
വീരാൻ കുട്ടിയുടെ
പ്രകൃതിയുടെ ഉള്ളെഴുത്ത്
സത്യൻ മാടാക്കര -
പ്രകൃതിയുടെ ഉള്ളെഴുത്താണ് വീരാൻ കുട്ടിയുടെ കവിതകൾ. പാരിസ്ഥിതിക അവബോധത്തോടെ വേറിട്ടു നിന്ന് ആ കവിതകൾ ജീവിത പരിസരങ്ങളെ പിടിച്ചെടുക്കുന്നു. ജീവിതത്തിൽ നിന്ന് കണ്ടെടുക്കുന്ന ഇമേജുകളെത്തന്നെ കവിതയ്ക് വിഷയമാക്കുന്നു.
" ഒച്ചയില്ലാത്തവളുടെ
കുരലിൽ
ഊർന്നു പോയ
മൂളകം
ചെറു കുഴൽ കൊണ്ടു
വീണ്ടെടുക്കണം. "
(ഊത്ത്)
"അകം കടലിൽ
കലരാതെ പായുന്ന
ഉഷ്ണശീതങ്ങളുടെ
തീർത്ഥയാത്രാ മൊഴിയിലും
ഒരു തുറമുഖമുണ്ട്"
(ജലഭൂപടം)
എന്നാണെങ്കിൽ വെണ്ടയ്ക്കയെക്കുറിച്ച് ഇങ്ങനെയാകുന്നു.
" കൊത്തിയരിഞ്ഞോ
നുറുക്കിയോ
എടുക്കാം
നിന്നു തരും
മസിലു പിടിക്കില്ല."
(ലേഡീസ് ഫിംഗർ )
ചിലയിടത്ത് പ്രകൃതി ദൃശ്യങ്ങൾ ആധുനിക പരിസരത്തു നിന്നു തന്നെ സ്വയം വിസ്തരിക്കുന്നു.
" തേടരുതേ
ദാഹത്തിന്റെ ആഴം
നീരിലേക്കുള്ള
തുഴ മുറിഞ്ഞ
വേരിൻ ഭ്രമത്തോട്
പറയുണ്ട്
കാഴ്ചകൾ കീഴ്മേൽ
മറിഞ്ഞുവെന്ന്
ആശ്ചര്യചിഹ്ന പടവലങ്ങൾ"
(വയലും വീടും )
കോഴിക്കോടൻ വെളുപ്പാൻ കാലം വീരാൻ കുട്ടിയുടെ ഭാഷയിൽ
"തീയിൽ
കുളിച്ചാലും
പോകില്ല
തൂപ്പുകാരി
വരും മുമ്പ്
നഗരം
കക്കിയ
രാത്രിയുടെ
അജീർണ്ണം."
ഇതാകട്ടെ ഏത് നഗരത്തിനും ചേരും. മെഴുകുതിരിയുടെ ചില ശ്രമങ്ങൾ നാമൊക്കെ നിത്യവും കാണുന്നതാണെങ്കിലും കവിയുടെ നേർപ്പങ്കിടലിൽ മറ്റൊരു കാഴ്ച ഒരുക്കുന്നു.
"വിളക്കു പോലല്ല
ചിരിയും പ്രാണനും
ഉടലിനോടൊപ്പം
ഒലിച്ചു തീരുന്ന
ജ്വലന രീതിയിൽ
മരണത്തോടതിൻ
വിനയമുദ്രകൾ"
ഇങ്ങനെയുള്ള നോക്കിക്കാണൽ ഗൃഹപരിസരത്തിൽ ഊന്നി നില്ക്കുന്നു വീരാൻ കുട്ടിയുടെ ഏറെ കവിതകളിലും.
" അമ്മി ത്തറയിലും
കുട്ടികൾ വായിക്കുന്ന
കുമ്മായപ്പടിയിലും
ഇരുന്ന്
ചുവരെല്ലാം കരിപിടിപ്പിച്ചു
മുട്ടവിളക്കുകൾ" എന്ന വരികൾ പെരുന്നാൾ ഓർമ്മ മാത്രമല്ല വീടിന്റെ ആളൽ കൂടി ഓർമ്മപ്പെടുത്തുന്നു. കുടുക്കയിൽ ഒരു ചോദ്യത്തിലൂടെ അത് പരിണമിക്കുന്നു.
" ഭൂമിയുടെ ഏതിഷ്ടം
ഉമ്മയിൽ
എന്നെയും
മുളപ്പിച്ചു.?"
ഈ പാറ്റേൺ പല കവിതകളിലും പിന്നീട് കടന്നുവരുന്നു.
" ചെരിച്ചു വച്ച കടലാണ്
ഓരോ മഴയും.
ദൈവത്തിൽ നിന്നുള്ള കപ്പലുകൾ
ഭൂമിയിൽ എത്താറാകുമ്പോൾ
ആരതിനെ
വരട്ടിക്കളയുന്നു. ?"
(മഴ, കാറ്റ് )
" ഉമ്മയെ
കൈപിടിച്ച്
ഒതുക്കു കല്ലിറക്കി
കൊണ്ടു പോകുമോ
വരാന്ത .?(ഉന്മാരം )
" ആകാശത്തിൽ
ഒരു കിണർ കുത്തണമെന്നു
തോന്നിയാൽ
അതിന്റെ പടവുകൾ
അയാൾ എന്തുകൊണ്ടു
പടുക്കും. ?
(ആകാശത്തിൽ ഒരു കിണർ )
ഇക്കോ സിസ്റ്റത്തെക്കുറിച്ചുള്ള വീരാൻ കുട്ടിയുടെ താല്പര്യം ഏതൊക്കെ തരത്തിലാണ് നമ്മളോട് സംവദിക്കുന്നതെന്ന് ഒരു കുറിപ്പിനപ്പുറത്തുള്ള കാര്യമാണ്. അസ്വസ്ഥമായെത്തുന്ന നീർക്കിളിയുടെ ചിറ കെഴുത്തും ചിത്ര ലിലിയും തിളയ്ക്കുന്ന പുഴയുടെ അകമുറിവും പെൺ പാളത്തിൽ തല വെച്ചുറങ്ങാൻ വരുന്ന നീണ്ടമുടിയുള്ള ഉടലുകളും - ഒക്കത്തിരുന്ന് അരിവാളിനൊപ്പം വളഞ്ഞ് ചെകിള പിടിച്ച് തന്നെത്തന്നെ എന്ന പോലെ ഉമ്മ മുറിച്ചു വെക്കും മീനും, പുകയില്ലാത്ത അടുപ്പും, മേഘത്തിൽ കാണാനാകുന്ന വെള്ളക്കൊക്കിന്റെ പടവും മലയാള കവിതയിലെ പുത്തൻ ഭാവുകത്വം വെളിപ്പെടുത്തുന്നു.
ഈ കവിതകൾ വെറും അനുഭവം പകർത്തിവെക്കലല്ല മറിച്ച് കവിതയിൽ അനുഭവം കൊണ്ടുവരുന്നു എന്നിടത്താണ് വീരാൻ കുട്ടി വായിക്കപ്പെടുന്നത്. അതോടെ അനുഭവമെന്നത് ഭൂമുഖത്തു ജീവിച്ച ഓരോ ജീവിക്കൊപ്പവുമായി സാധൂകരിക്കപ്പെടുന്നു. മികച്ച കവിയെന്നു അറിയപ്പെടുന്നതിലല്ല കാര്യം സമകാലികതയിൽ എത്രത്തോളം എന്നതാണ്. നമ്മുടെ കാലത്തെ രചനകളെ സംബന്ധിച്ചുള്ളത് ഒരേ സമയം സർഗ്ഗാത്മകതയിലും വിവർശനത്തിലും ഇടപെടുക എന്നതാണ്. വീരാൻ കുട്ടിയും മറ്റു കവികളെപ്പോലെ ഈ എതിരിടൽ നേരിടുന്നു.
ഏകപക്ഷീയതയല്ല ബഹുസ്വരമായ ദേശഘടനയാണതിന്റെ ഉൾക്കാമ്പ് . ഇങ്ങനെയൊക്കെയാണ് നവിനത ആഗ്രഹിക്കുന്ന കവികൾ ലോക പ്രശ്നങ്ങളെ കാലത്തോടൊപ്പം നിർത്തി കവിതയിൽ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്നത്. സർഗ്ഗാത്മകത സ്വയം പരീക്ഷണത്തിലേക്ക് തള്ളിയിടുമ്പോൾ ഇര എന്ന പേടിപ്പെടുത്തുന്ന സാക്ഷ്യം ഒഴിച്ചു നിർത്തി ഒന്നുംപറയാനാവാത്ത അവസ്ഥ നിലനില്ക്കുന്നു. അതാകട്ടെ ദൃശ്യ പാഠത്തിലേക്ക് കൂടി വീരാൻ കുട്ടി എത്തിക്കുന്നു. സ്വാർത്ഥകമായ വൈവിധ്യത്തിലൂടെ അനുഭവം സൃഷ്ടിച്ചുള്ള കവിതകളാണ് ആകെ ക്കൂടിയുള്ള ധാതുബലം



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group