
അമ്ലരൂക്ഷ സ്നേഹം കൊണ്ട്
ഉത്തേജിപ്പിച്ച ധിക്കാരി
: സത്യൻ മാടാക്കര .
ജോൺ എബ്രഹാമിനെക്കുറിച്ച് ഒടനവധി പേർ എഴുതിയിയിരിക്കുന്നു. അപ്പോൾ എന്തിനാണ് ഇപ്പോൾ ഈ ആലോചന. അവരോടൊക്കെ പറയുന്നു. ഇതെന്റെ വിലയിരുത്തലാണ്. യോജിക്കാം; വിയോജിക്കാം.
എഴുപതുകളുടെ തുടക്കം വ്യവസ്ഥാപിത വഴികളിൽ നിന്ന് മാറി മലയാള ചലച്ചിത്ര പ്രസ്ഥാനം ചില നവീകരണ പ്രവണതകൾക്ക് തുടക്കമിട്ട കാലമായിരുന്നു.
സ്ഥാപനവത്ക്കരണത്തിന്റെ കീഴ് വഴക്കത്തോടുള്ള വിയോജിപ്പ്, പുത്തൻ പ്രയോഗങ്ങളോടുള്ള അടുപ്പം, സിനിമാ സങ്കേത ങ്ങളുടെ തന്നെ അഴിച്ചു പണി എന്നിവ അക്കാലത്തെക്കുറിച്ച് സംവാധായകരും ചലച്ചിത്ര പ്രവർത്തകരും ഫിലിം സൊസൈറ്റികളും ഏറ്റെടുത്തു.ആ നിരയിലെ സംവിധായകരിൽ മുൻപന്തിയിലുള്ള ഒരാളായിരുന്നു ജോൺ എബ്രഹാം. സിനിമയുടെ സാങ്കേതിക ലാവണ്യശാസ്ത്തിനൊപ്പം തന്നെ പ്രതിലോമകതയ്ക്കെതിരായ ഒരു കണ്ണ് ജോൺ എല്ലായിടത്തും തുറന്നു പിടിച്ചിരുന്നു.
പ്രമേയത്തിലും രചനാ സങ്കേതത്തിലും വ്യത്യസ്തത വെച്ചുപുലർത്തുന്ന 'അഗ്രഹാരത്തിൽ കഴുത, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, അമ്മ അറിയാൻ ' എന്നിവ ഈ അന്വേഷണത്തിലെ ജോൺ സംഭാവനയായിരുന്നു. പുതിയ വർത്തമാനത്തിൽ പിൻ മടക്കങ്ങളുടെ യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴേ ജോൺ എബ്രഹാം കലഹിച്ചതും നിരന്തരം പരിഹാസത്തിനു പാത്രമായി ജനതയെ ബോധ്യപ്പെടുത്തിയതും മനസ്സിലാക്കാനാവൂ.സംഭാഷണങ്ങൾ, ചിത്ര-ശില്പകല, കഥ, കവിത, നാടകം, സംഗീതം, സിനിമ എല്ലാറ്റിലും ജോൺ എബ്രഹാം വെച്ചുപുലർത്തിയ രീതി ഒരു സമാന്തര സംസ്കാരത്തിന് അനുബന്ധമാവുക എന്നതായിരുന്നു. എന്നാൽ അപഹസിക്കപ്പെട്ട യാത്രകളും ജീവിതവും കൊണ്ട് തിരിച്ചറിയാതെ പറഞ്ഞു കളിക്കാനുള്ള സംഘകഥകളിലെ തമാശക്കാരനായിത്തീർന്ന വിധിയാണ് ജോണിന് ഉണ്ടായത്. ഇതു മൂലം സമാന്തര കലാ രംഗത്ത് നടത്തിയ കലഹം - കലാപം ശ്രദ്ധിക്കപ്പെടാതെ പോയി. നമ്മുടെ പുതിയ ആലോചന ആ വഴിക്ക് തിരിയേണ്ടിയിരിക്കുന്നു. ഉൾക്കൊള്ളലിന്റെ ശ്രദ്ധയിലൂടെയേ അമ്മ അറിയാൻ എന്ന സിനിമ നല്കിയ അടയാളങ്ങൾ ദർശിക്കാനാവൂ. കാഴ്ചയിലൂടെ നടത്തിയ ചെറുത്തു നില്പ് പുച്ഛച്ചിരി മാത്രമല്ല തോറ്റ ജനതയെ കണ്ടെത്തലും കൂടിയാകുന്നു.
