയം തമ്പുരാൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് 'Great Mathamaticians in the world' എന്ന പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
തച്ചുശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ച ഒരനുഭവം ഇങ്ങനെ. "രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് പുറമേരിയിൽ ഇടവലത്ത് കോവിലകത്തിന്റെയും ആയഞ്ചേരി കോവിലകത്തിന്റെയും നിർമ്മാണത്തിന് കുറ്റിയടിക്കാൻ മുഹൂർത്തം നിശ്ചയിച്ച് തച്ചനെ ഏർപ്പാട് ചെയ്തു. തച്ചൻ മുഹൂർത്തത്തിനു തന്നെ കുറ്റിയടി തുടങ്ങി. പക്ഷേ ഒരു മൂലയ്ക്കും കുറ്റി കയറുന്നില്ല. നിശ്ചയിച്ചമുഹൂർത്തത്തേ ക്കാൾ മഹനീയമായ മുഹൂർത്തത്തിൽ ഒഞ്ചിയം തമ്പുരാൻ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ച് ഒന്നും അറിയാത്തവനെപ്പോലെ ഇരിക്കുകയാണെന്ന വാസ്തവം തച്ചനു മനസ്സിലായി. അന്ന്" തമ്പുരാനെ എന്നെക്കൊണ്ട് വിഡ്‌ഢി വേഷം കെട്ടിക്കണമായിരുന്നോ" എന്ന് തച്ചൻ ചോദിക്കുകയുണ്ടായി.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറിൽ നിന്നും ബ്രാഹ്മണരും ക്ഷത്രിയരും തിരുവിതാംകൂറിലേക്ക് ചേക്കേറിയിരുന്നു. അന്ന് മൂന്നാംകൂറുകാരനായ ഒഞ്ചിയം തമ്പുരാനും തിരുവിതാംകൂറിലെത്തി തന്റെ നിപുണത അവിടെ പ്രകടിപ്പിച്ചു. കൊട്ടാരത്തിലെ തച്ചുശാസ്ത്ര ജോതിഷ വിഷയങ്ങളിൽ ആവശ്യമായ ഉപദേശം നൽകാനുള്ള ചുമതല ഒഞ്ചിയം തമ്പുരാനിൽ നിക്ഷിപ്തമായി. ജ്യോതിഷത്തിലുള്ള തമ്പുരാന്റെ സിദ്ധിയുടെ മാറ്റുരയ്ക്കുന്നതിനു വേണ്ടി സ്വാതിതിരുനാൾ ഒരു ചോദ്യം ചോദിച്ചു. പത്മനാഭ സ്വാമിക്ഷേത്ര ദർശനം നടത്തി താൻ പുറത്തിറങ്ങുന്നത് ഏത് വഴിയിൽ കൂടിയാണെന്ന് പ്രവചിക്കാൻ പറഞ്ഞു. ഒഞ്ചിയം തമ്പുരാൻ വഴി നേരത്തെതന്നെ രഹസ്യമായി അടയാളപ്പെടുത്തിയിരുന്നു.'
ഇന്ത്യൻ ദേശീയ ശാസ്ത്ര ചരിത്ര കമ്മീഷനു വേണ്ടി ന്യൂ ഡൽഹിയിലെ ഇന്ത്യൻ ദേശീയ ശാസ്ത്ര അക്കാദമി പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ജേർണൽ ഓഫ് ഹിസ്റ്ററി ഓഫ് സയൻസ് മുപ്പത്തിയാറാം വാള്യത്തിൽ (2001 സപ്തംബർ ഡിസംബർ) ചെന്നൈ ശ്രീശാരദ എഡ്യുക്കേഷൻ സൊസൈറ്റി റിസർച് സെന്റർ ഡയറക്ടർ കെ.വി. ശർമ്മ Sadratha mala of Sankara varman ( സദ്‌രത്നമാല) എന്ന തലക്കെട്ടിൽ ഒരു വിമർശനാത്മക പഠനം നടത്തിയിട്ടുണ്ട്. ഒഞ്ചിയം തമ്പുരാൻ സദ് രത്നമാല സംസ്കൃതത്തിൽ രചിച്ചതു കൂടാതെ മലയാളത്തിൽ വ്യാഖ്യാനവും നടത്തിയിട്ടുണ്ട്. ജ്യോതിഷ ഗണിതവുമായി ബന്ധപ്പെട്ട ഈ കൃതിക്ക് ഒഞ്ചിയം തമ്പുരാൻ തന്നെ കൂട്ടിച്ചേർക്കലുകൾ നടത്തി പുതിയ പതിപ്പും ഇറക്കിയിട്ടുണ്ടായിരുന്നു. ഒഞ്ചിയം തമ്പുരാനെ ശാസ്ത്ര വിജ്ഞാന ലോകം ഇന്നും ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ ഒഞ്ചിയമൊ കടത്തനാടൊ ഒഞ്ചിയം തമ്പുരാനെ ഓർമ്മിക്കുന്നില്ല. അദ്ദേഹത്തിന്റെ പഠന മേപ്പിൽ മേഖലയായിരുന്ന വിഷചികിത്സ, ജ്യോതിഷ ശാസ്ത്രം, ഗണിത ശാസ്ത്രം, തച്ചുശാസ്ത്രം, കാവ്യമീമാംസ എന്നിവയ്ക്ക് ഉണർവ്വേകാൻ ഒരു പഠന ഗവേഷണ കേന്ദ്രം ഒഞ്ചിയത്തുണ്ടാകേണ്ടതുണ്ട്. (അവലംബം: ഡോ: ഇ.കെ.ഗോവിന്ദവർമ്മ രാജ, ശിവപുരം സോവനീർ)
ചോമ്പാൽ ഹാർബർ
മതസൗഹാർദ്ദത്തിന്റെ മൈത്രി നിറഞ്ഞ തീരപ്രദേശമാണ് മാടാക്കര, ചോമ്പാല മീൻപിടുത്ത കടലോരം. ഇവിടെ നടക്കുന്ന വിവാഹങ്ങളിലും, ഗൃഹപ്രവേശനത്തിലുമൊക്കെ അതിന്റെ സാന്നിദ്ധ്യം നിറഞ്ഞു കിടക്കുന്നു. ജാതി, മതം തിരിക്കാതെയുള്ള സഹകരണം എന്നും നില നില്ക്കട്ടേയെന്നാണ് എപ്പോഴെത്തെയും ചിന്ത. ഇത്തരമൊരു സഹകരണത്തിന് പല ഘടകങ്ങളും ഉണ്ട്.

