ഇന്ന് വായനാ ദിനം : ദിവാകരൻ ചോമ്പാല,

ഇന്ന് വായനാ ദിനം : ദിവാകരൻ ചോമ്പാല,
ഇന്ന് വായനാ ദിനം : ദിവാകരൻ ചോമ്പാല,
Share  
ദിവാകരൻ  ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2025 Jun 19, 02:26 PM
MANNAN

ഇന്ന് വായനാ ദിനം


: ദിവാകരൻ ചോമ്പാല


കേരളഗ്രന്ഥശാലാപ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവും പ്രചാരക പ്രമുഖനുമായ ശ്രീ പി എൻ പണിക്കരുടെ ചരമ ദിനമാണ് ഇന്ന് ജൂൺ 19 ന് .

കേരളജനത 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു .

വായനയും കത്തെഴുത്തുമെല്ലാം അന്യമായിക്കൊണ്ടിരിക്കുന്ന ഒരുകാലഘട്ടത്തിലൂടെയാണ് നമ്മൾ ഇന്ന് കടന്നുപോകുന്നത് .

മെസ്സേജുകളും ചാറ്റിങ്ങും വീഡിയോകോളുകളൂം ഓൺലൈൻ തരംഗമായിത്തീർന്ന വർത്തമാനകാലസമൂഹം വായനയിൽ നിന്നും അകലംപാലിച്ചുകൊണ്ടുള്ള ജീവിതക്രമത്തിലൂടെ കടന്നുപ്പോകുന്നുവെന്നുപറഞ്ഞാൽ തെറ്റാവുമോ ?.


കടന്നുപോയ വഴികളിലൂടെ വായനയുടെ ഓർമ്മക്കാഴ്ച്ചകൾ പരതിക്കൊണ്ട് ഏറെ പിന്നോട്ട് പോകുമ്പോൾ എഴുപത്തിയഞ്ചോളം വർഷങ്ങൾക്ക് മുൻപ് വരെ തടസ്സമില്ലാതെ പുറംതിരിഞ്ഞുനോക്കാനാവുന്നുണ്ട് .

കണ്ണാടിച്ചില്ലിട്ട വലിയ അലമാരക്കകത്ത് വസ്ത്രങ്ങൾ അടുക്കിവെച്ച തട്ടുകൾക്ക് മുകളിലായി അച്ഛൻ്റെ ഒരുകൂട്ടം ആയുർവ്വേദഗ്രന്ഥങ്ങൾ .

ശ്രീവരാഹമിഹിരാചാര്യന്‍ വിരചിച്ച ഹോരാശാസ്ത്രം പോലുള്ള പലതും സംസ്‌കൃതത്തിൽ 

കയ്യെഴുത്ത് പ്രതികളും താളിയോലഗ്രന്ഥങ്ങളും പോക്കറ്റുബുക്കുകളായും കുറെയേറെ .കൂട്ടത്തിൽ മഹോപാധ്യായൻ എന്നപേരിൽ ഒരു മലയാളം ഇംഗ്ളീഷ് ഡിക്ഷണറി .


അമരകോശം ,രാമായണം , ഭഗവത്ഗീത ,ഭാഗവതം പോലുള്ള ചിലപുസ്തകങ്ങൾ .

അച്ഛന്റെ സഹോദരി ചാരുകസേരയിൽ കിടന്നു കൊണ്ട് മടിയിൽ കൃഷ്ണഗീത പുസ്തകം തുറന്നുവെച്ച് സന്ധ്യാനേരത്ത് നല്ല ഈണത്തിൽ കൃഷ്‌ണപ്പാട്ട് സാമാന്യം ഉച്ചത്തിൽ വായിക്കുമായിരുന്നു .

അച്ഛന്റെ അച്ഛൻ രാമായണവും വായിക്കുമായിരുന്നു .കുഞ്ഞുപ്രായത്തിൽ ഇതൊക്കെ ഉപ്പോ ഉണ്ണിമാങ്ങയോ എന്നറിയില്ലെങ്കിലും വെറുതെ കേട്ടിരിക്കാൻ ഒരുസുഖം .

ഇതൊക്കെ കേട്ടും കണ്ടുമാണ് ഞാൻ വളർന്നതും മുതിർന്നതും .

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് എന്റെ അച്ഛൻഎന്നെ അമരകോശം മനഃപ്പാഠമാക്കാൻ ശ്രമിക്കുമായിരുന്നു . 


ഓം ഭുർ ഭൂവസ്വ: എന്ന ഗായത്രിമാത്രം പോലുള്ള ചിലത് മൂന്നാംക്ലാസ്സിൽ പഠിക്കുന്ന സമയത്ത് തന്നെ അച്ഛൻ എന്നെക്കൊണ്ട് കാണാതെ ചൊല്ലിക്കുമായിരുന്നു .

എന്തുകൊണ്ടോ ചെറിയപ്രായത്തിലെ വായന എനിക്കിഷ്ടമായിരുന്നു .നാട്ടുമ്പുറത്ത് പത്രങ്ങൾ വാങ്ങുന്നവർ വിരളം .

ഇടവഴികളിലൂടെ തലയിൽ കെട്ടിയ തോർത്തുമുണ്ടിനു മുകളിൽ മാതൃഭൂമി പത്രക്കെട്ടും വെച്ച് '' മാറൂമി മാറൂമി '' എന്ന് ഉറക്കെ വിളിച്ചുകൊണ്ട് നടക്കുന്ന മാതൃഭൂമി കിട്ടൻ പത്രവുമായെത്തുക ഏകദേശം ഉച്ച 12 മണി .


ഒരണയാണെന്നു തോന്നുന്നു 'അന്നത്തെ പത്രത്തിന്റെ വില .നെയ്ത്തുശാലകളിലും ബീഡിതെറുപ്പു കേന്ദ്രങ്ങളിലും വായന അറിയാവുന്ന ആരെങ്കിലും ഉറക്കെ പത്രം വായിച്ചുകൊടുക്കുന്നത് അന്നത്തെ പതിവ് . പുസ്തകങ്ങൾ പൊതിയിടാനും മാതൃഭൂമിപത്രം .ബ്രൗൺ പേപ്പറുകളൊന്നും അന്ന് മാർക്കറ്റിലില്ല .


വീടിനടുത്ത് റയിലോരത്ത് പട്ടിയാട്ട് ഗേറ്റിനു സമീപം അളവക്കാൻ സ്‌മാരക വായനശാല .

വർഷങ്ങൾക്ക് മുൻപുള്ള എന്റെ ചില ഓർമ്മക്കാഴ്ചകൾ .

നാട്ടിടവഴികളല്ലാതെ പഞ്ചായത്ത് റോഡുകളൊന്നുമില്ലാത്ത കാലം .തട്ടോളിക്കര ,ഏറാമല ,കുന്നുമ്മക്കര ,ഒഞ്ചിയം ,ഓർക്കാട്ടേരി തുടങ്ങിയ ഉൾനാടൻ ഗ്രാമങ്ങളിലുള്ളവർക്കെല്ലാം മുക്കാളി അങ്ങാടിയിലെ ത്തണമെങ്കിൽ കാൽനടയായി പട്ടിയാട്ട് ഗേറ്റിലൂടെ റയിൽ കടന്നുവേണം .


റയിലിന് കിഴക്കുവശം നെഞ്ചിൽ നിറയെ രോമമുള്ള ചന്തമ്മൻ എന്നൊരാളുടെ ചായക്കട .

സാധുവായ ഒരു മനുഷ്യൻ .മുഖ്യസഹായിയായി അദ്ദേഹത്തിൻറെ ഭാര്യ നാണിയമ്മ .

