
കക്കാടിന്റെ കവിത
കോഴിക്കോടിന്റെ കവിത
:സത്യൻ മാടാക്കര
ആധുനിക കവിതയിലെ ശക്തരായ വക്താക്കളിൽ ഒരാളാണ് എൻ.എൻ. കക്കാട്. ദൂരെയൊന്നും പോവാതെ ആവിഷ്കരണ സംബന്ധമായ പരീക്ഷണങ്ങളിലൂടെ അദ്ദേഹം കോഴിക്കോട് നഗരം കേന്ദ്രമാക്കി എല്ലാം പറഞ്ഞു തീർക്കാനാണ് ഇഷ്ടപ്പെട്ടത്. മാനാഞ്ചിറ, മുട്ടായിത്തെരുവ്, കല്ലായിപ്പുഴ, കോഴിക്കോട് കടപ്പുറം എന്നിവയിലൂടെ കവിതയുടെ വിത്തുകൾ നാട്ടുകകൂട്ടച്ചൊല്ല്, സങ്കല്പം, ഐതീഹ്യം, മന്ത്ര - തന്ത്രം, കൂട്ടിക്കലർത്തി കണ്ടെടുക്കുകയും ചെയ്തു.' 1963,വജ്രകുണ്ഡലം, പാതാളത്തിന്റെ മുഴക്കം, സഫലമീ യാത്ര, നാടൻ ചിന്തുകൾ ' എന്നീ സമാഹാരങ്ങൾ ഇത് വ്യക്തമാക്കുന്നു. കക്കാടിന്റെ കവിതകൾ പടിഞ്ഞാറൻ ആധുനിക പ്രസ്ഥാനവുമായി ചേർത്ത് വിലയിരുത്തിയ നിരൂപകർ അദ്ദേഹം വരഞ്ഞു വെച്ച പോസ്റ്റ് മോഡേൺ കോഴിക്കോട് നഗര ചിത്രങ്ങൾ തിരിച്ചറിഞ്ഞോ? എല്ലാ കൂട്ടിക്കെട്ടലും തകർത്തെറിഞ്ഞ അവസാന കാലത്തെ മരണ സാന്നിധ്യം വിളിച്ചറിയിച്ച കവിതകളും ഈ ചോദ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കവിതയിലൂടെ പൊട്ടിത്തെറിച്ച അനുഭവത്തിന്റെ സാന്നിദ്ധ്യം വാക്കുകൾ കൊണ്ട് എങ്ങനെ വരച്ചിടാമെന്ന് അവസാന കാല കവിതകളിലൂടെ കക്കാട് നമുക്ക് കാണിച്ചു തന്നു. 1960 കളിൽ കോഴിക്കോട് നഗരത്തിലിരുന്ന് തോല് പൊളിക്കപ്പെട്ട വ്യക്തിത്വങ്ങളെ ചൂണ്ടി എഴുതിയ കവിതകൾ പൗരസ്ത്യ കാവ്യ വൃത്താലങ്കാരശാസ്ത്രത്തിലും പാശ്ചാത്യ ആധുനികതയിലും വലിയ പാണ്ഡിത്യം നേടിയ കവിയെയാണ് കാണിച്ചു തന്നത്. ജീവിച്ചിരിക്കെ കക്കാട് പലപ്പോഴുംപറഞ്ഞു..
" കവിത പ്രചരിപ്പിക്കാനുള്ളതല്ല ആത്മാവിൽ നിന്ന് ആത്മാവിലേക്ക് നീളാനുള്ളതാണ്".
'സഫലമീ യാത്ര' എന്ന കവിത വായിക്കാത്തവരും അതിലെ വരികൾ എടുത്തുപയോഗിക്കാത്ത പ്രസിദ്ധീകരണങ്ങളും കുറവാണ്. ആത്മഭാഷണത്തിലൂടെ നാടകീയ സ്വാഗതാഖ്യാനസങ്കേതത്തിലൂടെ അനുഭവാവതരണം നിർവ്വഹിക്ക കവിത ഇനിയും വായിക്കപ്പെടും. ദാമ്പത്യം നിറഞ്ഞ ദീപ്തിയായി, ഉള്ളടക്കമായി തീരുന്നതിനാലാണ് വായനയുടെ തുടർച്ച നിലനില്കുന്നത്. കുടുംബവിചാരത്തോടൊപ്പം തന്നെ അധികാരത്തിന്റെ ഇച്ഛകൾ പരിരക്ഷിക്കുന്ന പലതിനോടും കവി ഇടയുന്നു. വെളിച്ചത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം ഫെമിനിസത്തിൽ നിന്ന് ഹ്യൂമനിസത്തിലേക്ക് കടക്കുന്നു. സ്ത്രീപക്ഷം വിമോചന മൂല്യമായി കരുതുന്ന പുതു വർത്തമാനത്തിലും സഫലമീ യാത്ര പുനർവായിക്കാം.
ഡോ.. ടി.പി.സുകുമാരൻ എഴുതി:' അതീവ വൈയക്തികമായ ഒരു കവിതയാണ് 'സഫലമീ യാത്ര' . മാരകമായ ഒരു രോഗത്തിനിരയായി ആശുപത്രി വാർഡിൽ കഴിയുന്ന കവി അടുത്തു വരാൻ പോകുന്ന ആതിരയ്ക്ക് അന്ത്യാഭിവാദനം അർപ്പിക്കുന്നതോടൊപ്പം ആത്മ പ്രേയസിയെനെഞ്ചോട് ചേർത്തു നിർത്തിക്കൊണ്ട് പിന്നിട്ടു പോയ സുഖങ്ങൾ ഓർക്കുന്നതും എല്ലാം നേട്ടമാണെന്ന് തീർപ്പു കല്പിക്കുന്നതും അതിൽ കാണാം. എങ്കിലും ഈ തലത്തിനപ്പുറം കവിയുടെ കാവ്യജീവിതവൃത്തിയുടെ സഫലതയും കവിതയിൽ ധ്വനിക്കാതിരിക്കുന്നില്ല. ഒച്ചപ്പാടോ ആർഭാടമോ ഇല്ലാതെ ആതിര കടന്നു വരുമെന്ന് സമാശ്വസിക്കുമ്പോൾ ജീവിതത്തിലെ ഋതു ഭേദങ്ങളെല്ലാം മാറ്റമില്ലാതെ തുടരുമെന്നും അവയെ സ്വാഗതം ചെയ്യാനുള്ള മാനസികാവസ്ഥ ഉണ്ടാക്കുകയാണ് സ്വസ്ഥത ലഭിക്കാൻ വഴിയെന്നും പറഞ്ഞ് കവിയുടെ നിഗമനം ഇങ്ങനെ
"കാലമിനിയുമുരുളും
വിഷു വരും വർഷം വരും
തിരുവോണം വരും, പിന്നെ
യോരോ തളിരിനും പൂവരും
കായ് വരും - അപ്പോ -
ളാരെന്നുമെന്തെന്നു മാർക്കറിയാം?........."
ജീവിത യാത്രയിലെ കനകാലങ്ങൾ ജീവിതത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തിൽ ഒന്നുമല്ലെന്നാണ് കവിയുടെ ദർശനം. ഓർമ്മകളെ തിരിച്ചു പിടിക്കുന്നതിലൂടെ മറവിയെ തോല്പിക്കാനും അത് വർത്തമാനസത്യമാക്കി മാറ്റാമെന്നും കക്കാട് 'സഫലമീ യാത്ര' എന്ന കവിതയിലൂടെ അറിയിക്കുന്നു. "
ദേശത്തിലിരുന്ന് ദേശത്തിന് പുറത്താകുക, ഉള്ളിലൊരു കുറിയ മനുഷ്യനെ ഇരുത്തി അനുഷ്ഠാനം പുതുക്കുക അതായിരുന്നു മലയാള കവിതയിൽ കോഴിക്കോട് പ്രവാസത്തിലൂടെ കക്കാട് ഒരുക്കിയത്. അതറിയാൻ നമ്മുടെ നിരൂപക രാജാക്കന്മാർക്ക് കഴിയാതെ പോയി. ആധുനികതയുടെ വെളിച്ചം തേടുകയായിരുന്നു ആ വലിയ കവി. കോഴിക്കോട് വിചാരത്തിലൂടെ തലയ്ക്കകത്ത് ഏലിയറ്റിനെ മാത്രമല്ല മന്ത്രങ്ങളെ തോറ്റി അഗാധവും സവിസ്തരവുമായ ധൈഷണിക സപര്യക്കാവുമെന്നും അദ്ദേഹത്തിന്റെ കവിതകൾ പിന്നീട് വെളിപ്പെടുത്തി. കവിതകൾ മനസ്സിലേറ്റുന്നവർക്കാണീ ആലോചന. സൂചനകൾ എം.ഗോവിന്ദനും, കക്കാടും, ആറ്റൂരും കൊണ്ടുവന്ന വിമത സ്വപ്നങ്ങൾ കാണാതെ പോയത് ബോധ്യപ്പെടുത്തുന്നു.

