
കോഴിക്കോട് : "സന്തോഷം...ഇന്ത്യക്കുവേണ്ടി ഇറങ്ങാനായതുതന്നെ
സന്തോഷം, ഒപ്പം മെഡലുകൂടി കിട്ടിയതോടെ ഡബിൾ സന്തോഷം". സൗദി അറേബ്യയിലെ ദമാമിൽ നടന്ന അണ്ടർ-18 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ വെള്ളി നേടിയ കോഴിക്കോട് സ്വദേശി ദേവക് ഭൂഷണിന്റെ വാക്കുകളിൽ അഭിമാനം. ദേശീയതലത്തിൽ ഇതിനകം ഒട്ടേറെ മെഡലുകൾ നേടിയ ദേവകിൻ്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ദമാമിലേത്.
"ചെറിയ വ്യത്യാസത്തിലാണ് സ്വർണം നഷ്‌ടമായത്. സാധാരണ ചാടുന്ന ഉയരമായിരുന്നു അത്. ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കിൽ സ്വർണംതന്നെ കിട്ടുമായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു. കാലാവസ്ഥ വളരെ മോശമായിരുന്നു. കാറ്റ് എതിരായിട്ടായിരുന്നതിനാൽ ചാടാൻ ഏറെ ബുദ്ധിമുട്ടി" -ദേവക് പറയുന്നു. 2.03 മീറ്ററാണ് ദേവക് ചാടിയത്. ഒന്നാംസ്ഥാനം നേടിയ കുവൈറ്റ് താരം ചാടിയത് 2.05 മീറ്ററും. സൗദിയിൽനിന്ന് ന്യൂ ഡൽഹിയിലെത്തിയതേയുള്ളൂ ദേവക് ഞായറാഴ്ചയേ വീട്ടിലേക്ക് മടങ്ങു.
ഭുവനേശ്വറിൽ നടന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലോടെയാണ് ദേവക് സൗദിക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാമത്തെ മെഡലായിരുന്നു അത്. ഇന്ത്യൻ ടീമിനൊപ്പമാണ് പോയത്. പോകുന്നതിന് രണ്ടാഴ്‌ച മുൻപ് 15 ദിവസം ബംഗളൂരുവിൽ പരിശീലനമുണ്ടായിരുന്നു.
ചേവായൂർ ഭാരതീയ വിദ്യാഭവനിൽ പ്ലസ്‌ടു വിദ്യാർഥിയായ ദേവക് ഒട്ടേറെ സിബിഎസ്ഇ ദേശീയ അത്ലറ്റിക് ചാമ്പ്യൻഷിപ്പുകളിലും തിളക്കമാർന്ന പ്രകടനം നടത്തിയിട്ടുണ്ട്. ചെറുപ്പത്തിൽ സ്പോർട്സിൽ അത്രയൊന്നും ശ്രദ്ധിച്ചിരുന്നില്ല. സ്കൂളിലെ കായികാധ്യാപകനായ ധർമവ്രതനാണ് മറ്റ് കായിക ഇനങ്ങളിൽനിന്ന് ദേവകിനെ ഹൈജമ്പിലേക്ക് തിരിച്ചുവിട്ടത്. നല്ല ഉയരമുള്ളത് ദേവകിന് നേട്ടമാകുമെന്ന അദ്ദേഹത്തിൻറെ നിഗമനം തെറ്റിയില്ല. ധർമവ്രതന്റെ പരിശീലനത്തിൽ ദേവക് നേട്ടങ്ങൾ ഓരോന്നായി സ്വന്തമാക്കി.
മെഡലുകൾ കിട്ടാൻ തുടങ്ങിയതോടെയാണ് താത്പര്യം കൂടിയത്. പരിശീലനം ജീവിതത്തിന്റെ ഭാഗമായി. കോഴിക്കോട് മെഡിക്കൽകോളേജ് ഗ്രൗണ്ടിലാണ് പരിശീലനം. മൂന്നുവർഷംമുൻപ് യൂട്യൂബിൽ നോക്കിയാണ് ഹൈജമ്പിലെ ഫോസ്ബെറിഫ്ലോപ്പ് പാടുന്നതിൻ്റെ ടെക്‌നിക് പഠിച്ചതെന്ന് ദേവക് പറഞ്ഞു. എന്നാൽ, ഇപ്പോഴും അതു കൃത്യമായി പഠിക്കാനായിട്ടില്ല. ഹൈജമ്പിൽ വിദഗ്ധ പരിശീലനം നൽകാൻ കഴിയുന്ന ഒരു പരിശീലകനില്ലാത്തതാണ് കാരണം.
ഫിറ്റ്നസ് മുതലായ കാര്യങ്ങളെല്ലാം ഇപ്പോഴും സ്‌കൂളിലെ കായികാധ്യാപകൻ തന്നെയാണ് നോക്കുന്നത്. പ്ലസ്ടു കഴിഞ്ഞ് ഇത്തരം പരിശീലനം നൽകുന്ന എവിടെയെങ്കിലും ചേർന്ന് പഠിക്കാനാണ് ദേവകിൻ്റെ തീരുമാനം.
ദേവക് ഭൂഷന്റെ നേട്ടം സ്കൂളിന് അഭിമാനനിമിഷമാണ്. എല്ലാകുട്ടികൾക്കും പ്രചോദനം നൽകുന്നതാണ് ദേവകിൻ്റെ നേട്ടം. ദേവകിനെപ്പോലുള്ള കുട്ടികൾ സ്കൂളിന് മാതൃകയാണ്.
സുജാതാ രാജഗോപാൽ
പ്രിൻസിപ്പൽ, ഭാരതീയ വിദ്യാഭവൻ സ്കൂൾ
അധ്യാപനജീവിതത്തിലെ ഏറ്റവും സന്തോഷംതോന്നിയ നിമിഷമാണ്. ആറുവർഷമായി എന്നോടൊപ്പം വർക്കൗട്ട് ചെയ്യുന്ന കുട്ടിയാണ്. കഠിനാധ്വാനിയാണ്. കഴിഞ്ഞ നാലുവർഷമായി സംസ്ഥാന ചാമ്പ്യനാണ്. -16 നാഷണൽ ചാമ്പ്യനായി. ആദ്യ അന്താരാഷ്ട്രമത്സരത്തിൽത്തന്നെ മെഡലും നേടി. ഒരുപാട് സന്തോഷം.
ധർമവ്രതൻകായികാധ്യാപകൻ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group