ജനാധിപത്യത്തിലേയ്‌ക്കുള്ള നിർഭയ കർമ്മമാണ് ആവശ്യം. : സത്യൻ മാടാക്കര

ജനാധിപത്യത്തിലേയ്‌ക്കുള്ള  നിർഭയ കർമ്മമാണ് ആവശ്യം. : സത്യൻ മാടാക്കര
ജനാധിപത്യത്തിലേയ്‌ക്കുള്ള നിർഭയ കർമ്മമാണ് ആവശ്യം. : സത്യൻ മാടാക്കര
Share  
സത്യൻ മാടാക്കര എഴുത്ത്

സത്യൻ മാടാക്കര

2025 May 12, 07:11 PM
moorad

ജനാധിപത്യത്തിലേയ്‌ക്കുള്ള നിർഭയ കർമ്മമാണ് ആവശ്യം.

: സത്യൻ മാടാക്കര

സമകാലിക സാമൂഹ്യസ്ഥിതി എന്താണ് ! ജനാധിപത്യ പ്രകിയ ശരിക്കും നടക്കുന്നുണ്ടോ ! എല്ലായിടത്തും ആഗോളവൽക്കരണത്തിന്റെ ജനാധിപത്യം പിടിമുറുക്കിയിരിക്കുന്നു. ആഗോളവൽക്കരണത്തെ നമ്മൾ വിമർശിക്കുന്നത് ഘടനയിലും പ്രവർത്തനത്തിലുമുള്ള ചൂഷണ സ്വഭാവത്തെ തിരിച്ചറിഞ്ഞു തന്നെയാണ്. പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ഇന്നത്തെ സ്ഥിതി എന്താണ് ! എല്ലാം കണ്ണ് തുറന്നു കാണണം. ജനാധി പത്യത്തിലേക്കുള്ള ഭയമല്ല നിർഭയ കർമ്മമാണ് ആവശ്യം. അതിനാകട്ടെ ചരക്കാക്കി മാറ്റാനാവുന്ന, ലാഭം നേടിത്തരുന്ന എന്തിനും കൂട്ടുനില്ക്കുന്ന മാനസികാവസ്ഥ മാറണം. മാർക്കറ്റുകൾക്കു നേരെ തുറന്നിരിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്കല്ല പൊതുമേഖല, കുടിൽ വ്യവസായങ്ങളിലാണ് ശ്രദ്ധ വേണ്ടത്. ജലം, കടലിലെ മണ്ണ്, ഖനികൾ, വിദ്യാഭ്യാസം മൾട്ടി നാഷണലുകൾ ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്ത് നമ്മൾ വേണ്ടത്ര ആലോചിച്ചിട്ടുണ്ടോ എന്നറിയില്ല. ഈയവസരത്തിൽ ആഗോളീകരണത്തിലെ ജനാധിപത്യത്തെക്കുറിച്ച് ഗാന്ധിയിലൂടെ ഒന്ന് കടന്നുപോകാം. "സാമ്പത്തികവും രാഷ്ട്രീയവും നയപരവുമായ അധികാരങ്ങൾ വികേന്ദ്രീകരിക്കപ്പെടുകയും അവ ബഹുഭൂരിപക്ഷം ഇന്ത്യൻ ജീവിതങ്ങളെ ഉൾക്കൊള്ളുന്ന ഗ്രാമങ്ങളുടെ വികസനത്തിലൂടെ ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുത്തുമെന്നതുമായിരുന്നു ഗാന്ധി കണ്ട സ്വപ്നം. പക്ഷേ, പലതരം ചരിത്ര പ്രക്രിയയിലൂടെ കടന്നുപോയ കഴിഞ്ഞ ഏഴര പതിറ്റാണ്ട്, ഗാന്ധിയൻ ധാരണക്ക് വിരുദ്ധ വഴിയിലാണ് ഏറെയും സഞ്ചരിച്ചത്. വികേന്ദ്രീകൃത ജനാധിപത്യത്തിലൂന്നാൻ കഴിയുന്ന പഞ്ചായത്ത് രാജ് സംവിധാനങ്ങൾ പല സംസ്ഥാനങ്ങളും നടപ്പിലാക്കിയെങ്കിലും ആഗോളീകരണത്തിന്റെ സാമ്പത്തിക രാഷ്ട്രീയ നയങ്ങൾ വികേന്ദ്രീകരണ അധികാരത്തെ വീണ്ടും കേന്ദീകരണത്തിന് വഴിയൊരുക്കുകയാണുണ്ടായത്. വികേന്ദ്രീകരണമായി ബന്ധപ്പെട്ടുകൊണ്ടുള്ള സാമ്പത്തിക നയങ്ങളുടെ കേന്ദ്രീകരണത്തിൽ ഈ പ്രവണത വ്യക്തമാണ്.

