
കുന്ന്, പന്തുകളി, പോസ്റ്റ് ഓഫീസ്
:സത്യൻ മാടാക്കര
ദേശത്തിലൂന്നി എഴുതുമ്പോൾ കാലം പ്രധാന ഘടകമാവുന്നു. കാലം മാറുമ്പോൾ നാം കൊണ്ടു നടക്കുന്നതു പോലെയും അനുഭവിച്ചത് പോലെയും ദേശത്തെ നിർത്താനാവില്ല. എഴുത്തിലാകട്ടെ ദേശ സ്വഭാവം എല്ലായിടത്തും ഒരു പോലെയല്ല. കേരളത്തിലെ വ്യക്തി ജീവിതമല്ല ദുബായിൽ സ്ഥിരതാമസമാക്കുമ്പോൾ ഉണ്ടാവുക.
നഗരത്തിലെ വ്യക്തിയല്ല, സാമൂഹ്യതയിലെ ദേശവ്യക്തി. കാലത്തിൽ എന്നും നിലനിൽക്കുന്ന ചില ലാൻറ് മാർക്കുകളുണ്ട്.
ബഷീർ വെളിച്ചത്തിനെന്തു വെളിച്ചം' എന്ന്ഏ പറഞ്ഞത് ഉത്തരാധുനിക സത്യാനന്തര കാലത്തും നിലനിൽക്കും.
കാലം ദേശത്തു വരുത്തിയ മാറ്റം ഖേദത്തോടെ പി.പി. രാമചന്ദ്രൻ കുറിച്ചിട്ടത് നോക്കുക.

"ഞങ്ങൾ വട്ടം കുളത്തുകാർക്ക് ജീവിതംപോലെ കുന്നും കുഴിച്ചും ഇടകലർന്നതാണ് പ്രകൃതിയും. കുന്നുകളും അവയുടെ താഴ്വരകളും ചേർന്ന ഒരു ഭൂപ്രകൃതിയാണ് ഇവിടുത്തേത്. കുന്നിൻപുറങ്ങളിൽ മിക്കതിലും ഹരിജൻ കോളനികൾ.
വെള്ളമില്ലാത്ത കിണറുകൾ. പാവപ്പെട്ട തൊഴിലാളികുടുംബങ്ങളുടെ ചെറ്റപ്പുരകൾ. താഴ്വരകളിൽ മേൽജാതി ഭൂവുടമകളും ഇടത്തരക്കാരും പാർക്കുന്ന ഓടിട്ട വീടുകൾ, നെൽവയലുകൾ, തെങ്ങു കവുങ്ങു തോട്ടങ്ങൽ, അമ്പലം, പള്ളി, ബാങ്ക്വിളി, നാമജപം, വൈകുന്നേരങ്ങളിൽ മാത്രം ആൾത്തിരക്കുള്ള ചെറിയ ചെറിയ അങ്ങാടികൾ. നിരപ്പലകയിട്ട പീടിക മുറികൾ.
നാടൻപണി ചെയ്യുന്ന തൊഴിലാളികൾ രാവിലെ കുന്നിറങ്ങി വരും. പണി കഴിഞ്ഞ്, വയലോരത്തെ കൊക്കർണിയിലോ അമ്പലകുളങ്ങളിലോ കുളികഴിഞ്ഞ് കുന്ന് കയറിപ്പോകും.
ഇറങ്ങിയും കയറിയും അങ്ങനെ ഇഴഞ്ഞു നീങ്ങിയ നാളുകൾ. മന്ദഗതിയിലുള്ള ജീവിതം. വൈദ്യുതിയും ടെലഫോണും വാർത്താമാധ്യമങ്ങളും ഇല്ലാതിരുന്ന ആ പഴയ കാലവും മണ്ണിനോടൊപ്പം ലോറിയിൽ കയറിപോയിക്കഴിഞ്ഞു.
കുട്ടിക്കാലത്ത് ഞാവൽപ്പഴം പറിക്കാൻ കയറിയിരുന്ന പോലെ കുന്നിന്റെ ഉച്ചിയിലേക്ക് വളരെക്കാലത്തിനുശേഷം ഇയ്യിടെ ഒന്നു കയറി നോക്കി....

