
നെഹ്റു ട്രോഫിയിലടക്കം കാരിച്ചാൽ ബോട്ട് ക്ലബ്ബ് തുഴയും
ഹരിപ്പാട് : നെഹ്റു ട്രോഫിയിൽ 16 കിരീടങ്ങളുടെ കരുത്തുള്ള കാരിച്ചാൽ ചുണ്ടൻ സ്വന്തംകരയുടെ തുഴക്കരുത്തിൽ മുന്നേറും. നെഹ്റു ട്രോഫിയുൾപ്പെടെയുള്ള മത്സരങ്ങളിൽ കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബ് തന്നെ തുഴയും, മറ്റുക്ലബ്ബുകൾക്ക് വള്ളം വാടകയ്ക്കുനൽകുന്ന രീതി അവസാനിപ്പിക്കാൻ ചുണ്ടൻവള്ളസമിതി തീരുമാനിച്ചു. പകരം നാട്ടിലെ കരുത്തന്മാരുടെ തുഴക്കരുത്തിൽ ഓളപ്പോരുകളിൽ കാരിച്ചാൽ മത്സരിക്കും.
കാരിച്ചാൽ സെയ്ൻ്റ് മേരീസ് യുപി സ്കൂളിൽ ശനിയാഴ്ച രാവിലെ തുഴച്ചിൽക്കാരുടെ തിരഞ്ഞെടുപ്പ് നടന്നു. 32 പേർ പങ്കെടുത്തു. ഇവരിൽനിന്ന് 20 പേരെ ക്ലബ്ബിലേക്കു തിരഞ്ഞെടുത്തു. കൊല്ലം, നീരേറ്റുപുറം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള പരിചയസമ്പന്നരായ തുഴച്ചിൽക്കാരാണ് ശനിയാഴ്ച കാരിച്ചാലിനൊപ്പം ചേരാനെത്തിയത്. കാരിച്ചാൽ കരയിൽനിന്നുള്ള ഇരുപതോളം തുഴച്ചിൽക്കാർ മറ്റു ബോട്ട് ക്ലബ്ബുകൾക്കുവേണ്ടി തുഴയുന്നുണ്ട്. ഇവരും നാട്ടിലെ ക്ലബ്ബിലേക്കു മാറും.
പമ്പക്കുളം മൂലം വള്ളംകളിയിലായിരിക്കും കാരിച്ചാൽ ബോട്ട് ക്ലബ്ബിന്റെ കന്നിയങ്കമെന്ന് പ്രസിഡൻ്റ് എം. അജിത് കുമാർ, സെക്രട്ടറി ജീവൻ ചെങ്ങളത്ത് ക്യാപ്റ്റൻ രാജു കുര്യൻ, ഖജാൻജി രഞ്ജിത്ത് എന്നിവർ പറഞ്ഞു. നെഹ്റു ട്രോഫിക്കൊപ്പം സിബിഎലിലെ മികച്ചപ്രകടനവും ലക്ഷ്യമാക്കിയാണ് കാരിച്ചാൽ ബോട്ട് ക്ലബ്ബ് പരിശീലനം തുടങ്ങുന്നത്. കാരിച്ചാൽ കരയിലെ 401 ഓഹരി ഉടമകളുടെ വകയാണ് ചുണ്ടൻ.
ആർമിയിൽനിന്നു കനോയിങ് കയാക്കിങ് പരിശീലകനായി വിരമിച്ച ആന്റണി ജോസഫിന്റെ മേൽനോട്ടത്തിലാണ് തുഴച്ചിൽക്കാരെ തിരഞ്ഞെടുത്തത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group