
നോവലിനോടുള്ള പ്രണയം
അവരെ നോവലിസ്റ്റിന്
മുന്നിലെത്തിച്ചു.
:ചാലക്കര പുരുഷു
മാഹി:അര നൂറ്റാണ്ട് പിന്നിട്ടിട്ടും, ഇന്നലെയെന്നപോൽ ഇന്നും പുതുമ നഷ്ടപ്പെടാതെ ലക്ഷക്കണക്കിന് വായനക്കാർആർത്തിയോടെവായിക്കുന്ന ,മയ്യഴിപ്പുഴയുടെ തീരങ്ങൾ, എഴുതിയ വിശ്വസാഹിത്യകാരനുമായി നേരിൽ സംവദിക്കാനും, ഇന്തോ- ഫ്രഞ്ച് സംസ്കൃതിയുടെ ശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്ന മയ്യഴിയെന്ന റൊമാന്റിക് നഗരം കണാനുമായി കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുമായി അവരെത്തി.

നോവലിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം ഡി.സി.ബുക്സ് സംഘടിപ്പിച്ച നോവൽസാഹിത്യ മത്സര വിജയികളാണ് എഡിറ്റർ സാന്ദ്രയോടൊപ്പം മയ്യഴിയിലെത്തിയത്.
ചരിത്രവും മിത്തുകളും , കാൽപ്പനിക ഭാവനയുടെ ഉരക്കല്ലിൽ മാറ്റുരച്ചാണ് മയ്യഴി പുഴയുടെ തീരങ്ങൾക്ക് ഇത്രമേൽ അക്ഷരത്തിളക്കമേറ്റാൻ കഥാകാരന് സാധിതമായതെന്ന് അവർ തിരിച്ചറിഞ്ഞു.
ഋതുക്കൾ പലത് മാറിയപ്പോഴും ഫ്രഞ്ചുകാർ കടൽ കടന്നുപോയിട്ട് എഴുപത് വർഷങ്ങൾ കടന്നുപോയിട്ടും വ്യതിരിക്തമായ ഈ നഗരത്തിന്റെ സവിശേഷതകൾ സന്ദർശകർക്ക് കൗതുകമായി. കുഞ്ചക്കൻ വിളക്കുകാലുകളിലെ കണ്ണാടി ദീപക്കൂടുകളിൽ തിരിതെളിയായിരുന്ന പ്രധാന രാജവീഥികളെല്ലാം ഇന്ന് വിദേശ മദ്യത്തിന്റേയും, പെട്രോളിയത്തിന്റേയും ഗന്ധത്തിലമർന്നിരിക്കുന്നു വെന്ന് വിദ്യാർത്ഥികളിൽ ചിലർ പരിഭവപ്പെട്ടു.

കാലാതിവർത്തിയായ പുഴ ഒന്നുമറിയാത്തത് പോലെ ഇന്നും ശാന്തമായൊഴുകിക്കൊണ്ടിരിക്കുന്നു.
കൊറമ്പിയമ്മയും,ലസ്ലി സായ് പും, ഗസ് തോനും, കുഞ്ഞനന്തൻ മാഷും,വൈസ്രവണൻ ചെട്ട്യാരും, കുഞ്ഞിച്ചിരുതയുമെല്ലാം കാലയവനികക്കുള്ളിലേക്ക്മാഞ്ഞു പോയെങ്കിലും
അവരുടെയെല്ലാം സാന്നിദ്ധ്യം എവിടെയൊക്കെയോ ഉള്ളത് പോലെ അനുഭവപ്പെടുന്നുവെന്ന് കീർത്തിങ്ക്യോതിയും, വൈശാഖും പറഞ്ഞു.
സഫലമായ
ഒരു യാത്രയുടെ അനുഭൂതി വർണ്ണനകളാണ് ജയകുമാറിന് പറയാനുണ്ടായിരുന്നത്.