ദയനീയമായിരുന്നു ആ കാഴ്ച. ഒരു ചക്ക നെടുകെ മുറിച്ചു വെച്ചതുപോലെ കുന്നിന്റെ ഒരു ഭാഗം മുഴുവനായും മണ്ണെടുത്ത് അഗാധമായ ഒരു ഗർത്തം രൂപപ്പെട്ടിരിക്കുന്നു. വക്കത്തു നിന്ന് താഴേക്കു നോക്കിയാൽ തല ചുറ്റും.
പണ്ട് സാക്ഷരതാക്കാലത്ത് പ്രചരണ പ്രവർത്തനവുമായി കയറിയിറങ്ങിയ വഴികളെവിടെ?
അവിടെയുണ്ടായിരുന്ന ചെറുമക്കുടിലുകൾ, അക്ഷരമാലപ്പാട്ട് പാടിയ വയോവൃദ്ധകൾ?
എല്ലാം അക്ഷരാർത്ഥത്തിൽത്തന്നെ മൺമറഞ്ഞു പോയിരിക്കുന്നു.
ഒരു കൗതുകത്തിനുവേണ്ടി ഗൂഗിൾ മാപ്പ് തിരഞ്ഞു. ഉപഗ്രഹ ദൃഷ്ടിയിൽ വട്ടംകുളത്തിന്റെ ശിരോരേഖ കണ്ടു. അങ്ങിങ്ങു വ്രണങ്ങൾ പോലെ കാണപ്പെടുന്ന അടയാളങ്ങൾ മണ്ണെടുത്തു പോയ കുന്നുകളാണെന്ന് പഴമക്കാർക്ക് തിരിച്ചറിയാവുന്നതേയുള്ളൂ.
അതേ സമയം പാടശേഖരങ്ങളുടെ വിസ്തൃതി കുറഞ്ഞു വന്നു. പാടത്തിനു നടുവിലൂടെ ഒരു പാത വരുന്നു. ഇരുവശവും വീട് വരുന്നു.
ഇപ്പോൾ വീടാണ് വയലിലെ കൃഷി. മനുഷ്യർ പെരുകുന്നു, പിളരുന്നു. അപ്പോൾ തൊട്ടടുത്ത അഞ്ചു സെൻറുകൂടി മണ്ണിട്ടു തൂർക്കുന്നു. അങ്ങനെയങ്ങനെ വീടുകൾ വരുന്നു. വയലിൽ വിളഞ്ഞതു തിന്നിരുന്ന മനുഷ്യർ ഇന്ന് വയലിനെത്തന്നെ തിന്നുന്നു."
പി വി ഷാജികുമാർ
പി.വി.ഷാജികുമാർ ദേശത്തിലെ ഫുട്ബോളിന്റെ ലഹരിയിലേക്ക് എഴുതി നിവരുമ്പോൾ അതിൽ ലോകരാഷ്ട്രീയംകൂടി വന്നു നിറയുന്നു.
ദേശത്തിലേക്കു പന്ത് ഉരുണ്ടു തുടങ്ങവെ ആർപ്പു വിളിക്കൊപ്പം ആരുടെ കൂടെ നിൽക്കുന്നു എന്നത് സ്വന്തം രാഷ്ട്രീയ പ്രഖ്യാപന വെളിച്ചപ്പെടൽ കൂടിയായിരുന്നു.
"നാട്ടിനടുത്ത് സെവൻസ് നടക്കുന്നു.
നാട്ടിലെ ഒരു ടീമിന് എതിരാളികൾ സെവൻസിലെ അതികായരായ മൊഗ്രാൽ ബ്രദേഴ്സ് മൊഗ്രാമിലാണ്.
ഹാഫ്ടൈം കഴിയുമ്പൊ 7-0-ന് മൊഗ്രാൽ മുന്നിൽ. ഇടവേള കഴിഞ്ഞതും മൊഗ്രാൽ വീണ്ടും സ്കോർ ചെയ്തു. 8-0. ത്രോ ചെയ്യാൻ, പുറത്തേക്ക് പന്തെടുക്കാൻ പോയ നാട്ടിലെ ടീമിന്റെ ക്യാപ്റ്റനെ കാണാനില്ല.
അല്പം കഴിഞ്ഞ് ഒരാൾ ഓടി വന്നു പറഞ്ഞു. ഒരു കളിക്കാരൻ ആ പോയ ബസ്സില് പാഞ്ഞു കേറി പോവുന്നത് കണ്ടു.