ജോണിനെ സിനിമയിലൂടെ മാത്രമല്ല കഥ, കവിത, നാടകം എന്നിവയിലൂടെ മനസ്സിലാക്കണം. തമാശകൾ ഊതി വീർപ്പിക്കുന്നതിലൂടെ കലാകാരൻ മാത്രമല്ല ജനകീയത കൂടിയാണ് തോല്പിക്കപ്പെടുന്നത്. കലയിലുടെയുള്ള മന: സംസ്കരണം തിരിച്ചറിയാൻ ' നായ്ക്കളി, ചെന്നായ്ക്കൾ ചെന്നായ്കൾ, കയ്യൂർ തിരക്കഥ എന്നിവ വായിച്ചെടുക്കണം. 'നേർച്ച കോഴി' എന്ന കഥയിലെ ദാർശനികത ജോണിന്റെ തന്നെ പ്രത്യയ ശാസ്ത്രപക്ഷം തുറന്നുകാട്ടുന്നു. മദ്ധ്യവർഗ്ഗ അതിജീവനം, ഭീരുത്വം, കാപട്യം, തോൽവി ചലച്ചിത്രകാരനെന്ന നിലയിൽ ജോണിന്റെ അന്വേഷണം ആയിരുന്നു.
തീഷ്ണമായ സർഗാത്മകത ഉൾക്കൊള്ളുന്നതാണ് ജോൺ കഥകൾ. അക്കാദമിക് തലത്തിൽ കലഹിക്കുകയും ജനപക്ഷം ചേരുകയും ചെയ്യുന്നതാണതിന്റെ കഥാഘടന. അതുകൊണ്ടാണല്ലോ 'അമ്മ അറിയാൻ ' എന്ന ചലച്ചിത്രത്തിൽ സംസ്ഥാന അവാർഡ് കമ്മറ്റി അച്ചടക്കമില്ലായ്മ കണ്ടെത്തിയപ്പോൾ 1986-ലെ ദൽഹി ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട സിനിമയായി മാറാൻ കഴിഞ്ഞത്.
കഥ ഒരു സർഗ പ്രകാശനം തന്നെയായി മാറുന്നതാണ് ജോൺ കഥകളുടെ പ്രത്യേകത. കേരളീയ ജീവിതത്തിലെ ഗൾഫ് പണത്തിന്റെ സ്വാധീനം, പരിസ്ഥിതി, മാർക്കറ്റിംഗ് ഇക്കണോമി നേരായ സൂചനകളിലൂടെ ' നേർച്ചക്കോഴി' എന്ന കഥ പുന: പ്രകാശിപ്പിക്കുന്നു. കഥയിലെ ഈ വലിയ പ്രത്യേകത നേതൃനിരയിലെ അലങ്കാരകഥാകാരന്മാരേക്കാൾ വിസ്മയമാക്കി എഴുതിയിട്ടും ജോൺ കഥകൾ അത്തരമൊരു ആശയ പക്ഷത്തിലൂടെ കാണാൻ നിത്യ പകർക്ക് കഴിഞ്ഞിട്ടില്ല. ജോണിന്റെ സത്യസന്ധത മനസ്സിലാക്കി കൂറ് പുലർത്തി എഴുതിയത് ഡോ.വി.സി. ഹാരിസ് മാത്രമാകുന്നു.