"ചോമ്പാൽ - കുഞ്ഞിപ്പള്ളി പ്രദേശത്ത് 75% ത്തിലധികം മുസ്ലീം കളായിരുന്നു ഒരു കാലത്ത്. കോഴിക്കോട് കഴിഞ്ഞാൽ തൊട്ടടുത്ത പ്രാധാന്യം അന്ന് ചോമ്പാൽ തുറമുഖത്തിനായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ അക്രമം തുടങ്ങുന്ന സമയം ചോമ്പാലിൽ 37 മസ്ജിദുകളുണ്ടായിരുന്നു. പോർച്ചുഗീസുകാരുടെ ക്രൂരത അസഹ്യമായപ്പോൾ ചോമ്പാൽ നിവാസികളായ മുസ്ലീംകൾ നാട് വിട്ടു പോവുകയായിരുന്നു." (മഖ്ദൂമും പൊന്നാനിയും - ഹുസൈൻ രണ്ടത്താണി ) ചോമ്പാലിൽ ഇപ്പോൾ പുതുക്കിപ്പണിത പള്ളിയുടെ ചരിത്രം മൊയ്തു അഴിയൂർ ഇങ്ങനെ വിശദീകരിക്കുന്നു .
" മാലിക് ഇബ്നു ദീനാറും സംഘവും കേരളത്തിൽ മതപ്രബോധനത്തിനായി വന്ന എ.ഡി.624 ൽ തന്നെ കേരളത്തിലെ മൂന്നാമത്തെ പള്ളിയായി ജഅഫർ ബിൻ ദീനാർ ഖാസിയായി ഈ പള്ളി പണിതിരുന്നുവെന്ന് ഉമർ ബിൻ മുഹമ്മദ് സുഹ്റവർദ്ദിയുടെ രിഹ് ല ത്തുൽ മുലൂക്കിൽ രേഖപ്പെടുത്തിയിടുണ്ട്. "

നാട്ടു ദേശവാഴികളും തറക്കൂട്ടങ്ങളും
" ചേര സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ചോമ്പാൽ അഴിയൂർ പ്രദേശം കോലത്തിരിയുടെ ഭരണത്തിൻ കീഴിലായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കോലത്തിരി രാജാവിന്റെ കീഴിൽ ദേശവാഴികളും അവരുടെ കീഴിൽ തറക്കൂട്ടങ്ങളും എന്ന രീതിയിൽ വിഭജിച്ചു കൊണ്ടുള്ള ഒരു ഭരണ സംവിധാനമാണ് ഇവിടെ നിലവിലുണ്ടായിരുന്നത്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ കോലത്തിരിയുടെ സാമന്തനായ തെക്ക് ഇളംകൂർ കടത്തനാട് പോർളാതിരി രാജവംശം സ്ഥാപിച്ചതോടുകൂടി ചോമ്പാല അഴിയൂർ ദേശം കടത്തനാട് വാഴുന്നോരുടെ കീഴിലായി. കടത്തനാട് രാജാവിനെ വാഴുന്നോർ എന്നാണ് സംബോധന ചെയ്യപ്പെട്ടിരുന്നത്.
ചോമ്പാല അഴിയൂർ പ്രദേശം കണ്ണമ്പിള്ളി നമ്പൂതിരിമാരുടെ കീഴിലായിരുന്ന സമയത്ത് ഭരണ സൗകര്യത്തിനായി അവിടെ 'തറക്കൂട്ടങ്ങൾ" രൂപീകരിക്കപ്പെട്ടിരുന്നു. ഓരോ തറക്കൂട്ടങ്ങളുടെയും ചുമതല അതാതു പ്രദേശത്തിലെ അംഗീകരിക്കപ്പെട്ട തറവാട്ടുകാരാണ് വഹിച്ചിരുന്നത് . നാട്ടിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിരുന്നതും അന്തേവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിയിരുന്നതും അവരായിരുന്നു. തറക്കൂട്ടത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ദേശവാഴിയുടെ കീഴിലുള്ള നാട്ടു കൂട്ടങ്ങൾ പരിഹരിക്കാറായിരുന്നു പതിവ്. അഴിയൂരിലെ പരദേവതാ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്ത് ഒരു പ്രത്യേക തറയിൽ നാട് വാഴിയുടെ പ്രതിനിധിയായി അഴിയൂർപാഡാളിയും, നായർ സമുദായത്തിന്റെ പ്രതിനിധിയായി ചാലിയാടൻ കുറുപ്പും, തിയ്യ സമുദായത്തിന്റെ പ്രതിനിധിയായി കാരായി തറവാട്ടിലെ കാരണവരും, മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയായി കര കെട്ടി (മഖ്ദൂം രണ്ടാമന്റെ കുടുംബം) തറവാട്ടിലെ കാരണവരും ഒത്തുചേർന്ന് നാട്ടുകൂട്ടം സമ്മേളിക്കാറുണ്ടായിരുന്നു.

വില്യം ലോഗൻ മലബാർ മാന്വലിലും ഹെർമൻ ഗുണ്ടർട്ട് കേരളോൽപ്പത്തായിലും ചോമ്പാലിനെ പരാമർശിക്കുന്നത് കാണാം. കേരള മുസ്ലീംകളെക്കുറിച്ച് പിൽക്കാലത്ത് രചിക്കപ്പെട്ട അക്കാദമികവും അല്ലാത്തതുമായ അധികം പഠനങ്ങളിലും ഈ പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ കടന്നുവരുന്നുണ്ട്.

ഡോ.കെ.കെ.എൻ. കുറുപ്പിന്റെ തുഹ്ഫതുൽ മുജാഹിദീനുമായി ബന്ധപ്പെട്ട പഠനങ്ങൾ, ഡോ.സി.കെ. കരീമിന്റെ കേരള മുസ് ലീം ഡയറക്ടറി തുടങ്ങിയവ ഉദാഹരണം. മൊയ്തു അഴിയൂർ എഴുതിയ ചോമ്പാൽ പെരുമ ഈ നാടിനെക്കുറിച്ചു മാത്രമായി പുറത്തുവന്ന പഠനമാണ്. "
(അവലംബം: മുഹമ്മദ് ഹിബത്തുള്ള യമാനി കെ.പി. ഇമാം കുഞ്ഞിപ്പള്ളി ജുമാ മസ്ജിദ്).


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group