
നാട്ടു മലയാളത്തിന്റെ ആറ്റൂർത്തനിമ .
സത്യൻ മാടാക്കര -
ആറ്റൂരിനും ചിറ്റൂരിനുമിടയിൽ വാളയാർ തുറസ്സ് പോലെ മലയാള ഭാവനയെ ഉണർത്തുന്ന ചില ദേശക്കാഴ്ചകളുണ്ട്. മലയാളം തേടിയുള്ള ആഴത്തിരച്ചിലാണത്. ഉടലിലും ഉടുപുടവയിലും കേരളീയത തേടൽ. ഞാൻ, താങ്കൾ, നമ്മൾ എന്നിങ്ങനെ വെളിപ്പെടുത്തി മണ്ണ്, മണം, ഒച്ച, നിറം ചേർത്തു വെച്ച് അങ്ങനെ ആറ്റൂർ പെയ്തു. ദേശത്തിന്റെ വർണ്ണ, വാദ്യ, നാട്യ സംസ്കാരത്തെ ഉൾക്കൊള്ളാൻ മണ്ണിനോട് കൂറും നാടിണക്കവുമുള്ളയാൾക്കേ കഴിയൂ. ഗ്രാമ നിശ്ശബ്ദത, ചെണ്ട മുഴക്കം, ആനയുടെ പൊക്കം ഒരളവുവരെ ആറ്റൂർക്കവിതയിലുണ്ട്
"എൻ നിറമല്ലയോ കാണുന്നു
മേലെയാ നീലയൊഴുക്കോളം !
എൻ മുഖമല്ലയോ കാണുന്നു
താഴെയുളളാളപ്പരപ്പോളം.(അർക്കം)
പത്രം, ആപ്പീസ്, വിരുന്നുകാരൻ
തപാലൊന്നുമില്ലാത്ത
ചില്ലു പോലുള്ള
നേരമാണെന്നാലെനിക്കുള്ള ശുദ്ധമാം നേരം .(നേരങ്ങൾ)
വാഴക്കുന്നത്തിന്റെ മാന്ത്രിക കൈയ്യൊതുക്കം പോലെ വാക്കുകൾ ആറ്റൂരിലും കൺകെട്ടായി നില്ക്കുന്നു. കട്ടിക്കാഴ്ച, രുചി,ആഴം, ദുരം, വാദ്യം, പൂരം, നിറം, ദേശാടനം എന്നിവയിലൂടെ കവിത കേരള ചരിത്രം വരയ്ക്കുന്നു. ആധുനികനായി നില്കുമ്പോഴും ആറ്റൂരിലെ നാടൻ പച്ച മനഷ്യൻ എപ്പോഴും കവിത കവിഞ്ഞു നില്ക്കുന്നു.
"കണ്ണുകൾ തിരിച്ചു ഞാൻ
മാന്യനായായാരോടോ പി - ന്നെന്നു വന്നെന്നും ലീവു
തീർന്നെന്നും പറയുന്നു.
(മധുരം 1957 )
തളർന്നു നിന്നൂ ചക്രങ്ങൾ
വാടുന്നൂ തെരുവിൻ മുഖം
ശുഭാശംസയോടെ തെറ്റി - പ്പിരിഞ്ഞൂ പല പാതകൾ"
(അവൻ ഞാനല്ലോ 1965 )
പിന്നീടു നായന്മാർ തൻപന്തിയിൽ
വള്ളത്തോൾക്കും കുഞ്ഞിരാമനും ഗോവിന്ദനും
വിലക്കീയതിൻ ബാക്കി .
(ഉദാത്തം 1974)
എന്നാൽ താങ്കൾക്ക്
തരുന്നീല ഞാൻ
ഈ വീടിനുള്ളം.
(കച്ചവടം 1984)
ഇടപെടൽ മുറുകുമ്പോൾ ആറ്റൂർ നിലതെറ്റി എഴുന്നേല്ക്കുന്നു, ഉറയുന്നു.
"അങ്ങനെയൂരും പേരും നാരും
നീക്കി, മെലിഞ്ഞൊരു ചന്ത
പ്പെണ്ണായ നിഘണ്ടു
നിങ്ങടെ കൈകളിലെത്തുന്നു: ദല്ലാളാകുന്നു ഞാൻ". (ദല്ലാൾ)
ആദിമ ദ്രാവിഡ പഴമയുടെ തോറ്റം എല്ലാ ഊരിലും ഉണ്ട്. അത് ആറ്റൂരിലും ഉണ്ട്.
"നാട്ടിൻപുറങ്ങൾ, കമ്പോളങ്ങൾ, വെളിയിടങ്ങളൊന്നാ-
യിരിപ്പിന്നുറപ്പുകളെല്ലാമിളകി,
വെളിവറ്റു നിലവിളിക്കുന്ന നെടുംപാതയല്ല;
കടത്തൊണ്ടയിൽ വടുകെട്ടിയ
പഴം ചീരിന്റെ പൊട്ടു പോലീ വഴി"
(പോംവഴികൾ 1994)
എം.ഗോവിന്ദനെപ്പോലെ മലയാള നാട്ടുപഴമ ആറ്റു രും മലയാള കവിതയിൽ നിറവേറ്റുന്നു. ദക്ഷിണേന്ത്യൻ ഗോത്ര വീര്യവും ഭൂപട സംസ്ക്കാരവും ശൈവ പ്രകൃതിയും അലിഞ്ഞുചേർന്നതാണ് ആറ്റൂർക്കവിത.
" അന്ധർ നിൻ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിൻ വാലിൽ
രോമം കൊണ്ടൊരു മോതിരം "
(മേഘരൂപൻ)


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group