അർജൻറീനയാണ് ഞങ്ങളുടെ നാടിന്റെ പൊതുവികാരം.
അർജൻറീന എത്ര മോശമായി കളിച്ചാലും അർജൻറീനയോടുള്ള കൂറും താല്പര്യവും ഫുട്ബോൾ സ്നേഹികളായ ഭൂരിപക്ഷ ദേശക്കാർക്കും വിട്ടു പോകാറേയില്ല.
അതെന്തു കൊണ്ടാണെന്ന് ചോദിച്ചാൽ അർജൻറീനിയൻ ജീവിതവും നാട്ടു ജീവിതവും സമാനമായത് കൊണ്ടാവാം.
ജീവിക്കാൻ വേണ്ടി കഷട്പ്പെടുമ്പോഴും ഫുട്ബോൾ നാടിന്റെ വികാരമാണ്. സംഘർഷ സാഹചര്യങ്ങളിൽ അർജൻറീനയെന്ന പോലെ ഞങ്ങളും തോറ്റു പോകുകയാണ് പതിവ്. എല്ലായ്പ്പോഴും സംഘർഷങ്ങളായതിനാൽ തോൽവി ഇപ്പോൾ ശീലമായെന്നേയുള്ളു.
എല്ലാറ്റിനുമപ്പുറം ഞങ്ങളുടെ ഉള്ളിൽ ഇപ്പോഴും ചെഗുവേര ചുരുട്ട് വലിക്കുന്നു. മറഡോണയുടെ ഉടലിൽ കൊത്തിയിരിക്കുന്ന ചെഗുവേരയെ കണ്ട് ഞങ്ങളും ആവേശം കൊള്ളുന്നു. അമേരിക്കയിൽ പോയി, അമേരിക്കൻ ഭരണത്തിന് മുന്നിൽ നിന്ന് മറഡോണ ചീത്ത വിളിക്കുന്നത് കേട്ട് ഞങ്ങളും കോരിത്തരിക്കുന്നു.
. വയലുകളാൽ ചുറ്റപ്പെട്ട പള്ളത്തിന് നടുവിൽ മെസ്സിയെ ഞങ്ങൾ കുത്തി നിർത്തുന്നു. പാലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളെ ഇസ്രാഈൽ കൂട്ടക്കുരുതി നടത്തുന്നതിന്റെ സങ്കടത്തിലും പ്രതിഷേധത്തിലും താൻ ഇസ്രാഈലുമായുള്ള കളിക്ക് തയ്യാറല്ലെന്ന് മെസ്സി പ്രഖ്യാപിക്കുമ്പോൾ ലോകത്തിന്റെ കപ്പ് ഇപ്പോൾ അർജൻറീനയ്ക്കാണെന്ന് നമ്മൾ സ്വയം തീരുമാനിക്കുന്നു.
കളി വേറെ, രാഷ്ട്രീയക്കാര്യം വേറെ എന്ന പ്രസ്താവന അപ്പോൾ ഞങ്ങൾ മന:പൂർവ്വം മറക്കും. ഇങ്ങനെയൊക്കെയിരിക്കുമ്പോൾ അർജൻറീനയെ അല്ലാതെ വേറെയാരെയാണ് ഞങ്ങൾ സ്നേഹിക്കേണ്ടത്......"
ഗ്രാമങ്ങളുടെ അന്യോന ഇരിപ്പിടമാണ് പോസ്റ്റോഫീസ്. പഴയ കാലത്ത് മണിയോർഡർ ഇക്കണോമി നില നിർത്തിയത് പോസ്റ്റോഫീസ് ആയിരുന്നു. ഗൂഗിൾ പേയും, അക്കൗണ്ട് ട്രാൻസ്ഫറും നിലനില്ക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ട് അതിന് വിലയിടാൻ ശ്രമിച്ചാൽ ചരിത്രത്തിലെ ഒരടയാളം ഇല്ലാതാവും.
പോസ്റ്റ് ഓഫീസ് - കത്ത് വിനിമയം സാധ്യമാക്കിയ ഓർമ്മകളിൽ നിന്ന് ചില കാര്യങ്ങൾ പി.സുരേന്ദ്രൻ പകർത്തുന്നു.
"ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ ഒരു നോവൽ ഞാൻ എൺപതുകളുടെ ആദ്യ പാദത്തിൽ വായിച്ചിട്ടുണ്ട്. കേണലിന് ആരും എഴുതുന്നില്ല എന്നായിരുന്നു ആ ചെറിയ നോവലിന്റെ പേര്. അതിൽ ഒരു പോസ്റ്റോഫീസുണ്ട്. കത്തിനായി എന്നും പോസ്റ്റോഫീസിൽ പോകുന്ന ഒരു കേണലുണ്ട്. ഞാനുമങ്ങനെ പോസ്റ്റോഫീസിൽ കാത്തു നിന്നിരുന്ന കാലമുണ്ടായിരുന്നു.
പത്രമാഫീസിലേക്ക് രചനകൾ അയച്ചിരുന്ന കാലം. തിരിച്ചയക്കാനുള്ള കവർ വെക്കും. പത്രാധിപരുടെ മറുപടിയും പ്രതീക്ഷിച്ച്.
എത്രയോ രചനകൾ മടങ്ങിവന്നു. സാഹിത്യത്തെ അത്രമേൽ മലയാളി സ്നേഹിച്ച കാലം. വാരികകളിൽ ഭൂരിഭാഗവും സാഹിത്യ വാരികകൾ തന്നെയായിരുന്ന കാലം. ഒരുപാട് കാത്തിരുന്ന് രചനകൾ പ്രസിദ്ധീകരിച്ചു വരുമ്പോഴുള്ള സംതൃപ്തി വലുതായിരുന്നു.
ആ സാഹിത്യകാലമൊക്കെ മാഞ്ഞു മാഞ്ഞു പോകുന്നു. എല്ലാ കത്തുകൾക്കും ഞാൻ പോസ്റ്റോഫീനോട് നന്ദി പറഞ്ഞു. അക്ഷരങ്ങളെ സ്വപ്നം കണ്ട കാലം മുതൽ പോസ്റ്റോഫീസ് കൂടെ തന്നെ ഉണ്ടായിരുന്നു.
ദൂരെ ദൂരെ നിന്ന് കൂട്ടുകാരെ എനിക്ക് കൊണ്ടു വന്നു തന്നതും പോസ്റ്റോഫീസ്. നിരന്തരമായി കത്തു വന്നിരുന്ന കാലം.
കത്തെഴുതിയിരുന്ന കാലം. കയ്യക്ഷരം വ്യക്തിയുടെ സ്വത്വം. അതിലാണ് പോസ്റ്റോഫീസ് സീല് പതിച്ചു തന്നത്.
കമ്പിത്തപാൽ എന്നായിരുന്നു പണ്ടത്തെ പേര്.
കമ്പിയെന്നത് ടെലഗ്രാം. ടെലഗ്രാം കോഡ് പഠിക്കാനായി ഒരു മെഷീൻ വളരെ കാലം അച്ഛൻ സൂക്ഷിച്ചിരുന്നു. മുമ്പൊക്കെ ടെലഗ്രാം എന്നു പറഞ്ഞാൽ പേടിയായിരുന്ന മരണ വിവരം അറിയിക്കാനാണ് ടെലഗ്രാം അയച്ചിരുന്നത്

പോസ്റ്റോഫീസിനെ ലാഭനഷ്ടക്കണക്കിന്റെ കള്ളിയിൽ വെച്ച് ഒരിക്കലും വിലയിരുത്തിയിരുന്നില്ല.
വിദൂര ദേശങ്ങളിലെ മനുഷ്യരെ തമ്മിൽ ബന്ധപ്പെടുത്തിയിരുന്ന കണ്ണാടിയായിരുന്നു ഗ്രാമീണ തപാൽ. ഇന്ത്യൻ ഗ്രാമങ്ങളിലെ മനുഷ്യർ ഇപ്പോഴും പോസ്റ്റോഫിസിനെ ആശ്രയിക്കുന്നു.
ഗ്രാമങ്ങളിലെ അക്ഷരാഭ്യാസമില്ലാത്ത ആളുകൾക്ക് കത്തെഴുതിക്കൊടുക്കുകയും കത്ത് വായിച്ച് കൊടുക്കുകയും ചെയ്തു പോസ്റ്റ്മാൻ.
കത്തിനും മണിയോർഡറിനുമായി പോസ്റ്റ്മാന്റെ വരവും നോക്കിയിരുന്ന എത്രയോ വീടുകൾ ഉണ്ടായിരുന്നു. ഇന്ത്യൻ ഗ്രാമങ്ങളിൽ ഇപ്പോഴും പോസ്റ്റ്മാൻ തന്നെ സന്ദേശ വാഹകൻ. സാധാരണക്കാരായ ഭാരതീയന്റെ രാഷ്ട്ര ഭൂപടം നിർമ്മിച്ചത് റെയിൽവേയും പോസ്റ്റോഫീസുമാണ്.
ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ സ്ഥാപനങ്ങൾ. ലാഭനഷ്ടക്കണക്കുകളിൽ പെടുത്താതെ രാഷ്ട്രത്തിന്റെ അന്തസ്സായി അവ നിലനിൽക്കണം.
പോസ്റ്റൽ ജീവനക്കാരുടെ സമരം എന്തിന് വേണ്ടിയായിരുന്നു എന്ന് അന്വേഷിക്കാൻ പോലും നമ്മൾ പോയില്ല.
നവ മാധ്യമങ്ങളിൽ വിനിമയത്തിന്റെ സാധ്യതകൾ തിരഞ്ഞു നടക്കുമ്പോൾ പോസ്റ്റോഫീസുകളെ നമ്മൾ മറക്കുന്നു.
അതിനർത്ഥം കോർപ്പറേറ്റുകൾ ഉണ്ടാക്കുന്ന മറ്റൊരു ഇന്ത്യയിൽ നിന്നുകൊണ്ട് ഗ്രാമഭാരതത്തെ നമ്മൾ മറക്കുന്നു എന്നതാണ്. ആ മറവിയാണ് പോസ്റ്റൽ ജീവനക്കാരുടെ സമരത്തോട് ഐക്യപ്പെടാൻ നമ്മെ വിമുഖരാക്കിയത്. പേടിപ്പെടുത്തുന്ന മറവിയുമാണത്."

വി എം ഗിരിജ
കവയിത്രിയായ വി.എം.ഗിരിജ ദേശം, അത് കവിതയിലേക്ക് ധ്വനി മര്യാദയോടെ കടന്നു വന്നത് വിശദീകരിക്കുന്നു.
"പ്രകൃതിയുമായുള്ള അടുപ്പം ഗ്രാമജീവിതത്തിൽ നിന്നും കിട്ടുന്നതായിരിക്കും. കുട്ടിക്കാലത്ത് ഒരുപാട് കഥകൾ കേൾക്കുമല്ലോ.
യക്ഷികളുടെ, രക്ഷസ്സുകളുടെ, അതിലെല്ലാം ഉണ്ട്. മരങ്ങളും അതിൽ ഒളിഞ്ഞിരിക്കുന്നവരും പിന്നെ ഭഗവതിമാരും.
ആര്യങ്കാവിലമ്മയുടെ കഥകൾ. ഓരോന്നിനും ഓരോ കഥയുണ്ട്. കഥകൾ ഇഷ്ടമായിരുന്നു. എന്റെ അച്ഛന്റെ അമ്മവീട് പിറവത്തായിരുന്നു. എത്രയോ കാലം മുമ്പുള്ള കഥയാണ്. അച്ഛൻ തന്നെ 1928-ലാണ് ജനിച്ചത്. നടന്നു വന്നിരുന്ന റൂട്ട് അവർ പറയും. പുഴയിലൂടെ വന്ന് തൃശ്ശൂർക്ക് കുറച്ച് വന്ന് ഷൊർണ്ണൂർ എത്തിയ കഥ പറയും. അവർ പറയുന്നതെല്ലാം മരങ്ങളെക്കുറിച്ചും പക്ഷികളെക്കുറിച്ചുമാണ്.
വേറെ കാഴ്ചകളൊന്നുമില്ലല്ലോ. മരങ്ങളും ചെടികളും പൂക്കളുമെല്ലാം തന്നെയാണ്. അതൊരു തുടക്കമായിരുന്നു. പിന്നെ നടന്നാണല്ലോ എല്ലാ സ്ഥലങ്ങളിലേക്കും പോകുന്നത്. അപ്പുറത്തും ഇപ്പുറത്തും ആളുകൾ. അത്തരം ഓർമ്മകളുണ്ട്. '
പുഷ്പിതാൻ സുരഭീരഭി...' അങ്ങനെ പുഷ്പിതവും സുരഭിയും ആയിട്ടുള്ള കാലങ്ങളിലൂടെ പോയി. സ്വന്തം കവിതയെക്കുറിച്ച് അന്ധതയാണ്.