റയലിന് മറുവശവും ഒരുചായക്കടയും ചെറിയ പലചരക്കുകടയും .അനങ്ങാറത്ത് രാഘവൻ എന്നൊരാളായിരുന്നു അവിടെ പലചരക്കുകട നടത്തിയത് .

അനങ്ങാറത്ത് രാഘവൻറെ വീടിനോടുചേർന്ന് വലിയതോതിൽ നെയ്ത്തുശാല .തൊട്ടടുത്തുതന്നെ കാരോക്കിയിൽ കടുങ്ങോൻ മാസ്റ്ററുടെ വീട്ടിലും മോശമല്ലാത്ത തോതിൽ നെയ്ത്തുശാല .നെയ്ത്തുതൊഴിലാളികളായി ഒരുകൂട്ടം ആളുകളും .ഇവരൊക്കെയായിരുന്നു ഈ ചായക്കടകളിലെ പതിവുകാർ .

വായനശാലയിലെ വായനക്കാരിൽ വലിയവിഭാഗവും ഇവരൊക്കെത്തന്നെ .

ഈ വായനശാലയുടെ കെട്ടിടം കാലപ്പഴക്കത്തിൽ വീണടിഞ്ഞെങ്കിലും പുതിയതലമുറയിലെ ചുണക്കുട്ടന്മാരായ പരിസരവാസികളുടെ കൂട്ടായ്‌മയിൽ അളവക്കൻ കൃഷ്ണൻ സ്‌മാരക വായനശാല സ്‌മൃതിമണ്ഡപം പോലെ പുനസൃഷ്ട്ടി നടത്തിയിരിക്കുന്നു .

വായനശാലയിൽ ഇരിക്കാൻ ഒരുബഞ്ച് ,പത്രം വെക്കാൻ മറ്റൊരു ബെഞ്ച് .ചുമരിനോട് ചേർന്ന് മരത്തടിയിൽ പുസ്‌തകങ്ങൾ .

വായനശാലയിൽ കയറാൻ തെങ്ങിൻ കവുക്കോലുകൊണ്ട് നിർമ്മിച്ച ഗോവണി .

പിടിച്ചുകയറാൻ വലിച്ചുകെട്ടിയ ഒരുകയർ .അക്കാലത്തെ കമ്യുണിസ്റ് പാർട്ടിയുടെ സമുന്നതനേതാക്കളിൽ ആരോ ആണ് ഈ വായനശാലയുടെ ഉത്‌ഘാടനം നിർവ്വഹിച്ചത് .


1948 കാലത്ത് ഒഞ്ചിയത്തുനടന്ന് വെടിവെപ്പിൽ മരിച്ചുവീണ തദ്ദേശീയനായ സഖാവ് അളവക്കൻ കൃഷ്ണൻ എന്നകമ്യുണിസ്റ്റുകാരന്റെ ഓർമ്മക്കായാണ് നാട്ടുകാർ ഈ വായനശാലക്ക് അദ്ദേഹത്തിന്റെ പേരിട്ടത് .അദ്ദേഹത്തിന്റെ മകൻ ദാസൻ എന്നോടൊപ്പം ചെറിയക്ലസ്സുകളിൽ പഠിച്ചിരുന്നു .ഈ അടുത്താണ് അദ്ദേഹം മരണപ്പെട്ടത് .

തീവണ്ടിക്കച്ചാലിൽ ആണ്ടി ,അനങ്ങാറത്ത് രാഘവൻ ,കണിയാങ്കുനി കുമാരൻ തുടങ്ങിയ ചിലരൊക്കെയായിരുന്നു അക്കാലത്ത് വായനശാലയുടെ മേൽനോട്ടക്കാർ .

മാസവരിസംഖ്യയായി ഒരണ കൊടുത്താൽ ആർക്കും വായനശാലയിൽ നിന്നും പുസ്തകമെടുക്കാം .

നാട്ടുകാർ സംഭാവനചെയ്ത നിരവധി പുസ്‌തകങ്ങൾക്കൊപ്പം അക്കാലത്തെ പ്രമുഖരായ എഴുത്തുകാരുടെ നോവലുകൾ ചെറുകഥകൾ കവിതകൾ അങ്ങിനെ പലതും ഇവിടെ കിട്ടുമായിരുന്നു .


വായിക്കാൻ നവയുഗം എന്ന മാസിക. മാതൃഭൂമി വാരിക .കലാമാല എന്ന സിനിമാമാസിക.,സോവിയറ്റ് യൂണിയനിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സോവിയറ്റ് നാട് തുടങ്ങിയ ചില സൗജന്യ പ്രസിദ്ധീകരണങ്ങൾ ഇവയൊക്കെയായിരുന്നു ഇവിടുത്തെ അക്ഷരക്കാഴ്ചകൾ .

ഇവിടെ കിട്ടിയിരുന്ന പുസ്‌തകങ്ങൾ പലതും പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ചിരുന്നവ.


കമ്യുണിസം നാട്ടിൽ പച്ചപിടിച്ചുവരുന്ന സമയം .വായനയിലൂടെ അറിവും അറിവിലൂടെ തിരിച്ചറിവും അതിലൂടെ കമ്യുണിസവുമായി ആളുകളെ ബന്ധിപ്പിക്കാനുള്ള ഒരുശ്രമവും കൂടിയായിരിക്കാം അക്കാലങ്ങളിൽ നാട്ടുമ്പുറങ്ങളിൽ പലേടങ്ങളിലും വായനശാലകൾക്ക് തുടക്കമിട്ടത് .

അഞ്ചാം ക്ലാസ്സിലോ ആറിലോ മറ്റോ ആണ് അന്ന് ഞാൻ പഠിച്ചിരുന്നത് .

ഒന്നൊഴിയാതെ ദിവസവും വൈകുന്നേരങ്ങളിൽ വീടിനടുത്തുള്ള വായനശാലയിൽ ചെന്ന് മാസികകൾ മറിച്ചുനോക്കും .

എന്റെ അച്ഛന്റെ അച്ഛൻ വായനശാലയിൽ പോകുന്നതിനെ ഒരിക്കലും തടഞ്ഞിരുന്നില്ല .പ്രോത്സാഹിപ്പിച്ചതേയുള്ളൂ .


ചങ്ങമ്പുഴയുടെ രമണൻ തുടങ്ങി തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾ ,പൊൻകുന്നം വർക്കി, പൊൻകുന്നം ദാമോദരൻ ,തകഴി തുടങ്ങിയവരുടെ ചിലപുസ്തകങ്ങൾ കൂട്ടത്തിൽ മുട്ടത്തുവർക്കിയുടെ നോവലുകൾ ,ഡിറ്റക്ടീവ് നോവലുകൾ .വായനയുടെ തുടക്കം അങ്ങിനെ .

ഡിറ്റക്ടീവ് നോവലുകൾ വായിക്കുന്നതിൽ എന്റെ അച്ഛന്റെ അച്ഛൻ എനിയ്ക്ക് വിലക്കിട്ടതുകൊണ്ടുതന്നെ പഠിക്കുന്ന പുസ്തകങ്ങൾക്കിടയിൽ ചേർത്തുവെച്ചായിരുന്നു ഞാൻ കാണാതെ വായിച്ചുതീർത്തത് .

ഞാൻ വായനശാലയിൽ നിന്നെടുക്കുന്ന പല പുസ്തകങ്ങളും അദ്ധേഹം ചാരുകസേരയിൽ മർലർന്നുകിടന്നു വെറുതെ മറിച്ചുനോക്കുമായിരുന്നു .


