
തൃശ്ശൂർ: കേരളത്തിൻ്റെ സാമൂഹിക-സാഹിത്യ മണ്ഡലങ്ങളെ ഉഴുതുമറിച്ച ആദ്യ രാഷ്ട്രീയനാടകമായ പാട്ടബാക്കി, പിറവിയെടുത്ത അതേ മണ്ണിലെ അരങ്ങിൽ വീണ്ടുമെത്തുന്നു. സിപിഐയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് 88 വർഷങ്ങൾക്കിപ്പുറം ഗുരുവായൂരിനടുത്ത വൈലത്തൂരിൽ ഒരിക്കൽക്കൂടി നാടകത്തിന് വേദിയൊരുങ്ങുന്നത്.
1937-ൽ വൈലത്തൂരിൽനടന്ന പൊന്നാനി താലൂക്ക് കർഷകസമ്മേളനത്തിലാണ് ആദ്യമായി 'പാട്ടബാക്കി' രംഗത്തെത്തിയത്. കെ. ദാമോദരനും ഇ.എം.എസും കൊടമന നാരായണൻ നായരുമുൾപ്പെടെയുള്ള നേതാക്കൾ സമ്മേളനത്തിന്റെ നടത്തിപ്പിനെക്കുറിച്ച് കടലായി മനയിലിരുന്ന് ചർച്ചചെയ്യുകയായിരുന്നു.
കർഷകരെ ആകർഷിക്കാൻ നാടകമോ മറ്റേതെങ്കിലും കലാപരിപാടിയോ ആയാലോ എന്ന ചോദ്യം ആദ്യംവന്നത് കെ. ദാമോദരനിൽനിന്നാണ്. എന്നാൽ, തനിക്കൊരു നാടകമെഴുതിക്കൂടേ എന്നായിരുന്നു ഇ.എം.എസിൻ്റെ മറുചോദ്യം. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാവണമെന്ന നിർദേശവും പിന്നാലെയെത്തി.
മനയിലെ സുഹൃത്ത് നൽകിയ നോട്ടുബുക്കിൽ രണ്ടുദിവസംകൊണ്ട് എഴുതിയ നാടകം ദാമോദരൻതന്നെ സംവിധാനംചെയ്‌തു. തൊട്ടടുത്തവർഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നതോടെ നാടാകെ നാടകം ചർച്ചയായി.
നാടകം മാറ്റമൊന്നുംവരുത്താതെ രംഗത്തെത്തിക്കാനാണ് വൈലത്തൂരിലെ കൊടമന സ്മാരക വായനശാലാ പ്രവർത്തകരുടെ തീരുമാനം. മേയ് 17-നാണ് ആദ്യവതരണം. ഞമണേങ്ങാട് തിയേറ്റർ വില്ലേജും വടക്കേക്കാട് അരങ്ങ് തിയേറ്ററും നേരത്തേ നാടകം പുനരാവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും വൈലത്തൂരിലെ അരങ്ങെന്ന സവിശേഷതയാണ് പുതിയ പരിശ്രമത്തിനുപിന്നിലെന്ന് സംവിധായകൻ ബാബു വൈലത്തൂർ പറഞ്ഞു.
കിട്ടിയത് പ്രതീക്ഷിക്കാത്ത സ്വീകാര്യത
"നാടകം അസ്സലായി. മറ്റുതാലൂക്കുകളിലും ഈ നാടകം കളിക്കണം" -നാടകമവസാനിച്ചയുടൻ ഇ.എം.എസ്. അഭിപ്രായപ്പെട്ടു. അപ്പോഴാണ് നാടകത്തിന്റെ കോപ്പി എൻ്റെ കൈയിലില്ലെന്നോർമ്മ വന്നത്. നോട്ടുപുസ്തകത്തിൽനിന്ന് പലർക്കുമായി ചീന്തിക്കൊടുത്ത കടലാസുകഷണങ്ങൾ മടക്കിവാങ്ങി. നാടകമാകെ മാറ്റിയെഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് അയച്ചുകൊടുത്തു
(പാട്ടബാക്കി'യുടെ ഏഴാംപതിപ്പിന് കെ. ദാമോദരൻ എഴുതിയ മുഖവുരയിൽനിന്ന്)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group