സ്ഥാപനവത്ക്കരണം, ആദർശ കെട്ടിയാൽ, എതിരെഴുത്ത്. : സത്യൻ മാടാക്കര .

സ്ഥാപനവത്ക്കരണം,  ആദർശ കെട്ടിയാൽ,  എതിരെഴുത്ത്. : സത്യൻ മാടാക്കര .
സ്ഥാപനവത്ക്കരണം, ആദർശ കെട്ടിയാൽ, എതിരെഴുത്ത്. : സത്യൻ മാടാക്കര .
Share  
സത്യൻ മാടാക്കര എഴുത്ത്

സത്യൻ മാടാക്കര

2025 Jun 08, 09:38 PM
MANNAN

സ്ഥാപനവത്ക്കരണം,

ആദർശ കെട്ടിയാൽ,

എതിരെഴുത്ത്.

: സത്യൻ മാടാക്കര .

സ്ഥാപനവത്ക്കരണവും ആദർശ കെട്ടിയാലും വ്യക്തിവാദ പുകഴ്ത്തലും പരന്നുകിടക്കുന്ന പുതിയ എഴുത്തു ഘടനയിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്നത് എതിരെഴുത്താണ്. ദേശം, ഭാഷ, സംസ്കാരം എന്നിവ പോലെ പ്രധാനപ്പെട്ടതാണ് സാമൂഹ്യ സമഗ്രതയുടെ ജൈവ ഘടന. അതിനൊരു ഭൗതിക അസ്തിത്വം ഉണ്ട്. അതിൽ പ്രയോഗ സൂചന നിറഞ്ഞു കവിയുന്നു. മറ്റൊരാളുടെ ഹൃദയത്തിൽ കയറിപ്പറ്റാനാവുന്നത് അതുകൊണ്ടാണല്ലോ. ഒരു സൃഷ്ടിയെ തിരിച്ചറിയുകയെന്നത് പുതിയ വായനയിലേക്ക് കൊണ്ടുവരലാകുന്നു. ആ അർത്ഥത്തിൽ വായനയിലൂടെ ലഭിച്ച ഉൾക്കാഴ്ചയിലൂടെ സമകാലീന ജീവിത സമസ്യകളെ വിടർത്തിക്കാണിച്ച വലിയ വ്യക്തിത്വമായിരുന്നു കേസരി. അദ്ദേഹത്തിന്റെ എല്ലാ നിരീക്ഷണങ്ങളും ശരിയെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ ബൃഹത്തായ ഒരാഗോള പൗര ദർശനം സ്വന്തം സ്ഥലകാലത്തിലൂന്നി രൂപപ്പെടുത്തിയ ആദ്യ മാതൃക കേസരിയുടെ മാത്രം സംഭാവനയാകുന്നു. ഇന്ന് വളർന്നു വികസിച്ച സാമൂഹ്യ നിരീക്ഷണമെന്ന ആശയ മണ്ഡലത്തിന് കേസരി നല്കിയ സംഭാവന ചെറുതായി കണ്ടു കൂടാ. എഴുത്ത് എഴുത്തുകാരന്റെ വ്യക്തി ജീവിതത്തിലൂടെ വായിക്കുന്ന രീതി ഒട്ടും ശരിയല്ല. വാൻഗോഗ് കുടിച്ച കണ്ണീരും വിശന്ന നാളും മറന്ന് ഭ്രാന്തിനെ മഹത്വവൽക്കരിച്ചവരാണ് നമ്മൾ. ജോൺ എബ്രഹാമിന്റെ സിനിമയേക്കാൾ വലുത് അദ്ദേഹത്തെക്കുറിച്ചുള്ള തമാശകളും കുരുത്തക്കേടുകളുമാണ്. എ.അയ്യപ്പൻ ചോര കൊണ്ടെഴുതിയ കവിതയല്ല കുടിച്ചു കടൽത്തിണ്ണയിൽ കിടന്നുറങ്ങുന്ന ദൃശ്യമാണ് മുഖ്യം. ഇതിനൊരു മറുവശം ഉണ്ട്. അതാകട്ടെ നൈരാശ്യം പ്രോത്സാഹിപ്പിച്ചുള്ള മുഖ്യസ്ഥാനത്തിലൂടെ എഴുത്തുകാരനെ/കാരിയെ മിത്താക്കുക എന്ന തന്ത്രമാണ്. മാനുഷിക നിലപാടിൽ നിന്നുകൊണ്ട് പ്രതിഭകളുടെ രചനകളിലെ നിലപാടും പ്രയോഗവുമാണ് വിലയിരുത്തേണ്ടത്. അല്ലാത്തതെന്തും എഴുത്ത് ഇരയാക്കി നടത്തുന്ന കച്ചവടം മാത്രമാകുന്നു. ഇരവാദം തന്നെയാണ് ചോദ്യം ചോദിച്ചു തോല്പിച്ചു വിടേണ്ടത്. അത് ജനാഭി മുഖ്യമുള്ള ആനുകാലിക ജ്ഞാനത്തിന്റെ വഴികാട്ടിയാകുന്നു. അതിൽ നിന്ന് മതേതര-ജനാധിപത്യ പൊതു സാമൂഹ്യ മണ്ഡലം വളരുന്നു, അടിത്തറക്ക് ശക്തി കൂടുന്നു. ഒരുതരത്തിൽ നിർഭയത ഇതിലൂടെ പുതു തലമുറയിലേക്ക് കടന്നു വരുന്നു  .

പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളോട് എത്രമാത്രം ഉത്തരവാദിത്വമുണ്ടെന്ന് ഉറപ്പു വരുത്തേണ്ട കാലമാണിത്. ഉപഭോഗ സംസ്കാരത്തിന്റെ ആകർഷണത്തിൽപ്പെടുന്ന പെൺകുട്ടികൾ വലിയ കച്ചവട റാക്കറ്റുകൾക്ക് വിറ്റ് തുലക്കാനുള്ളതാണോ? നമ്മുടെ യുവത്വം ലഹരിമാഫിയ റാഞ്ചിയുക്കുമ്പോൾ മൗനം ശരി നിലപാടാണോ? കുടിവെള്ളം കുപ്പിക്കമ്പനികൾക്ക് വില്ക്കാനുള്ളതാണോ? സ്വകാര്യ പഠനത്തിന് പണമില്ലാതെ വന്നാൽ ആത്മഹത്യ മാത്രമാണോ പോം വഴി. ? എല്ലാ മാറ്റങ്ങളും അറിവുകളും സ്വന്തമാക്കാൻ കഴിവുണ്ടെന്നു പറയുന്ന മലയാളി ഇതിനോടൊക്കെ കാണിക്കുന്ന പൊതുസമ്മതത്തിൽ വിയോജിക്കാതെ വയ്യ. സ്വന്തം നാവ് മുറിച്ചു മാറ്റി കോമാളി വേഷം കെട്ടി നില്കുമ്പോൾ ഓർക്കുക: വില്പനച്ചരക്കുകൾക്കിടയിൽ എണ്ണിത്തിട്ടപ്പെടുത്തേണ്ടതല്ല മനുഷ്യ ജീവിതം. ബുദ്ധിജീവിതം കൂലിവേലയല്ല. കെ.ജി.ശങ്കരപ്പിള്ള തന്ന മുന്നറിയിപ്പ് എത്ര ശരി.

" സ്മരണകളും സ്മാരകങ്ങളുമായല്ല കാലബോധമില്ലാത്ത ജീവിതം മാറുന്നത്; മറവിയും ചണ്ടിയുമായാണ്"

ഗീതാ ഹിരണ്യന്റെ ഭാഷയിൽ "ഇപ്പോൾ മേളക്കാലം. ഒന്നും സാമാന്യം പോലെ രാജ്യത്തില്ല. എല്ലാം അതിന്റെ സർവ്വ വിധി ധൂർത്തുകളോടും . പേരിടുന്നതു പോലും ഇപ്പോൾ ധൂർത്തിനെ സൂചിപ്പിച്ചു കൊണ്ടാണ്. പുസ്തകമേള, കാവ്യമേള, കാർഷിക മേള, ഗജമേള, യുവജനമേള, നീതിമേള, നീതിപോലും ഒരുത്സവമായിത്തീർന്ന നാട്!

സദാശിവൻ അമ്പലമേടിൻ്റെ ശില്പം



crow
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2