
യുവ ജിജ്ഞാസ നിലനിർത്തലാണ് ചങ്കൂറ്റത്തിന്റെ മുഖം - സത്യൻ മാടാക്കര
സാമൂഹ്യ സമര പഥങ്ങളെ ഓർമ്മിച്ചുള്ള കർമ്മ പരിപാടിയായിരിക്കും പൊതുപ്രവർത്തകരുടെ ഇനിയങ്ങോട്ടുള്ള വലിയ പ്രവർത്തന മേഖല.
കാരണം ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യൻകാളി, വാഗ്ഭടാനന്ദൻ ഉഴുതിട്ട മണ്ണിലൂടെയാണ് നമുക്ക് വിത്ത് പാകേണ്ടിയിരിക്കുന്നത്.
ഈ ഏകോപനമാകട്ടെ പാർശ്വവൽക്കരിക്കപ്പെട്ട വർക്ക് വിശ്വാസം കൊടുക്കുന്ന വിധത്തിലായാലേ അവരെക്കൂടി ജനാധിപത്യത്താനവകാശികളും പ്രവർത്തകരുമാക്കാൻ കഴിയൂ.
ചരിത്രവും സമൂഹവുമായി മാറുന്ന പ്രകാശജ്വാലകൾ തന്നെയാണ് ബഹുഭുരിപക്ഷം എന്നും ആഗ്രഹിക്കുന്നത്.
എന്നാൽ അത് ലാഭവിമുക്തമായ കർമ്മ പരിപാടിയും, ചിന്താപദ്ധതിയും ചേർത്തു വെച്ച് ജനസേവനപാതയിലൂനിയതാകണം.
ലോകത്തിന്റെ മനസ്സായിത്തീരുകയെന്നത് അത്ര എളുപ്പത്തിൽ നേടാവുന്നതല്ല.
ജീവിത മൂല്യം ഉൾക്കൊള്ളുന്ന നന്മ ജീവിതത്തിൽ പകർത്താത്തിടത്തോളം മറ്റു രക്ഷയില്ല.
ഇതാണിപ്പോൾ കാലത്തിന്റെ മുഖം. വിമത ഇടപെടലിന് വലിയ ആയുസ്സില്ലെങ്കിലും ശ്രമങ്ങൾ സാമൂഹ്യ മണ്ഡലത്തിൽ വിചാര വിസ്ഫോടനവും, ബാദ്ധിക ആധിപത്യവും നേടിയിരുന്നു എന്ന കാര്യം വിസ്മരിച്ചു കൂടാ. മലയാളത്തിലെ ജീനിയസ്സുകളിൽ പലരും അത്തരം വിമോചനശ്രമങ്ങളുടെ ജീവവായു നല്കിക്കൊ ണ്ടാണ് ജനമനസ്സുകളിൽജ്വലിച്ചു നിന്നത്.
നിർഭയരും ദീർഘദർശികളുമായ അത്തരക്കാരില്ലാത്ത വിടവ് ആഗോളീയ പൊതുപ്രവർത്തനത്തിലുണ്ട്.
അത് നികത്തുമ്പോഴേ കാലത്തിന്റെ യുവജിജ്ഞാസയെ തൃപ്തിപ്പെടുത്താനാവൂ. പ്രൊഫ: എം.എൻ.വിജയൻ മാഷിന്റെ വാക്കുകളിൽ "വലിയ മനുഷ്യത്തോട്ടത്തിലെ ഒരു ജനുസ്സാകുന്നു മലയാളം .മണ്ണനുസരിച്ചും വെള്ളമനുസരിച്ചും മാറുമെങ്കിലും വിത്തു ഗുണമുള്ള ഒരു ചെടി. മനുഷ്യത്തോട്ടത്തിലെ ഈ ചെടികളെയാണ് ആഗോളവൽകൃതമായി ക്കൊണ്ടിരിക്കുന്ന പുതിയ മലയാളത്തിന്റെ അന്തകൻ വിത്തുകൾ അറുതി വരുത്തിക്കൊണ്ടിരിക്കുന്നത്. "
നവോത്ഥാനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട നവകേരള സംവാദം എന്നതിനർത്ഥം മനുഷ്യ കേന്ദ്രീകൃതമായ ലോക ബോധത്തിനും അന്വേഷണത്തിനും സമഭാവന നല്കലാണ്.
' കേരളം ഭ്രാന്താലയമെന്നു 'സ്വാമി വിവേകാനന്ദൻ പറഞ്ഞിടത്തു നിന്നും ഐക്യ കേരളപ്പിറവിയിലൂടെ ജനാധിപത്യ വോട്ട് രാഷ്ട്രീയത്തിലെത്തി നില്ക്കുമ്പോൾ ഭ്രാന്താലയ ലക്ഷണങ്ങൾ മുഴുവൻ വിട്ടു മാറിയോ! സ്വയം വിശകലനത്തിനുള്ള അവസരമാണിത്.
വിഹ്വലതകളും സംശയങ്ങളും പങ്ക് പറ്റുമ്പോൾ മനുഷ്യത്വത്തെ ഹൃദയത്തിലേക്ക് അടുപ്പിക്കുന്ന ഒരവസരമാണ് വന്നു ചേരുക.
അതിനാൽ സംശയങ്ങളും കണ്ടെത്തലുകളുമായി സമകാലിക കേരളത്തിലെ സംഘർഷത്തിനൊപ്പം നവോത്ഥാനമൂല്യവിചാരത്തിലേക്ക് കൂടി നമ്മുടെ അന്വേഷണം തുടരേണ്ടിയിരിക്കുന്നു. എന്താണ് നവോത്ഥാനം !
"ലത്തീൻ ആധിപത്യത്തിൽ നിന്നു വിമുക്തമാക്കി ആധുനിക ഇറ്റാലിയൻ ഭാഷയ്ക്ക് രൂപം നല്കിയ 14ാം നൂറ്റാണ്ടിലെ മഹാകവി ദാന്തെ മുതൽ അബിലാർഡ്, പെട്രാർക്ക്, താൽവിൻ, ലൂനർ വരെയുള്ള വിചാരവിപ്ലവകാരികളും മതനവീകരണകർത്താക്കളും ഡാവിഞ്ചി, മൈക്കൽ ആഞ്ചലോ തുടങ്ങിയ ശാസ്ത്ര വിപ്ലവ പ്രതിഭകളും രണ്ട് മൂന്ന് നൂറ്റാണ്ട് കാലം കൊണ്ട് യൂറോപ്യൻ ചിന്തയേയും ജീവിതത്തേയും കീഴ്മേൽ മറിച്ച പുത്തനുണർവ്വാണ് നവോത്ഥാനം. ഇന്ത്യയിൽ 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ജീവിച്ചിരുന്ന രാജറാം മോഹൻ റോയി, ഈശ്വരചന്ദ്രവിദ്യാസാഗർ, ദയാനന്ദ സരസ്വതി, മഹാത്മാ ജ്യോതി ബാഫുലെ (പഞ്ചാബ്) തമിഴകത്തിലെ പെരിയോർ, ഇ.വി.രാമസ്വാമി നായ്ക്കർ, തുടങ്ങിയ മഹാരഥന്മാർ നയിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ നീണ്ടു നിന്ന, ഐതിഹാസിക പരിവർത്തനങ്ങൾക്കാണ് 'ഭാരതീയ നവോത്ഥാനം' എന്ന പേർ ചരിത്ര ശാസ്ത്രജ്ഞർ നല്കിയിരിക്കുന്നത്.
നവോത്ഥാനത്തിന്റെ പിതാവായി സർവരും അംഗീകരിക്കുന്നത് സകല വിശേഷണങ്ങൾക്കും അതീതനായ ശ്രീനാരായണ ഗുരുവാണ്. 1888 ലെ ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠയാണ് ഗുരുദേവന്റെ മഹാ ദൗത്യത്തിന്റെ പ്രോൽഘാടനം കുറിച്ചതെന്നും അനിഷേധ്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പിന്നീട് 1903 - ലെ എസ്.എൻ.ഡി.പി. സ്ഥാപനം, സാംസ്കാരിക സാമൂഹിക സാഹിത്യ രംഗത്തെ മഹാകവി കുമാരനാശാന്റെ രംഗപ്രവേശം, രാഷ്ട്രീയ മാധ്യമരംഗങ്ങളിലെ 'സ്വദേശാഭിമാനി' രാമകൃഷ്ണപ്പിള്ളയുടെ കലാപം, അയ്യങ്കാളിയും, വി.ടി.ഭട്ടതിരിപ്പാടും, സന്യാസി വര്യരായ ചട്ടമ്പിസ്വാമിയും, ബ്രഹ്മാനന്ദ ശിവയോഗിയും മുതൽ വാഗ്ഭടാനന്ദൻ വരെയുള്ള, സഹോദരൻ അയ്യപ്പൻ, എം.സി.ജോസഫ്, ഇ.എം.എസ്, എ.കെ.ജി, മുഹമ്മദ് അബ്ദുറഹ്മാൻ, മൊയ്തു മൗലവി തുടങ്ങിയവർ തിരികൊളുത്തിയ സ്വാത ന്ത്ര്യ സമരം ഇവയൊക്കെ അടങ്ങുന്നതും 19 കതിനാ ഘട്ടം28 ലെ ഗുരുസമാധിയോടെ പ്രഥമ ഘട്ടം സമാപിച്ചതുമായ
ഐതിഹാസിക സംഭവങ്ങൾ. ഇവയെല്ലാം, ഇവരെല്ലാം ഉൾക്കൊള്ളുന്ന ജാതിവിരുദ്ധ, വിദ്യാഭ്യാസ, സാഹിത്യ, രാഷ്ട്രീയ മാറ്റങ്ങളെയാണ് 'കേരള നവോത്ഥാനമെന്ന് 'അറിവുള്ളവർനാമകരണംചെയ്തത്.1(പി.ഗോവിന്ദപ്പിള്ള)
അരുന്ധതി റോയ് മൂന്നാം വേൾഡ് സോഷ്യൽ ഫോറത്തിൽ സ്വകാര്യതയുടെ അകം - പുറം വിശദമാക്കി, അന്വേഷണാത്മകമായി വിശദീകരിച്ച പ്രസംഗം നമ്മുടെ ബുദ്ധിജീവികൾ ഉൾക്കൊള്ളേണ്ടതാണ്.
"ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്നു കോർപ്പറേറ്റ് ആഗോളീകരണ പദ്ധതിയുടെ മുന്നിലാണ്. ആറു കോടി ജനങ്ങൾ വരുന്ന അതിന്റെ മാർക്കറ്റിനു ലോക വ്യാപാരി സംഘടന വില കണക്കാക്കുകയാണ്. കമ്പനിവൽക്കരണത്തെയും സ്വകാര്യവൽക്കരണത്തെയും സർക്കാറും സമ്പന്ന വർഗവും സ്വാഗതം ചെയ്യുന്നു.........
ലോകത്തിന്റെ നെറുകയ്ക്കടുത്തെവിടെയോ സ്ഥിതി ചെയ്യുന്ന സാങ്കല്പിക കേന്ദ്രത്തിലേക്ക് സമ്പന്ന വർഗം യാത്ര ചെയ്യുമ്പോൾ ബഹിഷ്കൃതരാക്കപ്പെട്ടവർ കുറ്റകൃത്യങ്ങളിലേക്കും കലാപങ്ങളിലേക്കും നിപതിക്കുകയാണ്.
നമ്മുടെ തന്ത്രം സാമ്രാജ്യത്തെ നേരിടുക മാത്രമല്ല അതിനെ വളയുക കൂടിയാണ്.
അതിന്റെ ഓക്സിജൻ തടയുക, അതിനെ നാണിപ്പിക്കുക,അതിനെ പുച്ഛിക്കുക. നമ്മുടെ കല കൊണ്ട്, സംഗീതം കൊണ്ട്, സാഹിത്യം കൊണ്ട്, നിശ്ചയദാർഢ്യം കൊണ്ട്, സന്താഷം കൊണ്ട്,ധൈഷണികത കൊണ്ട്, നിരന്തര യത്‌നം കൊണ്ട്, കഴിവു കൊണ്ട് നമുക്കു നമ്മുടെ സ്വന്തം കഥകൾ പറയുക. മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ടവർക്കുള്ള കഥകളിൽ നിന്നു വ്യത്യസ്തമായ കഥകൾ . "







വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group