
അന്തസ്സ് ആരുടെയും കുത്തകയല്ല, മാതാതീത മനുഷ്യ പൈതൃകം പഠിക്കപ്പെടണം.
:സത്യൻ മാടാക്കര .
അന്തസ്സ് ആരുടെയും കുത്തകയല്ല, മാതാതീത മനുഷ്യ പൈതൃകം പഠിക്കപ്പെടണം.
സത്യൻ മാടാക്കര .
ശ്രീ നാരായണ ഗുരുവിൽ നിന്നാണ് അപര സ്നേഹ പ്രബുദ്ധത ഞാൻ വായിച്ചറിഞ്ഞത്.
അരുവിപ്പുറം ശിവപ്രതിഷ്ഠ ബ്രാഹ്മണിക്കൽ ആത്മീയതയിൽ നിന്ന് മതേതര ആത്മീയതയുടെ മൂലക്കല്ല് വെപ്പായിരുന്നു. അത് മായ്ച്ചു കളയാതിരിക്കാൻ എന്നന്നേക്കുമായി നില നില്ക്കുന്ന ശ്ലോകം ചുവരിൽ എഴുതി വെക്കുകയും ചെയ്തു.
"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്"
പാറക്കല്ല് ശിവപ്രതിഷ്ഠയായി മാറിയപ്പോൾ മതം, ജാതി, വൈദിക വിധി, എന്നിവക്കെല്ലാംപരുക്കേറ്റു.യുഗപുരുഷനിൽ നിന്ന് ഊർജ്ജം നേടി ആധുനിക കേരളം നടപ്പ് ശീലിച്ചു. അതിലേക്കാണിപ്പോൾ ഫാസിസം പല ശീലങ്ങളും കൂട്ടിച്ചേർത്ത് അടുപ്പിക്കാനല്ല, അകന്നു നില്ക്കാൻ പണിപ്പെട്ടു പ്രവർത്തിക്കുന്നത്. മതമൈത്രിയുടെ മാതൃകാസ്ഥാനം നിലനില്ക്കണമെങ്കിൽ സാമൂഹിക മാറ്റത്തിന്റെ ഗുരു വഴി അറിയണം. അതില്ലാതെ വരുമ്പോൾ ദേവാലയങ്ങൾ പൊളിക്കുന്നു, ഭക്ഷണത്തിന്റെ പേരിൽ കുത്തിക്കൊല്ലുന്നു, വസ്ത്രത്തിന്റെ നിറം തിരക്കുന്നു. അപ്പുറം ഇപ്പുറം ജീവിക്കുന്ന വ്യത്യസ്ത മതക്കാർ അതിരിട്ട് സ്വന്തം സ്ഥലത്തിന് കാവലിരിക്കുന്നു.

നാരായണ ഗുരു ' വിദ്യകൊണ്ട് പ്രബുദ്ധരാവുക ' . എന്നു പറഞ്ഞിടത്ത് വിദ്യകൊണ്ട് അന്ധരാകുന്നിടത്ത് മലയാളിയുടെ അന്തസ്സും ലോക ബോധവും എത്തിയിരിക്കുന്നു. നമ്മുടെ കുട്ടികൾക്ക് വായിക്കാൻ വായനശാലയിലും, സ്കൂൾ ലൈബ്രറിയിലും മാനവികത - പ്രബുദ്ധത സരളമായി പ്രതിപാദിച്ചെഴുതിയ ജവഹർലാൽ നെഹ്രുവിന്റെ 'വിശ്വ ചരിത്രാവലോകനം ' എന്ന പുസ്തകം ഉണ്ട്. അതെത്ര കുട്ടികൾ വായിക്കുന്നു.! എത്ര അദ്ധ്യാപകർ വായിക്കാൻ പ്രേരണ നല്കുന്നു !
അശുദ്ധിവാദം പറയുന്നവർ ബുദ്ധനെ പഠിക്കണം. അംബേദ്കറെ (എഴുതിയ പുസ്തകങ്ങൾ) ഇടക്കെങ്കിലും തുറന്നു നോക്കണം. തിരിച്ചറിവിൽ നിന്നേ അറിവ് മുന്നോട്ട് നയിക്കുന്ന ജീവിതഗതി സ്വാംശീകരിക്കാനാവൂ. മഹത്തായ മാനവിക മൂല്യം നേടിയെടുതാനാവൂ.
മനുഷ്യരുടെ അന്തസ്സ് ആരുടേയും കുത്തകയല്ല. അന്തസ്സ് ഇല്ലാതാക്കുന്ന വഴിയിലെ വൃത്തികേടാണ് നാരായണ ഗുരു ചൂണ്ടിക്കാട്ടിയത്. അത് തൂത്ത് വാരിക്കളയാനാണ് ഉപദേശവും, വിളംബരവും നല്കിയത്.'
" നിർവ്വികാരനായ ദൈവത്തെ ജനങ്ങൾക്കിടയിലേക്ക്
" നിർവ്വികാരനായ ദൈവത്തെ ജനങ്ങൾക്കിടയിലേക്ക് ഇറക്കിക്കൊണ്ടുവന്ന്, മനുഷ്യനിലെ ദൈവികതയെ ഉണർത്തിയ പ്രവർത്തനമായിരുന്നു ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ. സംഘടിത മതത്തിന്റെ ജഡത്വത്തിൽ നിന്നും ദൈവമായ ലാളിത്യത്തിലേക്ക് ആരാധനകളെ മാറ്റി പ്രതിഷ്ഠിക്കാൻ ഉദ്യമിച്ച ഗുരു പൗരോഹിത്യത്തേയും നിഷേധിച്ചു..........................
