
ഏകാന്ത പ്രാർത്ഥനയുടെ
ശ്യാമ ഛായകൾ
: സത്യൻ മാടാക്കര
ആർ.രാമചന്ദ്രൻ എന്ന കവിയാണ്" കവിയായി ജീവിക്കലാണ് കാര്യം, കവിതയെഴുതലല്ല ' എന്ന് മലയാളിയോട് ധീരതയോടെ പറഞ്ഞത്." ഇവിടെ ആരെക്കുറിച്ചാരോടെന്തു ചോദിക്കാൻ - എന്നെഴുതിയ കവി അങ്ങനെ പറഞ്ഞതിൽ അതാശയമില്ല. നാല്പതുകൾ മുതൽ മലയാള കവിതയിലിടപെട്ട കവി എഴുതാതെ പോയ കവിതകൾ ഒട്ടനവധി. ദാർശനികമായ വിഷാദം അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം എഴുതുന്നതിലപ്പുറമാണ് കാവ്യ വിഷയം. പൂർവ്വ കാല സ്മൃതികളിലൂടെ ആർ.രാമചന്ദ്രൻ ഓർത്തെടുക്കുന്ന ആധുനികതയുടെ ആവിഷ്ക്കാരം മൗലികമായ താളവും, അനുഭവവും കൂടിക്കലർന്നതാണ്. ഉള്ളംകൈയിൽ പിടിച്ചു വെച്ച വെളിച്ചം മുഴുവൻ വാർന്നു പോയി.
കാലം കറുക്കുമ്പോൾ
" തല കുനിച്ചു ഞാൻ നില്പൂ നിസ്വൻ
ഒരു കുഞ്ഞിക്കാലായ്
മുന്നിലണഞ്ഞതാമിരുൾ
എന്നുടെ പാരും വാനും
അളന്നെടുക്കുന്നു.
എൻ കണ്ണിൽ തെളിയുന്നു
മറയും മൂവന്തിതൻ മാർഗ്ഗം." എന്നെഴുതാൻ മറ്റാർക്കുമാവില്ല. അതേ പോലെ
" ഒന്നുമില്ലൊന്നുമില്ല
മീതേപകച്ചേ നില്കുമംബരം മാത്രo
താഴേകരളുറഞ്ഞേ പോകും പാരിടം മാത്രം "
എന്നതിൽ ജീവിതത്തിന്റെ അന്തസ്സാരം നിസ്സംഗമായ നിസ്സാരതാ ബോധം കാണാം. പകച്ചു നില്ക്കുന്ന ആകാശം, കരളുറഞ്ഞു പോകുന്ന ഭൂമി, അതിനിടയിലാവട്ടെ ഞാനും. ഒന്നുമില്ല ഒന്നുമില്ല എന്ന ആവർത്തനത്തിൽ എന്തോ ഉണ്ട് എന്ന ധ്വനിയുണ്ട്.
ഈ കാവ്യ സങ്കല്പത്തെക്കുറിച്ച് കവി തന്നെപറയുന്നു.." പ്രകൃതിയും മനുഷ്യരും ഒന്നു ചേരുന്ന ഇണക്കുകണ്ണിയാണ് കവിത. ജീവിതത്തിന്റെ സൂക്ഷ്മവും അടിസ്ഥാന വർത്തിയുമായ ഭാവങ്ങളുടെ ആത്മപരാഗമാണത്. ആശയങ്ങളുടെ നിസ്സഹായതയിൽ നിന്ന് ഭാവ ചിത്ര സന്നിധിയിലേക്കുള്ള ആത്മ മോചനമാർഗമാണ് എനിക്കു കവിത". ഈ കവിതകളുടെ പാഠ സാധ്യതകൾ തുറന്നു നോക്കാൻ ആരും ശ്രമിച്ചിട്ടില്ല.(നല്ല രീതിയിൽ ) വിജനമായ പാത, വസന്തത്തിന്റെ കൈകളിൽ ഉറങ്ങുന്ന സന്ധ്യകൾ, മുൾച്ചെടിക്കകത്തെ വീട്, പൂർണതയുടെ ദുഃഖം ശ്യാമാകാശം, മൂവന്തി, പാഴ് ശൂന്യത ഇവയിലൊക്കെ ഉറഞ്ഞു കൂടി നില്ക്കുന്ന ദുഃഖം കവി പറഞ്ഞതു പോലെ കവിതയുടെ ആകാശപ്പടർപ്പാണ്. പരാജയത്തിന്റെ ആത്മബലിയിൽ നിന്ന് ആ കവിതകൾ പിറവിയെടുക്കുന്നു.
"അജ്ഞാതരായ്, വഴിയറ്റോരിരുളിലൂ-
ടന്നിരാലംബലരഞ്ഞു നടക്കയാം
നോവുന്നതിതെൻ മന: മാർദ്രമാമേതൊരു
ഭാവന നല്കുമവയ്ക്കിനി ലാളനം. "
(പരിത്യക്തർ )
ഒരു തുള്ളി കണ്ണീരിൽ നിന്ന് സ്വപ്ന ലോകങ്ങൾ തുറക്കാനും അജ്ഞാത ഭംഗികൾ ഉണർത്താനും. കഴിവുള്ളവർ അജ്ഞാതരും നിരാലംബരുമായി അലഞ്ഞു നടക്കുകയാവണം. കവിയുടെ ദുഃഖം അവയെ കൈയേൽക്കാനും ലാളിക്കാനും . ആർദ്രത ബാക്കി നില്ക്കുന്ന ഭാവന ഇനിയുമുണ്ടാകുമോ എന്നതത്രേ
" ഒന്നു വിളറി കിനാവിൻ നിറം, നിന -
ക്കന്നു ഞാൻ നൽകി നത യ്യോ ! നിഴലുകൾ
പുഞ്ചിരി കൊണ്ടു പറഞ്ഞു ഞാൻ ; നീയല്ലീ
വഞ്ചിത, ഞാനുമൊരു നിഴൽ മാത്രം".
(മിഥ്യയുടെ പരാജയം)
കിനാവ് യാഥാർത്ഥ്യമല്ല. ഉണർവിന് അത് ഉത്തേജകമാകുന്നുവെങ്കിലും യാഥാർത്ഥ്യമാവാത്തതിനെ എന്തിനു ആശ്രയിക്കണം എന്ന ചോദ്യമുയരുന്നു. അതിന്റെ കൂടെ ഞാനും എത്രത്തോളം യാഥാർത്ഥ്യമാണെന്നതാണ് കവിതയുടെ ചിന്ത.
അജന്ത എന്ന കവിത തൃഷ്ണയിൽ നിന്ന് കടലെടുക്കുന്നതാണ് ദുഃഖം എന്ന ബുദ്ധ വചനത്തെ സാധൂകരിക്കുന്നു. അജന്തയിലെ ബുദ്ധ ഛായയിൽ ചുറ്റുപാടുമുള്ള ദു:ഖത്തിന്റെ ഇരുട്ട് കവി കാണുന്നു. അതാകട്ടെ താമസ ഭാവം തിരിച്ചറിയാനും, തന്റെ നില എന്തെന്ന് ഉറപ്പിക്കാനും സഹായിക്കുന്നു. തൃഷ്ണയിൽ ഉന്മത്തമായ തന്റെ ആത്മാവിന്റെ നാനാതരം ജീവിത വിഭ്രാന്തികൾ അയാൾ അറിയുന്നു. അതിനാൽ തഥാഗതന്റെ മന്ദസ്മിതം അയാൾക്കു കിട്ടുന്നു.
അറിവീല ഞാൻ,
എൻ മിഴിയിൽ തെളിയുന്നി
തനു താപാർദ്രം
തഥാഗത മന്ദസ്മിതം.
(അജന്ത )

ജീവിതത്തിന്റെ അന്തസ്സാര ശൂന്യതയിലേക്ക് മുഴുകുമ്പോൾ തന്നെ പ്രകൃതിയുടെ മുഗ്ദ ലാവണ്യം ദാർശനിക ദു:ഖത്തോടെ ആർ. രാമചന്ദ്രൻ വരച്ചിടുന്നു. അസ്തിത്വത്തിന്റെ നിത്യമായ ദുഃഖം ഒരനുഭൂതിയായി നമ്മളെ പൊതിയുന്നു. അവിടെ വെച്ച്" ഞാനറിയുന്നില്ലെങ്കിലും കാക്കുന്നു ജീവിതമാകുമനാഥ ശവത്തെ ഞാൻ" എന്നതിന്റെ പൊരുൾ തിരയുന്നു. മനുഷ്യൻ എന്ന ദർശനമാകണം എന്റെ ലാവണ്യ ദർശനം സ്വരൂപിക്കാൻ അടിത്തറയായത്. ഏകാകിത, നിസ്സഹായത, നിഗൂഢത, അനാഥത്വം തുടങ്ങി അസ്തിത്വത്തിലെ അശാന്തിയുടെ ലാവണ്യ വർണ്ണങ്ങൾ അബോധാത്മകമായി എന്നെ സ്വാധീനിച്ചിട്ടുണ്ടാവാം. കവിയും മനുഷ്യനും ഒന്നു ചേരുന്ന ആ മുഹൂർത്ത ചിത്രമുണ്ടല്ലോ അതാവണം ആത്മനിഷ്ഠമായ എന്റെ ലാവണ്യ ദർശനത്തെ ആന്തരിക ഗൗരവമുള്ളതാക്കി മാറ്റിയതെന്ന് തോന്നുന്നു"
(കവിയുടെ വിശദീകരണം)
" ഒന്നുമറിയാ
തേറെ ചിരിച്ചേൻ.
ഒന്നും കാണാ
തേറെക്കരഞ്ഞേൻ
ഇനി നേരമി
ല്ലെല്ലാ മറിഞ്ഞൊന്നു കരയാ
നെല്ലാം കണ്ടൊന്നു ചിരിക്കാൻ"(കാലം).
.jpg)




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group