   എല്ലാം കൊണ്ടും പിറകോട്ടടിക്കപ്പെട്ട ഇന്ത്യൻ ഗ്രാമീണ ജീവിതത്തിന് സംരക്ഷണ കവചമൊരുക്കുകയെന്നത് സ്വതന്ത്ര - രാഷ്ട്രത്തിന്റെ നയ രൂപീകരണത്തിലൊന്നായിരുന്നു. പൗരന്മാരുടെ അടിസ്ഥാന സാഹചര്യങ്ങൾ ഒരുക്കുന്നതിൽ രാഷ്ട്രം തന്നെ മുന്നോട്ടു വെച്ച ചില സാമൂഹിക, സേവന, ക്ഷേമ പദ്ധതികൾ അവക്ക് ഉദാഹരണങ്ങളാണ്. പക്ഷേ, വിപരീതമെന്നോണം രാഷ്ട്രം തന്നെ വികസന പ്രക്രിയയിൽ നിന്ന് പതുക്കെ പിൻവാങ്ങുന്ന പ്രവണതയാണ് പിന്നീട് നാം കണ്ടത്. വികസനത്തോടുള്ള നയ രൂപീകരണത്തിൽ, ഇന്ത്യൻ പാർലമെന്റ് മുതൽ ഗ്രാമസഭ വരെയുള്ള രാഷ്ട്രത്തിനുള്ളിലെ വലുതും ചെറുതുമായ സ്ഥാപനങ്ങളുടെ നിർണായക പങ്ക് ക്രമാതീതമായി ഇതോടെ ഒറഞ്ഞു വന്നു. അതായത്, വികസന പ്രക്രിയയിൽ മുഖ്യമായും ഇടപെടുന്നത് രാഷ്ട്രത്തിനുള്ളിലെ സ്ഥാപനങ്ങൾക്ക് പകരം അന്തർദ്ദേശീയ നയ-ധനകാര്യ സ്ഥാപനങ്ങളുടെ താല്പര്യവും യുക്തിയുമാണ്. ആരോഗ്യം, പാർപ്പിടം , കുടിവെള്ളം, വിദ്യാഭ്യാസം, മറ്റ് സാമുഹിക സേവന മേഖലകൾ എന്നിവയിൽ നിന്നൊക്കെ രാഷ്ട്രത്തിനുള്ളിലെ വിവിധങ്ങളായ സ്ഥാപനങ്ങൾ പിൻമാറുന്നു. അത്തരമൊരു സന്ദർഭത്തിൽ രാഷട്രത്തിന്റെ പങ്ക്തന്നെ പുനർനിർണയിക്കപ്പെടുന്നു.

   ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞടുക്കപ്പെട്ട ഒരു ഭരണകൂടത്തിന് സ്വാഭാവികമായും വിധേയത്വം ഉണ്ടാകേണ്ടത് ആ രാഷ്ട്രത്തിലെ ജനതയോടാണ്. ആഗോളീകരണകാലത്ത് രാഷ്ട്രത്തിന്റെ വിധേയത്വം അന്തർദ്ദേശീയ നയ_ ധനകാര്യ സ്ഥാപനങ്ങളോടായി മാറുന്നുവെന്ന വിമർശനം ഇന്ന് ശക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. സാമൂഹിക സുരക്ഷാ സേവന മേഖലയിലൂടെ സംരക്ഷിക്കപ്പെട്ട ജനവിഭാഗങ്ങളെ സ്വതന്ത്ര കമ്പോളത്തിൽ മത്സരിച്ച് മുന്നേറാനാണ് സവകാലിക ഇന്ത്യൻ രാഷ്ട്രീയ സമ്പദ്ഘടന ആവശ്യപ്പെടുന്നത്. ദരിദ്രവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഉൾക്കൊള്ളാനും അവരുടെ ശബ്ദത്തിന് കാതോർക്കാനും രാജ്യം തയ്യാറാകുമ്പോൾ രാജ്യം തങ്ങളുടേതാണെന്ന് പൗരന്മാർക്ക് ബോധ്യപ്പെടുന്നു. അങ്ങനെയുള്ള ഒരിന്ത്യയ്ക്കു വേണ്ടി പ്രവർത്തിക്കാനായിരുന്നു എനിക്ക് ഏറെ ഇഷ്ടമെന്ന ഗാന്ധിയുടെ നിലപാട് ഈ സന്ദർഭത്തിൽ പ്രസ്താവയോഗ്യമാണ്. വികസനത്തോടുള്ള ഗാന്ധിയൻ ജനാധിപത്യ കാഴ്ചപ്പാടിൽ നിന്നും സമകാലിക ഇന്ത്യ എത്രത്തോളം ദൂരെയാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. "

(ഗാന്ധിയിലെ ജനാധിപത്യത്തിന് സമകാലിക പ്രശ്നങ്ങളെ നേരിടാൻ സാധിക്കും:

ഡോ.രാജീവൻ കുന്നത്ത് /റിനോജ് എൻ.കെ.

കോർപ്പറേറ്റ് എന്ന വാക്കിനെക്കുറിച്ച് അരുന്ധതി റോയ് എഴുതിയത് എത്ര ശരി. അവർ പറയുന്നു:

" ഞാനാ വാക്കിനെയല്ല വെറുക്കുന്നത്. നമ്മൾ എല്ലാറ്റിനെയും കോർപ്പറേറ്റാക്കുകയുംസ്വകാര്യവൽക്കരിക്കുകയുമല്ലേ ചെയ്യുന്നത്. ഒരു കോർപ്പറേറ്റ് സ്ഥാപനം ഒരു നദിയോ പർവ്വതമോ സ്വന്തമാക്കുന്നത് സമൂഹ താല്പര്യത്തിന് എതിരല്ലേ? ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന് ഫാക്ടറി നിർമ്മിച്ചു കൊണ്ട് അന്തരീക്ഷം മലിനപ്പെടുത്താനുള്ള അവകാശമുണ്ടോ? ഇപ്പോഴാകട്ടെ അവർക്ക് കൃഷിയെ വറുതിയിൽ കൊണ്ടുവരണം. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ. അവരുടെ നിയന്ത്രണത്തിലല്ലാതെ എന്താണുള്ളത്. രാഷ്ട്രീയ പാർട്ടികൾ, മാധ്യമങ്ങൾ, കോടതി.............

അതുകൊണ്ടാണ് ഞാനെന്റേതായ രീതിയിൽ പ്രതികരിക്കുന്നത്. കോർപ്പറേറ്റ് എന്നത് ഭയപ്പെടുത്തുന്നതും വിശദീകരിക്കാനാവാത്തതുമായ വസ്തുതയാണ്.