മത വിശ്വാസത്തിൽ ഗുരു ഉണ്ടാക്കിയ ആശയ സമരം ഒരു സംസ്കാരമായും സങ്കീർണ്ണമായ പൂജാവിധികളുടെ വിമർശനമായും ഇപ്പോഴും ചരിത്രത്തിന്റെ ആതരികതയിൽ നില നില്ക്കുന്നു. ആദ്ധ്യാത്മിക രംഗത്തുണ്ടായ ആശയ വികാസം എന്ന നിലയിൽ അത് ഇപ്പോഴും ചരിത്രത്തിന്റെ ഭാഗമാണ്. മതങ്ങളുടെ ജഡ ചരിത്രത്തിൽ നിന്ന് കുതറിച്ചാടിയ ആദ്ധ്യാത്മിക സ്വാതന്ത്ര്യമായിരുന്നു അത്. ചരിത്രത്തിൽ വീശിയടിച്ച സുഖകരമായ എതിർ കാറ്റായിരുന്നു അത്. "(കെ.പി. അപ്പൻ)
ഇതോടൊപ്പം തന്നെ ചരിത്രപരമായിഎം.ജി.എസ്.നാരായണൻ നടത്തിയ അപഗ്രഥനവും പരിശോധിക്കാം.
" ഒരധ:കൃത സമുദായത്തിൽ നിന്ന് ആധുനിക ഭാരതത്തിൽ ആദ്യമായി ഉയർന്നുവന്ന സന്യാസി ശ്രേഷ്ഠനും സാമൂഹ്യ പരിഷ്ക്കർത്താവും എന്ന വിധത്തിൽ ശ്രീനാരായണന് അർഹമായ അംഗീകാരം ഇന്ത്യാ ചരിത്രഗ്രന്ഥങ്ങളിൽ നൽകപ്പെടുന്നില്ല. ഈ മഹാൻ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയല്ല ജാതിവിരുദ്ധ പ്രസ്ഥാനത്തിലെത്തിയത്. മറ്റൊരു കേരളീയനായിരുന്ന ശ്രീ ശങ്കരന്റെ വേദാന്തമാണ് ശ്രീനാരയണന് ആവശ്യമായ പ്രചോദനം കൊടുത്തത്. ഒരായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് ശ്രീ ശങ്കരൻ ഭാരതത്തിലുട നീളം ജൈത്രയാത്ര നടത്തി വേദ ബാഹ്യരായ ബുദ്ധഭിക്ഷുക്കളെ വേദാന്തം കൊണ്ട് തോല്പിച്ച് വർണ്ണാശ്രമ വ്യവസ്ഥയെ പ്രതിഷ്ഠിച്ചുവെങ്കിൽ അതേ വേദാന്തം ആയുധമാക്കി വർണ്ണാശ്രമ വ്യവസ്ഥയുടെ അടിത്തറയിളക്കുകയാണ് ശ്രീനാരായണൻ ചെയ്തത്. "
1917-ൽ നാരായണ ഗുരു പുറപ്പെടുവിച്ച സന്ദേശം ബിംബാരാധനയും, ആചാരങ്ങളും ദുഷിച്ചു പോകാതിരിക്കാനുള്ള ശ്രദ്ധ ക്ഷണിക്കലായിരുന്നു.
"ഇനി ക്ഷേത്ര നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. നിർബന്ധമാണെങ്കിൽ ചെറിയ ക്ഷേതങ്ങൾ വെച്ചു കൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ച് വിദ്യാലയങ്ങൾ ഉണ്ടാക്കുവാനാണ് ഉത്സാഹിക്കേണ്ടത്. ക്ഷേത്രം ജാതി വ്യത്യാസത്തെ അധികമാക്കുന്നു."
-
അവസാന കാലത്ത് നടന്ന ഒരു സംഭാഷണത്തിലും ഗുരു തന്റെ ജാതിയെക്കുറിച്ച് സംശയം വരാത്ത വിധത്തിൽ വ്യക്തതയോടെ വിശദീകരിച്ചു.
"നാം ഒരു ജാതിയിൽ ജനിച്ചുവെന്നുള്ളത് നേരാണ് . എല്ലാവരും ആരാധിക്കുന്ന പരാശര മഹർഷി ജനിച്ചത് പറയക്കുടിലിലും, ഹൈന്ദവ തത്വചിന്ത ഉൾക്കൊള്ളുന്ന വേദത്തെ വിഭജിച്ച വേദവ്യാസൻ ജനിച്ചത് മുക്കുവ കുടിലിലുമാണല്ലോ? അതുകൊണ്ട് ജാതിയുടെ പേരിൽ അവർക്ക് എന്തെങ്കിലും ഭ്രഷ്ട് കല്പിക്കുന്നുവോ!
ഇല്ല സ്വാമി .

നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു. "
പൊള്ളയായ പ്രതിഛായ നിർമ്മിതി അവനവൻ ലോകം വാഴ്ത്തുന്നു. എവിടെയും ലിറ്റ്മസ് പരിശോധന.ജാതിഭ്രാന്തിന്റെഉടൽ വലിഞ്ഞുകേറി സ്ഥലം ഉറപ്പിക്കുമ്പോൾ സമരപന്തൽ വെയിലത്ത് വാടി കൈ നീട്ടുന്നു. ചലിച്ചു കൊണ്ടിരിക്കുന്നവരെ സ്വന്തം രാഷ്ടീയ ദൈവങ്ങൾ പുറത്താക്കിയയിടത്ത് സത്യം മറവ് ചെയ്യപ്പെടുന്നു. ഒന്നറിയാം. മഴ പെരുമഴയാകുമ്പോൾ അഴുക്ക് ഒഴുകിപ്പോകാതെ വയ്യ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group