
പുല്പള്ളി: പഞ്ചഗുസ്‌തിയിൽ പുല്പള്ളിയുടെ പെരുമ രാജ്യാതിരുകളും കടക്കുകയാണ്. ഒട്ടേറെ ദേശീയ-സംസ്ഥാന പഞ്ചഗുസ്‌തിതാരങ്ങളെ വാർത്തെടുത്ത നാടാണ് കുടിയേറ്റ ഗ്രാമമായ പുല്പള്ളി ഈ മാസം ആദ്യം ഡൽഹിയിൽ നടന്ന 23-ാമത് ഏഷ്യൻ പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി മെഡൽ നേടിയ അഞ്ച് വയനാട്ടുകാരും പുല്പള്ളിയിൽനിന്ന് പരിശീലനം നേടിയവരാണ്. ഇതിൽ മൂന്നുപേർ പുല്പള്ളി സ്വദേശികളും.
സബ് ജൂനിയർ പെൺകുട്ടികളുടെ 50 കിലോ വിഭാഗത്തിൽ എലെയ്ൻ ആൻ നവീൻ ഇടത് കൈയിൽ സ്വർണവും വലതു കൈയിൽ വെങ്കലവും, സബ് ജൂനിയർ ആൺകുട്ടികളുടെ 50 കിലോ വിഭാഗത്തിൽ എ.പി. സൂര്യനന്ദൻ ഇടതുകൈയിൽ വെള്ളിയും വലത് കൈയിൽ വെങ്കലവും, യൂത്ത് ആൺകുട്ടികളുടെ വലതുകൈ വിഭാഗത്തിൽ സ്റ്റീവ് തോമസ് സ്വർണവും, മാസ്റ്റേഴ്സ‌് വിഭാഗം ഇടതുകൈയിൽ നവീൻപോൾ വെള്ളിയും, സീനിയർ ഗ്രാൻഡ് മാസ്റ്റേഴ്സ‌് വിഭാഗത്തിൽ ടി.പി. തോമസ് ഇടതുകൈയിൽ വെങ്കലവും വലതുകൈയിൽ വെള്ളിയും നേടി ഏഷ്യൻമെഡൽ ജേതാക്കളായി. സെപ്റ്റംബറിൽ ബൾഗേറിയയിൽവെച്ച് നടക്കുന്ന വേൾഡ് പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇവർ വീണ്ടും ഇന്ത്യൻ ജേഴ്‌സിയണിയും.
ഗുസ്തി അഖാഡകൾക്ക് ഹരിയാണ പ്രസിദ്ധമായതുപോലെ പഞ്ചഗുസ്‌തിയിൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഇടമായി പുല്പള്ളി മാറിക്കഴിഞ്ഞു. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ നാല്പതോളം ദേശീയതാരങ്ങളെയും ആറ് അന്തർദേശീയ താരങ്ങളെയും വളർത്തിയെടുക്കാൻ പുല്പള്ളിക്ക് കഴിഞ്ഞു. ഇവിടെ നിന്നുള്ള എം.വി. നവീനും സ്റ്റീവ് തോമസും ബേസിൽ സജിയും പ്രോ പഞ്ചലീഗിലെ വിലയേറിയ താരങ്ങളാണ്. 2016-ൽ പുല്പള്ളി സ്വദേശി യദു സുരേഷ് വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും റാങ്കിങ്ങിൽ പന്ത്രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്‌തിരുന്നു. വി.എസ്. സിജിൽ, ദീപു ബാലകൃഷ്ണൻ, എ. ശ്യാംജിത്ത്, അഭിനവ് മഹാദേവ്, എം.വി. നവീൻ, അശ്വിൻ തമ്പി, സ്റ്റീവ് തോമസ്, ബേസിൽ സജി, വന്ദന ഷാജി, വർഷ ഷാജി, പി.യു. പവിത്ര, ടിജു മാത്യു, മുഹമ്മദ് റിഷാൻ, ടി.പി. തോമസ്, അർജുൻ ശങ്കർ, നവീൻ പോൾ, വി.ജെ. രാജു, എലെയ്ൻ ആൻ നവീൻ തുടങ്ങി നിരവധി പഞ്ചഗുസ്തിതാരങ്ങളെ ഇന്ത്യൻ ദേശീയ പഞ്ചഗുസ്‌തി ടീമിലേക്ക് എത്തിക്കാൻ പുല്പള്ളിയിലെ പരിശീലനത്തിലൂടെ സാധിച്ചു.
ജൂണിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളടീമിലേക്ക് പുല്പള്ളിയിൽനിന്ന് 28 പേരാണ് ഇടംപിടിച്ചത്, അന്തർദേശീയ പഞ്ചഗുസ്തിതാരവും നീർവാരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കൊമേഴ്സ് അധ്യാപകനുമായ നവീൻപോളാണ് പുല്ലള്ളി ഫിറ്റ് വെൽ ജിംനേഷ്യത്തിലെ ട്രെയിനർ കെ.ആർ. രഞ്ജിത്തുമായി ചേർന്ന് കുട്ടികൾക്ക് പഞ്ചഗുസ്‌തി പരിശീലനം നൽകുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group