ഉണർച്ചയെ നവ സമൂഹത്തിന് വെളിച്ചമാക്കി, കവിതയെ മുൻപോട്ട് നയിക്കുന്നതിൽ വലിയ പങ്ക് വഹിച്ച കവിയായിരുന്നു കക്കാട്.
നാട്ടിൽ തന്നെയുളള നാടോടിത്തം കൊണ്ടു നടക്കുന്നവനേ
" കണ്ണിന് കഴിവോളം ദൂരത്തിൽ കണ്ടേൻ
മുന്നിൽ നിവർന്ന് കിടന്ന ലറും നഗരത്തെ എന്നും
ആടെടോ ചെറ്റേ ആട്
മറ്റെന്തുണ്ടീ നാണം കെട്ട ജഗത്തിൽ ചെയ്യാൻ
എന്നെഴുതാനാവൂ.
വയലാർ അവാർഡ് സ്വീകരിച്ചു കൊണ്ട് കക്കാട് പറഞ്ഞു: "എന്റെ കവിത അംഗീകരിക്കപ്പെടുന്നു എന്നതിനർത്ഥം ഒരു ജീവിത കാലത്തെ പ്രയത്നങ്ങൾ അംഗീകരിക്കപ്പെടുന്നു എന്നതാണ്. എന്റെ ജീവിതം തന്നെ അംഗീകരിക്കപ്പെടുന്നു എന്നാണ്. എന്റെ കുട്ടിക്കാലം പ്രാചീന സാഹിത്യക്കളരിയിലാണ് കഴിഞ്ഞത്. അത് കഴിഞ്ഞ് വളരെക്കാലം രാഷ്ട്രീയ പ്രവർത്തനവുമായി നടന്നു. എന്നാലും എന്റെ പ്രധാന പ്രവർത്തനം സാഹിത്യം തന്നെയായിരുന്നു. കവിത സാഹിത്യ മൊഴിച്ച് എനിക്ക് മറ്റൊന്നു മുണ്ടായിരുന്നില്ല. അതിന് വേണ്ടിയാണ് ഞാൻ ജീവിച്ചത്. കവിതയില്ലെങ്കിൽ എനിക്ക് ജീവിതമില്ല. "
" ഒന്നുമറിയാതെ നാമുറങ്ങും
ഒന്നുമറിയാതെ നാമുണരും
പോയവരെക്കുറിച്ചോർത്തു നോക്കാം
പോണ വഴികളുമോർത്തു നോക്കാം
എല്ലാമൊരോർമ്മയായ്, ഓർമ്മ പോലും
ഇല്ലാതെയാകുമ്പോൾ വഴിയടയാം .
നീണ്ടൊരീ യാത്രതൻ വേദനകൾ
നീറുന്ന കാൽകളിൽ നോവുമാത്രം
നീണ്ടൊരീ യാത്രതൻ സാദമെല്ലാം
നീളും കിനാവിൻ നിഴലു മാത്രം.
ഓരോ കവലയിൽ നമ്മളൊന്നി-
ച്ചൂണ് കഴിഞ്ഞ് വലിച്ചെറിഞ്ഞ്
വാടിക്കരിഞ്ഞോരു നാക്കിലയായ്
നമ്മൾ തന്നോർമ്മയും ബാക്കിയാവും. "


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group