വളർച്ചയുടെ കാലഘട്ടങ്ങളിലും കൂടുതലും വായിച്ചിരുന്നത് മുട്ടത്തുവർക്കിയുടെ നോവലുകൾ .പ്രണയത്തിന്റെ മധുരക്കാഴ്ചകൾക്കൊപ്പം പ്രേമനൈരാശ്യത്തിൻറെയും മാനസികസംഘർഷങ്ങളുടെയും നേർക്കാഴ്ച്ചകളായിരുന്നു പലനോവലുകളുടെയും ഇതിവൃത്തം .


മലയാള അക്ഷരക്കൂട്ടുകളോടുള്ള പ്രണയം തുടങ്ങിയതുമങ്ങിനെ.

വടക്കേ മലബാറുകാരനായിരുന്നിട്ടും തെക്കൻകേരളത്തിലെ ചില നാട്ടുഭാഷകൾ മനസ്സിൽ കടന്നുകൂടിയതും ഒരു പക്ഷെ മുട്ടത്തുവർക്കിയുടെ നോവലിലൂടെയായിക്കൂടെന്നുമില്ല.  

പ്രായം കൂടുന്നതിനനുസരിച്ച് സഞ്ചാരസ്വാതന്ത്ര്യത്തിനും അയവുണ്ടായി.

സൈക്കിൾ പഠിച്ചു . കുഞ്ഞിപ്പള്ളിക്കടുത്ത് ചിറയിപ്പീടികയിൽ നവോദയവായനശാല എന്നൊന്നുണ്ടായിരുന്നു. കെ കെ എൻ കുറുപ്പിന്റേയും ഇ.എം നാണുമാസ്റ്റരുടെയും മറ്റും നേത്രുത്വത്തിലായിരുന്നു ഈ വായനശാലയുടെ തുടക്കം .

വായനശാലയോട് ചേർന്ന് കണാരേട്ടന്റെ ചായപ്പീടിക. വൈകുന്നേരങ്ങളിൽ സൈക്കിളിൽ അവിടെപ്പോയി പുസ്‌തകമെടുക്കുമായിരുന്നു .

വർഷങ്ങളോളം .സാമാന്യം നല്ല ഉയരമുള്ള കണാരേട്ടൻ സദാ ചിരിച്ചുകൊണ്ടായിരിക്കും കുട്ടികളായ ഞങ്ങളോടെല്ലാം പെരുമാറിയിരുന്നത് . ഉന്മേഷം തുളുമ്പുന്ന മുഖം . പുസ്തകങ്ങൾ തെരഞ്ഞെടുത്തു തരുന്നതിലും അദ്ദേഹം സഹായിക്കും .


നല്ലനല്ല പുസ്‌തകങ്ങൾ വായിക്കാൻ കണാരേട്ടൻ നിമിത്തമായിട്ടുണ്ടെന്നു പറയാതെ വയ്യ .ഈ വായനാ ദിനത്തിൽ നന്ദിയോടെ ഞാൻ അദ്ദേഹത്തെ സ്‌മരിക്കുന്നു .  

ചോമ്പാൽ ബീച്ചിലുള്ള പുരോഗമന വായനശാലയിലും പോകുമായിരുന്നു അക്കാലങ്ങളിൽ .സൈക്കിൾയാത്രയുടെ ഒരു സുഖവും ഇതിന്റെ പിന്നിലില്ലാതല്ല . 


വായനശാലയിൽ പോകുന്ന കാര്യത്തിൽ വീട്ടിലെ വിലക്കിന് അൽപ്പം അയവുണ്ടാകുമായിരുന്നു .കണ്ണൂക്കരയിലും സൈക്കിളിൽ പോകും .കണ്ണൂക്കര കലാസമിതി എന്ന വായനശാലയിൽ .


കൃഷ്‌ണൻ എന്നൊരാളായിരുന്നു പുസ്തകം എടുത്തുതരിക .ചന്തു മാസ്റ്റർ എന്നൊരാളും ഇടക്കവിടെ കാണും .വർഷങ്ങൾക്കുശേഷം മുക്കാളി റെയിൽവേ സ്റ്റേഷനടുത്തുള്ള മഹാത്മാവായനശാലയുമായിട്ടായി പിന്നെ കൂടുതൽ അടുപ്പം.

കുഞ്ഞാമൻ എന്നൊരാളായിരുന്നു അവിടെ നിന്നും പുസ്‌തകമെടുത്തുതന്നിരുന്നത് .

നാട്ടിൽ റേഡിയോ വേണ്ടത്രയില്ലാത്ത കാലം .വൈകുന്നേരങ്ങളിൽ സിലോൺ റേഡിയോവിൽനിന്നും കേൾക്കുന്ന ഏതാനും മലയാളചലച്ചിത്ര ഗാനങ്ങൾ കേൾക്കാനും വാർത്തകൾ കേൾക്കാനും മഹാത്മാ വായനശാലയുടെ വരാന്തയിൽ കെട്ടിയുയർത്തിയ ഇരുത്തിയിലിലിരിക്കും .


ഇന്നത്തെ ചോമ്പാലയിലെ പ്രമുഖ വ്യക്തിത്വമായ മുല്ലപ്പള്ളി രാമചന്ദ്രൻ ,പട്യാട്ട് ഗംഗാധരൻ പണിക്കർ ,കൂടക്കന്റവിടെ ശ്രീധരൻ ,ചാത്തോത്ത് മീത്തൽ ശ്രീധരൻ പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തക കനുമായിരുന്ന ഇ .വി .ശ്രീധരൻ .മുൻ മന്ത്രി എ . സി .ഷൺമുഖദാസ് തുടങ്ങിയ ഒരുകൂട്ടം യുവാക്കളുടെ സംഗമസ്ഥലംകൂടിയായിരുന്നു മഹാത്മാവായനശാല .ഇവരിൽ പലരുമിന്നില്ല .


ഇടയ്ക്ക് വൈകുന്നേരങ്ങളിൽ വെറുതെ നടക്കാനിറങ്ങും.ഒന്നുകിൽ കുഞ്ഞിപ്പള്ളി മൈതാനംവരെ .അല്ലെങ്കിൽ അണ്ടിക്കമ്പനിക്കപ്പുറം വരെ .

ഇന്നുകാണുന്ന വലിയവീടുകളൊന്നുമില്ലാത്ത അവിടങ്ങളിലെ മണൽപ്പരപ്പിൽ വെറുതെയിരുന്ന് തമാശകളും നേരമ്പോക്കുമായി സമയംകളഞ്ഞ ഒരുകാലവും മഹാത്മാവായനശാലയുമായി ബന്ധിപ്പിച്ച് പറയാനുണ്ട് .


മുതിർന്നു വലുതായി വർഷങ്ങൾക്കു ശേഷം ചോമ്പാൽ പാതിരിക്കുന്നിലെ മിഷ്യൻ കോമ്പൗണ്ടിൽ പുതിയവീട് വെച്ച് മാറിത്താമസിച്ചപ്പോൾ തൊട്ടടുത്തവീട്ടുകാരൻ കുടുംബാംഗം കൂടിയായ എം എം അനന്തൻ എന്ന ആൾ .

ശരിക്കും പുസ്‌തക ഭ്രാന്തൻ .വിവിധവിഷയങ്ങളെക്കുറിച്ചുള്ള ധാരാളം ബുക്കുകൾ വീട്ടിൽ സൂക്ഷിക്കുന്നതുൽ സന്തോഷം കണ്ടെത്തിയിരുന്ന ഒന്നാംതരം വായനക്കാരൻ കൂടിയായിരുന്നു അദ്ദേഹം . അദ്ദേഹത്തിന്റെബ് പ്രോത്സാഹനത്തിൽ ഒരുകൂട്ടം പുസ്‌തകങ്ങൾ സാമാന്യം നല്ല വിലകൊടുത്ത് ഞാനും വാങ്ങിയിരുന്നു .


ഒഴിവ് കിട്ടുമ്പോഴെല്ലാം അദ്ദേഹത്തിനടുത്തു പോയിരിക്കും .വായനാനുഭവങ്ങൾ പങ്കുവെക്കും . അമ്പതും അറുപതും വർഷങ്ങൾക്ക് മുൻപുള്ള പ്രധാനസംഭവങ്ങളെക്കുറിച്ചുള്ള പത്രക്കട്ടിംഗുകളുടെ മഹാശേഖരം തന്നെയായിരുന്നു എം എം അനന്തൻ എന്ന മനുഷ്യന്റെ വേറിട്ട സമ്പാദ്യം .


നിരവധി ചാനലുകളിലും വാർത്താമാധ്യമങ്ങളിലും ഈ വിഷയുവുമായി ബന്ധപ്പെട്ട് നിറഞ്ഞു നിന്നിരുന്ന അനന്തേട്ടൻറെ വേർപാടിന്‌ശഷം ദീർഘകാലം അടച്ചിടേണ്ടിവന്ന അദ്ദേഹത്തിൻറെ വീട്ടിൽ നിന്നും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ പോലുള്ളപുസ്‌തകങ്ങൾ ബഹുഭുരിഭാഗവും പത്രക്കട്ടിംഗുകളടക്കം ചിതലരിച്ചു നശിച്ചുപോയത് ദുഃഖസ്‌മൃതികളോടെ ഈ വായനാദിനത്തിൽ ഞാൻ ഓർത്തുപോകുന്നു .

kannur-revised_1750323258

കണ്ണൂർ മീഡിയയുടെ ഓടപ്പൂവ്  

സപ്ലിമെന്റ് പ്രകാശനം ചെയ്തു


കൊട്ടിയൂരിൽ ഇളനീർ വെപ്പിന്റെ പുണ്യദിനത്തിൽ കൊട്ടിയൂർ പെരുമാൾക്ക് കണ്ണൂർ മീഡിയയുടെ അക്ഷര സമർപ്പണം .കണ്ണൂർ മീഡിയ പുറത്തിറക്കിയ വൈശാഖ മഹോത്സവ സപ്ലിമെന്റ് ഓടപ്പൂവ് പ്രകാശിതമായി. ഇക്കരെ കൊട്ടിയൂരിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറും ഗ്രന്ഥകാരനും ചരിത്ര ഗവേഷകനുമായ ഡോക്ടർ കെ കെ എൻ കുറുപ്പ് കുമാരി മിത്രവിന്ദക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത് .കണ്ണൂർ മീഡിയ എഡിറ്റർ ശിവദാസൻ കരിപ്പാൽ അധ്യക്ഷത വഹിച്ചു. അക്കരെ കൊട്ടിയൂർ സന്നിധാനത്ത് വെച്ച് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ , എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ 1 കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി ഡോക്ടർ രാമചന്ദ്ര അഡിക എന്നിവർ ഓടപ്പൂവ് സപ്ലിമെന്റ് ഏറ്റുവാങ്ങി. മികച്ച വെളിച്ചെണ്ണയുടെ ഉത്പാദകനുള ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നേടിയ പള്ളൂർ വിപിൻ കുമാർ എഴുത്തുകാരനും പ്രഭാഷകനുമായ പി എസ് മോഹനൻ കൊട്ടിയൂർ, ഇ.കെ. രമേശ് ബാബു, പ്രമോദ് മാവില ,രതീഷ് ശ്രീവത്സം തുടങ്ങിയവർ പങ്കെടുത്തു,


https://www.youtube.com/watch?v=FFVpGQ7luAc

kottiyur
manorama-mannan-latest_1750323409
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2