
കടത്തനാട്ടിൽ നിന്നുയർന്ന
സ്ത്രീ പക്ഷ ശബ്ദം.....;
സത്യൻ മാടാക്കര .-
സ്ത്രീ സംഘടനകളും വനിതാവേദികളും രൂപം കൊണ്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിലാണ് പുറമ്പോക്കിലായ സ്ത്രീയുടെ വേദനകളെ തന്റേതാക്കി മാറ്റി കടത്തനാട്ട് മാധവിയമ്മ എഴുതിത്തുടങ്ങിയത്. ഇന്നിപ്പോൾ സ്ത്രീയെഴുത്ത്വലിയൊരു പ്രസ്ഥാനമായിക്കഴിഞ്ഞ കേരളത്തിൽ സ്ത്രീ രചന മുഖ്യധാരാ സാഹിത്യവുമായി ഒത്തുവരുന്നെങ്കിലും പുരുഷാധിപത്യവും സവർണ്ണതയും നിലനിന്ന സാമൂഹ്യതലത്തിൽ നിന്ന് രൂപപ്പെട്ട അവരുടെ കവിതകൾ നിസ്സാരമായി കണ്ടു കൂടാ.
സ്ത്രീ പ്രസ്ഥാനങ്ങളൊന്നും ഉയർന്നുവന്നിട്ടില്ലാത്ത കാലത്ത്" പാവ നീ പാവന ലാവണ്യമേ" എന്നു പാടിയ കടത്തനാട്ടു മാധവിയമ്മയുടെ കാവ്യ സപര്യ ഇനിയും വേണ്ടവിധത്തിൽ വിലയിരുത്തപ്പെട്ടിട്ടില്ല.
"പാവന സ്ത്രീത്വമേ, ജീവിത സൗന്ദര്യം
പൂവിടും പുത്തൻ പുലരി യിങ്കൽ,
വീത വികാരയായ് വിൽക്കപ്പെടുന്നു നീ .
അന്യന്റെ ചിന്തകൾ, അന്യന്റെ ആശകൾ
അന്നുമുതൽ നിനക്കാവരണം.
പൂജിത പോലും നീ ! കെട്ടിച്ച മയിച്ച
പാവ നീ പാവന ലാവണ്യമേ!"
ഈ കവിതയെക്കുറിച്ച് സ്ത്രീകളുടെ അരക്ഷിതാവസ്ഥ ഇത്രയും വ്യക്തമായി ചിത്രീകരിച്ച കവിത മലയാളത്തിൽ ഏറെ ഇല്ല എന്ന് എം.ഗോവിന്ദൻ എഴുതി. ഗ്രാമീണ യുവതികളുടെ വേദനയും കഷ്ടപ്പാടും നേരിട്ടറിഞ്ഞ മാധവിയമ്മ പുരുഷന്മാരുടെ ലോകത്തിലേക്ക് വിൽക്കപ്പെടുന്നവളുടെ ജീവിതവുമായി വന്ന് ശരികൾ ബോധ്യപ്പെടുത്തുകയായിരുന്നു.
"എന്തിനീ ഭാണ്ഡക്കെട്ടെന്നേകാന്ത യാത്രക്കാരീ
ഹന്ത! നിൻ മുതുകെല്ല് തൂന്നു പോയല്ലോ തീരേ !
അന്തിയാകുന്നു നേരം, താവളം സുവിദൂരം കണ്ടകാകീർണം മാർഗം,
പാതയോ നിമ്ന്നോന്നതം
അഴിഞ്ഞു കിടക്കുമീ മാറാപ്പിൽ തന്നെ
മിഴിയും നട്ടെന്തു നീയിരിപ്പൂ യാത്രക്കാരി?"
എന്നു മാത്രമല്ല കേരളീയ ഗ്രാമത്തെക്കുറിച്ചും ഓണത്തെക്കുറിച്ചും മഹാബലി, ഗാന്ധിജി, പാവപ്പെട്ട തൊഴിലാളി സ്ത്രീകൾ എന്നിവരെക്കുറിച്ചും അവർ പാടി സ്വന്തം കാവ്യ ശില്പത്തിൽ നിന്നു.ആ നില്പിന്റെ തന്റേടമാണ് ആ കവിതകളുടെ ഉൾ ശക്തി .
"ആടുക പാടുക ചങ്ങാതീ
ഓണത്തപ്പന്റെ പുന്നാരം
നാകം നാട്ടിലിറങ്ങട്ടെ
നാളുകൾ മിന്നിത്തെളിയട്ടെ
പൂവും വിളിയും പൊലിയെട്ടെ
കേരളമൊന്നായ് വളരട്ടെ"
(ഓണത്തപ്പൻ)
" ഒക്കത്തിരുന്നു കരഞ്ഞു കൂവും
നഗ്ന യാഥാർത്ഥ്യത്തെ തച്ചുറക്കി
തുമ്മാൻ ചമച്ചും തെറി പറഞ്ഞും
കയ്യാഗ്യം കാട്ടിയും പോകുവോളേ
നീയാണോ ഭാരത ഭാഗ്യലക്ഷ്മി?
