പാർശ്വവൽക്കരിക്കപ്പെട്ട സംസ്കാര സങ്കലനം :സത്യൻ മാടാക്കര .

പാർശ്വവൽക്കരിക്കപ്പെട്ട സംസ്കാര സങ്കലനം :സത്യൻ മാടാക്കര .
പാർശ്വവൽക്കരിക്കപ്പെട്ട സംസ്കാര സങ്കലനം :സത്യൻ മാടാക്കര .
Share  
സത്യൻ മാടാക്കര എഴുത്ത്

സത്യൻ മാടാക്കര

2025 Apr 13, 11:32 PM
PABNDA TOP

പാർശ്വവൽക്കരിക്കപ്പെട്ട

സംസ്കാര സങ്കലനം

:സത്യൻ മാടാക്കര .


മധ്യകാലഘട്ടത്തിൽ മുഗൾ കാലത്ത് നിലനിന്നിരുന്ന ഇസ്‌ലാം സംസ്കൃതി ഇന്ത്യൻ ദേശീയതയുമായി മതത്തിനപ്പുറം നിലനിർത്തിയ പാരസ്പര്യം പഠിച്ചെടുക്കുമ്പോൾ ഒരു പാട് സത്യങ്ങൾ തിരിച്ചറിയാനാകും. അത്തരത്തിലുള്ള നിരീക്ഷണം ജനാധിപത്യ ഇന്ത്യയിൽ പ്രസക്തി ഉള്ളതിനാലാണ് ഇതെഴുതുന്നത്.

ഇസ്‌ലാം - അറബ് പാരമ്പര്യം പറയുമ്പോൾത്തന്നെ അതിനിടയിലെ പേർഷ്യൻ കച്ചവട ആഭിമുഖ്യം വിശദമായി എഴുതിക്കാണുന്നില്ല.

എഡി 3,4,5,നൂറ്റാണ്ടുകളിൽ തുടങ്ങിയ വാണിജ്യ ബന്ധങ്ങൾ പരിശോധിച്ചാൽ ഇന്ത്യയുടെ സുഗന്ധദ്രവ്യങ്ങൾ, മലഞ്ചരക്കുകൾ മധ്യേഷ്യയുടെ പല ഭാഗത്തും അറബികൾ വഴി എത്തിപ്പെട്ടത് അറിയാനാകും.

അതോടൊപ്പം തന്നെ ഇതിഹാസങ്ങൾ, ഭഗവത് ഗീത, ആയുർവ്വേദ ഗ്രന്ഥങ്ങൾ, ഗണിത ശാസ്ത്രം എന്നിവ പേർഷ്യൻ - അറബ് ബന്ധങ്ങളിലൂടെ മധ്യേഷ്യ മുഴുവൻ പ്രചരിച്ചു.

ഇന്ത്യ സന്ദർശിച്ച പല സഞ്ചാരികളുടെയും ചരിത്ര വിവരണത്തിൽ അറേബ്യൻ നാടും ഇന്ത്യയും ചേർന്ന കൊടുക്കൽ വാങ്ങലിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്.

ഹാറൂൺ അൽ റഷീദിന്റെ കാലത്ത് നിരവധി സംസ്കൃത ഗ്രന്ഥങ്ങൾ അറബിയിലേക്കും പേർഷ്യനിലേക്കും മൊഴിമാറ്റം നടത്തപ്പെട്ടിട്ടുണ്ട്. ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം, സിദ്ധ കോശം തുടങ്ങിയ ആയുർവേദ കൃതികളൊക്കെ അറബി പണ്ഡിതന്മാരും വൈദ്യന്മാരും അറബിയിലേക്ക് പരിഭാഷപ്പെടുത്തി. സംസ്കൃതവും അറബിയും അങ്ങോട്ടുമിങ്ങോട്ടും രണ്ട് സംസ്കാരങ്ങളെ നോക്കിക്കണ്ടു. വിജ്ഞാനത്തിന്റെ വിശാലതയിലേക്ക് 13-ാം നൂറ്റാണ്ടിന്റെ ഒടുവിലത്തെ കാലങ്ങളിൽ വടക്കേ ഇന്ത്യയിലെ ചരിത്രരേഖകൾ പരിശോധിച്ചാൽ കൊടുക്കൽ വാങ്ങലിന്റെ വലിയ ചിത്രം കാണാനാവും.

