ആഗോളവത്ക്കരണം കാണാതെ പോകുന്ന അനാഥർ. സത്യൻ മാടാക്കര .-

ആഗോളവത്ക്കരണം കാണാതെ പോകുന്ന അനാഥർ. സത്യൻ മാടാക്കര .-
ആഗോളവത്ക്കരണം കാണാതെ പോകുന്ന അനാഥർ. സത്യൻ മാടാക്കര .-
Share  
സത്യൻ മാടാക്കര എഴുത്ത്

സത്യൻ മാടാക്കര

2025 May 05, 11:32 PM
santhigiry

ആഗോളവത്ക്കരണം കാണാതെ പോകുന്ന അനാഥർ.

സത്യൻ മാടാക്കര .-


   മാറിയ സാഹചര്യത്തിൽ പുതിയ ലോകം വാർത്തെടുക്കുമ്പോൾ അതിലൂടെ അനാഥരായി മാറുന്നവരെ നമ്മൾ കാണേണ്ടതുണ്ട്. ചേരിപ്രദേശത്തെ കുടിയൊഴിപ്പിക്കൽ ആര് ശ്രദ്ധിക്കുന്നു. എല്ലാ നഗരത്തെയും നഗരമാക്കാൻ ചോരയും നീരും നല്കുന്നവരാണ് നഗരത്തിലെ ചേരികളിലെ അനാഥർ. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പാവപ്പെട്ടവർ ചേർന്നതാണീ നഗര കേന്ദ്രീകൃത ജന സമൂഹം.

വ്യവസായ ശാലകൾ, കുടിൽ വ്യവസായം, വഴിയോര കച്ചവടം തുടങ്ങി ലൊട്ടുലൊഡുക്ക തൊഴിൽ ശാലകളിൽ അവർ പണി ചെയ്യുന്നു.

പരിഷ്കാരം വരുമ്പോൾ വികസനത്തിന്റെ പേരിൽ ഓടിപ്പിക്കുന്നവർ ആരാണ് ! അവരെ ആർക്കും വേണ്ടതില്ല. വിറ്റുവരവില്ലാത്തിടത്ത് എന്ത് കാഴ്ചപ്പുറം. ചേരികളിലെ മനുഷ്യർ മനുഷ്യരല്ലേ, അവരുടെ അദ്ധ്വാനം അദ്ധ്വാനമല്ലേ.

നഗര മാന്യതക്കടന്നുകയറ്റം വൻകിട നഗരങ്ങളിലെല്ലാം പിടിമുറുക്കിയ വാസ്തവമാണ്. രാഷ്ട്രീയ വക്കുകൾ നേർക്കുനേർ കാണിക്കുന്ന ചാനലുകൾക്കൊന്നും പത്ഥ്യമല്ലാത്തതാണ് ചേരീ ദൃശ്യങ്ങൾ, ജീവിത ദയനീയതകൾ.

അത് കാണാത്തവർ പറയുന്ന സമൂഹ്യ സമത്വം നമുക്കെങ്ങനെയാണ് ശരിയാവുക. ചേരീ ജീവിതം ഓർക്കുമ്പോൾ ആനന്ദ് പട് വർദ്ധനെയാണ് ഓർമ്മ വരുന്നത്. എൺപതുകളിൽ കണ്ട അദ്ദേഹത്തിന്റെ ഡോക്യുമെന്ററി "ബോംബെ ഹമാരാ ശഹർ "(ബോംബെ നമ്മുടെ നഗരം) നിറയെ ചേരിയിലെ, കൂരകളിലെ മനുഷ്യരായിരുന്നു വിഷയം.

ഗ്രാമങ്ങളിൽ തൊഴിലില്ലാതെ കടം കയറി കഷ്ടപ്പെടുന്ന മനുഷ്യർ രക്ഷയ്ക്കായി നഗരത്തിലെത്തിപ്പെടുന്നു. അവർ വഴിയരികിലും പുറമ്പോക്കിലും തമ്പടിക്കുന്നു. കോർപ്പറേഷനും, പോലീസുകാരും അവരുടെ കുടിൽ പൊളിച്ചു കളയുന്നു. മത കലാപങ്ങളുണ്ടാക്കി ഇടയ്ക്ക് വെടി വെച്ച് ചേരിയിലെ മനുഷ്യരെ കൊല്ലുന്നു. ഈ സിനിമയിലെ ഒരു ദൃശ്യത്തിൽ കുടിയൊഴിക്കപ്പെട്ട് ഫുട്പാത്തിൽ താമസിക്കുന്ന ഒരു സ്ത്രീ ചോദിക്കുന്നു. നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാമോ?

പിന്നീട് അവർ തന്നെ പറയുന്നു. നിങ്ങൾക്കൊന്നും ചെയ്യാനാവില്ല.

നോക്കൂ, ഇവരില്ലെങ്കിൽ നഗരം നിശ്ചലമാകും. ആരാണ് പിന്നെ പാത്ര ങ്ങൾ കഴുകുക, വിഴുപ്പലക്കുക, ചപ്പും ചവറും ശേഖരിക്കുക, കൂറ്റൻ കെട്ടിടങ്ങൾ പണിയുക, അറ്റകുറ്റപ്പണികൾ നടത്തുക?


   ഈ ചിത്രം മുൻ നിർത്തി പട് വർദ്ധൻ പറഞ്ഞു " ബോംബെ ഹമാരാ ശഹർ " ചേരികളെക്കുറിച്ചു മാത്രമുള്ള ചിത്രമല്ല. നഗര വികസനത്തെക്കുറിച്ചുള്ള ചിത്രം കൂടിയാണ്; രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ളതാണ്. ഭൂരിപക്ഷം ജനങ്ങൾക്കും ആഹാരവും വസ്ത്രവും കിടപ്പാടവും ഇല്ലാത്ത അവസ്ഥയാണ് നമ്മുടെ രാജ്യത്തുള്ളത്. നിലവിലുള്ള ആവശ്യങ്ങൾ സാക്ഷാത്ക്കരിക്കാൻ കഴിയാതിരിക്കെത്തന്നെ വ്യാമോഹിപ്പിക്കുന്ന പരസ്യങ്ങൾ നിങ്ങളിൽ കൂടുതൽ കൂടുതൽ ആശ ഊട്ടിവളർത്തുന്നു. ഗുരുതരമായ പ്രശ്നങ്ങൾക്കെല്ലാം നിമിഷ പരിഹാരം വാഗ്ദാനം ചെയ്യുന്ന കൂറ്റൻ പരസ്യങ്ങൾ കൊണ്ട് നഗരം നിറയുന്നു.

പരസ്യ ബോർഡുകൾ നമ്മുടെ സഹജഭാവത്തിന്റെ തന്നെ ഭാഗമായി ക്കഴിഞ്ഞിരിക്കുന്നു. പരസ്യങ്ങൾ ഒരു പ്രത്യേക വർഗ്ഗ വ്യവസ്ഥയുടെ വില്പനയാണ് നടത്തുന്നത്. ശുചിത്വമുള്ള നഗരമാക്കുക എന്ന പരസ്യ വാക്കുകൾ ഉപരിവർഗ താല്പര്യത്തിന്റെ പ്രതിഫലനമാണ്. ഉപരിവർഗത്തെ സംബന്ധിച്ചിടത്തോളം ഭിക്ഷക്കാരും ചേരീനിവാസികളും വഴിവാണിഭക്കാരുമൊക്കെ നഗരച്ചന്തത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കുകളാണ്. "- സിനിമക്കാരൻ മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടുന്നു എന്ന് ഈ ചിത്രം ബോധ്യപ്പെടുത്തുന്നു.

കീഴാളർ അഥവാ അപര മനുഷ്യർ -



അന്യന്റെ വാക്കുകൾ സംഗീതം പോലെ ശ്രവിക്കുന്ന കാലം വരുമെന്ന പ്രതീക്ഷ, നാരായണ ഗുരുവിന്റെ അപരത്വത്തെക്കുറിച്ചുള്ള വരികൾ നമ്മൾ വേദിയിൽ പറയുമ്പോഴും അവർണ മനുഷ്യർ നമ്മൾ ക്കെപ്പൊഴും അപരൻ തന്നെയാകുന്നു. ഈ മാടമ്പി അധികാര ഹാങ് ഓവറിൽ നിന്നാണ് അപരനെ തെറി പറയുക എന്നത് സംസാരത്തിൽ കടന്നു വരുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു. ചെറ്റപ്പുരയിൽ താമസിക്കുന്നവരേ ചെറ്റേ എന്നു തെറി വിളിക്കുന്നത് ഓർക്കുക.


അതു കൊണ്ട് "അപര മനുഷ്യരെക്കുറിച്ച് നമ്മൾ പഠിക്കേണ്ടതുണ്ട്. പഴയ രീതിയിലുള്ള സങ്കല്പങ്ങളെല്ലാം പൊളിച്ചെഴുതണം. ആദിവാസി ഗോത്ര സമ്പ്രദായങ്ങൾ, ജാതിയുടെ താഴ്ന്ന അവസ്ഥ ഇതൊക്കെയാണ് അവരെ നിയന്ത്രിക്കുന്നത്. ഇതിനെ മറി കടക്കുക എന്നത് ബുദ്ധിമുട്ടാണ്. ഈ രീതിയിൽ മനുഷ്യരെ അപരരാക്കുന്ന സ്വഭാവം നമ്മുടെ സമൂഹത്തിൽ നിന്ന് മാറേണ്ടതുണ്ട്. ആദിവാസികൾക്ക് അവരുടേതായ വൈജാത്യങ്ങൾ ഉള്ളപ്പോൾ തന്നെ അവർ തുല്യ മനുഷ്യരുമാണ്. അവർക്ക് അവരുടേതായ വംശീയ സ്വത്വമുണ്ട്. ആദിവാസികൾ പ്രകൃതിയോട് ഇണങ്ങി യാതൊരു തിന്മയും ചെയ്യാതെ ബലി മൃഗങ്ങളെപ്പോലെ ജീവിക്കുന്നവരാണ്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്നതു പ്രധാന ലക്ഷ്യമാകണം. അതിന് ഒരുപാട് പഠനങ്ങളും ബോധവൽക്കരണവും ചർച്ചകളും ആവശ്യമാണ്."

(എസ്.ജോസഫ്: എഴുത്ത് മാസിക - മെയ് 2023) 

നമ്മുടെ സമകാലീനത വിവര വിനിമയവും സാങ്കേതിക വിദ്യയും എന്തിനെയും വില്പനച്ചരക്കാക്കി മാറ്റുന്ന തിരക്കിലാണ്. എഴുത്തുമായി ബന്ധപ്പെട്ട എന്തും ജനപ്രിയ സാംസ്കാരികതയാക്കി മാറ്റാനുള്ള ശ്രമം വിജയിച്ചു വരുന്നു. മാധ്യമ മുതലാളിത്തം വളരുന്നു. ചരിത്രത്തിനൊപ്പം സഞ്ചരിച്ച് വർത്തമാന കാലത്തിൽ എഴുത്തും, കാഴ്ചപ്പാടും വളച്ചൊടിക്കലില്ലാതെ നിലനിർത്തുമ്പോഴാണ് യഥാർത്ഥത്തിൽ അക്ഷരങ്ങളുടെ ആത്മാവറിയുന്നത്.പഴയ പത്രപ്രവർത്തകരൊക്കെ മുറുകെ പിടിച്ച ചില ആദർശങ്ങൾഉണ്ടായിരുന്നു.


നിഷ്പക്ഷത, വസ്തുതാപരത, സമതുലനത, ആധികാരികത എന്നൊക്കെ അവ അറിയപ്പെട്ടിരുന്നു. അവർക്ക് സാമൂഹികത നിലനിർത്തിയുള്ള ലക്ഷ്യമുണ്ടായിരുന്നു. ഇന്നതെല്ലാം മാറി ലോകത്തെ പകർത്തുക എന്ന നിലയിലായപ്പോൾ പ്രൊഫഷണൽ എന്നൊരു തൂവലല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് ചിന്തിക്കേണ്ട വിഷയമാണ്. സാമൂഹിക ലക്ഷ്യം മുൻ നിർത്തി പത്രാധിപർക്ക് തണലായി പത്ര ഉടമ ഒത്തുചേർന്ന ഒരു കാലം ഉണ്ടായിരുന്നു. അത്തരത്തിൽ ഒരാളായ വക്കം അബ്ദുൾ ഖാദർ മൗലവിയെക്കുറിച്ച് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ ജീവചരിത്രത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു. " പത്രപ്രവർത്തനത്തിൽ നിന്നു ലാഭേച്ഛ മൗലവി ക്കുണ്ടായിരുന്നില്ല. നഷ്ടം സംഭവിച്ചാൽ അതു സഹിക്കുന്നതിന് അദ്ദേഹത്തിന്റെ ധനശേഷി അനുവദിച്ചുമിരുന്നു. സാത്വികനായ മൗലവി ആദർശവാദിയും ഉൽപതിഷ്ണുവും ആയിരുന്നതു കൊണ്ടു പത്രാധിപർ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയ്ക്ക് പ്രവർത്തന വിഷയത്തിൽ വലിയ പ്രോത്സാഹനമാണ് ലഭിച്ചത് ".

   സ്വദേശാഭിമാനിയെ സംബന്ധിച്ചിടത്തോളം വാർത്തകൾ വില്കാനുള്ള ഉല്പന്നമായിരുന്നില്ല. വാണിജ്യ താല്പര്യങ്ങൾക്ക് കൂട്ടുനില്ക്കുമ്പോളാണ് എഴുത്തിന്റെ സാമൂഹികത - നൈതികത നഷ്ടപ്പെടുന്നതും വ്യക്തിപരമായ വിഴുപ്പലക്കലിലേക്ക് കാര്യങ്ങൾ ചെന്നെത്തിപ്പെടുന്നതും.


താൻ തിരസ്കരിക്കപ്പെടുന്നുവോ എന്ന ഭയം മുറുകുമ്പോഴാണ് എല്ലായിടത്തും കല്ലെറിയുന്നവനായി മാറുക. പറഞ്ഞു വന്നത് വാർത്തകൾ, എഴുത്തുകൾ, ചിന്തകൾ എന്നിവയിൽ നിന്ന് സഹവർത്തിത്വം, സാമൂഹ്യപരത, മാനവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനെക്കുറിച്ചും കച്ചവടത്തിനു കൂട്ടുനില്കുന്നതിനെപ്പറ്റിയുമാണ്.നാം ഒരല്പമെങ്കിലും അകത്തോട്ടു നോക്കണം. അതാവണം സമകാലിക തയിലൂടെ നേരിടേണ്ടതും പ്രതിരോധിക്കേണ്ടതും.

അതേ,അനുഭവമുദ്രകൾ വേറിട്ട വിചാരം ഉയർത്തുമ്പോഴും സംസ്കാരികതെയ്ക്കു മേൽ പല തരത്തിൽ വിലക്കുകൾ വന്നുകൊണ്ടിരിക്കുന്നു. സിനിമ, സാഹിത്യം, പ്രഭാഷണം എല്ലാം ആരെയൊക്കെയോ അലോസരപ്പെടുത്തുന്നു.

നിലനിർത്തിയിരുന്ന എല്ലാ അനുബന്ധങ്ങളെയും വിപണി മധ്യവർഗ്ഗവൽക്കരണത്തിലൂടെ പൂർത്തിയാക്കിയിരിക്കുന്നു.( നാല്പതുകൾ മുതൽ എൺപതുകൾ വരെ പുന: പ്രകാശനത്തിനായി നിരവധി അനുബന്ധ ഘടകങ്ങൾ നമുക്കുണ്ടായിരുന്നു. കവിയരങ്ങ്, ചെറുനാടക സംഘങ്ങൾ, തെരുവ് നാടകം, സ്ട്രീറ്റ് ഫിലിം സൊസൈറ്റി, ചെറു മാസികകൾ, പൗരാവകാശ സമിതികൾ, ഇൻലെന്റ് മാസിക തുടങ്ങിയവ) ഉപഭോഗ സംസ്കാരത്തിൽ അതൊക്കെ ചിന്നിച്ചിതറി. അതുകൊണ്ട് സർഗ്ഗാത്മകമായ പുതിയ അനുബന്ധങ്ങൾ തേടുക വലിയ നിറവേറ്റലാണ്. പൊതു ധാരണയ്ക്ക് ഇളക്കംതട്ടുന്ന വെല്ലുവിളികൾ മഷിയിട്ടു ഫലം പറയാൻ നിന്നാൽ ഒന്നും തെളിയില്ല. സന്ദർഭ വിശകലനം കൊണ്ടേ നിലനില്ക്കാനാവൂ എന്നിടത്താണ് ചരിത്രത്തിന്റെ പുത്തൻ ചലനങ്ങൾ .





ssv

  വാൽ ഭാഗം -

"വിശപ്പ്, ആഹാരം, ഗ്രാമ വികസനം, കർഷകർ, തൊഴിലാളികൾ, ചേരീനിവാസികൾ തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ നമ്മുടെ മാധ്യമങ്ങളിൽ നിന്നും വേഗത്തിൽ അപ്രത്യക്ഷമാവുകയാണ്. നഗരങ്ങളിലെ ഉപരിവർഗ സമൂഹങ്ങൾ മാത്രം നേരിടുന്ന സ്റ്റോക്ക്മാർക്കറ്റ് ചാഞ്ചാട്ടങ്ങളിലും ദഹനക്കേടിന്റെ പ്രശ്നങ്ങളിലും പുതിയ മോഡൽ കാറുകളിലും അടിപൊളി സിനിമകളിലുമായി അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. "

(പി.സായിനാഥ് - പത്രപ്രവർത്തകൻ)


whatsapp-image-2025-05-05-at-10.35.51_7cc2ed4a
red
SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan