
ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനത്തിൽ ഇന്ത്യയുടെ സീനിയർതാരം വിരാട് കോലി ഉറച്ചുനിൽക്കുന്നു. തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റിലെ തലമുതിർന്ന മുൻതാരം ഇടപെട്ടെങ്കിലും കോലിയുടെ മനസ്സുമാറിയിട്ടില്ലെന്നാണ് സൂചന.
നാലുദിവസംമുൻപ് ക്യാപ്റ്റൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോലിയും ഈ ഫോർമാറ്റിൽനിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെലക്ഷൻ കമ്മിറ്റിയോട് ആവശ്യപ്പെട്ട വാർത്ത പുറത്തുവന്നത്.
രണ്ടാഴ്ച്‌ച മുൻപുതന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും വിവരം പുറത്തുവന്നത് ശനിയാഴ്‌ചയാണ്. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. പരമ്പരയിൽ ശുഭ്‌മാൻ ഗിൽ ഇന്ത്യയെ നയിക്കുമെന്നാണ് സൂചന. അടുത്തുതന്നെ ടീം ക്യാപ്റ്റനെ പ്രഖ്യാപിക്കും. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ അഞ്ചു ടെസ്റ്റുകളുടെ പരമ്പര ജൂൺ 24-ന് തുടങ്ങും. ഇതിനുള്ള ടീമിനെ വൈകാതെ പ്രഖ്യാപിക്കും.
2025-27 കാലത്തെ ടെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യയിലാക്കാൻ ബിസിസിഐ ശ്രമിക്കുന്നുണ്ട്. ഫൈനലിലെ ഒരു ടീമാകാൻ തുടക്കംതൊട്ടേ മികച്ച വിജയം നേടേണ്ടതുണ്ട്. ടീം പ്രഖ്യാപനത്തിനുമുൻപ് കോലിയുടെ വിരമിക്കൽ കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും. ആവശ്യം പരിഗണിച്ച് ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ വിരമിക്കൽ ടെസ്റ്റ് ഇല്ലാതെതന്നെ മടങ്ങേണ്ടിവരും. എന്നാൽ തീരുമാനം പുനഃപരിശോധിക്കാൻ ബിസിസിഐയുടെ ഭാഗത്തുനിന്ന് ഇനിയും ഇടപെടലുണ്ടാകും.
രോഹിത്തും കോലിയും ട്വൻ്റി 20 യിൽനിന്ന് നേരത്തേ വിരമിച്ചിരുന്നു. ഒരുപതിറ്റാണ്ടിലേറെയായി ഇന്ത്യൻ ക്രിക്കറ്റിൻ്റെ മേൽവിലാസമായി അറിയപ്പെടുന്ന രണ്ടുപേരും ഏകദിനത്തിൽമാത്രമായി ചുരുങ്ങുമെന്ന സാഹചര്യമാണിപ്പോൾ.
രോഹിത് ശർമയ്ക്ക് 38 വയസ്സായി, കോലിക്ക് 36 വയസ്സുണ്ട്. ഫോമിലല്ലാത്തതിനാൽ ടീമിൽ സ്ഥാനമില്ലാതാകും എന്ന അവസ്ഥയിലാണ് രോഹിത് വിരമിച്ചത്. എന്നാൽ, കോലിയുടെ കാര്യത്തിൽ അങ്ങനെയൊരു ആശങ്കയില്ല. സമകാലീന ക്രിക്കറ്റിലെ മികച്ച ബാറ്റർമാരിലൊരാളായ കോലി ഈ ഐപിഎലിലും മികച്ച ഫോമിലുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങൾ ഒരുമിച്ച് കളമൊഴിയുന്നത് ടീമിന്റെ അടിത്തറയെ ബാധിക്കുമെന്നും ടീം മാനേജ്മെന്റ് കണക്കുകൂട്ടുന്നു. യശസ്വി ജയസ്വാൾ, ശുഭ്‌മാൻ ഗിൽ, ഋഷഭ് പന്ത് തുടങ്ങിയവരാകും പിന്നീട് ടീമിൻ്റെ കേന്ദ്രം. ഒരേസമയത്ത് രണ്ടു സീനിയർ കളിക്കാരും മാറുന്നത് ആരാധകരെ അകറ്റുമെന്നും ഉറപ്പാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group