
കൊച്ചി: മണ്ണിലും വിണ്ണിലും അല്ലാത്തൊരു നിൽപ്പാണ് സജീഷ് പള്ളിക്കരയുടെ കലാലോകത്തിലെ ജീവിതങ്ങൾക്ക്. കഥാപാത്രങ്ങൾ വായുവിൽ തങ്ങിനിൽക്കുകയാണെങ്കിലും സജീഷ് മണ്ണിൽ കാലുറപ്പിച്ചു തന്നെയാണ് അവയെ വരയ്ക്കുന്നത്. കേന്ദ്ര ലളിതകലാ അക്കാദമി അവാർഡ് ജേതാവ് സജീഷിന്റെ പുതിയ ചിത്രകലാ പ്രദർശനം 'ആക്‌സിയോമാറ്റിക് ഇപ്സോ ഫാക്റ്റോ' യ്ക്ക് എറണാകുളം ദർബാർഹാളാണ് വേദി. കേരള ലളിതകലാ അക്കാദമിയുടെ സമകാലിക ഏകാംഗ കലാപ്രദർശന പദ്ധതിയുടെ ഭാഗമായാണ് പ്രദർശനം.
ഷേപ്പ് മാറിയ സിറ്റി
"ഒരിക്കലും തീരാത്ത നിർമാണം. നഗരം മാറുകയാണ്. എല്ലായിടത്തും പെപ്പുകളും യന്ത്രങ്ങളും. ഞാൻ നടന്ന് ഇരുന്ന് വളർന്ന എറണാകുളം നഗരക്കാഴ്ചകളാണവ" - പ്രദർശനത്തിലെ രണ്ട് പടുകൂറ്റൻ ചിത്രങ്ങളെ നോക്കി സജീഷ് പറയുന്നു. സജീഷിൻ്റെ കാൻവാസിൽ ശ്രദ്ധിച്ചു നോക്കിയാൽ നഗരത്തിലെ പല മുഖങ്ങളും സ്ഥലങ്ങളും തെളിയും. തല ഒന്നു കൂടി ഉയർത്തിയാൽ മറ്റൊരു ലോകം കാണാം. റോക്കറ്റുകളും ട്രൈ മോട്ടാർ വിമാനവും മീൻകൂട്ടവും വാൽനക്ഷത്രങ്ങളും നിറഞ്ഞ ചുവന്ന ആകാശം. അദ്ദേഹത്തിന് പല അവാർഡുകളും നേടിക്കൊടുത്ത ചിത്രങ്ങളാണിത്. സ്വപ്നസദൃശ്യമായ ലോകമാണ് ചിത്രങ്ങളിൽ തളച്ചിട്ടിരിക്കുന്നത്. സർറിയലാണ് വര രീതി. എന്നാൽ, കുഞ്ഞൻ മഞ്ഞ ഫ്രെയിമുകളാണ് പ്രദർശനത്തിൽ ഭൂരിഭാഗവും.
മുഖങ്ങളും മൃഗങ്ങളും
വർണങ്ങളുടെ ലോകത്തുനിന്ന് ഇടവേള എടുത്ത് മങ്ങിയ മഞ്ഞ പേപ്പറിൽ കരി കോറിവരച്ചാണ് സജീഷ് പ്രദർശനം ഒരുക്കിയത്. റൈസ് പേപ്പർ കാൻവാസിൽ ഒട്ടിച്ച് ടി വാഷ് ചെയ്‌ത മഞ്ഞച്ച പഴഞ്ചൻ കടലാസിലാണ് വര. അതിൽ സജീഷിന്റെ പ്രിയ ശിഷ്യരുടെ മുഖങ്ങളും പ്രത്യക്ഷമാണ്. ചിരിച്ച കൗതുകത്തോടെ കാണികളെ നോക്കുന്ന മുഖങ്ങൾ.
എട്ടുവർഷമായി മൂവാറ്റുപുഴ പുതുപ്പാടി എഫ്‌ജെഎംഎച്ച്എസ് സ്കൂളിലെ കുട്ടികളുടെ ചിത്രകലാധ്യാപകനാണ് സജീഷ്. സജീഷിൻ്റെ മുഖവും നിരവധി കാൻവാസുകളിൽ ഒളിഞ്ഞും തെളിഞ്ഞും കാണാം.
കല കണ്ട് പഠിച്ച ഇടം
ഞാൻ കണ്ട ആദ്യ എക്‌സിബിഷൻ ഇവിടെ ഒ വച്ചായിരുന്നു-ദർബാർഹാൾ ഗാലറിയെ ചൂണ്ടിക്കാട്ടി സജീഷ് പറഞ്ഞു. കല കണ്ടു പഠിച്ചത് ദർബാറിലാണെങ്കിലും വര പഠിച്ചത് തൃപ്പൂണിത്തുറ ആർഎൽവിയിലാണ്. പഠനശേഷം അവിടെയും മറ്റ് പല സ്ഥാപനങ്ങളിലുമായി അധ്യാപനം. സജീഷ് പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികളും പ്രദർശനം കാണാൻ വന്നിരുന്നു. ശനിയാഴ്ച പ്രദർശനം അവസാനിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group