അന്തർ പാഠ്യത, ഐറണി, ബലി എന്നിവയൊക്കെ സിദ്ധാന്തബലത്തിൽ വിപുലപ്പെടുത്തി ധൈഷണിക തലത്തിൽ ജോൺ കഥകളെ വിസ്തരിക്കാം. പക്ഷേ, ജോൺ തന്ന മുന്നറിയിപ്പ് അതിനു നേരെ നിറയൊഴിക്കുന്നു. " ഞാൻ കുട്ടനാട്ടിലെ പുലയനോട് സംസാരിക്കുമ്പോൾ ബെർതോൾഡ് ബ്രെഹ്റ്റിനെയോ മാവോ സേതൂങിനെയോ വായിച്ചിട്ടുണ്ടെന്ന മട്ടിൽ അയാളെ സമീപിച്ചത് കൊണ്ട് ഒരു കാര്യവുമില്ല.കാരണം അതയാൾക്ക് മനസിലാവില്ല. മാർക്സിനെയും ആൽത്തൂസറിനെയും വായിച്ചിട്ടുണ്ടെന്ന നാട്യവും അവിടെ വിലപ്പോകില്ല. ഇവിടത്തെ സാധാരണക്കാരന് അപ്രാപ്യമായ ഒരു തലത്തിൽ നിന്നുകൊണ്ട് ഞാനെന്ത് പറഞ്ഞാലും വിലപ്പോവില്ല.
ഈ നാടിന് വല്ലാത്തൊരു ഗോത്രസ്വഭാവം ( ടൈബൽ കാരക്ടർ) ഉണ്ട്. വലിയ ബുദ്ധിജീവി നടിച്ച് കലാസൃഷ്ടി നടത്തുന്നതിൽ ഒരർത്ഥവുമില്ല. പ്രയോജന ശൂന്യമായ വ്യാപാരത്തിനപ്പുറം അതൊന്നുമാവില്ല.( നമുക്ക് മുന്നാം കണ്ണിന്റെ സിനിമയാണ് ആവശ്യം ). "
സിദ്ധാന്ത പിൻബലമൊന്നുമില്ലാതെ ' നേർച്ചക്കോഴി'യിലെ വാക്കുകൾ സംവദിക്കുന്നു.." എന്റെ കഴുത്തറുക്കുമ്പോൾ എന്റെ അവസാനത്തെ കൂവൽ ഞാൻ മറ്റൊരു പൂവനിലേക്ക് പകരുന്നു. അങ്ങനെ അവനിൽ ഞാൻ പുനർജനിക്കുന്നു' - സമൂഹത്തിലെ പൊങ്ങച്ചം, ബുദ്ധിജീവി നടിക്കൽ, മധ്യവർഗ ഭീതി എന്നിവ ഐറണിയോടെ നോക്കിക്കണ്ട് എഴുതിയ കഥകൾ ജോണിന് മാത്രം എഴുതാവുന്നതായിരുന്നു. മറ്റാരെങ്കിലും എഴുതിയാൽ ജോൺ മണം ഒഴിഞ്ഞു പോകുമെന്നർത്ഥം. ഈ കഥകളിലെല്ലാം നിലനില്പിനിടയിലെ പിടച്ചിൽ ദാർശനികമായി ഒട്ടി നില്ക്കുന്നു. യാതൊരു അഡ്ജസ്റ്റ്മെന്റിനുo അവിടെ സ്ഥാനമില്ല.
ഒരു തരം ബൊഹീമിയ ത ജോണിന്റെ മിക്ക കഥകളിലും കാണാം.
'ഞരമ്പ് പോലെ മേൽ കൂര പിടിച്ചു വലിച്ച് പണയം വെച്ച് ആണത്തം പറയുന്ന തറവാടികളുടെ ആറാട്ട് കണ്ടിട്ടുണ്ടോ ' ( നഗരത്തിന്റെ സൂക്ഷിപ്പുകാരൻ)
'ഞാനെന്റെ ഉള്ളിലേക്ക് നോക്കി. മനസ് തെളിഞ്ഞൊന്ന് കൂവാൻ കൊതിച്ച് സൂര്യനിലേക്ക് നോക്കായിരുന്നു.'
(നേർച്ചക്കോഴി)
'തലേ ആഴ്ചയിൽ മരണം വന്ന് പോയതാണ്. പിന്നെ ആരാണ് വരാനുള്ളത്? അവൻ തന്നെയായിരുന്നു. അവൻ വന്നു. അവൻ എന്നിലേക്ക് താളത്തോടു കൂടി പ്രവേശിച്ചു. ഞാനവനിലേക്കും.'
(ഒരു കാത്തിരിപ്പ്)
ജോൺ എബ്രഹാമിന്റെ 'പ്ലാസ്റ്റിക് കണ്ണകളുള്ള അൽസേഷൻ പട്ടി, പച്ചക്കുതിര, കണ്ണാടി വെച്ച പെണ്ണിനെയായിരുന്നു എനിക്കിഷ്ടം, കോട്ടയത്ത് എത്ര മത്തായിമാർ ഉണ്ട്, നേർച്ചക്കോഴി, ചെറിയാച്ചന്റെ വരൾച്ചയിലെ കൃത്യങ്ങൾ ' എന്നീ കഥകൾ ഇനിയും പുനർവായനയിലൂടെ വിശദമാക്കപ്പെടാനും അന്വേഷിക്കാനും നിരവധി സൂചനകൾ ഉള്ള കഥകൾ ആകുന്നു. ജനാധിപത്യ വ്യവഹാരത്തിനകത്ത് എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ, സംവിധായകൻ - കടന്നു പോകുന്ന ജീവിത തീഷ്ണതയെക്കുറിച്ച് ജോൺ പറഞ്ഞത് ഇന്നും പ്രസക്തിയുള്ള താകുന്നു.
"മനുഷ്യനെ സ്നേഹിക്കുന്നവർ സ്ഥാപനങ്ങൾ സൃഷ്ടിക്കാറില്ല. ചലനാത്മക സത്യങ്ങളേ ആവിഷ്ക്കരിക്കൂ.......... ബുദ്ധനും ക്രിസ്തുവും മാർക്സുമൊക്കെ ചെയ്തത് അതാണ്. ജനങ്ങളെ കൊള്ളയടിക്കുന്നവർ സ്ഥാപനങ്ങൾ സൃഷ്ടിക്കും.
ഏത് തരം സ്ഥാപനവത്ക്കരണവും മാനുഷിക നിർവ്വചനങ്ങളെ മാനിക്കുന്നില്ല. പിന്നെ നടക്കുന്നത് ഒരു തരം നടത്തിക്കൊണ്ടുപോകലാണ്. മനുഷ്യന് പങ്കാളിത്തമില്ലാത്ത നടത്തിക്കൊണ്ടുപോകൽ - ജോണിന്റെ ജീവിതം നമ്മുടെ എലീറ്റ് ധാരണകളെ മുറിവേല്പിച്ചു. പി.ഗോവിന്ദപ്പിള്ളയുടെ വാക്കുകൾ ജോൺ കഥകൾറക്കാരു വഴി കാട്ടിയാണ്. "എല്ലാ സാമുഹിക സ്ഥാപനങ്ങൾക്കും അധികാര സമ്പ്രദായങ്ങൾക്കും എതിർ നിന്ന നിഷേധത്തിന്റെ വ്യക്തിത്വമായിരുന്നു ജോണിന്റേത്. ഇ.വി.കൃഷ്ണപ്പിള്ളയുടെ കഥകൾ വായിച്ചതിനു ശേഷം പിന്നീടൊരിക്കൽ ക്കൂടി ആത്മാർത്ഥമായി ചിരിക്കാൻ കഴിഞ്ഞത് ജോൺ എബ്രഹാമിന്റെ കോട്ടയത്ത് എത്ര മത്തായിമാർ ഉണ്ട് എന്ന കഥ വായിച്ചപ്പോഴാണ് ' .
വേദനയും ഉന്മാദവും കലഹവുമായി ജോൺ നടന്ന കനൽ വഴികൾ എന്നും മറുപുറം തേടലായിരുന്നു. വെന്തു നടത്തം അഗ്രഹാരത്തിൽ കഴുത എന്ന സിനിമയിലൂടെ നമ്മളറിഞ്ഞു. അമ്മ അറിയാൻ ഒരു റൊമാന്റിക്ക് റവലൂഷണറിയുടെ പരാജയം ഏറ്റുവാങ്ങിയ ദൃശ്യവൽക്കരണമാണെങ്കിലും അതിലെ അമ്മ സങ്കല്പം തിരിച്ചറിയപ്പെട്ടില്ല.

"എന്റെ അമ്മ എന്നെക്കുറിച്ചൊന്നുമറിയുന്നില്ല. ഇന്ത്യയുടെ അമ്മയാണത്. എന്റെ നാട്ടിൽ നടുക്കുന്നതൊന്നും എന്റെ അമ്മ അറിയുന്നില്ല. ഈ നാട്ടിൽ നടക്കുന്ന സകല കാര്യങ്ങളും അമ്മയെ അറിയിക്കുമ്പോഴേ ഈ നാട് ജീവിക്കുകയുള്ളൂ. നമ്മുടെ അമ്മമാർ ഒന്നും അറിയുന്നില്ല. ജീവിതത്തിലേക്ക് അമ്മ ഒരു ശക്തിയായി കടന്നുവരണം ". ജോൺ സിനിമയിലൂടെ സാക്ഷാത്ക്കരിച്ച അമ്മയെ നമ്മൾ തിരിച്ചറിഞ്ഞോ! പരാജയപ്പെട്ട നായകനെ അവതരിപ്പിക്കുമ്പോഴും പോസറ്റീവായ വിശ്വാസം ജോണിൽ ഉണ്ടായിരുന്നു.
"ചൂടും പാലും തരുന്ന യന്ത്രത്തിൽ നിന്ന്, കുടുംബിനിയിൽ നിന്ന്, കാമുകിയിൽ നിന്ന്, സ്ത്രീയെ മോചിപ്പിച്ചെടുത്ത് ശക്തി സ്വരൂപിണിയായ കർമ്മ ദേവതയാക്കുക. മഹാ സങ്കല്പത്തിലെ അമ്മയാക്കുക. ".
സ്ത്രീയുടെ ബോധവൽക്കരണത്തെ ക്കുറിച്ച് ഇപ്പോൾ ഒട്ടനവധി ചർച്ചകൾ നടക്കുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ' സ്ത്രീയുടെ എല്ലാ സ്വപ്നങ്ങളും ആശയങ്ങളും മാനുഷീകരിക്കപ്പെടണം. അവയുടെ തിരിച്ചറിവ് ഇന്ത്യയുടെ തിരിച്ചറിവാകണം എന്ന് ജോൺ പറഞ്ഞു. ജോണിനെ തിരിച്ചറിയാൻ ഈ വാക്കുകൾ മതി.

" ഞാൻ എങ്ങനെ കാണുന്നു, എന്നിൽ എന്റെ കാലം എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് ജനങ്ങൾ അറിയണം. ഞാനും ഈ ജനങ്ങളിലൊരുവൻ മാത്രമാണ്. കേരളത്തിന്റെ എല്ലാ ഭാഗത്തും ചെന്നു ജനങ്ങളോടു ജീവിതത്തെക്കുറിച്ചുo സിനിമയെക്കുറിച്ചും ഞാൻ സംസാരിക്കാറുണ്ട്. സിനിമയെക്കുറിച്ചാണ് ഞാൻ കൂടുതലും സംസാരിക്കാറ്. കാരണം എനിക്ക് സിനിമ അറിയാം. ഈ നാട്ടിലെ ദിവാസ്വപ്നങ്ങൾ വില്ക്കുന്ന സിനിമയുടെ പടിവാതില്ക്കലേക്ക് ഞാൻ ഒരിക്കലുംചെന്നിട്ടില്ല. ഞാൻ ജീവിക്കുന്നത് ജനങ്ങൾ കാണേണ്ടുന്ന സിനിമയ്ക്കു വേണ്ടി മാത്രമാണ്"
ജോൺ എബ്രഹാം
(1937-1987)
1987 മെയ് 30-ാം തിയതി, കോഴിക്കോട് ഒരു പണി തീരാത്ത കെട്ടിടത്തിന്റെ ടെറസ്സിൽ നിന്നും കാൽ വഴുതി വീണ് ജോൺ എബ്രഹാം അന്തരിച്ചു)

സത്യൻ മാടാക്കര



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group