നാം കാണുന്ന എന്തിലും അത് പ്രതിഫലിക്കുന്നുണ്ട്. പ്രകൃതിവിഭവമോ, കോടിക്കണക്കിന് രൂപ ആസ്തിയുള്ള രാജ്യത്തെ ഒരു സംരഭമോ നിങ്ങളുടെ കൈകളിൽ എത്തിച്ചേരുന്നു. ആ തുക ഉപയോഗിച്ച് നിങ്ങൾ എന്തിനേയും നിയന്ത്രിച്ചിട്ട് അല്പം സേവന പ്രവർത്തനം കൂടി നടത്തുന്നു. ഇതിനു ഞാൻ എതിരാണ്. വിദ്യാഭ്യാസ രംഗം നോക്കൂ. ഭരണകൂടം അവരുടെ കടമയിൽ നിന്ന് പിന്നോട്ടു പോയിട്ട് അതു കൈകാര്യം ചെയ്യാനുള്ള അവസരം ചില എൻ.ജി.ഒകൾക്ക് നല്കുന്നു. ഇത്തരം കോർപ്പറേറ്റ് കമ്പനികൾ അതിൽ നിന്നു ഭീമമായ ലാഭമുണ്ടാക്കിയിട്ട് അതിൽ നിന്ന്ചെറിയൊരു അംശമെടുത്ത് സാധാരണക്കാരന്റെ മുന്നിൽ സൗജന്യ സേവനം ചെയ്യാനെന്ന മട്ടിൽ അവതരിക്കുന്നു. ഭരണകൂടം നിരാലംബരായ പൗരന്മാരോട് ചെയ്യേണ്ട കടമ, എൻ.ജി.ഒ കൾ നല്കുന്ന ഔദാര്യമായി പരിണമിക്കുന്ന അവസ്ഥ. എത്ര ക്രൂരമാണിത്. സേവനം എന്ന പദം തന്നെ ജനങ്ങളുടെ അന്തസ്സിനെയും അഭിമാനത്തെയും ഇല്ലാതാക്കുക എന്ന അർത്ഥമായി മാറുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?"

( സംഭാഷണം:

അരുന്ധതി റോയി / രവി ഡി സി.- പച്ചക്കുതിര, 2011 മാർച്ച് )

സാമൂഹ്യ ശാസ്ത്രത്തിലെ പൊരുത്തക്കേടുകൾ മൂന്നാം ലോകത്തിലെ പൗരന്മാർക് ചർച്ചാ വേദിയുടെ ഉത്സവത്തിനപ്പുറം ഭാവി ബഹുജന പ്രസ്ഥാനത്തിനായിട്ടു നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. സ്ഥാപനവത്ക്കരണ കുതന്ത്രങ്ങൾ ചരിത്രം പരിശോധിക്കുന്ന വിദ്യാർത്ഥിയെ കുഴക്കുന്ന കാലം അത്ര വിദൂരത്തിലല്ല.

ആലോചനയും അവലോകനവും മനുഷ്യനു പകർന്നു തരാനാവുന്നതൊക്കെ കാമറക്കണ്ണിലൂടെ നോക്കിക്കാണുമ്പോൾ മനുഷ്യത്വം ഉണരാത്തതിൽ ദു:ഖിക്കേണ്ടതില്ല. യന്ത്ര സംസ്കൃതിക്ക് വിപണിയും ലാഭവുമല്ലാതെ മറ്റൊന്നിനും കഴിയില്ലല്ലോ. ഇതറിഞ്ഞു തന്നെയാവും ഈ ധാരയിലേക്ക് തലമുറകളെ പ്രമോട്ട് ചെയ്തുള്ള ധീരമായ പരിശ്രമങ്ങൾ നടക്കുന്നതും. അതു വെറുതെ ചെയ്യലല്ല. സെൻസസ്, പൊതു കണക്കെടുപ്പ്, പരസ്യക്കമ്പനി എല്ലാവരും ചർച്ച ചെയ്തു രൂപപ്പെടുത്തുന്നതാണ്. തട്ടിപ്പ് അറിയാത്തവർ പറയുന്നു ഇതാണ് മാറ്റം. വാസ്തവത്തിൽ എന്താണ് മാറ്റം? ഇതിനുത്തരം കണ്ടെത്തൽ തന്നെയാണ് ഭാവി വിപ്ലവം !

sathya-madakkara

 സത്യൻ മാടാക്കര 

mannan-small-advt-
whatsapp-image-2025-04-01-at-08.01.06_59666b18
SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan