
എൻ്റെ മയ്യഴി:
വായനക്കാർ നെഞ്ചേറ്റിയ ആത്മകഥ
:ചാലക്കര പുരുഷു
ഒരു നാടിന് സ്വന്തം കഥയെഴുതാനാവുമെന്ന്, ' എൻ്റെ മയ്യഴി' എന്ന ഇ.വത്സരാജിൻ്റെ ആത്മകഥ വായിച്ചാൽ ബോധ്യമാകും.
ഒരു മയ്യഴിക്കാരൻ എത്രമേൽ സ്വന്തം നാടിനോട് ചേർന്ന് നിൽക്കുന്നുവെന്നതിൻ്റെ സ്പന്ദിക്കുന്ന സാക്ഷ്യപത്രമായി ഈ ഗ്രന്ഥം മാറുകയാണ്.
തനിക്ക് പിറവിയേകിയ നാട് എന്തായിത്തീരണമെന്ന ഒരു രാഷ്ട്രീ യക്കാരൻ്റെ, കലാകാരൻ്റെ, ഭരണാധികാരിയുടെ, ചിന്തയും, ഭാവനയും പൂവണിഞ്ഞ സ്വപ്നതുല്യമായ കർമ്മകാണ്ഡങ്ങളുടെ അമ്പതാണ്ടുകളുടെ വർണ്ണാഭമായ കലണ്ടറുകളാണ് ഇവിടെ ഇതൾ വിടരുന്നത്.
മയ്യഴിയുടെ ഇതിഹാസകഥാകാരനായ മുകുന്ദൻ പറഞ്ഞിട്ടുണ്ട്. രണ്ട് മയ്യഴികളുണ്ട്. ഒന്ന് ദൈവം സൃഷ്ടിച്ചത്. മറ്റൊന്ന് കഥാകാരനായ താൻ സൃഷ്ടിച്ചത്.
ഈ രണ്ട് മയ്യഴിക്കുമപ്പുറം നാം കാണുകയും,അറിയുകയും അനുഭവി ക്കുകയും ചെയ്യുന്ന മറ്റൊരു മയ്യഴിയുണ്ട്.
വികസനത്തിൻ്റെ രഥ്യകളിലൂടെ അതിദ്രുതം മുന്നേറിയ ഒന്ന് ...
അത് കലാകാരനായ ഇ.വത്സരാജ് എന്ന ഭാവനാസമ്പന്നനായ ഭരണാ ധികാരിയുടെ സൃഷ്ടിയാകുന്നു..
“പണ്ട് പണ്ട് ദാസന്റെ പിറവിക്കും മുമ്പ്"... എന്ന് പറഞ്ഞ് കൊണ്ടാണ് മയ്യഴിയുടെ കഥ മുകുന്ദൻ പറഞ്ഞു തുടങ്ങിയത്.
പരന്ത്രീസുകാരുടെ കുതിരവണ്ടികളും, നിശാവിരുന്നുകളുമൊക്കെ പെയ്തൊഴിഞ്ഞ മയ്യഴിയാണ് 1954 ന് ശേഷം പ്രശാന്തമായൊരു പ്രദേശമായി അവശേഷിച്ചത്.
പിന്നീട് കേന്ദ്രഭരണ പ്രദേശമായി പുതുച്ചേരി മാറുന്നതോടെ മയ്യഴി തിരക്കുപിടിച്ച ഒരു കമ്പോളമായി.
ഈ കാലയളവിൽ മയ്യഴിയുടെ ഹൃദയത്തിലൂടെ സഞ്ചരിച്ച ഏതൊരാളു ടേയും മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച കുറേ ദൃശ്യങ്ങൾ അവശേഷിക്കു ന്നുണ്ടാവും
അവ ഏതൊരു മയ്യഴിക്കാരനും ഹൃദയത്തോട് ചേർത്ത് വെക്കുന്ന പ്രിയതരങ്ങളായ നിനവുകളാണ്.
കർമ്മമണ്ഡലത്തിൽ രാഷ്ട്രീയക്കാരനാവുകയും, ഇരുപത്തിയാറ് വർഷക്കാലം തുടർച്ചയായി മയ്യഴി യുടെ ജനപ്രതിനിധിയാവുകയും, ഒരു വ്യാഴവട്ടക്കാലം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത പുതുച്ചേരിയിലെ തമിഴ് രാഷ്ട്രീയത്തിലെ "പെരുംതലൈവ്" രായി മാറുകയും ചെയ്തപ്പോഴും നിറക്കൂട്ടുകളിൽ മനസ്സിൻ്റെ ആഴങ്ങളിൽപ്പതിഞ്ഞ ഓർമ്മയുടെ മുദ്രകൾ ചായത്തിൽ ചാലിച്ച് വരഞ്ഞെടുക്കാൻ ഇ.വത്സരാജി നെ പ്രേരിപ്പിച്ചത് ഈ തീവ്രവികാരമായിരിക്കാം.
കൊളോണിയൽ കാലഘട്ടത്തിൽ തന്നെ ഫ്രഞ്ച് സാഹിത്യവും, ഫ്രഞ്ച് വിപ്ലവത്തിൻ്റെ സന്ദേശങ്ങളും, വിക്‌ടർ യൂഗോവിൻ്റെ കാൽപ്പനികതയും, മോപസാങ്ങിൻ്റെ സൂക്ഷ്‌മമായ ജീവിത നിരീക്ഷണവുമെല്ലാം മയ്യഴിയുടെ സാംസ്‌കാരിക ജീവിതത്തിൽ അലിഞ്ഞ് ചേർന്നിരുന്നു.
കൊയ്യോത്തി മരങ്ങൾ ചുവന്ന പരവതാനി വിരിക്കുന്ന അഴിമുഖത്ത പാതാറിലും, തെച്ചിപ്പൂക്കൾ കാറ്റിലാടുന്ന മൂപ്പൻ സായ്‌വിൻ്റെ കുന്നിലും, കാറ്റാടി മരങ്ങൾ സംഗീതം പൊഴിക്കുന്ന പുഴയോരത്തും, അഭൗമ സൗന്ദര്യത്തിൻ്റെ വാസ്‌തു ശിൽപ്പഭംഗി വഴിയുന്ന "മറിയന്നി'ലുമൊക്കെ ഉടക്കി നിന്ന മനസ്സുമായാണ് വത്സരാജ് തൻ്റെ ശൈശവവും, ബാല്യവും കഴിച്ചുകൂട്ടിയത്.
കാഴ്‌ചകളും, ലോകവും, ജീവിതവുമെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ചിത്രകാരൻ ശൈശവ - കൗമാര കാലത്തെ ഓർമ്മകൾ വീണ്ടെടുക്കുകയാണ്.
ഓർമ്മകളിലൂടെയുള്ള ഒരു വർണ്ണസഞ്ചാരം. പോലെ.. ഇന്നിനെ അറിയാനും അതിനെ ഇന്നലകളുമായി ബന്ധിപ്പിക്കാനുമുള്ള ഒരു സ്വപ്നസഞ്ചാരം പോലൊരു ആത്മകഥാംശം നിറയുന്ന പുസ്തകത്താളുകൾ ..