. മറ്റുള്ളവരുടെ കവിതയെക്കുറിച്ച് കുറേക്കൂടി ഉൾക്കാഴ്ച കിട്ടും. 'മരമായിരുന്നു ഞാൻ' എന്ന എന്റെയൊരു കവിതയുണ്ട്. അടിവേരു നുണയുന്നതു മാത്രമേ കിട്ടിയിരുന്നുള്ളു. അടിവേരു നുണയുന്നതൊക്കെ മധുരിച്ചപ്പോൾ പുഴയിവിടെ അടുത്തുണ്ടെന്ന് മനസ്സിലായി. ആര്യങ്കാവ് പൂരം കാണാനൊന്നും എന്നെ കൊണ്ടുപോയിട്ടില്ല. പക്ഷേ അവിടെ നിന്ന് തുള്ളുന്ന മരങ്ങൾക്കിടയിലൂടെ കാവടി കണ്ടിട്ടാണ് പുരങ്ങളെല്ലാം മനസ്സിലാക്കിയത് 'ആ മരമായിരുന്നു ഞാൻ' എന്നത് എനിക്കിഷ്ടപ്പെട്ട ഒരു പ്രയോഗമാണ്. മരത്തിന്റെ വാഴ്വ് അത്ഭുതമാണ്.
മരങ്ങൾക്ക് അവരുടെ സ്നേഹങ്ങളും പുഷ്പിക്കലും കായ്ക്കലും എല്ലാം നമ്മെക്കാളും എളുപ്പമാണ്. അത് നമ്മുടെ സംസ്ക്കാരം വളരുന്നതു പോലെ സങ്കീർണ്ണമാണ്; ഹിംസാത്മകവും സംസ്ക്കാരം എന്നു വിളിക്കുന്നത് എപ്പോഴും ഹിംസാത്മകമാണ്. ജീവന്റെ ഒരു യാത്ര. ജീവൻ എങ്ങനെയൊക്കെ സഞ്ചരിച്ചുവെന്ന് നമ്മൾ ചിന്തിക്കുമ്പോൾ, ബാലാമണിയമ്മയുടെ എല്ല കവിതകളിലും ചെത്തിച്ചെറുതാക്കി ചേരിയാക്കി വലിയ ഹിംസമൃഗങ്ങളൊക്കെ നടന്നിരുന്നതിനെക്കുറിച്ച് അവർ എപ്പോഴും പറയും. എങ്ങനെയാണ് പരിണാമത്തിലൂടെ ജീവിവംശം കടന്നു വന്നത്. അതിൽ സങ്കടങ്ങളാണോ ഉണ്ടായത്, സൗന്ദര്യങ്ങളാണോ ഉണ്ടായത്, വൈവിധ്യങ്ങളാണോ ഉണ്ടായത് എന്നു പറയാറുണ്ട്. എനിക്കും ആലോചിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്, ജീവൻ എങ്ങനെയൊക്കെ, എവിടെയൊക്കെ പ്രകാശിക്കുന്നു, നമ്മുടെ ജീവിതത്തിൽ മാത്രം അതെന്തുകൊണ്ടാണ് എന്നൊക്കെ.
നമുക്ക് വെളിച്ചം ദു:ഖം കൂടിയാണ്. ഒരു പക്ഷേ അവരെ നമ്മൾ ചതിച്ചു കൊല്ലും. അത് പെട്ടെന്ന് കഴിയും. പക്ഷേ.... നമുക്ക് ഭൗതികമായ ജീവിതവും ഓർമ്മകളും അന്തസ്സും അഭിമാനവും ഒക്കെ ഉള്ളതുകൊണ്ട് വേദനകൾക്ക് ആക്കം കൂടുതലായിരിക്കും. മരമായിട്ട് നിന്നാൽ മതിയായിരുന്നില്ലേ... അതായിരുന്നില്ലേ കൂടുതൽ ആനന്ദകരം."

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group