മോനാണോ ഭാരത ഭാവി പൗരൻ?"
(കാടപ്പറവകൾ)
ഇങ്ങനെ വിലക്കുകളും മാറാലകളും തൂത്തെറിഞ്ഞുള്ള വാങ്മയങ്ങൾ മാധവിയമ്മയുടെ നിരവധി കവിതകളെ ദൃഢമാക്കുന്നു. പ്രൗഢവും ശക്തവും സത്യസന്ധവുമായ ആ ശബ്ദം കാവ്യലോകത്ത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. വരും പഠനങ്ങൾ ആ നിലയ്ക്കുണ്ടാവും എന്നതിൽ സംശയമില്ല .
മാധവിയമ്മയുടെ കവിതകൾക്ക് ഏറെ ആ ഭിമുഖ്യം വള്ളത്തോൾ കവിതകളോടാണ്. ദേശീയ ബോധം, ദ്രാവിഡ ഛന്ദസ്സ്, ഗാന്ധിസം, വടക്കൻ പാട്ടുകൾ, വിവേകാനന്ദസൂക്തങ്ങൾ എന്നിവയുടെ സ്വാധീനം കവിതകളിൽ കാണാം. മേലാളരുടെ പാരമ്പര്യത്തേക്കാൾ കീഴാളരുടെ വയലും വായ്ത്താരിയും അവരെ ഏറെ ആകർഷിച്ചിരുന്നു. സ്വന്തമായ കാവ്യശില്പത്തിലൂടെ തനിക്ക് പറയാൻ ഉള്ളത് ധീരമായി പറയുക ചില്ലറക്കാര്യമല്ല.
ഞാറു നട്ടേറുന്ന പെണ്ണങ്ങൾ തന്റെ വായ് -
ത്താരിയിൽ പുഞ്ചപ്പുതു നിലത്തിൽ,
നീയിന്നും ജീവിപ്പൂ ഭാരത സ്ത്രീകൾ തൻ
ഭാവ വിശുദ്ധിയായ്, ഭാഗ്യമായി ( മലയാളി മങ്ക)
കടത്തനാട്ടിന്റെ സ്വന്തം പാട്ട് തച്ചോളിപ്പാട്ടും, പുത്തൂരം പാട്ടും അവരെ നന്നായി സ്വാധീനിച്ചിരുന്നു. അതിനെ ക്കുറിച്ച്
" പാടത്ത് നാട്ടിപ്പാട്ടിന്നീണമുണ്ടായിരുന്നു
കാടിന്റെ സംഗീതം പോൽ, നാടിന്റെ കിന്നാരം പോൽ
കരിച്ച പായും വരെയപ്പാട്ടുകേൾക്കാ, മതിൽ -
ലയിച്ചില്ലെങ്കിൽ പിന്നെ ദിവസത്തിനെന്തർത്ഥം. "
( മായക്കാഴ്ച )
എന്നാണവരുടെ ചോദ്യം.
പതിനൊന്നാമത്തെ വയസ്സിൽ പി.വി. കൃഷ്ണവാര്യരുടെ കവനകൗമുദിയിൽ മാധവിയമ്മയുടെ ആദ്യ കവിതയായ "കൃഷ്ണാർജ്ജുനവിജയം " പ്രസിദ്ധപ്പെടുത്തി. അക്കാലത്ത് ബാലാമണിയമ്മ, മുതുകുളം പാർവ്വതിയമ്മ, ലളിതാംബികാ അന്തർജ്ജനം, ഓമനയമ്മ, തലശ്ശേരി ക്കാരിയായ കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ, എന്നിവരും മാധവിയമ്മക്കൊപ്പം കവനകൗമുദിയിൽ എഴുതായി രുന്നു. കവിത പോലെ ഗദ്യത്തിൽ എഴുതിയ "തച്ചോളി ഒതേനൻ" എന്ന കൃതിയാണ് അവരെ പ്രശസ്തയാക്കിയത്. ഡോ.സുകുമാർ അഴീക്കോട്" മുത്തച്ഛന്റെ കണ്ണുനീർ " എന്ന കവിതാ സമാഹാരത്തിന് എഴുതിയ അവതാരികയിൽ രേഖപ്പെടുത്തിയത് പോലെ " കവിതയ്ക്കു പ്രായമില്ല, കവി ഹൃദയത്തിനുമില്ല" എന്നു തെളിയിക്കുന്നവയാണ് കടത്തനാട്ട് മാധവിയമ്മയുടെ കവിതകൾ





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group