അക്കാലത്തെ ഇന്ത്യൻ വാസ്തുശില്പ കലകളിലൊക്കെ അറബ്-പേർഷ്യൻ ശൈലികളുടെ സ്വാധീനമുണ്ട്.

ചിത്രകലയിൽ മധ്യേഷ്യൻ - പേർഷ്യൻ സ്വാധീനം നന്നായിത്തന്നെ കാണുന്നു. ഇന്ത്യൻ സാഹിത്യം ഉറുദുവിലൂടെ ഒരു കുതിച്ചുചാട്ടം തന്നെ നടത്തി. തത്ത്വചിന്തയിൽ സൂഫികളുടെ സ്വാധീനം ഭക്തി പ്രസ്ഥാനം കൊണ്ടുവന്ന ദർശനത്തിലൂടെ അറിയാനാകും.

" ആദ്യകാല മുസ്‌ലീം കാലഘട്ടത്തിൽ ഇന്ത്യക്കാരെ സിവിൽ സൈനിക ഉദ്യോഗങ്ങളിൽ നിയമിച്ചിരുന്നു.

നാണയങ്ങളടിച്ചിരുന്നത് ഒരു പുറത്ത് അറബിയും മറുപുറത്ത് സംസ്കൃതവും രേഖപ്പെടുത്തിക്കൊണ്ടാണ്........ ഷിഹാബുദ്ദീൻ മുഹമ്മദ് ഗോറിക്ക് ഹിന്ദുക്കളുമായി വിവാഹ ബന്ധമുണ്ടായിരുന്നു. ഇബ്നു ബത്തൂത്തയുടെ അഭിപ്രായമനുസരിച്ച് മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ ചില ഹിന്ദു ചടങ്ങുകൾ സ്വീകരിച്ചിരുന്നു. സുൽത്താനേറ്റുകളുടെ കാലഘട്ടത്തിൽ മുസ്‌ലീം പണ്ഡിതന്മാർ ഹിന്ദു പണ്ഡിതന്മാരിൽ നിന്നും സംസ്കൃതവും ഇന്ത്യൻ തത്വചിന്തയും പഠിച്ചിരുന്നു. ഇന്തോ-പേർഷ്യൻ ചരിത്രകാരനായ ബദൂനി (1540-1615) യുടെ അഭിപ്രായത്തിൽ സിക്കന്ദർ ലോധിയുടെ ഭരണകാലത്ത് ഒരു മുസ്‌ലീം വിദ്യാർഥിക്ക് ഇസ്ലാമിക നീതിന്യായ സമ്പ്രദായം പഠിപ്പിച്ചു കൊടുത്തത് ഒരു ബ്രാഹ്മണ പണ്ഡിതനാണ്..

ഇന്ത്യൻ കച്ചവടം നൈൽ പ്രദേശത്തിന് ആനക്കൊമ്പും സ്വർണ്ണവും സുഗന്ധ വ്യഞ്നങ്ങളും പുളിമരത്തടിയും ചന്ദനവും കുരങ്ങുകളും ഇന്ത്യൻ സവിശേഷതകളുള്ള മറ്റ് ചെടികളും മൃഗങ്ങളുമെല്ലാം ലഭ്യമാക്കി. ഈജിപ്തിലെ തുണിത്തരകൈവേലക്കാർ അവരുടെ തുണി ഹിന്ദു നീലം കൊണ്ട് ചായം മുക്കായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു.

ഹിന്ദു കപ്പലുകൾ ഇന്ത്യൻ ചരക്കുകൾ അറേബ്യൻ തുറമുഖങ്ങളിലേക്കെത്തിച്ചു.

പുൺട് ദേശങ്ങളിലേക്ക് . അവിടെ നിന്നവ ലുക്സോർ, കർണക്, മെംഫിസ് എന്നിവടങ്ങളിലേക്ക് കയറ്റിക്കൊണ്ടുപോയി.

