
ദേശവും
ബഷീറും
അഴീക്കോടും
: സത്യൻ മാടാക്കര .
ദേശം എഴുത്തിലേക്ക് കടന്നുവന്നതിനെപ്പറ്റി എഴുതുമ്പോൾ സൃഷ്ടിക്കപ്പുറം അനുഭവം, എഴുത്ത് വായിച്ചറിയുക വലിയ അറിവ് ആകുന്നു. അതിലൂടെ മറയില്ലാതെ മണ്ണിന്റെ ഊക്ക് നല്കുന്ന ധൈര്യം, അക്ഷര പുണ്യം നമുക്ക് തിരിച്ചറിയാനാകുന്നു. അത് സംസ്കാരിക അവബോധം വിപുലമാക്കുന്നു.
ബഷീറിന്റെ തീപ്പാതി -
" ബഷീർ സാഹിത്യ രചയിതാക്കളിൽ അപൂർവമായി മാത്രം കാണുന്ന പ്രത്യേക മനോനിലയുടെ അവകാശിയാണ്. എഴുത്തിലും ജീവിതത്തിലും ഒരു പോലുള്ള കർതൃത്വ സാന്നിധ്യം വിരളമാണ്. കഥകൾ എഴുതിയ വ്യക്തിത്വവും മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ഇരുന്ന ശക്തിയും രണ്ടായിരുന്നില്ല. ബഷീറിന്റെ രചനകളിൽ കാണുന്ന സംഘർഷങ്ങൾ അദ്ദേഹത്തിന്റെ ജീവിതം അഭിമുഖീകരിച്ച സംഘർഷങ്ങൾ തന്നെയാണ്.
(ഡോ.പി.കെ. പോക്കർ )
ബഷീർ തന്നെഎഴുതി..
"സമയ കാലങ്ങളെ മറി കടന്നുള്ള ഒരു ചോദ്യം മനസ്സിൽ വരുന്നു. മാനസികമായ വിഭ്രാന്തി പിടിപെട്ടിട്ടുള്ള മനുഷ്യനാണു ഞാൻ. യാഥാർത്ഥ്യങ്ങൾ,അദൃശ്യങ്ങൾ, സ്വപ്നങ്ങൾ - ഇവ എല്ലാം സന്ധിക്കുന്ന അത്ഭുതകരമായ അപാര തീരത്തിലൂടെയാണ് എന്റെ മനസ്സ് യാത്ര ചെയ്തു കൊണ്ടിരിക്കുന്നതെന്നു ഓർത്താൽ മതി. അതുകൊണ്ട് എല്ലാം ഭ്രാന്തമായ ഒരു മനസ്സിന്റെ മായികസ്വപ്നങ്ങൾ........
" ദാഹിച്ചു മോഹിച്ചുണ്ടായ സന്താനമാണ്. ഒത്തിരി നേർച്ചകളുടെയും പ്രാർത്ഥനകളുടെയും ഫലമാണു ഞാൻ. കടിഞ്ഞൂൽ ഗർഭം.
.......... തെളിനീർ ഒഴുകുന്ന മുവ്വാറ്റുപുഴ ആറ്. അത് രണ്ടായിപ്പിരിയുന്ന സ്ഥലത്തിനടുത്താണ് സംഭവം.ആറിന്റെ തീരം.വൃക്ഷങ്ങൾ നിറഞ്ഞ എട്ടൊമ്പതു ഏക്കർ പറമ്പ് . അതിന്റെ കിഴക്കെയടുത്തു നദിയോടു ചേർന്നാണ് പുരാതനമായ കണ്ണീത്തറ എന്ന വൈപ്പേൽ വീട്. അതു നിറയെ ആൾക്കാരാണ്. കായി അബ്ദുൾ ഖാദർഷൈക്ക് ആണു കലവൻ. പിന്നെ ഭാര്യ,മക്കൾ, മക്കളുടെ ഭാര്യമാരും............
എന്റെ ഉമ്മ ഏകാന്തമായ ചെറിയ വീട്ടിൽ നെല്ലു പുഴുങ്ങുകയായിരുന്നു. പുഴുങ്ങിഉണക്കാൻ നല്ല വെയിലു കിട്ടുന്നത് ആ ഭാഗത്താണ്. പുരയിൽ ചാക്കുകളിലായി നെല്ലുണ്ട്. കിടക്കാനുള്ള പായയും തലയിണകളും. ഊണ് പഴയ വീട്ടിൽ.
തെക്കുവശത്തു മുറ്റത്തു വെയിലിൽ വെളുത്തു ചവണ്ട വലിയ ചിക്കു പായ വീടിനു മുമ്പിലായി ഒരു കുടം വെള്ളം. അതു ഒരു ചട്ടി കൊണ്ടു മൂടിയിരിക്കുന്നു. ഉമ്മാക്കു പത്തു മാസം ഗർഭം. വയറ്റിൽ ഞാനാണ്. വൈക്കം മുഹമ്മദ് ബഷീർ. ഉണങ്ങിയ ഓല മെടലോടു ചേർന്നുള്ള അടുപ്പിൽ തീ ആളിക്കത്തിക്കൊണ്ടിരിക്കുന്നു.പുരയ്ക്കകത്തെ ഏക മുറി മുഴുവൻ പുക. അടുപ്പത്ത് വലിയ ഒരു ചെമ്പുകലംനിറയെ പുഴുങ്ങിയ നെല്ല്. ഉമ്മ അതു കുറേശ്ശെ കൊട്ട കൈയിലു കൊണ്ട് കോരി തുണി ക്കൊട്ടയിൽ നിറയക്കുകയാണ്. അപ്പോൾ മെടലയ്ക്കു തീ പിടിച്ചു ആളി ആളിക്കത്തി ഉയരാൻ തുടങ്ങി. ഉമ്മയ്ക്കു പ്രസവവേദന തുടങ്ങിയോ എന്നു സംശയം.പുക കയറിയ കണ്ണുകൾക്കു നീറ്റൽ . ആകെ ശ്വാസംമുട്ടൽ പോലെ ഭയങ്കര ചൂടും. ഉമ്മ പുഴുങ്ങിയ നെല്ല് നിറച്ച വലിയ തുണി ക്കൊട്ട താങ്ങി എടുത്തു എളിയിൽ വെച്ചു........ പിന്നീട് അവർക്ക് ബോധം ലേശം തെളിഞ്ഞപ്പോൾ വലിയ ആശ്വാസം. ശുദ്ധവായു . നീലാകാശം. തുറസ്സായ സ്ഥലം. പ്രശാന്തരമണീയമായ ചുറ്റുപാട്. ഉമ്മ ഒരു വാഴച്ചുവട്ടിൽ കിടക്കുകയാണ്. വയറു ഒഴിഞ്ഞു പോയിരിക്കുന്നു. അവര് തടവി നോക്കി.അപ്പോൾ ഒരു ആധി പോലെ . റബ്ബേ! എന്റെ കൊച്ചെവിടെ! ഉമ്മ പകുതി ബോധത്തോടെ ക്ഷീണിതയായി എണീറ്റ് ആളിക്കൊണ്ടിരുന്ന വീടിനുള്ളിലേക്ക്, അല്ലാഹുവേ, എന്നു കരഞ്ഞു കൊണ്ട് കയറി. ചൂടും പുകയും. കൊച്ചെവിടെ ! നോക്കിയപ്പോൾ കണ്ടു: അൽഹംദുലില്ല: ദൈവത്തിനു സ്തുതി. വെറും നിലത്തു പച്ച മണ്ണിൽ പുഴുങ്ങിയ നെല്ലുനിറച്ച വലിയ കൊട്ടയുടെ മറവിൽ കിടക്കുകയാണ്. ഉമ്മ കോരി എടുത്തു മാറോടു ചേർത്തു നടന്നു. വാഴച്ചുവട്ടിൽ കൊച്ചിനെ നെഞ്ചത്തുകിടത്തി മലർന്നു ബോധമില്ലാതെ കിടന്നു.
ഞാൻ ജനിച്ച വീട് കത്തിച്ചാമ്പലായി. അഗ്നി ഭഗവാൻ സന്തോഷിച്ചു.ആ വീട്ടിൽ ഇനി ആരും ജനിക്കുകയില്ലല്ലോ. എല്ലാം ദൈവാനുഗ്രത്താൽ മംഗളം.
ലോകത്തിൽ കാര്യമായി വല്ലതും സംഭവിച്ചോ? ഒന്നുമില്ല. അല്ലെങ്കിൽ എന്തു സംഭവിക്കാൻ?
പക്ഷേ ഒന്നും അറിയാത എന്റെ ബാപ്പയ്ക്ക് ആകെ ഒരു വല്ലായ്മ. എന്തോ പങ്കായില്ലായ്മ പോലെ. ബാപ്പ പറമ്പിൽക്കയറി വീട്ടിലേക്കു നടന്നു. പത്തും തികഞ്ഞിരിക്കുന്ന ഭാര്യയുണ്ടല്ലോ. ബാപ്പയുടെ കൈയിൽ വളരെ നീളമുള്ള ഒരു പടവലങ്ങ ഉണ്ടായിരുന്നു. അതുമായി വീട്ടിലേക്കു ചെന്നു. ആകെ ഒരു മനസ്സിലാകായ്മ. വീടു കാണുന്നില്ല! ചുവന്ന മാങ്ങകൾ എങ്ങനെ കറുത്തവയായി. ? ഭാര്യ എവിടെ ?
എല്ലാം കത്തിക്കരിഞ്ഞു ചാമ്പലായിരിക്കുന്നു. അടുപ്പു കല്ലിൽ ഒരു വലിയ ചെമ്പുകലം. തൊട്ടടുത്തു നെല്ലു നിറച്ച വലിയ ഒരു കൊട്ട. മുറ്റത്തു ശൂന്യമായ വലിയ ചിക്കു പായ. ഒരു കുടം വെള്ളം.
വീടും ഭാര്യയും ഇല്ല! അങ്ങനെ തരിച്ചു നില്ക്കുമ്പോൾ കണ്ണുകളിൽപ്പെട്ടു. തള്ളയും കൊച്ചും ! മുലകൾക്കിടയിൽ മലർന്നു കിടക്കുകയാണ്. അൽഹംദുലില്ലാ !
ബാപ്പനീട്ടി ഒന്നു കൂവി.പിന്നെയും രണ്ടു മൂന്നു അർജന്റു കൂവലുകൾ. എല്ലാവരും വന്നു. ബാപ്പായുടെ ഉമ്മയും ജേഷ്ഠന്റെ ഭാര്യയും ചേർന്നു ഉമ്മായെ നദിയിൽ കൊണ്ടുപോയി കുളിപ്പിച്ചു ശുഭ്ര വസ്ത്രങ്ങൾ ധരിപ്പിച്ചു. എന്നെ ഉപ്പാപ്പ കൊണ്ടുപോയി നദിയിൽ മുക്കി എടുത്തു കഴുകി വെടിപ്പാക്കി. "

(വൈക്കം മുഹമ്മദ് ബഷീറിന് കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ് . ബിരുദം നല്കി ആദരിച്ചപ്പോൾ 1987 നടത്തിയ പ്രസംഗത്തിൽ നിന്ന്)
സുകുമാർ അഴീക്കോട് ദേശത്തിലൂന്നി , വായിച്ചു വളർന്ന കഥ എഴുതു മ്പോൾ വായന രൂപപ്പെടുത്തിയ ഗൃഹാന്തരീക്ഷം, നാട്ടുമ്പുറ വായനശാലയിലേക്ക് നമ്മൾ എത്തുന്നു. അദ്ദേഹം എഴുതി.
" ഞാൻ ജനിച്ചു വളർന്ന അഴീക്കോട്ടെ പൂതപ്പാറയിലൊ അടുത്തോ വായനശാല ഉണ്ടായിരുന്നില്ല.നല്ലൊരു വായന ശാല കാണാൻ ഒരു നാഴിക നടക്കണം. വീടിന് വെളിയിൽ അനാവശ്യമായി ( അതായത് വീട്ടിലെ ആവശ്യങ്ങൾക്കു വേണ്ടിയല്ലാതെ )
പോകാൻ ഞങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല. വീട്ടാവശ്യത്തിനായാൽപ്പോലും ഒറ്റയ്ക്ക് അങ്ങേയറ്റം പോകാമായിരുന്നത് ' നിരത്ത് ' വരെമാത്രം. ' നിരത്ത് ' എന്നു വെച്ചാൽ, വീട്ടിൽ നിന്ന് കുറച്ചു വാര അകലെ തെക്കു-വടക്കായി പോയിരുന്ന കണ്ണൂർ - അഴീക്കൽ റോഡ്. അതിനാൽ എന്റെ ലോകം വീടും പറമ്പും വളരെ അടുത്ത അയൽപക്കങ്ങളും, ചുറ്റും ഇഴ ജന്തുക്കൾ പോലെ വളഞ്ഞുപുളഞ്ഞുകിടന്നിരുന്ന നാടൻ ഇടവഴികളും കൂടിച്ചേർന്ന ഒരു കളിത്തട്ടായിരുന്നു. പഠിച്ചിരുന്ന സൗത്ത് ഹയർ എലിമെന്ററി സ്ക്കൂളും അതിന്റെ ഭാഗമായിരുന്നു. കണ്ണൂരും കോഴിക്കോടുമെല്ലാം അങ്ങകലത്തുള്ള ഏതോ ആകാശ ഗോളങ്ങൾ. പിന്നെ ഒന്നുകൂടിയുണ്ടായിരുന്നു. അതും വേറൊരു ലോകമായിരുന്നു. വീട്ടിൽ അച്ഛന്റെ വകയായുണ്ടായിരുന്ന പത്തു നാന്നൂറു പുസ്തകങ്ങൾ മേലെ മേലെ അടുക്കി വെച്ച ഒരു ഷെൽഫ് .' ഗോൾഡൻ ട്രഷറി ' എന്നു പാൽഗ്രേവ് പറഞ്ഞില്ല, അതായിരുന്നു എനിക്ക് ആ മരപ്പലകയുടെ തുറന്ന അലമാര,ബ്രിട്ടീഷ് മ്യൂസിയവും അമേരിക്കയിലെ കോൺഗ്രസ് ലൈബ്രറിയും കണ്ട ഓർമ്മകൾ അപ്പാടെ ഹൃദയത്തിൽ നിന്ന്മങ്ങിപ്പോവുന്നത്, ഈ ഒറ്റ ഷെൽഫ് ലൈബ്രറിയിലെ പുസ്തകങ്ങൾ വീട്ടിലെ ഇറയത്തിന്റെ ഒരു മൂലയ്ക്കിരുന്നു ദിവസത്തിൽ എത്രയോ മണിക്കൂർ വീതം എത്രയോ വർഷം, വായിച്ചതു തന്നെ വീണ്ടും വീണ്ടും വായിച്ചു കഴിച്ചു കൂട്ടിയ ദിനരാത്രങ്ങളുടെ ഉജ്ജ്വല സ്മരണകൾ മനസ്സിൽ എഴുന്നള്ളി വരുമ്പോഴായിരിക്കും.
"വര :സിദ്ധിഖ് അസീയ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group