
വാളും വാക്കും
: ആനന്ദകുമാർ പറമ്പത്ത്
കാഴ്ചബംഗ്ലാവിൻ്റെ മൂലയിൽ
കാലപ്പഴക്കത്തിൻ്റെ തുരുമ്പു പടർന്ന
വായ്ത്തലയിൽ,
പഴയ പ്രതാപത്തിൻ്റെ
ഓർമ്മ പൊട്ടുകളുമായി
കരവാളൊന്ന് തളർന്ന് കിടക്കുന്നു
ഏതുപോർക്കളത്തിൽ '
ഏത് വീര കരങ്ങളെടുത്ത്
വീശിയെന്നോ
എത്ര കബന്ധങ്ങൾ തീർത്തുവെന്നോ
അറിയുന്നില്ല ..
അങ്ങ് അശോകന് അഹിംസ ഉദിച്ചകലിംഗയിലാണോ
റാണാ പ്രതാപൻ്റെ
കനൗജിലാണോ ,
ബാബർ കടന്നെത്തിയ
പാനിപ്പറ്റിലാണോ.?
ഓർമ്മകൾ തെളിയുന്നില്ല
മാർത്താണ്ഡവർമ്മ
വീര ചരിതമെഴുതിയ
കുളച്ചലിലാണോ ,
പഴശ്ശി രണഭേരി മുഴക്കിയ
വയനാടൻ കാടുകളിലാണോ,
ചാവേറുകളുടെ ശിരസ്സററു വീണ
സാമൂതിരിയുടെ മാമാങ്കത്തിലാണോ ..
മറവിയുടെ മാറാല നീങ്ങുന്നില്ല
പക്ഷെ അറിയുന്നുണ്ടൊത്തിരി..
പോർക്കളങ്ങളുറങ്ങാറില്ലെന്ന്
ആധുനിക ആയുധങ്ങൾ
പുതു അവതാരങ്ങളെടുക്കുന്നെന്ന്,
പകയുടെ കനലുകളണയാറില്ലെന്ന്,
ആർക്കോ വേണ്ടി
ആരൊക്കെയോ വാളെടുക്കുന്നുണ്ടെന്ന്
നിരപരാധികളുടെ
നിണമിന്നും ഒഴുകുന്നുവെന്ന് ..
..... ആനന്ദകുമാർ പറമ്പത്ത് .......

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group