ഏറെക്കുറെ ബി.സി.3000 കാലഘട്ടത്തിൽത്തന്നെ ഹിന്ദുക്കൾ യുഫ്രട്ടീസിന്റെ കരയിലുള്ള ഉർ എന്ന കാൽദിയൻ പട്ടണത്തിൽ തേക്കു തടികൾ നല്കിയിരുന്നു. ഈജിപ്ത് കാരെപ്പോലെ, അസീറിയന്മാരും ഇന്ത്യയിൽ നിന്നും തങ്ങൾക്ക് മസ്ലിൻ ലഭ്യമാക്കിയിരുന്നു.

പച്ചക്കറി നൂല്, അഥവാ പരുത്തി, ഹിന്ദു കച്ചവടക്കാർ ലോകത്തിനു നല്കിയ ഏറ്റവുമാദ്യത്തെ സമ്മാനങ്ങളിലൊന്നായിരുന്നു. "

(അറിയപ്പെടാത്ത പൗരസ്ത്യ ലോകം മറച്ചുവെയ്ക്കപ്പെട്ട സത്യങ്ങൾ -.

ഡോ.ആരിഫ് അലി കൊളത്തെക്കാട്ട് :ചിന്ത പബ്ലിഷേഴ്സ്) 

മുഗൾ കാലഘട്ടത്തിലെ ചില സവിശേഷതകൾ ഡോ..എൻ.വി.പി. ഉണിത്തിരി ഇങ്ങനെ വിലയിരുത്തുന്നു.

" ക്ഷേത്രാക്രമണങ്ങൾ മുസ്‌ലിം രാജാക്കന്മാരെന്ന പോലെ ഹിന്ദു രാജാക്കന്മാരും നടത്തിയിട്ടുണ്ട്.

സാമ്പത്തികമോ രാഷ്ടീയമോ ആയ കാരണങ്ങളാണ് മിക്ക ക്ഷേത്രാക്രമണങ്ങളെയും പിന്നിൽ.

വളരെ ചുരുക്കം സംഭവങ്ങളിലെ മതത്തിന്റെ പങ്കുള്ളു. ഗോവധ നിരോധനം ആവശ്യപ്പെടുന്നതിന്റെ പിന്നിൽ മുസ്‌ലീം - ക്രിസ്ത്യൻ മതവിദ്വേഷം പരത്തുക എന്ന ലക്ഷ്യമാണ്.

വാസ്തവത്തിൽ, പണ്ടു മുതൽക്കേ വൈദിക ബ്രാഹ്മണ്യമുൾപ്പെടെയുള്ള ഹിന്ദുക്കൾ ഗോവധമാംസ മടക്കം ഭക്ഷിച്ചിരുന്നു.

ഇന്നും കാശ്മീരിലും ആസമിലും ബംഗാളിലും ആ പതിവുണ്ട്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ചെലവു കുറഞ്ഞ ആഹാരമെന്ന നിലയിൽ ഗോമാംസം മിക്കവാറും കഴിക്കുന്നുണ്ട്.

ഹിന്ദു മതത്തിൽ നിലനിന്നിരുന്ന അതിക്രൂരമായ മേൽജാതിമർദ്ദനങ്ങളാണ് മതപരിവർത്തനത്തിന് മുഖ്യ കാരണം.

നിർബന്ധമായിട്ടെന്നതിലേറെ അത് സ്വമേധയാ ആണെന്നും വേണം പറയാൻ. സ്വാമി വിവേകാനന്ദൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

"ഭാരതത്തിലെ പാവങ്ങളുടെ ഇടയ്ക്ക് ഇത്ര വളരെ മുഹമ്മദീയരുള്ളതെന്ത്? വാളുകൊണ്ട് മതം മാറ്റപ്പെട്ടവരാണെന്നു പറയുന്നത് അസംബന്ധം.സെമീന്ദാർമാരിൽ നിന്നും പുരോഹിതന്മാരിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിനായിരുന്നു അവർ മതം മാറിയത്. അതിന്റെ ഫലമായി ബംഗാളിലെ കൃഷിക്കാരുടെയിടയിൽ ഹിന്ദുക്കളേക്കാളധികം മുഹമ്മദീയരുള്ളതായി കാണാം.കാരണം അവിടെ അത്ര വളരെ വെവീന്ദർ മാരുണ്ടായിരുന്നു.

