
പെരിങ്ങത്തൂർ അരങ്ങിലെ നാടകപരീക്ഷണങ്ങൾ മായാത്ത ദൃശ്യങ്ങളായി പ്രേക്ഷകമനസ്സിൽ കോറിയിട്ട് ശ്രദ്ധേയമായ മാഹി നാടകപ്പുരയ്ക്ക് 30 വയസ്സ് കഴിയുന്നു. 1993-ൽ 'മീരാ ജോസഫ് എൻ്റെ പ്രിയ സുഹൃത്തായിരുന്നു' എന്ന നാടകത്തിൽ തുടങ്ങി 2025-ൽ 'ഒരു പലസ്തീൻ കോമാളി' വരെ എത്തിനിൽക്കുന്ന നാടകങ്ങളിലൂടെ നാടകപ്പുര വളരുകയാണ്.
അരങ്ങിലും അണിയറയിലുമായി നാടകപ്പുരനിറഞ്ഞ് ഇന്ന് അൻപതോളം പേരുണ്ട്. നാടകത്തെ ജീവിതത്തോട് ചേർത്തുവെച്ച ചൊക്ലിയിലും പരിസരത്തുമുള്ള ഏതാനും യുവാക്കളുടെ കൊച്ചുവർത്തമാനങ്ങളിൽ നാടകപ്രവർത്തകൻ രാജശേഖരൻ ഭാണംതുരുത്ത് എത്തുന്നതോടെയാണ് നാടകപ്പുരയുടെ പിറവി. രാജശേഖരനൊപ്പം ടി.ടി.കെ. മോഹനൻ, സി.എച്ച്. പ്രഭാകരൻ, യദു പുന്നോൽ അശോകൻ പരിമഠം, ടി.എൻ. പ്രേമചന്ദ്രൻ എന്നിവരും മുൻകൈയെടുത്തു. തുടർന്ന് എം. ഹരീന്ദ്രൻ, ടി.ടി. വേണുഗോപാലൻ, ഒ. ലക്ഷ്മണൻ, രാജേന്ദ്രൻ തുടങ്ങിയവരുമെത്തി,
രാജരേഖരനും അശോകൻ പരിമാവും പ്രേമചന്ദ്രനും ഇതിനിടെ കാലയവനികക്കുള്ളിൽ മറഞ്ഞു. മയ്യഴിക്കും ചൊക്ലിക്കും ചുറ്റുമുള്ള നാടകപ്രവർത്തകരാണിപ്പോൾ നാടകപ്പുരയുടെ കരുത്ത്.
കവിയൂർ രാജൻ സ്‌മാരക വായനശാലയ്ക്കായി 'പൗലോസ് എന്ന വെറും പൗലോസ് എന്ന നാടകം ഈ കൂട്ടായ്‌മയുടെ വരവറിയിച്ചു. 1993-ൽ 'മീരാ ജോസഫ് എന്റെ പ്രിയ സുഹൃത്തായിരുന്നു' അരങ്ങിലെത്തി. 1994-ൽ ഭോപാലിൽ നടന്ന ദേശീയ യുവ ഉത്സവത്തിൽ കേരളത്തെ പ്രതിനിധാനംചെയ്ത നാടകപ്പുരയുടെ 'ദ്രൗണി' നാടകം ഒന്നാം സ്ഥാനം നേടി.
തുടർന്നുള്ള വർഷങ്ങളിൽ ഖലൻ, സൂതപുത്രൻ, പൂർവപക്ഷത്തിലെ ശിലാഗോപുരങ്ങൾ, ഹിറ്റ്ലർ, ദുര്യോധനൻ, സൈഡ് വിങ്‌സ്, വിവേകാനന്ദൻ തുടങ്ങി ഒട്ടേറെ നാടകങ്ങൾ. കേരളത്തെ പ്രതിനിധാനംചെയ്ത‌് നാടകഭാണ്ഡങ്ങളുമായി ദേശീയ യുവ ഉത്സവങ്ങളിലേക്ക് നടത്തിയ എത്രയോ ദേശാന്താരയാത്രകൾ. കൊൽകത്തയിൽ, ഗുജറാത്തിൽ, ജംഷേദ്പുരിൽ, ഭുവനേശ്വറിൽ, ഹരിയാണയിൽ, ചെന്നൈയിൽ... ദേശീയതല മത്സരങ്ങളിൽ 12 തവണ പങ്കെടുത്തു.
നാലുതവണ ദേശീയപുരസ്‌കാരം നേടി. അരങ്ങിലെത്തിച്ച 'ആനന്ദി' എന്ന കഴിഞ്ഞ വർഷത്തെ നാടകം നാടകപ്പുരയുടെ തൊപ്പിയിലെ തൂവലായി. ഇതിൽ നടി നിഹാരിക എസ്. മോഹനൻ ആനന്ദിയായി വേഷമിട്ടു. ഗിരീഷ് ഗ്രാമികയുടെ ഒരു പലസ്തീൻ കോമാളി എന്ന നാടകമാണ് ഇപ്പോൾ അരങ്ങിലുള്ളത്.
ഏപ്രിൽ 26 മുതൽ 30 വരെ ചൊക്ലി രാമവിലാസം സ്‌കൂൾ മൈതാനത്ത് അഖില കേരള നാടകോത്സവം നടത്തുന്നതിനുള്ള സജീവ പ്രവർത്തനങ്ങളിലാണ് നാടകപ്പുരയുടെ പ്രവർത്തകരിപ്പോൾ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group