നൂറ്റാണ്ടുകൾക്ക് പിന്നിലേക്കുള്ള സമ്മിശ്ര സംസ്കൃതിയിലേക്കും, ഫ്രഞ്ചുകാരുടെ ജീവിത വഴിത്താരകളിലേക്കുമുള്ള ഒരു സഞ്ചാരം കൂടിയായി മയ്യഴി സന്ദർശനമെന്നായിരുന്നു ഷോൺജോയിയുടേയും. അർജുൻ അടാട്ടിറ്റേയും അഭിപ്രായം.
രണ്ട് സംസ്ഥാനങ്ങൾക്ക് അതിരിടുന്ന മയ്യഴി പുഴയുടെ ഇരു കരകളിലും രണ്ട് സംസ്ഥാന സർക്കാറുകൾ നിർമ്മിച്ച ശിൽപ - പുഷ്പോദ്യാനങ്ങൾ എഴുത്തുകാരൻ മുകുന്ദനോടൊപ്പം ഇവർ സന്ദർശിച്ചു. മൂപ്പൻ ബംഗ്ലാവും, കുന്നാൾ മുകളിലെ ലൈറ്റ് ഹൗസും, ഫ്രഞ്ച് കൊടിമരവും, ഫ്രഞ്ചുകാർ വെള്ളം ചൂടാക്കാൻ ഉപയോഗിച്ച സൗരോർജ സംഭരണിയും, വിദൂര കടൽക്കാഴ്ചയും , ഫ്രഞ്ചുകാരുടെ ശേഷിപ്പുകളായ മറിയന്ന് പ്രതിമയും, മ്യൂസിയത്തിലെ അപൂർവ വസ്തുക്കളും , മുന്നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള ബസലിക്കയിലെ അൾത്താരയിലുള്ള ഫ്രഞ്ച് ഗിൽപ്പ ചാതുരിയിൽ വിരിഞ്ഞ ഗിൽപ്പങ്ങളുമെല്ലാം തങ്ങളെ ഏറെ ആകർഷിച്ചുവെന്ന് നീന ആറ്റിങ്ങൽ, കെവിൻ ജോയ്ഫിലിപ്പ് എന്നിവർ പറഞ്ഞു.
മുകുന്ദനുമായുള്ള
ചെറു സംഭാഷണങ്ങൾ , ഒരു വട്ടം കൂടി ഓർമ്മകളുടെ തീരങ്ങളിലൂടെ സംഘത്തെ വഴിനടത്തിച്ചു.
ഫ്രഞ്ച് ബംഗ്ലാവിലെത്തിയപ്പോൾ ചിലർ സ്വർണ്ണത്തലമുടിയുള്ള വെളുത്ത് ഉയരം കൂടിയ സുന്ദരനായ
മൂപ്പൻ സായ് വിനെ മനസാ തിരക്കി. പുഴയോരത്തെ പാറക്കെട്ടിലിരുന്ന് പുഴയിൽ ചെറുവെള്ളാരം കല്ലുകളെറിഞ്ഞ് വൃത്തങ്ങളുണ്ടാക്കി, പ്രണയ സല്ലാപം നടത്തിയിരുന്ന ദാസനേയും, ചന്ദ്രികയേയും കുറിച്ചാണ് അനു പൗലോസിന്പറയാനുണ്ടായിരുന്നത്. വെള്ളക്കുതിരപ്പുറത്ത് തലപ്പാവുമണിഞ്ഞ്, കാൽ സരായിയും ധരിച്ച് ,കൊച്ചു വീട്ടിന്റെ ഉമ്മറത്ത് വന്ന് നിന്ന് ഇച്ചിരി പൊടി തര്വോ കൊറമ്പിയമ്മേ എന്ന് ചോദിക്കുന്ന ലസ്ലി സായി വിനെയാണ് ഓർമ്മകളിലൂടെ കാവ്യയും , കെ.ആർ. പ്രിയയും പരതി നടന്നത്. റ്യുദ്ലഗ്ലീസ് എന്ന റോഡിലൂടെ നടന്നുനീങ്ങിയപ്പോൾ , ചിലരെങ്കിലും അടച്ചിട്ട വീടിന്റെ തുറന്നിട്ട ജാലകത്തിനിടയിലൂടെ ഗസ് തോൻ സായ്പിന്റെ പിയാനോവിൽ നിന്നുമുയിർന്നു വന്ന വിഷാദരാഗങ്ങൾ കേട്ടിരിക്കാം...ഉദ്യാനത്തിലെ ആ സായന്തനത്തിൽ വന്നെത്തിയ സുന്ദരിപ്പെൺകിടാങ്ങളിലാരെങ്കിലുമാണോ , സായ്പന്മാരുടെ ഉറക്കം കെടുത്തിയ, കൈത പൂവിന്റെ മാദക ഗന്ധമുള്ള കുഞ്ഞിച്ചിരുതയെന്ന് സംശയിച്ചിരിക്കാം..
.jpg)
മയ്യഴിപ്പള്ളിയുടെ ഉയരമുള്ള ഗോപുരത്തിന് മുകളിലെ ആവിലായിലെ സൂര്യോദയം ഇപ്പോഴും കണ്ണിന് മഴവിൽ കാന്തി വിതറുന്നതായി അവർക്ക് അനുഭവവേദ്യമായി..
സംഗിതത്തിനും, നൃത്തത്തിനുമെല്ലാം ദേവതകളുള്ളത് പോലെ അക്ഷരങ്ങൾക്കും ദേവനുണ്ടെന്ന് മുകുന്ദൻ സംഭാഷണത്തിനിടെ പറഞ്ഞു. എല്ലാറ്റിനും ശാസ്ത്രീയമായ നിർവ്വചനം നൽകാനാവില്ല. അതിനുമപ്പുറം അനിർവ്വചനീയമായ മറ്റൊരു തലം കൂടിയുണ്ടെന്ന് അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തി മുകുന്ദൻ പറഞ്ഞു. വറ്റാത്ത കഥകളുടെ ഖനിയായ മയ്യഴിയുടെ കഥപറയാൻ പുതിയ എഴുത്തുകാർ വരുമെന്ന് അദ്ദേഹം പറഞ്ഞു.

നോവൽ വായിച്ച് വർത്തമാന കാലമയ്യഴിയെ നോക്കിക്കാണരുത്. നോവൽ ഒരിക്കലും ഒരു ചരിത്രകൃതിയല്ല. രണ്ട് മയ്യഴികളുണ്ട്. ഒന്ന് ദൈവം സൃഷ്ടിച്ചതും. മറ്റൊന്ന് കാൽപ്പനിക ഭാവനയിൽ പിറന്നതും - സംശയങ്ങൾക്ക് മറുപടിയായി നോവലിസ്റ്റ് ചൂണ്ടിക്കാട്ടി.
മുകുന്ദൻ സാർ പറഞ്ഞത് പോലെ വിരൽ തുമ്പിൽ അക്ഷരം തന്ന് എഴുത്തുകാരനെ അനുഗ്രഹിക്കുന്ന അരൂപിയായൊരു ഈശ്വരനുണ്ടെങ്കിൽ, എഴുതിയതൊക്കെയും പ്രസാദമായ് കോരിതന്ന് കൈക്കുടന്നയും കരളും നിറച്ച , ആ മനുഷ്യനപ്പുറം മറ്റേത് രൂപമാണാ വിഗ്രഹത്തിന് ഞാൻ കൊടുക്കുകയെന്നാണ് നിറകണ്ണുകളോടെ തൃശൂരുകാരി സ്മിത എം. സദാനന്ദൻ ചോദിച്ചത്. അങ്ങനെയാകുമ്പോൾ ഞാൻ കണ്ടത് എന്റെ ഈശ്വരനെ തന്നെയല്ലേയെന്നും,
കണ്ണുനീരിനേക്കാൾ പവിത്രമായ മറ്റെന്ത് നിവേദ്യമാണ് അവിടെ എനിക്ക് അർപ്പിക്കാനുള്ളതെന്നുമാണ് എഴുത്തുകാരി കൂടിയായ ഈ പെൺകുട്ടിയുടെ ചോദ്യം.
ചിത്ര വിവരണം: മയ്യഴിയിലെത്തിയ എഴുത്തുകൂട്ടം നോവലിസ്റ്റ് എം.മുകുന്ദൻ, മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് എന്നിവർക്കൊപ്പം.
.jpg)
ആശംസകളോടെ ....
ഡ്രാമ ഫിയസ്റ്റയിൽ ഇന്ന്
ചൊക്ലി :രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട്. അഖില കേരള നാടകോത്സവം. നാടകങ്ങൾ: ഒരു പലസ്തീൻ കോമാളി (മാഹി നാടക പുര) ജയഭാരതി ടൈലേർസ് (യുവശക്തി അരവത്ത്) ക്ലാവർ റാണി (ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്റർ (മലപ്പുറം)രാത്രി. 6.30

ഭീകരആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു
ന്യൂ മാഹി :പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
വായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി സംഭവത്തെ അപലപിച്ച് സംസാരിച്ചു.
ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ ഭീകവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചിരാത് കത്തിച്ച് പ്രതിജ്ഞ ഏറ്റു ചൊല്ലി.
വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വായനശാല വൈസ് പ്രസിഡന്റ് എൻ കെ പത്മനാഭൻ നന്ദിയും പറഞ്ഞു.


അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി.
മാഹി:പള്ളൂരിലെ ദീർഘകാല എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറും മുനിസിപ്പൽ
മേറുമായിരുന്ന വി.എൻ പുരുഷോത്തമൻ്റെ ചരമ വാർഷിക ദിനം അനുസ്മരണദിനമായി മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.
കെ. മോഹനൻ്റെ അദ്യക്ഷതയിൽ
രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പി പി വിനോദ് ,കെ സുരേഷ്, പിടിസി ശോഭ, ജിതേഷ് വാഴയിൽ, ജിജേഷ് ചാമേരി പ്രസംഗിച്ചു.
ചിത്രവിവരണം: രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

ആശുപത്രിയിൽ എത്തിയ 60 കാരനെ
അക്രമിച്ച് പരിക്കേൽപ്പിച്ചു.
തലശ്ശേരി:ആശുപത്രിയിൽ എത്തിയ 60 കാരനെ രണ്ട് യുവാക്കൾ അക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി.
എരഞ്ഞോളി വാവാച്ചി മുക്കിലെ തെങ്ങ് കയറ്റ തൊഴിലാളിയായ പുത്തലത്ത് പറമ്പിൽ എ. ബാബുവിനെ (60) യാണ് രണ്ടു പേർ ചേർന്ന് പരിക്കേൽപ്പിച്ചതായി കേസ്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ജനറൽ ആശുപത്രിയിലെ പ്രസവ വാർഡിന് മുന്നിലുള്ള റോഡിൽ വെച്ചാണ് സംഭവം. മകന്റെ ഭാര്യയെ പ്രസവത്തിന്നായ് അഡ്മിറ്റ് ചെയ്തിരുന്നു. രാത്രി പത്ത് മണിയോടെ രോഗിക്ക് പ്രസവ വാർഡിലേക്ക് പുതിയ വസ്ത്രം വാങ്ങാൻ നേഴ്സ് പറഞ്ഞതിനാൽ ആശുപത്രിക്ക് പുറത്തുള്ള റോഡിൽ ഇറങ്ങിയപ്പോൾ ഒരു യുവാവ് തന്നെ അരികിലേക്ക് വിളിച്ചെന്നും ഞാൻ പോവാതിരുന്നപ്പോൾ രണ്ട് പേർ വന്ന് അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
മട്ടാമ്പ്രം സ്വദേശികളായ മുഷ്താഖ്,ആരിഫ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്


തലമുറ സംഗമവും
അനുഭവ സംവാദവും
സംഘടിപ്പിച്ചു.
തലശ്ശേരി :മുസ്ലിം സർവ്വീസ് സൊസൈറ്റി (എം എസ് എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായിതലമുറ സംഗമവും അനുഭവ സംവാദവും സംഘടിപ്പിച്ചു.
കണ്ണൂർ ജില്ലാ തല ഉദ്ഘാടനം തലശ്ശേരി എം എസ് എസ് കുട്ട്യാമമു സെൻ്റർ ഹാളിൽ എം എസ് എസ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. പി വി സൈനുദ്ദീൻ നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് ബി ടി കുഞ്ഞു അധ്യക്ഷത വഹിച്ചു. പ്രൊഫ. എ പി സുബൈർ സ്ഥാപകദിന സന്ദേശം നൽകി. പി കെ മുസ്തഫ മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം നൽകി. വനിതാ വിംഗ് ജില്ലാ പ്രസിഡൻ്റ് കെ വി റംല ടീച്ചർ പ്രഭാഷണം നടത്തി. എഞ്ചിനിയർ കെ മമമൂട്ടി, എഞ്ചിനിയർ പി അബ്ദുൽ റസാക്ക്, വി മുനീർ, ഒ സൈറ ബാനു, പി എം അഷ്റഫ് എന്നിവർ സംസാരിച്ചു.
പി എം അബ്ദുൽ ബഷീർ സ്വാഗതവും വി കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം:
എം എസ് എസ്
സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം തലശ്ശേരി എം എസ് എസ് കുട്ട്യാമമു സെൻ്റർ ഹാളിൽ സംസ്ഥാന വഖഫ് ബോർഡ് അംഗം അഡ്വ. പി വി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.


അദ്ധ്യാപകർ തിരുത്തൽ ശക്തിയാവണം
തലശ്ശേരി. വിദ്യാഭ്യാസ രംഗത്ത് മാറി മാറി വരുന്ന സർക്കാരുകൾ നടപ്പാക്കുന്ന തെറ്റായ പരിഷ്കാരങ്ങളെ തിരുത്തിക്കാൻ അധ്യാപകർ സന്നദ്ധരാവണമെന്ന് ഗാന്ധിയൻ ചിന്തകനും സാംസ്കാരിക പ്രവർത്തകനുമായ വി. പി. മഹേശ്വരൻ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വിചക്ഷണനും
ഗാന്ധി മാർഗ പ്രചാരകനും ഡയറ്റ് മുൻ പ്രിൻസിപ്പലുമായിരുന്ന എം. പി. ബാലകൃഷ്ണന്റെ ചരമ വാർഷികത്തോടനുബന്ധിച്ചു വിദ്യാഭ്യാസ രംഗത്തെ അവശ്യ സംസ്കരണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എം. പി. ബാലകൃഷ്ണൻ സ്മാരക അവാർഡ് (11,111 രൂപ) ഗാന്ധി മാർഗ പ്രചാരകൻ തിക്കോടി നാരായണൻ നായർക്ക് വി. പി. മഹേശ്വരൻ സമ്മാനിച്ചു.
എംപിബി സെന്റർ പ്രസിഡന്റ് ചുര്യയി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചാത്തമ്പള്ളി സുരേഷ്, പി.കെ. സുധീർ കുമാർ സംസാരിച്ചു..
കശ്മീരിലെ പഹൽഗാമിൽ ഭീകരവാദികളുടെ അക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
എം. പി. ബാലകൃഷ്ണൻ മാസ്റ്ററുടെ ചിറക്കുനിയിലെ സ്മൃതി കുടിരത്തിൽ പുഷ്പാർച്ചന നടത്തി
ചിത്രവിവരണം:ഗാന്ധി മാർഗ പ്രചാരകൻ തിക്കോടി നാരായണൻ നായർക്ക് വി. പി. മഹേശ്വരൻ അവാർഡ് സമ്മാനിക്കുന്നു.

കമല നിര്യാതയായി
ന്യൂമാഹി: കുറിച്ചിയിൽ ഹുസ്സൻമൊട്ട ചവോക്കുന്നിൽ അമ്മൂസിൽ നിട്ടൂർ വീട്ടിൽ കമല ( 81 ) നിര്യാതയായി പരേതരായ മൂപ്പന്റെവിട കൃഷ്ണന്റെയും നിട്ടൂർ വീട്ടിൽ നാണിയുടേയും മകളാണ്. ഭർത്താവ് പരേതനായ കെ.പി അച്ചുതൻ.
മക്കൾ: ഉദയഭാനു (പോസ്റ്റ് മാസ്റ്റർ, കുറിച്ചിയിൽ പോസ്റ്റാഫീസ്), പ്രകാശൻ മേസ്ത്രി, മനോഹരൻ.
മരുമക്കൾ: ഷീജ, ലിജി, സജ്ന. സംസ്കാരം 30 ന് ബുധനാഴ്ച ഉച്ചക്ക് 12ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ
.jpg)

ക്ഷേത്ര ദർശനത്തിനു പോകവെ
വയോധിക ലോറി തട്ടി മരിച്ചു
തലശ്ശേരി : ക്ഷേത്ര ദർശനത്തിനു പോകവെ വയോധിക ലോറി തട്ടി മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് അപകടം. തലായി പുതിയ പുരയിൽ രോഹിണി (72) ആണ് മരണപ്പെട്ടത്. തലായി ബാലഗോപാല ക്ഷേത്ര ദർശനത്തിനായി തലായ് ചക്വത്ത് മുക്കിലെ വീട്ടിൽ നിന്നും നടന്നു പോകുമ്പോഴായിരുന്നു അപകടം. കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി കണ്ടെയിനർ ലോറിയുടെ സൈഡ് ഗ്ലാസ് തലയ്ക്കിടിക്കുകയായിരുന്നു. നിറയെ ചെരിപ്പു കയറ്റി വരുകയായിരുന്നു ലോറി . അപകടം നടന്ന ഉടനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയതിനു ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് പരേതനായ കെ രാജൻ. മക്കൾ: ഷീജ, ബബിത, അനിൽ കുമാർ. .മരുമക്കൾ : പുഷ്കരൻ, ഷൈമ , രാധിക, പരേതനായ രാജീവൻ. സഹോദരങ്ങൾ: ഗോമതി, നളിനി, ശോഭ, ഉഷ, ഷീബ, ഷൈലജ. പരേതരായ ബാലൻ, വസന്ത, ബാബു,
ഇരിങ്ങൽ സർഗ്ഗാലയിൽ
മേയ് 2 മുതൽ 13വരെ
സമ്മർ സ്പ്ലാഷ്.
തലശ്ശേരി: ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ മേയ് 2 മുതൽ 13വരെയുള്ള ദിവസങ്ങളിൽ സമ്മർ സ്പ്ലാഷ് എന്ന പേരിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിധ്യമാർന്ന വിനോദവും, വിജ്ഞാനവും ആസ്വാദ്യകമായ ഭക്ഷണങ്ങളും ലഭ്യമാവുന്ന സ്റ്റാൾ സംവിധാനങ്ങൾ ഒരുക്കുന്നു. വേനലവധിക്കാലം കുടുംബ സമേതം ആഘോഷിക്കാനുള്ള സുവർണ അവസരമാണ് സർഗ്ഗാലയ സംഘടിപ്പിക്കുന്നതെന്ന് മാർക്കറ്റിംഗ് മാനേജർ സരൂപ് ലാൽ, മാനേജർ ആർ. ദീപക് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‌ത്രീകൾക്കായി കഥക് നൃത്തം, ഡാൻസ് തെറാപ്പി, കോലം ശിൽപശാലകൾ, കോലമിടൽ മത്സരം, ചിത്ര പ്രദർശനം, ഫുഡ് ഫെസ്റ്റ്, കുതിര സവാരി, ഒട്ടക സവാരി, ചിത്രകലാ ക്യാമ്പ്, കുട്ടികൾക്കായി സ്കേറ്റിംഗ്,,പെഡൽ, മോട്ടോർ ബോട്ടിംഗ്,തുടങ്ങി ഒട്ടേറെ പരിപാടികൾ ഈ ദിവസങ്ങളിൽ ആസ്വദിക്കാം.കേരളത്തിൽആദ്യമായി ബാർജിൽ പ്രത്യേകം ഡൈനിംഗ് സംവിധാനം ഒരുക്കിയാണ് ബുഫേ സർവ്വീസോടെ ഭക്ഷണം ലഭ്യമാക്കുന്നത്.. പ്രവേശന ഫീസില്ല. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങളും 944630 4222, 8301020205 നമ്പരുകളിൽ ലഭിക്കും

സംസ്ഥാന അത്ലറ്റിക്
ചാമ്പ്യൻഷിപ്പിൽ
മാഹിക്ക് കിരിടം
മാഹി:പുതുചേരി ഗോരിമേഡ് പൊലീസ് ഗ്രൗണ്ടിൽ വച്ചു നടന്ന സംസ്ഥാന കായിക മേളയിൽ മാഹി ടീം ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. നിരവധി പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നേടിയ ഈ വിജയം മാഹിയുടെ കായിക കുതിപ്പിന് തീർച്ചയായും പുതിയ ഊർജം നൽകും..അത്ലറ്റിക്സ് മത്സരങ്ങളിൽ മാഹിക്ക് എന്നും മികച്ച വിജയങ്ങൾ സമ്മാനിച്ചിട്ടുള്ള ഹൈജമ്പ് മത്സരങ്ങൾക്കായി കുട്ടികൾക്ക് പരിശീലിക്കാൻ കഴിഞ്ഞ 8 വർഷമായി ഹൈ ജമ്പ് ബെഡ് ഇല്ലാത്തത് ഈ മത്സര ഇനത്തിൽ മാഹിയെ പുറകോട്ടു നയിക്കുന്നതിന് കാരണമായി എന്നതിൽ കായിക പ്രേമികൾ നിരാശയിലാണ്..വരും വർഷങ്ങളിലെങ്കിലും ഇതിനുള്ള സംവിധാനം കായിക താരങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർത്ഥികളും. സംസ്ഥാന കായിക മേളയിൽ വി. എൻ പുരുഷോത്തമൻ ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി അബുദുൽ ജലീൽ വേഗതയേറിയ താരമായി.രണ്ടു ദിവസം നീണ്ടു നിന്ന കായിക മേയിൽ 8 സോണുകളിൽ നിന്നായി 650കായിക താരങ്ങൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങൾ . പുതുച്ചേരി സ്‌പീക്കർ എംബലം സെൽവം നിർവഹിച്ചു . കായിക വകുപ്പ് മന്ത്രി നമഃശിവായം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്പോർട്സ് ഡയറക്ടർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
ചിത്രവിവരണം: ചാമ്പ്യൻമാരായ മാഹി ടീം

യാത്രയയപ്പ് നൽകി
പാനൂർ: മൊകേരി രാജീവ് ഗാന്ധിമെമ്മോറിയൽ ഹയർസെക്കൻററി സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന സീനിയർ ക്ലാർക്കും എഎസ് എം എസ് എ മുൻ സംസ്ഥാന പ്രസിഡണ്ടുമായ എ.രാജേഷ് കുമാർ, എഫ് .ടി.സി.എം, കെ. ഗീത എന്നിവർക്ക് യാത്രയയപ്പ് നൽകി. തലശ്ശേരി വിദ്യാഭ്യാസ ജില്ലാഎഎസ് എം എസ് എ സെക്രട്ടറി . കെ.വി. മനോജിന്റെ അധൃക്ഷതയിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് സന്തോഷ്. വി. കരിയാട് ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡണ്ട് ,ജതീന്ദ്രൻ കുന്നോത്ത്, മുൻ ജില്ലാ പ്രസിഡണ്ട് , ഇ.മനോഹരൻ . സന്തോഷ് കുമാർ.പി. നവരാഗ് സംസാരിച്ചു.
ചിത്ര വിവരണം:കണ്ണൂർ ജില്ലാ പ്രസിഡണ്ട് സന്തോഷ്. വി. കരിയാട് ഉപഹാരം നൽകുന്നു.
ശ്രവണ സഹായികൾ നൽകുന്നു
മാഹി:ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ശ്രവണ സഹായികളും മറ്റ് കൃത്രിമ ഉപകരണങ്ങളും നൽകാൻ മാഹിയിൽ
പരിശോധനാ കേമ്പ് നടത്തുന്നു.
പുതുച്ചേരിയിലെ വനിതാ- ഭിന്നശേഷി വിഭാഗങ്ങൾക്കായുള്ള വികസന കോർപ്പറേഷൻ പൊതുമേഖലാ സ്ഥാപനം കൃത്രിമ അവയവ നിർമ്മാണ കോർപ്പറേഷൻ്റെ സഹായത്തോടെ മാഹി മേഖലയിലെ ഭിന്ന ശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ശ്രവണ സഹായികളും കൃത്രിമ ഉപകരണങ്ങളും നൽകുന്നതിന് വേണ്ടി പരിശോധനാ കേമ്പ് നടത്തുന്നു. ഏപ്രിൽ 30 മുതൽ മെയ് 3 വരെ തീയ്യതികളിൽ മാഹിയിലെ ഇ. വൽസരാജ് ഓഡിറ്റോറിയത്തിലാണ് പരിശോധനാ കേമ്പ് നടക്കുക.
ഭിന്നശേഷിക്കാർക്ക് ശ്രവണ സഹായികൾ, വീൽ ചെയറുകൾ, ചക്ര കസേരകൾ, ക്രച്ചസുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൂന്നു ചക്ര സൈക്കിളുകൾ, വാക്കർ, പൂർണ അന്ധത ബാധിച്ച വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോണുകൾ, അന്ധർക്കുള്ള സ്മാർട്ട് കേനുകൾ എന്നിവ വിതരണം ചെയ്യും. 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് ശ്രവണ സഹായി, വീൽചെയർ, വാക്കിങ്ങ് സ്റ്റിക്, സ്പൈനൽ ബെൽട്ട്, കോളർ ബെൽട്ട് തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്യും. മാഹി മേഖലയിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കളും പരിശോധനാ കേമ്പിൽ പങ്കെടുത്ത് ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് രമേഷ് പറമ്പത്ത് എം.എൽ.ഏ അഭ്യർത്ഥിച്ചു. കേമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭിന്ന ശേഷിക്കാർ തങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഓരോ ഫോട്ടോ കോപ്പിയും 2 ഫോട്ടോയും കൊണ്ടുവരണം. മുതിർന്ന പൗരൻമാർ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ ഓരോ ഫോട്ടോ കോപ്പിയും 2 ഫോട്ടോയും ഹാജരാക്കണം.
യോഗ്യത പരിശോധനയും അളവെടുപ്പും 30. 4 .2025 മുതൽ 03 .05 .2025 വരെ നാല് ദിവസം നടക്കുന്നതായിരിക്കും
.ഒരു മാസത്തിനു ശേഷം ഉചിതമായ ഉപകരണങ്ങൾ അതേ സ്ഥലത്ത് വെച്ച് വിതരണം നടത്തുമെന്നും അറിയിച്ചു


യശോദ നിര്യായതയായി
ന്യൂമാഹി: കവിയൂർ അംബേദ്ക്കർ സാംസ്കാരിക നിലയത്തിന് സമീപം കേളോത്ത് യശോദ ( 90) നിര്യായതയായി ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ .
മക്കൾ: സുരേന്ദ്രൻ (വെൽഡൻ ടെയിലേർസ് കോഴിക്കോട്), സുരേഷ് ബാബു (ഗുഡ്സ് ഡ്രൈവർ ചൊക്ലി ),
അനിത പുന്നോൽ, സുനിത അഴിയൂർ, സജിത പുന്നോൽ, പരേതനായ ചന്ദ്രൻമരുമക്കൾ: ഷീല കോഴിക്കോട് , സുമ അഴിയൂർ,വിധുല (വി.എൻ പി ജി.എച്ച് എസ്സ് എസ്സ് പള്ളൂർ, )സതീശൻപുന്നോൽ, രവീന്ദ്രൻ അഴിയൂർ,സുരേന്ദ്രൻ പുന്നോൽ



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group