അടിച്ചമർത്തപ്പെട്ടവരും താണു കിടക്കുന്ന വരുമായ ഈ കോടിക്കണക്കിനാ ളുകളെ ഉയർത്തുന്നതിനെപ്പറ്റി ആര് വിചാരിക്കുന്നു. (v 211)  ".(ഡോ.. എൻ.വി.പി.ഉണിത്തിരി )

എന്തുകൊണ്ട്‌ കേരളത്തിലെ കീഴാള വിഭാഗം മുസ്‌ലീം മതം സ്വീകരിച്ചു എന്ന ചരിത്രപരമായ വിശകലനം നടത്തിയഡോ.ഹുസൈൻ രണ്ടത്താണിയുടെ അന്വേഷണം കൂടി ഇതിനോടൊപ്പം ചേർത്തു വായിക്കാം.


തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ കേരളത്തിലെ ഭൂരിപക്ഷ ജനതക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ച കാലം. പലവിധ ജാതിക്കാരുംപലവിധനിയമങ്ങളുമായികേരളജനതപൊറുതിമുട്ടുകയായിരുന്നു.

സവർണർ നടക്കുന്ന വഴിയിൽ കൂടി സഞ്ചാരം നിഷേധിക്കപ്പെട്ട തീയനും പുലയനും പാണനും പറയനും സഹിക്കേണ്ട പാരതന്ത്ര്യത്തിന്റെ അളവ് കോലുകൾ വേറെ വേറെ.


(മലബാറിലെ സാമൂഹ്യ പരിഷ്ക്കരണത്തിൽ ഇസ്ലാം - ഡോ.ഹുസൈൻ രണ്ടത്താണി.

മുഖാധാര -ത്രൈമാസിക, വാള്യം - 1, ലക്കം 3, 2014 ഒക്ടോബർ,)

സാമുതിരി ക്കൊപ്പം നിന്ന് കുഞ്ഞാലി മരയ്ക്കാരുടെ സൈന്യത്തിൽ അംഗമായി പോർച്ചുഗീസ് അധിനിവേശത്തിനെതിരെ ഏറ്റവും കൂടുതൽ ആൾബലം നല്കിയത് മലബാറിലെ മുസ്‌ലീം സമുദായക്കാരാണ്.

അതിന്റെ പേരിൽ എത്രയോ മനുഷ്യജീവൻ നഷ്ടപ്പെട്ടു.

നിരവധി പള്ളികൾ മലബാർ ഭാഗത്ത് പോർച്ചുഗീസുകാർ തകർത്തു തരിപ്പണമാക്കി.

ക്രിസ്തുവർഷം 1498 മെയ് മാസം 18 ന് വാസ്കോഡിഗാമയുടെ പായക്കപ്പൽ കാപ്പാട് തീരത്ത് എത്തിച്ചേർന്നത് മുതൽ സാമൂതിരിയുടെ അധികാരം പിടിച്ചെടുക്കുവാനും മേലാളിത്തം സ്ഥാപിക്കാനുമാണ് പോർച്ചുഗീസുകാർ ശ്രമിച്ചത്. " 1498 ൽ സാമൂതിരിപ്പാടിനെ കണ്ട് തിരിച്ചു പോയ വാസ്കോ ഡി ഗാമ 1502 - ൽ ഒരു അധികാരസ്ഥന്റെ നിലയിൽ 20 കപ്പലുകൾ നിറയെ പീരങ്കിയും പട്ടാളവുമായി മലബാറിലെത്തി. ആദ്യമായി കോലത്തിരി രാജാവിനെ

കണ്ടു. കോലത്തുനാട്ടിലെ കുരുമുളക് എല്ലാം കണ്ടി ഒന്നുക്ക് 56 ഉറപ്പികയ്ക്ക് വാങ്ങിക്കൊള്ളാമെന്നും കരാർ ചെയ്തു. പിന്നീട് കോഴിക്കോട് ചെന്ന് സാമൂതിരിപ്പാടിനോട് കോഴിക്കോട്ടെ കുരുമുളക് വ്യാപാരികളായ എല്ലാ മുസ്ലീംങ്ങളെയും ഹിന്ദുക്കളെയും കച്ചവടം നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ അതിന് സാമുതിരിപ്പാട് വഴങ്ങിയില്ല. ഈർഷ്യയാൽ മതി മറന്ന ഗാമ തന്റെ കപ്പുകളിൽ തടവുകാരായി വെച്ചിരുന്ന 34 മാപ്പിളമാരെ കൊല്ലുകയും അവരുടെ കൈ കാലുകൾ അറുത്ത് തോണിയിൽ കയറ്റി കോഴിക്കോട് കടപ്പുറത്ത് വലിച്ചെറിയുകയും ചെയ്തു. കഴുകുകളും പരുന്തുകളും ചീഞ്ഞളിഞ്ഞ ആ കൈകാലുകൾ കൊത്തിയെടുത്ത് പറന്ന് നാടെങ്ങും കൊണ്ടിട്ടു. അതിനാൽ കോഴിക്കോട് തളിയോട് അടുത്തുള്ള ക്ഷേത്രങ്ങളിൽ കുറേ നാളത്തേയ്ക്ക് പൂജ പോലും മുടങ്ങിയത്രേ.!"

( ചിറയ്ക്കൽ ടി.ബാലകൃഷ്ണൻ നായർ )

പോർച്ചുഗീസുകാർ കേന്ദ്രീകൃത ആക്രമണം നടത്തിയ ഒട്ടനവധി സ്ഥലങ്ങൾ കോഴിക്കോട് മുതൽ മംഗലാപുരം വരെയുള്ള ഇടനാടുകളിൽ ധാരാളമായി ഉണ്ട്. അതൊന്നും നമ്മുടെ മുഖ്യധാരാ ചരിത്ര പഠനങ്ങളിൽ വന്നിട്ടില്ല. അക്കൂട്ടത്തിൽ ഒരുപാട് നാശനഷ്ടം സംഭവിച്ച പ്രദേശമാണ്ചോമ്പാൽ കുഞ്ഞിപ്പള്ളി. കുഞ്ഞിപ്പള്ളിയെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ ഇങ്ങനെ എഴുതുന്നു. " പോർച്ചുഗീസ് ആക്രമണം ചോമ്പാലിനെ സാരമായി ബാധിച്ചിരുന്നു. അവരുടെ കടന്നുവരവ് ഇവിടത്തെ മുസ്‌ലിം അധിവാസത്തെ പൂർണമായും തകർത്തുകളഞ്ഞു. ചോമ്പാലിൽ മാത്രമല്ല, പരിസരങ്ങളായ തലശ്ശേരി, മാഹി, വടകര തുടങ്ങിയ ഭാഗങ്ങളിലെല്ലാം അവർ അക്രമ താണ്ഡവമാടി. പോർച്ചുഗീസ് ആഗമന കാലത്ത് കുഞ്ഞിപ്പള്ളിയും പരിസരങ്ങളും സാമൂതിരിയുടെ കീഴിലായിരുന്നു. ഇക്കാലത്ത് ചോമ്പാൽ കുഞ്ഞിപ്പള്ളിയും, അഴിയൂരും ശക്തമായ മുസ്‌ലീം അധിവാസകേന്ദ്രങ്ങളായിരുന്നു. കോഴിക്കോട് കോട്ടക്കലിനും, കണ്ണൂർ ധർമ്മടത്തിനുമിടയിൽ കുഞ്ഞാലി മരയ്കാരുടെ നേതൃത്വത്തിൽ സാമൂതിരിപ്പടയും ഗാമയുടെ നേതൃത്വത്തിൽ പോർച്ചുഗീസുകാരും ശക്തമായ ഏറ്റുമുട്ടലുകൾ നടന്നു. കോട്ടക്കലിനും ധർമ്മടത്തിനും ഇടയിലുള്ള ചോമ്പാൽ പ്രദേശത്തു വലിയ നാശനഷ്ടങ്ങൾ ഉണ്ടാവാൻ ഇത് നിമിത്തമായി. പോർച്ചുഗീസുകാർ ഈ നാടിനെ ചുട്ടെരിച്ചു..........

സാമൂതിരിയുടെ പടനായകനായിരുന്ന കുഞ്ഞാലി മരയ്ക്കാന്മാർക്ക് പോരാട്ട വീര്യം പകർന്നു നല്കിയിരുന്ന ആത്മീയ ഗുരുക്കളായിരുന്നു മഖ്ദൂമുമാർ. അവരിൽ പ്രധാനികളായ രണ്ടു പേരും ഉണ്ടായിരുന്നത് കുഞ്ഞിപ്പള്ളി ചോമ്പാലിലായിരുന്നു. സാമൂതിരിയുടെ കൊട്ടാരം ഉപദേശകനായിരുന്നു മഖ്ദൂം രണ്ടാമൻ. പോർച്ചുഗീസുകാരുടെ ഉറക്കം കെടുത്തിയിരുന്ന കുഞ്ഞാലി മരയ്കാറെ രാഷ്ട്രത്തിനു വേണ്ടി ഉപയോഗപ്പെടുത്തേണ്ട രീതികളും മറ്റും സാമൂതിരിക്ക് പറഞ്ഞു കൊടുത്തിരുന്നത് മഖ്ദൂമായിരുന്നു. അങ്ങനെ കുഞ്ഞാലി മരയ്കാരുടെ നാവിക സേനയിൽ വരെ കുഞ്ഞിപ്പള്ളി പ്രദേശവാസികളുണ്ടാവാം...... മുസ്‌ലീംകൾ തിങ്ങിപ്പാർത്തിരുന്ന ചോമ്പാൽ കുഞ്ഞിപ്പള്ളി പ്രദേശങ്ങളിൽ 37 ൽ പരം മസ്ജിദുകൾ ഉണ്ടായിരുന്നുവെന്നതാണ് ചരിത്രം. പോർച്ചുഗീസുകാർ മുസ്‌ലിംകളെ തേടിപ്പിടിച്ചു കൊല്ലുകയും വീടുകളും മസ്ജിദുകളും തകർത്തു കളയുകയുമാണുണ്ടായത്. സമീപകാലത്തു വരെ ഈ പ്രദേശങ്ങളിൽ വീട് നിർമ്മാണത്തിനോ മറ്റോ തറ കീറുമ്പോൾ ഏത് കാലഘട്ടത്തിലുള്ളതാണെന്നു പോലും അറിയപ്പെടാത്ത ഖബറുകൾ കാണാറുള്ളത് പതിവാണ്. തിങ്ങിപ്പാർത്ത മുസ്ലീം അധിവാസമുള്ള പ്രദേശമായിരുന്നു ഇത് എന്നതിലേക്കുള്ള വ്യക്തമായ സൂചനയാണിത്. അവശേഷിക്കുന്നവർ എല്ലാം വെടിഞ്ഞ് പറങ്കികൾക്ക് കടൽ വഴി കടന്നുചെല്ലാൻ കഴിയാത്ത കിഴക്കൻ ഉൾനാടുകളിലേക്ക് പാലായനം ചെയ്യുകയായിരുന്നുവെന്ന് വേണം മനസ്സിലാക്കാൻ. ഏറാമല, നെല്ലാ ചേരി, കരിയാട്, പെരിങ്ങത്തൂർ, കടവത്തൂർ, വില്യാപ്പള്ളി, നാദാപുരം, കുറ്റ്യാടി, വടകര താഴേ അങ്ങാടി തുടങ്ങിയ നിരവധി ഉൾനാടുകളിലേക്ക് ഇങ്ങനെ പാലായനം ചെയ്തതിനു തെളിവുകൾ ഏറെയുണ്ട്.(ചോമ്പാൽ പെരുമ)

വലിയൊരു ചരിത്രാന്വേഷണത്തിനും ആർക്കിയോളജിക്കൽ പഠനത്തിനും വേദിയാവേണ്ട പ്രദേശം തന്നെയാണ് ചോമ്പാൽ കുഞ്ഞിപ്പള്ളി." 

(ചോമ്പാൽ കുഞ്ഞിപ്പള്ളി:

കെ.പി.മുഹമ്മദ് ഹിബത്തുള്ള യമാനി മുതുപറമ്പ്,

പ്രസാധനം: ചോമ്പാൽ കുഞ്ഞിപ്പള്ളി പരിപാലന കമ്മറ്റി )


ഡോ.കെ.കെ.എൻ.കുറുപ്പിന്റെ അഭിപ്രായത്തിൽ "മലബാറിലെ പല കേന്ദ്രങ്ങളിലും പോർച്ചുഗീസുകാരുമായി നേരിട്ടു നടന്ന ഏറ്റുമുട്ടലുകളുടെ ചരിത്രശേഷിപ്പുകൾ ഇന്നും നമുക്കു കാണാവുന്നതാണ്. ഹൈന്ദവ സമൂഹം മലബാറിലെ തെയ്യം - തിറകളിൽ പല സംഘർഷ ങ്ങളുടെയും ചരിത്രസ്മരണകൾ സൂക്ഷിക്കുന്നതു പോലെ ഇസ്ലാമിക സമൂഹം ഇന്നും പോർച്ചുഗീസ് അധിവേശത്തിനെതിരായ ഏറ്റുമുട്ടലുകളുടെ ചരിത്രവും സ്മരണയും സൂക്ഷിച്ചു വരുന്നു.അവ ഇസ്ലാമിക നവോത്ഥാനത്തിന്റെ പേരിൽ നിഷേധിക്കുവാനുള്ള ശ്രമങ്ങൾ ആശാവഹമല്ലതാനും.

ചരിത്രശേഷിപ്പുകൾ -


കോട്ടുപ്പള്ളി മാലയും കുഞ്ഞി മരക്കാർ നേർച്ചയും വെളിയങ്കോട്ടു പരിസരത്തെ അധിനിവേശ വിരുദ്ധ സമരത്തിന്റെ സ്മരണകൾ ഉയർത്തുന്നു. മത്സ്യവില്പനക്കാരനായ മാനാത്ത് കുഞ്ഞിമരക്കാർ എന്ന ബാലനെ സൈനുദ്ദീൻ മഖ്ദും കർത്തവ്യനിരതനായ ഒരു മുസ്ലിം യുവാവായി ദർസ് വിദ്യാഭ്യാസത്തിലൂടെ വളർത്തുന്നു. പോർച്ചുഗീസുകാർ അപഹരിച്ച ഒരു മുസ്ലീം യുവതിയെ കപ്പലിൽ നിന്നും രക്ഷപ്പെടുത്തി, സ്വന്തം നിക്കാഹിന്റെ ദിവസം അയാൾ സ്വയം ശഹീദാകുന്നു.ആ ശരീരഭാഗങ്ങൾ പല മുസ്ലീം കേന്ദ്രങ്ങളിലും പള്ളികൾ സ്ഥാപിക്കുന്നതിനു കാരണമാകുന്നു. കോട്ടുപ്പള്ളി നേർച്ച ഈ ശഹീദിന്റെ സ്മരണയിൽ ഇന്നും തുടർന്നു വരുന്ന ഒന്നാണ്.


   കണ്ണൂരിനടുത്ത പൊന്നിലകത്ത് വീട്ടിലെ ഹസ്റത്ത് മാഹിം പോക്കറുടെ കഥ മറ്റൊന്നാണ്. മുണ്ടയാട്ടെ സിറാജുദ്ദീൻ, അബ്ദുള്ള എന്നീ രണ്ടു കർഷകരും (മതം മാറിയവർ ) പോക്കരും പോർച്ചുഗീസുകാരോട് ഏറ്റുമുട്ടി ശഹീദുകളാകുന്നു. ഇവരെ മറമാടിയ സ്ഥലത്താണ് മമ്പാ മഖാം (കണ്ണൂർ )സ്ഥിതി ചെയ്യുന്നത്.(രിസാല,നമ്പർ: 346, അബ്ദു റഷീദ് മരുവമ്പായി )

രാമന്തളി മഖാം ഏറ്റവും പ്രശസ്തമാണ്. അവിടെ ഏട്ടിക്കുളത്ത് വെച്ച് പോർച്ചുഗീസുകാരുമായി പോക്കർ മൂപ്പന്റെ നേതൃത്വത്തിൽ ഏറ്റുമുട്ടിയ പതിനേഴു ശഹീദുകളെ മറമാടിയിരിക്കുന്നു. ഈ സംഭവത്തിന്റെ മൗലൂദ് നടപ്പുണ്ടായിരുന്നു. ഇതേ പോലെ കോട്ടിക്കുളത്തെ ജുമുഅത്തു പള്ളിയിൽ മുന്നൂറു ശഹീദുക്കളെ മറമാടിയതായി വിശ്വസിക്കപ്പെടുന്നു. അവിടെ 13 പേരുടെ പ്രത്യേകം സ്മാരക സ്ഥലവും പള്ളിയുടെ കവാടത്തിൽ കാണാം.(അക്കരെ അസീസ് ഹാജിയുമൊത്തു സ്ഥലം സന്ദർശിച്ച ഓർമ്മ). എട്ടിക്കുളത്തെ ഏറ്റുമുട്ടൽ ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം രേഖപ്പെടുത്തുന്നുണ്ട്.- അതുപോലെ 1571 (എ.ഡി.) യിൽ ചാലിയം കോട്ട വീണ്ടെടുത്തതും.