രാഷ്ടീയവും കലയും സാഹിത്യവും ഒരുമിച്ച് വരിക എന്നത് അപൂർവ്വമാണ്. രാഷ്ട്‌ടീയക്കാരൻ്റെ ദിനചര്യയും ജീവിതചര്യയും കലാ സൃഷ്‌ടിക്ക് ആവശ്യ മായ ഒരു ധ്യാനത്തിന് വിഘാതമാകുമെന്നത് തന്നെയാണ് കാരണം. എല്ലാത്തിനെയും കലാകാരൻ്റെ കണ്ണിലൂടെ കാണുകയും, അതിനോട് പ്രതികരിക്കുകയും ചെയ്യുന്ന ഒരാളിൽ മാത്രമേ അയാളിലെ കലാകാരൻ നിലനിൽക്കുകയുള്ളു. മയ്യഴിപ്പുഴയോരത്തെ വിദ്യാലയത്തിൽ ഫ്രഞ്ച് വാഴ്‌ചയുടെ കാലത്തെ കഥകളും, ചരിത്രവും നിഴൽ വീഴ്ത്തിയ വിദ്യാർത്ഥി ജീവിതവും, പ്രസിദ്ധമായ തലശ്ശേരി ബ്രണ്ണൻ കോളേജിലെ പഠനവും പിന്നിട്ട് ഉത്തരകേരളത്തിലെ അതി പ്രശസ്‌തമായ കേരള സ്‌കൂൾ ഓഫ് ആർട്‌സിൽ ചിത്രകലാപഠനം നടത്തിയത് ഒരു പക്ഷെ കർമ്മകാണ്ഡത്തിലെ ഈ രണ്ടാമൂഴത്തിന്റെ നിമിത്തമാവുകയാണ്.
കേരളീയ ചിത്രകലയുടെ നവോത്ഥാനത്തിന് നിർണ്ണായക പങ്ക് വഹിച്ച കേരളീയ ചിത്രകാരന്മാരുടെ ഗുരുസ്ഥാനീയനായ സി.വി.ബാലൻ നായരുടേയും, തളംകെട്ടി നിൽക്കുന്ന വെള്ളത്തിലടക്കം നിറങ്ങൾകൊണ്ട് മായകാഴ്ചകൾ തീർത്ത ചിത്രകലാമാന്ത്രികൻ ബാലൻ പണിക്കരുടേയും, ജലച്ഛായ ചിത്രരചനയിൽ ദൈവത്തിൻ്റെ വിരലുകൾക്കുടമയായ പി .എസ് .കരുണാകരൻറെയും ശിഷ്യനായി വരകളുടേയും വർണ്ണങ്ങളുടേയും ലോകത്ത് കടന്നു വന്ന വത്സരാജിൻ്റെ രചനകളിലും പ്രകൃതിയുടേയും, ചരിത്രത്തിന്റേയും പാദമുദ്രകൾ പതിഞ്ഞ ദൃശ്യങ്ങൾ തന്നെയാണ് പ്രകടമാവുന്നത്.
പത്തൊൻപതാം വയസ്സിൽ യുവചിത്രകാരനെന്ന നിലയിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ജർമ്മനിയിലെ ബർലിനിൽ ലോകയുവജന സമ്മേള നത്തിൽ പങ്കെടുത്തിട്ടുള്ള വത്സരാജ് ചിത്രകലയിൽ ഉപരിപഠനത്തിനുള്ള ശ്രമങ്ങൾക്കിടയിലാണ്.
കലങ്ങിമറിഞ്ഞ എഴുപതുകളുടെ അവസാനത്തിൽ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ഇന്ദിരാപക്ഷത്ത് ശക്തമായി കടന്നുവരികയും മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറുകയും ചെയ്‌തത്.
തെരഞ്ഞെടുപ്പ് കാലങ്ങളിൽ നഗരത്തിലെമ്പാടമുയരുന്ന വത്സരാജ് വരച്ച ബോർഡുകളും ചുവരെഴുത്തുകളും മയ്യഴിക്കാരെ ഏറെ ആകർഷിച്ചിരുന്നു.
ഭരണാധികാരിയും കലാകാരനും ഒരു വ്യക്തിയിൽ ഒരുമിച്ച് ചേരു ന്നത് അപൂർവ്വമാണ്.
ജീവിതത്തിൻ്റെ തികച്ചും വ്യത്യസ്‌തങ്ങളായ ഈ രണ്ട് വഴികളെ സമന്വയി പ്പിക്കാൻ സൗന്ദര്യബോധത്തിൽ അടിയുറച്ച ഒരു മനസ്സിന് മാത്രമേ സാധ്യമാ വുകയുള്ളു.
ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലെല്ലാം ഒരു കലാകാരന്റെ വിരൽ സ്പ ർശം എല്ലായ്പ്പോഴും തെളിഞ്ഞ് കാണാമായി രുന്നു.
പൂർവ്വകാലത്തിൻ്റെ ഓർമ്മത്തെറ്റ് പോലെ പ്രകടമായ ഈ സ്‌പ ർശം ആവിഷ്ക്കാരം തരുന്ന അദമ്യമായ സർഗ്ഗവാസനയുടെ തിരയിളക്കങ്ങൾ തന്നെയായിരുന്നുവെന്ന് വ്യക്തമാക്കുന്നവയാണ് ഇദ്ദേഹം വരഞ്ഞ ചിത്രങ്ങ ളത്രയും.
മയ്യഴിയുടെ ആകാശത്ത് 2000 മുതൽ വർഷം തോറും കലയുടേയും സംസ്കൃതിയുടേയും ദിനരാത്രങ്ങൾ മഹോത്സവങ്ങളായി കൊണ്ടാട പ്പെടുന്നത് ഈ ഭരണാധികാരിയുടെ കലാഹൃദയത്തിൽ നിന്നുമുത്ഭവം പ്രാപിച്ച നൈസർഗ്ഗിക ചിന്തകൾ കൊണ്ട് മാത്രമാണ്.
ദക്ഷിണേന്ത്യയിലെ പ്രമുഖ ചിത്രകാരന്മാരേയും, ശിൽപ്പികളേയും പങ്കെടുപ്പിച്ച് കൊണ്ട് 2004 ൽ മാഹിയിൽ സംഘടിപ്പിച്ച 'വർണ്ണോത്സവ' ത്തിൽ പുഴയോരത്തെ മണൽപ്പരപ്പിലിരുന്ന് മന്ത്രി വരച്ച പെയിൻ്റിംഗ് കലാപ്രതിഭകളെപ്പോലും അത്ഭുതപ്പെടുത്തുകയുണ്ടായി.
വികസനത്തിന്റെ മാനുഷിക മുഖങ്ങളെ സൗന്ദര്യാത്മകമായി യാഥാർത്ഥ്യമാക്കുകയാണ് ഈ ഭരണാധികാരി ചെയ്യുന്നത്.
ദാസനും ചന്ദ്രികയും കഥ പറഞ്ഞ് നടന്ന മയ്യഴിപ്പുഴയുടെ തീരങ്ങളെ ടൂറിസം വികസനത്തിൻ്റെ ഭാഗമായി സ്വപ്‌നസഞ്ചാര വീഥിയാക്കി മാറ്റുകയായിരുന്നു വികസന പദ്ധതികളിലും കാൽപ്പനികത കാണുന്ന ഈ ഭരണാധികാരി മഞ്ചക്കൽ ജലകേളി സമുച്ഛയത്തിൽ നിന്നും പുഴയുടെ കുഞ്ഞോളങ്ങൾക്ക് മുകളിലൂടെ അഴീമുഖവും കടന്ന് തുറമുഖത്തിൻ്റെ പുലിമുട്ടിലൂടെ കടലിലേക്ക് എത്തുമ്പോഴേക്കും മൂന്ന് കിലോമീറ്റർ ദൈർഘ്യമുണ്ടാകും.
കോടികൾ ചിലവഴിച്ചുള്ള മയ്യഴിപ്പുഴയുടെ തീരങ്ങൾക്ക് പൊന്നരഞ്ഞാണം ചാർത്തിയുള്ള ഈ പദ്ധതി പൂർത്തിയാകുന്നതോടെ ലോകോത്തര നിലവാരമുള്ള ഒരു വിനോദസഞ്ചാര ആകർഷണമായിമാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മഞ്ചക്കൽ ബോട്ട്ഹൗസിൽ കരിങ്കല്ലിൽ പടുത്തു യർത്തിയ ക്ലാസ്സിക് കലകളുടെ വേദിയായി രൂപകൽപ്പന ചെയ്യപ്പെട്ട മണ്ഡപവും, ദേശീയനിലവാരമുള്ള ശീതികരിച്ച ഇൻഡോർ സ്റ്റേഡിയവും, അഴീമുഖത്തെ ചരിത്ര പ്രസിദ്ധമായ മൂപ്പൻകുന്നിലെ ഹരിതവനത്തെ സംരക്ഷിച്ച് നിലനിർത്തുന്ന ഹിൽലോക്ക് ഡവലപ്പ്മെന്റ് പദ്ധതിയും കലാകാരനായ ഈ ഭരണാധികാരിയുടെ കൈയ്യൊപ്പ് പതിഞ്ഞ വികസന പദ്ധതികളാണ്.
തുറമുഖം, ട്രോമ കെയർ യൂണിറ്റ്, കേന്ദ്രിയ വിദ്യാലയം, ആയുർവ്വേദ മെഡിക്കൽ കോളജ്, ദന്തൽ കോളജ്, തുടങ്ങി വൻകിട പദ്ധതികളുടെ പട്ടിക നീളുകയാണ്.
മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ജനജീവിതത്തിൻ്റെ വേലിയേറ്റങ്ങളിലും, വേലിയിറക്കങ്ങളിലും അമ്പതാണ്ടുകാലം ഒഴുകി നടന്നഇ.വത്സരാജിന്റെ 'എന്റെ മയ്യഴി' എന്ന ആത്മകഥാഖ്യാനം മയ്യഴി യുടെ മണ്ണും മനസ്സും തൊട്ടു നിൽക്കുന്നതാണ്.
സുമനസ്സായ ഒരു സഹൃദയന്റെയും, ഇച്ഛാശക്തിയുള്ള പൊതുപ്രവർത്ത കന്റെയും, സമർത്ഥനായജനപക്ഷ ഭരണകർത്താവിന്റെയും ജന്മനാടി നോട് ഹൃദയം കൊരുത്തുവയ്ക്കുന്ന ആത്മസാക്ഷ്യമാണത്.
ഇരുപത്തിയാറ് വർഷക്കാലം നിയമസഭാസാമാജികനായും ഒരു ദശാബ്ധത്തി ലേറെ ക്കാലം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായും, പുതുച്ചേരി യുടെയും മയ്യഴിയുടെയും സർവതലസ്പർശിയായ വികസനം സാധ്യമാക്കിയ ജനപ്രിയനേതാവിന്റെ സത്യസന്ധവും, വസ്തു നിഷ്ഠവുമായ ഈ ആത്മാഖ്യാനത്തിൽ പ്രതിസന്ധികളിൽ ചേർത്ത് പിടിച്ചവരോടുള്ള സ്നേഹവും ,' പ്രതിയോഗികളോട് സവ്യസാചിയുടെ കരുത്തോടെയുള്ള ചെറുത്തുനിൽപ്പും,ഉള്ളൊഴുക്കും ഉള്ളുരുക്കവും തെളിയുന്നുണ്ട്.
പൊതുജീവിതത്തിലെ ആദ്യ ചുവടുകൾ മുതലുള്ള കുതിപ്പും കിതപ്പും
കുടുംബജീവിതത്തിലെ ഊഷ്മളതയും, ലോകനേതാക്കളുമായുള്ള സ്വപ്നസന്നിഭമായ ബന്ധങ്ങളും ചിത്രകാര നെന്നരീതിയിൽ നേടിയ അവിസ്മരണീയമായ അംഗീകാരങ്ങളും,യാത്രാനുഭവങ്ങളും ഒരു ക്രാന്തദർശിയുടെ ഉൾക്കാഴ്ചയും ഭാവനയും വിലയിച്ച കൗതുകത്തോടെയും, കൈയ്യടക്കത്തോടെയും അനാവരണം ചെയ്യപ്പെടുന്നുണ്ടിവിടെ..
കാലാനുക്രമം പാലിക്കാതെ അനുഭവങ്ങൾ അതിന്റെ തീഷ്ണത ചോരാത്ത വിധമുള്ള ആഖ്യാന ഈ ഓർമ്മപ്പുസ്തത്തെമികച്ചവായനാനുഭവമാക്കുന്നുണ്ട്.
ഒരു ഹ്രസ്വജീവിതച്ചെപ്പിൽ സാന്ദ്രീകരിച്ച കടലാഴമുള്ള അനുഭവങ്ങളുടെ കുറുക്കിയെടുത്ത സത്തയാണ് ഈ കൃതി.
ആത്മകഥാഖ്യാനത്തിലെ വേറിട്ട മുഖപ്രസാദമായി ഇത് അക്ഷരസുഗന്ധം പരർത്തുന്നു.
മയ്യഴിയുടെ രാഷ്ട്രീയ സമവാക്യമായി ഈ മനുഷ്യന്റെ പേര് മാറിയിട്ട് ദശകങ്ങൾ പലത് കഴിഞ്ഞു.

മയ്യഴിയുടെ കരുത്തും പോണ്ടിച്ചേരിയുടെ അഭിമാനവുമായി ഈ എഴുപതുകാരൻ സംസ്ഥാന രാഷ്ട്രീയ നഭോമണ്ഡലത്തിൽ ജ്വലിച്ചു നിൽക്കുകയാണിന്നും.
മയ്യഴിയിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തെ അജയ്യതയിലേക്ക് നയിച്ച ഈ കോൺഗ്രസ്സുകാരൻ നിലവിൽ എ ഐ..സി.സി.അംഗവും സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്.
വിവിധ കാലയളവുകളിലായി പോണ്ടിച്ചോരിയിലെ ആഭ്യന്തര ,ആരോഗ്യ തൊഴിൽ 'നിയമ വകുപ്പുകളടക്കം പന്ത്രണ്ട് വകുപ്പുകൾ ഒരു വാഴവട്ടക്കാലം കൈയ്യാളിയ മന്ത്രിയായ ഇ.വത്സരാജ് ഇന്ന് പുതുവൈ ചട്ട മൺഡ്രത്തിലെ 'പെരും തലൈവർ' തന്നെയാണ്. ഗാന്ധിയൻ ചിന്താസരണിയിലൂടെ യുവത്വത്തിൻ്റെ ഊക്കിനെ കൈമുതലാക്കി തേര് തെളിയിച്ചു വന്ന ഈ സാരഥി മയ്യഴിയുടെ മനസ്സിളക്കിയ നേതാവാണ്.
അധികാരം എങ്ങിനെ ജനോപകാരപ്രദമാക്കി വിനിയോഗിക്കാമെന്ന് തെളിയിച്ച ഭരണാധികാരിയുമാണ് അദ്ദേഹം.
അർഹമായ അവകാശങ്ങൾക്കും, അനിവാര്യമായ അനുകമ്പക്കുമായി സഹായ ഹസ്‌തങ്ങളുയർത്തുന്നവർക്ക് അത്താണിയാവുകയാണ് പുതുവൈയിലെ ശ്രദ്ധേയനായ ഈ മലയാളിരാഷ്ട്രീയക്കാരൻ
രാഷ്ട്രീയാസ്ഥിരതക്കും, കുതികാൽവെട്ടിനും കുപ്രസിദ്ധി നേടിയ പോണ്ടിച്ചേരിയിലെ തമിഴക രാഷ്ട്രീയത്തിൽ വിഷം ചീറ്റിയാഞ്ഞ് കൊത്താൻ വെമ്പുന്ന രാഷ്ട്രീയ പ്രതിയോഗികകളുടെ പത്തി തല്ലിക്കെടുത്തുന്ന കരുത്തുറ്റ പോരാളികൂടിയാണ് താനെന്ന് ജീവിതം കൊണ്ട് തെളിയിക്കാൻ ഈ 'പെരും തലൈവർ 'ക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ വേലിയേറ്റങ്ങൾക്കും, വേലിയിറക്കങ്ങൾക്കും നടുവിൽ ഇളക്കമില്ലാതെ പിടിച്ചു നിൽക്കാനും, സങ്കീർണതകളുടെ ഏത് നീർച്ചുഴികളിലും വീണുപോകാതെ, മുറിച്ച്കടക്കാനും കൗശലക്കാരനായ ഈ രാഷ്ട്രീയ ചാണക്യന് കഴിയുന്നു.
തീഷ്ണമായ അനുഭവങ്ങളുടെ പിൻബലംകൊണ്ട് മാത്രമല്ല, ഉരുക്കിനെ വെല്ലുന്ന നിശ്ചയ ദാർഢ്യവും, തളർത്താനാവാത്ത കർമ്മ ശേഷിയും കൈമുതലായുള്ളത് കൊണ്ടാണ് ഈ രാഷ്ട്രീയ ചാണക്യൻ പുതുച്ചേരിയുടെ രാജവിഥിയിൽ ശക്തിഗോപുരമായത്.
നെറികേടുകൾക്കും, അധർമ്മത്തിനുമെതിരെ നിയമ സഭയ്ക്ക് അകത്തും പുറത്തും നേതാവിൻ്റെ പരുഷ ധീര സ്വരം കേട്ട് പോണ്ടിച്ചേരിയിലെ ജനത കോരിത്തരിച്ച സന്ദർഭങ്ങൾ ഏറെയാണ്.
കാൽനൂറ്റാണ്ടിലേറെകാലമായി മയ്യഴിയുടെ ഹൃദയ സ്‌പന്ദനങ്ങളറിഞ്ഞ വത്സരാജിന് അമ്മിഞ്ഞപ്പാലിനൊപ്പം പകർന്നുകിട്ടിയതാണ് രാഷ്ട്രീയവും. അച്ഛൻ എളമ്പാളി കരുണാകരൻ ഫ്രഞ്ച് വാഴ്ച്ചയ്ക്കെതിരെ പോരാടിയ വിമോചന സമര സേനാനിയാണ്.
അവകാശപോരാട്ടങ്ങളിൽ വിട്ടുവീഴ്ച്ചയില്ലാത്ത ഈ യുവ പോരാളി എന്നും ചൂഷിതന്റെ പക്ഷത്ത് നിലയുറപ്പിച്ചു. അതുകൊണ്ടുതന്നെയാണ് വിദ്യാർത്ഥി പ്രസ്ഥാനത്തി ലൂടെ രാഷ്ട്രീയ രംഗത്ത് ഹരിശ്രീ എഴുതിയ വത്സരാജിന് 'കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും മാഹിയിൽ വിജയം ആവർത്തിക്കാനായത്.
അനിതര സാധാരണമായ സംഘടനാ പാടവവും അണികളെ കർമ്മോത്സുകരാക്കുന്ന ആജ്ഞാ ശക്തിയും, വേർപിരിക്കാനാകാത്ത ഹൃദയ ബന്ധങ്ങളുമാണ് ഈ നേതാവിനെ എതിരാളികൾക്ക് പോലും പ്രീയപ്പെട്ടവനാക്കുന്നത്
പാർലിമെൻ്ററി ജീവിതത്തിൽ നിന്ന് വഴിമാറി നിൽക്കുമ്പോഴും, തൻ്റെ പിൻഗാമികളെ പ്രാപ്തരാക്കാനും, സംഘടനാ നേതൃനിര കളിലേക്ക് പുതുമുഖങ്ങളെ വളർത്തിയെടുക്കാനും പരിണിതപ്രജ്ഞനായ ഈ മഹാമനിഷിക്ക് സാധിച്ചു.
രാഷ്ട്രീയപ്രവർത്തനമെന്നാൽ കലാ സാംസ്ക്കാ രികപ്രവർത്തനംകൂടി യാണെന്ന്ദേശീയവോളീബോൾ ടൂർണ്ണമെന്റ്, അന്തർ സംസ്ഥാന ചിത്രകലാ കേമ്പ് ഒരാഴ്ച നീണ്ടു നിന്ന മയ്യഴി മഹോത്സവങ്ങൾ, തുടങ്ങിയവ ചരിത്ര സംഭവങ്ങളാക്കുക വഴി വത്സരാജ് തെളിയിച്ചിട്ടുണ്ട്.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന പഴമൊഴിക്ക് മറുപടിയാണ് ഇളമ്പാളി വത്സരാജ് എന്ന രാഷ്ട്രീയക്കാരൻ.
പോണ്ടിച്ചേരിയിലെ ഒട്ടേറെ നേതാക്കൾക്ക് മുകളിലൂടെ പാർട്ടിയുടെ നേതൃനിരയിലേയ്ക്ക് കടന്നുകയറുമ്പോഴും ദില്ലി യിലെ പതിനൊന്ന് ജനപഥിൽ സംസ്ഥാന നേതൃത്വത്തിന്റെ ശബ്ദമായി മാറുമ്പോഴും, ചുവടുകൾ സ്വന്തം മണ്ണിൽ ഉറപ്പിച്ച് നിറുത്താൻ ഈ തമിഴ് രാഷ്ട്രീയ ക്കാരനിലെ മയ്യഴിക്കാരൻ മറന്നില്ല. അങ്ങകലെ ആന്ധ്രയിലെ യാനംവരെയെത്തിനിൽക്കുന്ന പോണ്ടിചേരി സംസ്ഥാനത്തിലെ യുവജന നേതൃത്വത്തിലെ അമരം കാത്തപ്പോഴും പോണ്ടിച്ചേരി നിയമസഭയുടെ ചീഫ് വിപ്പായി പ്രവർത്തിച്ചപ്പോഴും, സംസ്ഥാന ചേരിനിർമ്മാർജ്ജന ബോർഡിൻ്റെ ചെയർമാനായപ്പോഴും, പതിനാല് വർഷം മന്ത്രി പദത്തിൽ' ഇരുന്നപ്പോഴുമെല്ലാം ഇങ്ങ് മയ്യഴിയുടെ ശ്വാസ നിശ്വാസങ്ങളോട് ചേർന്ന് നിൽക്കാൻ ഈ മനുഷ്യന് കഴിഞ്ഞു.
രാഷ്ട്രീയത്തിൽ പി. ഷൺമുഖമാണ്വത്സരാജിൻറെ ഗോഡ്‌ഫാദർ എങ്കിലും കെ.കരുണാകരൻ്റെ ശൈലിയാണ് ഏറെ ആകർഷിച്ചത്. മാതൃ ഭാഷയ്ക്ക് പുറമെ ഇംഗ്ലീഷും ഹിന്ദിയും തമിഴും നന്നായി കൈകാര്യം ചെയ്യുന്ന വത്സരാജ് മിതത്വം പാലിക്കുന്ന പ്രാസംഗികനാണ്.ആധുനിക മയ്യഴിയിലെ സഹകരണ പ്രസ്ഥാനത്തിന്റെ ശിൽപ്പിയാണ് വത്സരാജ്. നിരവധി ശാഖകളുള്ള മാഹി സർവ്വീസ് സഹകരണ ബാങ്ക് പോണ്ടിച്ചേരി സംസ്ഥാനത്തിലെ പ്രഥമ പ്രാഥമിക ബാങ്കാണ്. മാഹി ഹൗസിംഗ് സൊസൈറ്റി, ഓട്ടോറിക്ഷ സൊസൈറ്റി, ട്രാൻസ്പോർട്ട് കോ-ഓപ്. സൊസൈറ്റി, മാഹി വിമൻസ് ഇൻഡസ്ട്രീസ് കോ-ഓപ്. സൊസൈറ്റി, ഫിഷർവിമെൻ സൊസൈറ്റി,ഹോർട്ടികൾച്ചർ സൊസൈറ്റി, ഐ.ടി.സൊസൈറ്റി, സഹകരണ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബി.എഡ് കോളജ് തുടങ്ങിയവ വത്സരാജിന്റെ വിയർ പ്പിന്റെ ഫലങ്ങളാണ്. വരട്ട് വാദങ്ങൾക്കുമപ്പുറം, വത്സരാജിന് പച്ചയായ മനുഷ്യനാണ് എന്നും രാഷ്ട്രീയത്തിലെ മൂലബിന്ദു. വിരുദ്ധാഭിപ്രായങ്ങളോടും, സഹിഷ്‌ണുത കാട്ടുന്ന ഉന്നതമായ ജനാധിപത്യ ബോധമാണ് വത്സരാജിനെ രാഷ്ട്രീയ എതിരാളികൾക്കിടയിലും സുസമ്മതനാക്കുന്നത്

മാധ്യമ കൂട്ടായ്മ: സ്നേഹ സംഗമം നടത്തി
മാഹി:മയ്യഴിയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമായ മുൻ ആഭ്യന്തരമന്ത്രിയും, ചിത്രകാരനുമായ ഇ.വത്സരാജിൻ്റെ വസതിയിൽ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ സ്നേഹ സംഗമം നടത്തി.
വത്സരാജിൻ്റെ ആത്മകഥാ പുസ്തകമായ എന്റെ മയ്യഴി എന്ന പുസ്തകം മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിന് നൽകി സ്നേഹ സംഗമം ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. മാഹി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. മാഹിയിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും അദ്ദേഹം പുസ്തകം സ്നേഹ സമ്മാനമായി നല്കി.
ചിത്രവിവരണം: മുൻ മന്ത്രി ഇ.വത്സരാജ്, ചാലക്കര പുരുഷുവിന് പുസ്തകം കൈമാറുന്നു

‘എന്റെ മയ്യഴി’
ഒരു നേതാവിനെ അറിയുവാന്‍ അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ആ നേതാവിന്റെ നാട്ടിലൂടെ ഒന്ന് നടന്നാല്‍ മതി. അല്പനേരം മയ്യഴിയിലൂടെ ഒന്ന് ചുറ്റിനടന്നാല്‍ മനസ്സിലാകും ഇ. വത്സരാജ് ഈ നാടിനുവേണ്ടി എന്തെല്ലാം ചെയ്തുവെന്ന്. മയ്യഴിയില്‍ വത്സരാജിന്റെ കൈയൊപ്പുകള്‍ പതിയാത്ത ഇടങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അപ്രിയസത്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ഇ. വത്സരാജ് ഒരിക്കലും മടിക്കാറില്ല. ഈ പുസ്തകത്തിലും അതുണ്ട്. ‘എന്റെ മയ്യഴി’ വായിച്ചപ്പോള്‍ ആരും ഇ. വത്സരാജിനെ നിഷ്പക്ഷമായി വിലയിരുത്തുവാന്‍ ശ്രമിച്ചിട്ടില്ലെന്ന് തോന്നി. അതിനുള്ള അവസരമാണ് ഈ പുസ്തകം നല്‍കുന്നത്.
എം .മുകുന്ദൻ


ട്രഷറിയിൽ പെരുമ്പാമ്പിൻ്റെ കുഞ്ഞ്
തലശ്ശേരി : സബ് -ട്രഷറി ജനലിൽ നിന്ന് പെരുമ്പാമ്പിൻ്റെ കുഞ്ഞിനെ പിടികൂടി. . ഏകദേശം 3 ദിവസം പ്രായമായ പെരുമ്പാമ്പിന്റെ കുഞ്ഞിനെയാണ് കണ്ടെത്തിയത്. ട്രഷറി ആവശ്യങ്ങള്‍ക്കായി എത്തിയ ആളുടെ ശ്രദ്ധയിലാണ് സംഭവം ആദ്യം പതിഞ്ഞത്. ഉടനെ ജീവനക്കാരെയും പിന്നീട് വൈല്‍ഡ് ലൈഫിലും അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് ശ്രദ്ധയില്‍പ്പെട്ടത്. സംഭവം ഏറെ നേരം പരിഭ്രാന്തി പരത്തി. ഒടുവില്‍ വൈകിട്ട് 4.45 ഓടെ സര്‍പ്പ വളണ്ടിയറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തിയാണ് പാമ്പിന്‍ കുഞ്ഞിനെ പിടികൂടിയത്.
പിതാവിനെ കൊലപ്പെടുത്തിയ
കേസിൽ മകനെ വിട്ടയച്ചു.
തലശ്ശേരി: വീട്ടിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന പിതാവിനെ മകൻ അർദ്ധരാത്രിയിൽ എടുത്ത് കൊണ്ട് പോയി കശുമാവിൻ തോട്ടത്തിൽ വെച്ച് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ കുറ്റക്കാരന
ല്ലെന്ന്കണ്ട് വിട്ടയച്ചു.
കൂത്ത്പറമ്പ് മാങ്ങാട്ടിടം കരിയിലെ കുഞ്ഞി പറമ്പത്ത് വീട്ടിൽ പി.രാജൻ(63) ആണ് 2017 ഫിബ്രവരി 22 ന് രാവിലെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള കശുമാവിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ മുറുക്കിയതിനാൽ ശ്വാസം മുട്ടി മരിച്ചു എന്നായിരുന്നു റിപ്പോർട്ട്. തുടർന്നുള്ള ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താത്തതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് 2019 ഡിസംമ്പറിൽ പ്രതി കൊല്ലപ്പെട്ട രാജന്റെ മകൻ അനൂപ് (42)ആണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
മൂത്രാശയ സംബന്ധ രോഗത്തിൽ ചികിൽസയിലായിരുന്ന രാജൻ . വർഷങ്ങളലായി ഇരുവരും തമ്മിലുള്ള ശത്രുത കാരണം കിടപ്പ് മുറിയിൽ നിന്നും പിതാവിനെ എടുത്ത് കൊണ്ട് പോയി കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്. കൊല്ലപ്പെട്ട രാജന്റെ ഭാര്യ അംബുജത്തിന്റെ സഹോദരൻ ദിനേശന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.
ഫോറൻസിക് സർജ്ജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, പോലീസ് ഓഫീസർമാരായ യു. പ്രേമൻ സുനുകുമാർ ബി.വിജയകുമാർ ടി.സിബു ജോൺ, എ.യു.പ്രകാശ്, കെ.സനിൽകുമാർ, ജോഷി ജോസഫ്,പ്രദീഷ് ടി.വി. മനു പി. മേനോൻ, വി.എ. ഹരിദാസ്, രാഗിൻ കെ.കെ. നിധിൻ സി. ഷാജി വി.പി.ഷബിന, നിജീഷ, അംബുജാക്ഷി തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.പ്രതിക്ക് വേണ്ടി അഡ്വ.പി.രാജൻ ഹാജരായി.

എസ്.ഡി.പി.ഐ. പ്രതിഷേധ മാർച്ച് നടത്തി
ന്യൂമാഹി: ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് കീറി മുറിച്ച റോഡ് സഞ്ചാരയോഗ്യ മാക്കാത്തതിലും വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കണാത്തതിലും മഴക്കാല പൂർവ്വ ശുചീകരണം നടത്താത്തിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി ന്യൂ മാഹി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു
ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.സി. ജലാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാബിൽ പുന്നോൾ ,എസ് ഡി പി ഐ ന്യൂ മാഹീ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എം.കെജബീർ, സെക്രട്ടറി പി.പി.അൻസാർ , ജോയിൻ്റ് സെക്രട്ടറി പി.വി. ഹനീഫ സംസാരിച്ചു. നിസാമുദ്ദീൻ, ഫവാസ്, ഷെരീഫ്, മനാഫ് പിവി തുടങ്ങിയവർ നേതൃത്വം നൽകി
ചിത്രവിവരണം:ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.സി. ജലാലുദ്ധീൻ ഉദ്ഘാടനം ചെയ്യുന്നു

ആവശ്യമുണ്ട്
തലശ്ശേരി .--. കേരള സർക്കാർ സ്ഥാപനമായ കേപ്പിന്റെ കീഴിലുള്ള തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിൽ ബിരുദവുംലൈബ്രറി സയൻസിൽ യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് - താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായി 7 ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ ഹാജരാവണം - കൂടുതൽ വിവരങ്ങൾ 9846974035/ 0490-2307190 നമ്പരുകളിൽ ലഭിക്കും -
പ്രതിഷേധിച്ചു.
പുതുച്ചേരി സംസ്ഥാനത്ത് മാഹി ഉൾപ്പെടെയുള്ള ഗവ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്കുള്ള യൂണിഫോം തുണിയും , സി ബി എസ് ഇ സിലബസ് അനുസരിച്ചുള്ള അഞ്ചാം ക്ലാസിലെയും ആറാം ക്ലാസിലെയും കുട്ടികൾക്കുള്ള പുതിയ സിലബസ് അനുസരിച്ചുള്ള പുസ്തകം അച്ചടിച്ച് വിതരണം ചെയ്യാൻ പുതുച്ചേരി ഗവൺമെൻറ് കാലതാമസം വരുത്തിയതിൽ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു
അനുശോചിച്ചു.
ചൊക്ലി :ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രഥമാധ്യാപിക സി വി വിലാസിനിയുടെ നിര്യാണത്തിൽ സ്റ്റാഫ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.സ്കൂൾ മാനേജർ കെ പ്രസീത്കുമാർ,പ്രഥമാധ്യാപിക എൻ സ്മിത, ഉപപ്രഥമാധ്യാപകൻ കെ ഉദയകുമാർ, ഹൈസ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ടി പി ഗിരീഷ് കുമാർ,ഹയർ സെക്കൻ്ററി സ്റ്റാഫ് സെക്രട്ടറി എ രചീഷ്,എ കെ അനീഷ് , കെ.ഷൺമുഖൻ എന്നിവർ സംസാരിച്ചു.

പി.കെ.ഷനിജ് കുമാർ നിര്യാതനായി
ന്യൂമാഹി: പെരുമുണ്ടേരി ചന്ദ്രകാന്തത്തിൽ പി.കെ. ഷനിജ് കുമാർ (60) എരഞ്ഞോളി അരങ്ങേറ്റ് പറമ്പ് പ്രിറ്റി കോട്ടേജിൽ നിര്യാതനായി.
അച്ഛൻ : പരേതനായ പി.വി. ശ്രീധരൻ.
അമ്മ : പരേതയായ കെ. ജയലക്ഷ്മി
ഭാര്യ :കെ. റീന.
മക്കൾ : ശ്രീഗോകുൽ, കെ.റിതുൽ.
സഹോദരൻ : പി.കെ.മനോജ് കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്

നിര്യാതയായി
ന്യൂമാഹി:പെരിങ്ങാടിയിലെ പരേതരായ വാഴയിൽ ശാരദ ടീച്ചറുടെയും കുമാരന്റെയും മകൾ പട്ട്യേരി കുടുംബാഗം സുനില (60) നിര്യാതയായി.
ഭർത്താവ് :വത്സലൻ കാരായി ചോമ്പാൽ.
മകൻ: അമർദീപ്.
സഹോദരങ്ങൾ
സലില ദേവരാജ്, സുനിൽ ബാബു , പരേതനായ സത്യാനന്ദൻ . സംസ്കാരം ഇന്ന് (30-6-25)ഉച്ചയ്ക്ക് 1 മണിക്ക് പെരിങ്ങാടി പനിച്ചുള്ളതിൽ പീടികയ്ക്ക് സമീപം കാഞ്ഞിരമുള്ള വീട്ടിൽ.
ബേങ്കിനെ കബളിപ്പിച്ചു എന്ന കേസിൽ ബേങ്ക് ഉദ്യോഗസ്ഥന്റെ മുൻകൂർ ജാമ്യം തള്ളി
തലശ്ശേരി: കാത്തലിക് സിറിയൻ ബാങ്കിന്റെ കല്യാശ്ശേരി ശാഖയിൽ നിന്നും 12,53,800 രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസിൽ ഇതേ ബേങ്കിലെ ഗോൾഡ് ലോൺ ഓഫീസർ ആയ ഇരിട്ടി പായത്തെ നെല്ലിയോടൻ വീട്ടിൽ പി. നിജിൽ നൽകിയ മുൻകൂർ ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി തള്ളി.
ഗോൾഡ് ലോൺ ഓഫീസർ ആയിരിക്കെ, 2020. 2024 കാലയളവിൽ ബേങ്കിൽ പണയമായി ലഭിച്ച സ്വർണ്ണ ഉരുപ്പടിയിൽ കൃത്രിമം നടത്തി വിശ്വാസ വഞ്ചന നടത്തിയെന്നാണ് പൊലീസ് കേസ്.
ബേങ്ക് മാനേജർ ലിനി കണിയാൻ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. 113 ഗ്രാം സ്വർണ്ണാഭരണത്തിലാണ് പ്രതി കൃത്രിമം നടത്തിയതായി പരാതി.
പ്രതിക്ക് ജാമ്യം നൽകിയാൽ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജാമ്യം നൽകരുതെന്നും ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.അജിത്ത് കുമാർ കോടതി മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.

റോഡുകള്‍ക്ക് അനുമതി ലഭിച്ചു
ഷാഫി പറമ്പില്‍ എം. പി
തലശ്ശേരി കേന്ദ്ര സര്‍ക്കാരിന്റെ പി. എം. ജി. എസ് വൈ ഫേസ് നാലില്‍ ഉള്‍പ്പെടുത്തി വടകര പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ 47 റോഡുകള്‍ നവീകരിക്കുവാന്‍ അനുമതി ലഭിച്ചതായി ഷാഫി പറമ്പില്‍ എം. പി അറിയിച്ചു. മണ്ഡലത്തിലെ കണ്ണൂര്‍ ജില്ലയില്‍ എട്ട് റോഡുകള്‍ക്കും കോഴിക്കോട് ജില്ലയില്‍ 39 റോഡുകള്‍ക്കുമാണ് അനുമതി ലഭിച്ചത്. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 12 റോഡുകള്‍ക്കും പന്തലായനി ബ്ലോക്കില്‍ അഞ്ചു റോഡുകള്‍ക്കും പേരാമ്പ്ര ബ്ലോക്കില്‍ അഞ്ചു റോഡുകള്‍ക്കും മേലടി ബ്ലോക്കില്‍ മുന്ന് റോഡുകള്‍ക്കും തൂണേരി ബ്ലോക്കില്‍ 11 റോഡുകള്‍ക്കും തോടന്നൂര്‍ ബ്ലോക്കില്‍ രണ്ട് റോഡുകള്‍ക്കും അനുമതി ലഭിച്ചതായി എം. പി ഓഫീസ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ കൂത്തു പറമ്പ് ബ്ലോക്കില്‍ ഏഴ് റോഡുകള്‍ക്കും പാനൂര്‍ ബ്ലോക്കിന് കീഴില്‍ ഒരു റോഡിനും ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. സ്‌റ്റേറ്റ് ലെവല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ശുപാര്‍ശ നല്‍കിയതും എന്‍. ആര്‍. ഐ. ഡി. എ അനുമതി നല്‍കാത്തതുമായ ഗ്രാമീണ റോഡുകള്‍ക്കും കൂടി അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്ത് നല്‍കിയതായും ഷാഫി പറമ്പില്‍ എം. പി അറിയിച്ചു.

ചെണ്ടുമല്ലി തൈകൾ വിതരണം തുടങ്ങി
തലശ്ശേരി:കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് കാർഷിക നേഴ്സറി ആരംഭിക്കുന്നതിന് തുടക്കം കുറിച്ച് കാവുങ്കര ഇല്ലത്തെ നേഴ്സറിയിൽ ഉത്പാദിപ്പിച്ച അത്യുൽപാദന ശേഷിയുള്ള ചെണ്ടുമല്ലി തൈകൾ വിതരണത്തിന് തയ്യാറായി. കൃഷി വകുപ്പ് വേങ്ങാട് 'ഫാം മുൻ മേധാവി യു എൻ മീര ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി സുരേഷ്ബാബു, ഡയറക്ടർ കെ.സുരേഷ്, കാർഷിക ഗ്രൂപ്പ് കൺവീനർ വിജയൻ, അസി. സെക്രട്ടറി എം രാജേഷ്ബാബു, ബിനീഷ് ബി പിണറായി സംസാരിച്ചു. ഒരു തൈക്ക് 5 രൂപ നിരക്കിലാണ് ബാങ്ക് പരിസരത്ത് വിൽപ്പന നടക്കുന്നത്
ചിത്രവിവരണം:കൃഷി വകുപ്പ് വേങ്ങാട് 'ഫാം മുൻ മേധാവി യു എൻ മീര ഉദ്ഘാടനം നിർവ്വഹിക്കുന്നു

വായനപക്ഷത്തിനും
മുന്നേയൊരു
വായന ചലഞ്ച്
തലശ്ശേരി: വേനലവധിക്കാലത്ത് വിദ്യാർത്ഥികളെ വായനയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ അവധിക്കാലം വായനയുടെ ഗുൽമോഹർ പൂക്കാലം
എന്ന പേരിൽ സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറി സംഘടിപ്പിച്ച വായന ചലഞ്ച് വിജയികളെ അനുമോദിച്ചു.
വായനയുടെ ആകാശങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. ടി.കെ.ഷാജ് ' പുതുവായനയുടെ ലോകത്തെക്കുറിച്ചും , ബിജു പുതുപ്പണം കുട്ടികളുടെ വായനാ ഡയറി വിശകലനം ചെയ്തും സംസാരിച്ചു.
എൽ.പിമുതൽ ഹയർ സെക്കണ്ടറി വരെയുള്ള 65 കുട്ടികൾ പങ്കെടുത്ത ഒരു മാസക്കാലം നീണ്ടുനിന്ന വായന ചലഞ്ചിൽ
21 വിദ്യാർത്ഥികൾ സമ്മാനാർഹരായി.
ആഗ്നേയആർ.ബി.സ്റ്റാർറീഡറായിതെരഞ്ഞെടുക്കപ്പെട്ടു.ലൈബ്രറിയിലെ ചെസ്സ് സ്ക്കൂൾ വിദ്യാർത്ഥികളായ 16 പേർക്കും വായനോപഹാരം നൽകി അനുമോദിച്ചു.
എൻ.എസ്.എസ്.തലശ്ശേരി ക്ലസ്റ്റർ കൺവീനർകെ.പി.ഷമീമ സമ്മാനങ്ങൾ വിതരണം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.ജി. ബിജു.. അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി സീതാനാഥ് സ്വാഗതവും ജോ. സെക്രട്ടറി പി.മനോജ് കുമാർ നന്ദിയും പറഞ്ഞു. ലൈബ്രേറിയൻ കെ.വി.ജലജ , കെ.എസ്.നമ്പീശൻ, എസ്. അഖയ്,. മുരുകൻമാസ്റ്റർ പരിപാടികൾ നിയന്ത്രിച്ചു.
ചിത്രവിവരണം: കെ.പി.ഷമീമ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

മാഹി മഹാത്മാ ഗാന്ധി ഗവൺമെൻ്റ് ആർട്സ് കോളേജിന് ഉയർന്ന നാക് ഗ്രേഡ്:
മാഹി :മഹാത്മാ ഗാന്ധി ഗവൺമെൻ്റ് ആർട്സ് കോളേജിന് നാഷണൽ അസസ്സ്മെൻ്റ് & അക്രഡിറ്റേഷൻ കൗൺസിൽ B++ ഗ്രേഡ് നല്കി. കോളേജിന് ഒന്നും രണ്ടും സൈക്കിളിൽ B ഗ്രേഡ് ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഒറ്റയടിക്ക് രണ്ട് ഗ്രേഡ് ഉയർന്ന് B++ ആകുകയായിരുന്നു. അക്കാദമികവും ഭൗതികവുമായ വികസനങ്ങൾ തുടങ്ങിയ സമയത്ത് തന്നെ ഉയർന്ന ഗ്രേഡ് ലഭിച്ചത് കൂടുതൽ ഫണ്ടുകൾ ലഭിക്കുന്നതിനും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള സാധ്യതയേറി. മുംബൈ ഐ.ഐ.ടി. യുമായി ചേർന്ന് കോളേജിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി സർട്ടിഫിക്കേറ്റ് കോഴ്സുകൾ നല്കുന്നതും, അടൽ ഇൻകുബേഷൻ സെൻ്ററും പോണ്ടിച്ചേരി എഞ്ചിനിയറിംഗ് കോളേജ് ഫൗണ്ടേഷനുമായി ചേർന്ന് കേന്ദ്ര സർക്കാർ നീതി അയോഗിൻ്റെ സാമ്പത്തിക സഹായത്താൽ ഡ്രോൺ ഉണ്ടാക്കി പറത്താനും വിവിധ സ്റ്റാർട്ടപ്പ് പദ്ധതികൾക്കുമായി വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നടത്താൻ കഴിഞ്ഞതും, കമ്മ്യൂണിറ്റി എൻഗേജ്മെൻ്റിൻ്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾ ബീച്ച് - പൊതു റോഡുകൾ വൃത്തിയാക്കൽ, പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ പങ്കാളിയാകൽ, വീടുവീടാന്തരം കയറി ഇറങ്ങി മഴക്കാല പൂർവ്വ രോഗങ്ങൾ, കൊതുകു ജന്യ രോഗങ്ങൾ, പരിസര ശുചീകരണത്തിൻ്റെ പ്രാധാന്യം, വൈദ്യുതി ഉപഭോഗം കുറക്കുന്നതിനുള്ള ശാസ്ത്രീയ രീതികൾ, കുടുംബ ബഡ്ജറ്റും ലഘു സമ്പാദ്യപദ്ധതികളും തയ്യാറാക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങി വിവിധ ബോധവത്ക്കരണ പരിപാടികൾ നടത്തിയതും, വിവിധ വിഷയങ്ങളിൽ അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കുന്നതിനായി മൾട്ടി ഡിസിപ്ലിനറി, ഇൻ്റർ ഡിസിപ്ലിനറി കോഴ്സുകൾ പുതിയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി നടപ്പിലാക്കിയതും, യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്കുൾപ്പടെ 80-100 % വരെ ഓരോ ബിരുദ- ബിരുദാനന്തര വിഷയങ്ങൾക്കും വിജയം ഉറപ്പാക്കിയതും, കൂടുതൽ വിദ്യാർത്ഥികൾ യുജിസി- സി.എസ് ഐ.ആർ , ഐ സി എ ആർ തുടങ്ങിയ ദേശീയ പരീക്ഷകളിൽ നെറ്റ്, ജെ ആർ എഫ് - വിജയികളാകുന്നതും, കോളേജിലെ ഗവേഷണങ്ങളും, ദേശീയവും അന്തർദേശീയവുമായ ജേണലുകളിലെ ഗവേഷണ പ്രബന്ധങ്ങളും ശില്പശാലകളും, സെമിനാറുകളും, നാഷണൽ സർവ്വീസ് സ്കീമിൻ്റെ പ്രവർത്തനങ്ങളും, മാഹി മുൻസിപ്പാലിറ്റിയിലെ ഖരമാലിന്യ സംസ്കരണത്തിനായുള്ള മാർഗ്ഗരേഖയ്ക്കായി വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംഭാവനകൾ ഒക്കെ വിലയിരുത്തിയതിൻ്റെ ഫലമായാണ് "B" ഗ്രേഡിൽ B++ ലേക്ക് ഉയർത്തിയത്.
B നിന്നും B++ ലേക്ക് നാക് ഗ്രേഡ് ഉയർത്തിയ വിവരം അറിഞ്ഞ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് പ്രിൻസിപ്പാൾ ഡോ. കെ. കെ. ശിവദാസനെ അനുമോദിച്ചു.. ഐ ക്യു.എ.സി. കോർഡിനേറ്റർ ഡോ. കെ.എംഗോപിനാഥിനെയും യോഗത്തിൽ വെച്ച് അനുമോദിച്ചു.പ്രിൻസിപ്പാൾ ഡോ.കെ.കെ. ശിവദാസൻ, ഡോ.കെ.എം ഗോപിനാഥൻ, ഡോ. സി.എ. ആസിഫ് സംസാരിച്ചു.
ചിത്രവിവരണം:പ്രിൻസിപ്പാൾ ഡോ: കെ.കെ ശിവദാസിനെ ഡോ: കെഎം.ഗോപിനാഥ് പൊന്നാട അണിയിക്കുന്നു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group