
ഫലിതം സാമൂഹ്യ ജീർണ്ണതയെ പ്രതിരോധിക്കുന്നു. സത്യൻ മാടാക്കര .
മനുഷ്യത്വത്തിന്റെ കാതൽ തേടി നടന്നവരെല്ലാം നർമ്മബോധത്തോടെ സാമൂഹ്യതയിലെ അന്ധവിശ്വാസം, അനാചാരം എന്നിവ എതിർത്തവരായിരുന്നു. കടും പരിഹാസത്തോടെ പൗരോഹിത്യത്തേയും യുക്തിയില്ലാത്ത പ്രവർത്തനത്തേയും അവർ പരിഹസിച്ചു വിട്ടു. സൂഫികൾ, ശ്രീബുദ്ധന്റ കഥകൾ, നാരായണ ഗുരു, കബീർ, ഗുരുനാനാക്ക് എന്നിവരൊക്കെ പറഞ്ഞ ഹാസ്യത്തിലെ തത്ത്വ ചിന്താപരമായ, യോഗാത്മ ഭാഷയുടെ വേര് കണ്ടെത്തുമ്പോൾ നാം സ്വയം കഴുകി വെടിപ്പാക്കാ ത്തീരുന്നവരായി മാറുന്നു. അവർ എതിർത്തു തോല്പിച്ചതൊക്കെ പുതിയ രൂപത്തിൽ പുന:പ്രതിഷ്ഠിക്കപ്പെടുന്ന വർത്തമാന കാലത്ത് വേറിട്ടൊരു വായന പ്രതിരോധം തീർക്കലാകുന്നു

. യുക്തി കൊണ്ട് ലോകം കീഴടക്കാമെന്നു കാണിച്ച ഭാരതീയ ദർശനത്തിനൊപ്പം ഹാസ്യം ചേർത്തു വായിക്കുമ്പോഴാണ് പഠിക്കേണ്ട പലതും തിരിച്ചറിയുക.
നവോത്ഥാനത്തിന്റെ സൂര്യ ബിംബമായ ഗുരുവിന്റെ ഫലിതങ്ങളെല്ലാം തന്നെ കുറിക്കു കൊള്ളുന്ന സാമൂഹ്യ വിമർശനത്തിന്റെ കൂരമ്പായിരുന്നു. അരുവിപ്പുറം ശിവപ്രതിഷ്ഠ മുതൽ അത് തുടങ്ങുന്നു. അരുവി പ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയപ്പോൾ നമ്പൂതിരി ഗുരുവിനോട്ചോദിച്ചു:
'നിങ്ങൾക്ക് പ്രതിഷ്ഠ നടത്താമോ?"
" നാം നമ്മുടെ ശിവനെയാണല്ലോ പ്രതിഷ്ഠിച്ചത്'
എന്നായിരുന്നു ഗുരുവിന്റെ മറുപടി. കുറേക്കഴിഞ്ഞ് സംശയം തീരാതെ നമ്പൂതിരി വീണ്ടും ചോദിച്ചു:
"പ്രതിഷ്ഠയ്ക്കുള്ള സമയമിതാണോ ?"
അതിനും യുക്തിഭദ്രമായ നർമ്മത്തോടെ ഗുരു മറുപടി നല്കി.
"മുഹൂർത്തം നോക്കായല്ലല്ലോ അമ്മമാർ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. "

വിഡ്ഢിയും അല്പനുമായ ഒരു പ്രമാണിയുടെ വീട് സന്ദർശിച്ച ഗുരു വീടിനകത്തെ ആഢംബര കട്ടിൽ കണ്ട് ചോദിച്ചു.
'ഇത് ഏത് തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് '
പ്രമാണി പെട്ടെന്ന് മറുപടി പറഞ്ഞു.
"തല വെയ്കുന്ന ഭാഗം ഈട്ടിയിലും കാലു വെയ്ക്കുന്ന ഭാഗം തെങ്ങിലുമാണ് നിർമ്മിച്ചിരിക്കുന്നത് " അത് കേട്ട് തമാശ കലർത്തി ഗുരു പറഞ്ഞു.
" അപ്പോൾ ഉറക്കത്തിലും നിങ്ങളുടെ കാല് തെങ്ങിൽ തന്നെയാണ് അല്ലേ."
കൊള്ളപ്പലിശക്കാരനെ കാരാഗൃഹത്തിൽ എത്തിച്ച കഥ തമാശയോടെ തെന്നാലി രാമൻ കഥകളിലുണ്ട്. അതിങ്ങനെ" രത്ന ചന്ദ്രൻ എന്നൊരു പണവ്യാപാരി വിജയനഗരത്തിൽ ഉണ്ടായിരുന്നു. പണം കടം കൊടുത്ത് അമിത പലിശ വാങ്ങുന്നതിൽ അതീവ സമർത്ഥനായിരുന്നു അയാൾ.
രത്നചന്ദ്രന്റെ സുഹൃത്തിനെക്കൊണ്ട് അയാളുടെ അഞ്ചു പാത്രങ്ങൾ രാമൻ വായ്പയായി വാങ്ങിച്ചു.
പിറ്റേന്നു പാത്രം മടക്കിക്കൊടുത്തു. വലിയ പാത്രത്തിന്റെ കൂടെ അഞ്ചു ചെറിയ പാത്രങ്ങൾ കൂടി രാമൻ സുഹൃത്തിനെക്കൊണ്ടു കൊടുപ്പിച്ചു.
"ഇതെന്താ ഈ കുട്ടിപ്പാത്രങ്ങൾ" രത്ന ചന്ദ്രൻ ആശ്ചര്യപ്പെട്ടു.
"ആ വലിയ പാത്രങ്ങൾ പ്രസവിച്ചതാണ് ഈ കുട്ടിപ്പാത്രങ്ങൾ" സുഹൃത്ത് മറുപടി പറഞ്ഞു.
"ഓ അതു ശരി, ഞാനത് മറന്നു പോയി, നിങ്ങൾ കൊണ്ടുപോകുമ്പോൾ ഈ പാത്രത്തിന് ഗർഭമുണ്ടായിരുന്നു" രത്ന ചന്ദ്രൻ കുട്ടിപ്പാത്രങ്ങൾ എടുത്തു കൊണ്ടുപോയി.
ഒരാഴ്ച കഴിഞ്ഞു.
പഴയ സുഹൃത്തിനെ രാമൻ വിളിപ്പിച്ചു.
രത്ന ചന്ദ്രനിൽ നിന്നും രണ്ടു സ്വർണ്ണപ്പാത്രങ്ങൾ വായ്പയായി വാങ്ങാൻ രാമൻ സുഹൃത്തിനോട് പറഞ്ഞു.
രത്നചന്ദ്രൻ രണ്ടു വലിയ സ്വർണ്ണപ്പാത്രങ്ങൾ വായ്പയായി കൊടുത്തു.എന്നിട്ട് അയാൾ സുഹൃത്തിനോട് സൂചിപ്പിച്ചു.
"സ്വർണ്ണപ്പാത്രങ്ങൾക്ക് ഗർഭമുണ്ട് ശ്രദ്ധിക്കണം. വരുമ്പോൾ കുട്ടിപ്പാത്രങ്ങൾ കൊണ്ടുവരണം. "
സുഹൃത്ത് പാത്രങ്ങളുമായി രാമന്റെ അടുത്തെത്തി. രാമൻ പാത്രങ്ങൾ വാങ്ങി. അത് ഉരുക്കി തുണ്ടുകളാക്കി .രത്‌ന ചന്ദ്രന്റെ അക്രമങ്ങൾക്ക് ഇരയായ പാവപ്പെട്ടവരെ രാമൻ വിളിപ്പിച്ചു. അവർക്കെല്ലാം സ്വർണ്ണപ്പാത്രങ്ങളുടെ തുണ്ട് നല്കി.
രണ്ടു ദിവസം കഴിഞ്ഞിട്ടും രത്ന ചന്ദ്രന് പാത്രം കിട്ടിയില്ല. അത്യാഗ്രഹിയായ അയാൾ താൻ കൊടുത്ത സ്വർണ്ണപ്പാത്രങ്ങൾ മാത്രമല്ല അവയുടെ കുട്ടിപ്പാത്രങ്ങളും കൂടെ കിട്ടുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു. രത്നചന്ദ്രൻ വാങ്ങിയ ആളെക്കണ്ട് പാത്രം ആവശ്യപ്പെട്ടു.
അയാൾ രത്ന ചന്ദ്രനോട് പറഞ്ഞു.
"ആ പാത്രങ്ങൾ രണ്ടും പ്രസവത്തിൽ മരിച്ചു പോയല്ലോ"
സുഹൃത്തിനെ പറഞ്ഞ് രാമൻ നേരത്തെ പഠിപ്പിച്ചിരുന്നു.
രത്ന ചന്ദ്രൻ അങ്കലാപ്പിലായി. അയാൾ ചക്രവർത്തിയുടെ പക്കൽ പരാതിയുമായി എത്തി. ചക്രവർത്തി രണ്ടു പേരുടേയും പരാതി കേട്ടു. രാമൻ ഉണ്ടായ സംഭവമെല്ലാം ബോധിപ്പിച്ചു. കൊള്ള പലിശയെപ്പറ്റി കേട്ടപ്പോൾ ചക്രവർത്തിക്ക് ദേഷ്യം ആളിക്കത്തി. രത്ന ചന്ദ്രനെ കാരാഗൃഹത്തിലടയ്ക്കാൻ ചക്രവർത്തി ഉത്തരവിട്ടു.
വിവേകാനന്ദനും ശിഷ്യനെ തമാശ രൂപത്തിൽ പാഠം പഠിപ്പിച്ചിട്ടുണ്ട്.
സസ്യഭുക്കായ ശിഷ്യനെ ബിസ്കറ്റ് തീറ്റിച്ച് - തിന്നു കഴിഞ്ഞപ്പോൾ ' തിന്നു അല്ലേ? എല്ലാം കോഴിമുട്ട ചേർത്ത് ഉണ്ടാക്കിയതാണ്" എന്ന് പറഞ്ഞതും കാണാം. ഇതിലൊക്കെയുണ്ട് ലളിതമായ തമാശകൾ ചേർത്തു നടത്തിയ സാമൂഹ്യ ശുദ്ധീകരണം. അതിലൂടെ പൊതു സാമുഹ്യതയിലെ ഇടപെടൽ തെളിയുന്നു.
ഫലിതം സാമൂഹ്യ ജീർണ്ണതയെ പ്രതിരോധിക്കുന്നു. ചിന്തിക്കാൻ അവസരം നല്കി തിരുത്തിന് പ്രേരണ നല്കുന്നു. തോലൻ മുതൽ ഉത്തരാധുനിക എഴുത്തുകാർ വരെ മലയാളത്തിലെ ഈ നിരയുടെ ചലനാത്മകതയാകുന്നു. ഫലിതത്തിന്റെ തെളിമയിലൂടെ സമർപ്പണം നടത്തു മ്പോൾ നമ്മൾ ശരിയായ ദിശയിൽ എത്തിപ്പെടുന്നു. അനുഭവ വിശകലനത്തിന്റെ ഐറണി യിൽ നിന്ന് ഞാനിപ്പോഴും മറക്കാതെ വായിക്കുന്നു.
"എണീക്കാൻ ധൃതിപ്പെടേണ്ട
സമയമുണ്ടല്ലോ വേണ്ടുവോളം"(കെ.ജി.ശങ്കരപ്പിള്ള) കവിതയുടെ തുഞ്ചത്ത് പ്രാസം റോക്കായിരിക്കുന്നവർക്ക് എണീക്കെടാ, എണീക്കെടീ എന്ന ധ്വനി നിറഞ്ഞ ഐറണി മനസ്സിലാകില്ല. ഇതൊക്കെ കണ്ടിട്ടാവാം നമ്മുടെ ലക്കിടിക്കാരൻ കുഞ്ചൻ നമ്പ്യാർ പറഞ്ഞത്:
"തട്ടും കൊട്ടും ചെണ്ടയ്ക്കത്രേ, കിട്ടും പണമതു മാരാന്മാർക്കും "
അതേ,
"കാലത്തിൽ നിന്നു തെറിച്ചു പോയവരുണ്ട്
അവ ഏതിനം കൊറ്റികൾ? അല്ല, അവ കഴുതകളായി ജീവിക്കേണ്ടി വന്ന കുതിരകളാണ്. "
(കെ.ജി.ശങ്കരപ്പിള്ള)
ഉറക്കിലേക്ക് അലോസരത്തിൻറെ കലപില കൂട്ടുക ചില്ലറപ്പണിയല്ല. അതാണ് ഭാഷയിലെ നേരെടുപ്പ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group