(Prof.Dr.K.K.N.Kurup - SHEIKH ZAINUDDIN MAKHD00M 11 AND TUHFALTUL MUJAHIDEEN, A Revisit to a Historical Text; After 442 years.) 

അതുപോലെ ടിപ്പുവിനെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങൾ പലതും വേണ്ടത്ര ശരിയല്ലെന്നതാണ് വാസ്തവം. ഉച്ഛനീചത്വങ്ങളുടെ,ജന്മി-ഫ്യൂഡൽ വാഴ്ചകളുടെ നാടായിരുന്നുടിപ്പു കടന്നുവന്ന മലബാർ. യുദ്ധത്തിലൂടെ നാട്ടുരാജ്യങ്ങൾ വെട്ടിപ്പിടിച്ചപ്പോഴും ചിറക്കൽ രാജാവിനെ പുനർ വാഴിച്ചു. മഞ്ചേരിയിൽ കുരിക്കൾ മാരുടെ ദുർഭരണത്തെ മതം നോക്കാതെ സൈനികമായി നേരിട്ടു. മദണ്ണ, ശ്രീനിവാസറാവു എന്നീ ബ്രാഹ്മണ ഗവർണർമാരെ നിയമിച്ച് നാട്നിയന്ത്രിച്ചു. നികുതി സമ്പ്രദായം പരിഷ്കരിച്ചു. താണ ജാതിയിൽപ്പെട്ട സ്ത്രീകൾ മാറു മറക്കാതെ നടന്നതു കണ്ട് തന്റെ ഭരണത്തിനു കീഴിൽ സ്ത്രീകൾക്ക് ശരീരം മറക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ അവകാശമുണ്ടെന്ന് വിളംബരം ചെയ്തു. ടിപ്പുവിന്റെ കാലത്താണ് തളിപ്പറമ്പിനെയും ഏഴിമലയെയും ബന്ധിപ്പിക്കുന്ന നിരത്ത്, കോഴിക്കോട് നിന്ന് കൊച്ചിയിലേക്കുള്ള സുൽത്താൻ റോഡ് എന്നാവയൊക്കെ പൂർത്തിയായത്.


157 ക്ഷേത്രങ്ങൾക്ക് ടിപ്പു സാമ്പത്തിക സഹായങ്ങൾ നല്കിയതായി രേഖയുണ്ട്. മറാത്ത സൈന്യം തകർത്ത ശൃംഗേരിയടക്കം നിരവധി ക്ഷേത്രങ്ങൾ പുതുക്കിപ്പണിത് കൊടുത്തു. ഇപ്പോഴും കൊല്ലൂരിലെ ക്ഷേത്രത്തിൽ ടിപ്പുവിന്റെ തൊപ്പി വെച്ചുള്ള പൂജ അദ്ദേഹം നല്കിയ സഹായത്തിന്റെ നന്ദിയായി നടന്നു വരുന്നു.

    പല നാടുകൾ, മനുഷ്യർ, ഭാഷ, ആചാരങ്ങൾ, ഭക്ഷണം എന്നാവയൊക്കെ ചേർന്ന മതേതര ബഹുത്വമാണ് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം. സമുദായങ്ങളും സംസ്കാരങ്ങളും ചേർത്തു വെച്ചാലേ വ്യത്യസ്തതകളുടെ സാംസ്കാരിക മുദ്രകൾ കണ്ടെത്താനാവൂ. അത് നേരായ ചരിത്ര വഴിയിലൂടെയാവണം.അല്ലെങ്കിൽ പുരുത്ഥാനവാദത്തിലേക്കാണ് ചെന്നെത്തുക. അത്തരം ഇടപെടൽ ജനാധിപത്യത്തിന് ഭൂഷണമല്ല.


SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan