
ഒ.വി.വിജയൻജനാധിപത്യ വായന
ഓർമ്മയുടെ
കടൽത്തീരത്ത്
: സത്യൻ മാടാക്കര .-
" സായാഹ്നയാത്രകളുടെ അച്ഛാ. രവി പറഞ്ഞു, വിട തരിക, മന്ദാരത്തിന്റെ ഇലകൾ ചേർത്തു തുന്നിയ ഈ പുനർജ്ജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാവുകയാണ്. "
" മഴ പെയ്യുന്നു. മഴ മാത്രമേയുള്ളൂ. കാലവർഷത്തിന്റെ വെളുത്ത മഴ . മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. "(ഖസാക്കിന്റെ ഇതിഹാസം)
മലയാള സാഹിത്യത്തിന്റെ ഒരു കാലഘട്ടം മുഴുവൻ കൈയ്യിലെടുത്ത എഴുത്തുകാരനാണ് ഒ.വി.വിജയൻ . ഖസാക്കിന്റെ ഇതിഹാസത്തിലെ ഉജ്ജ്വല വരികൾ വരുംതലമുറയ്ക്കും കൈയൊഴിയാനാവില്ല. മലയാളത്തെ പെൻഗ്വിനിലൂടെ ലോക മുറ്റത്തെത്തിച്ച ഇതിഹാസകാരൻ, കാർട്ടൂണിസ്റ്റ്, ചിന്തകൻ, നോവലിസ്റ്റ് എന്നീ നിലകളിൽ സമർപ്പിച്ച സർഗ്ഗപരമായ ഒറ്റയാൻ തന്റേടം മറന്നു കൊണ്ട് ഒരു മലയാളിക്കും ധൈഷണിക ജീവിതം നയിക്കാനാവില്ല. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം നടത്തിയ പ്രവചനങ്ങൾ പലതും ഇപ്പോൾ മുഖ്യധാരാ ചർച്ചയായി വരുന്നു എന്നതു തന്നെ എന്താണ് ഒ.വി.വിജയന് മലയാളി നൽകേണ്ട സ്ഥാനം എന്നറിയിക്കുന്നു. ഈ കുറിപ്പ് അത്തരത്തിൽ ഒരു നന്ദി വാക്കാണ്.

എഴുത്തിലും വരയിലും ഒരേ പോലെ ആത്മാർത്ഥതയും, കാലബോധവും പുലർത്തിയ എഴുത്തുകാരനാണ് ഒ.വി.വിജയൻ. സ്വതസിദ്ധമായ ഐറണി കലർന്ന കാർട്ടൂൺ, ആർഭാടരഹിതമായി വാക്കുകൾ സമർപ്പണമാക്കിയ കഥകൾ എന്നിവയിലൂടെ മലയാളം അദ്ദേഹത്തിലൂടെ വളർന്നു. ഖസാക്കിലെ പല പ്രയോഗങ്ങളും ഇന്നാകട്ടെ സാധാരണയായിത്തീർന്നു.ആ കരുത്തും ചൈതന്യവുമാണ് "ധർമ്മപുരാണം" എഴുതിച്ചത്. ബഹുസ്വരമായ അവർണ്ണാവസ്ഥയിൽ നിന്ന് ഒറ്റപ്പന പോലെ നിവർന്നെഴുന്നേറ്റ് കുറിച്ചിട്ടത് സവർണതയിൽ തളച്ചിടാൻ ശ്രമിച്ചത് കെണിക്കഥ . അതിന്റെ നേർക്ക് അദ്ദേഹത്തിന്റെ മൗനം പരിഹാസം, പ്രതിബോധം കേരളത്തിലുണർത്തി.ആ പോസ്റ്റ് കൊളോണിയൽ ചരിത്ര വ്യസനവും, പ്രത്യയ ശാസ്ത്ര വിശകലനവും, ദീർഘദർശന സ്മിതവും ആരറിയുന്നു. ചരിത്രത്തിലിങ്ങനെ വിമതരാക്കപ്പെട്ടവർ നിരവധി . നാറാണത്തു ഭ്രാന്തന്റെ ആന്തരിക വിശുദ്ധി നമുക്കിപ്പോഴും പ്രഹേളികയാണല്ലോ.
സാഹിത്യത്തിലെ കയ്പൻചേരിയിൽ നിന്നുള്ള അറിയിപ്പുകൾ സന്ധ്യയിലെ അഗ്നിത്തിളക്കമായി നമ്മൾക്ക് ഇപ്പോഴും ഒ.വി.വിജയനിൽനിന്ന് വായിച്ചെടുക്കാം. വക്രിച്ച ചിരിയോടെ അദ്ദേഹത്തെ നേരിടാനാകാതെ തോൽക്കുന്നവരുടെ സാഹിത്യ ചരിത്രം എഴുതി വെയ്ക്കാൻ ശബ്ദകോശമൊന്നുമില്ല. നന്മയുടെ വെളിച്ചമുള്ള ഹൃദയം, ദൈന്യങ്ങളിലേക്കു കൺ തുറക്കുന്ന സഹയാത്രാ മനോഭാവം, യുക്തിക്കപ്പുറം ദാർശനികമായി കണ്ടെത്തിപ്പറയുന്നവിശകലനം നിറഞ്ഞ സർഗ്ഗാത്മകാക്രമണത്തെ പിൻപറ്റാനും തടുക്കാനും ആർക്കുമാവില്ല. നിരവധി പകപോക്കലുകളിലും വിചാരണകളിലും അതൊരുക്കിയ കലുഷതയിലും വിജയൻ കുലുങ്ങിയില്ല.' തനിക്കു തന്റെ വഴി' . വഴിയിൽ നാറാണത്തുഭ്രാന്തനുണ്ട്, ബുദ്ധനുണ്ട്, കിരാതമൂർത്തികളുടെ രൗദ്രനടനമുണ്ട്, പാലക്കാടൻ പനയുണ്ട്, ഡൽഹി സമ്മാനിച്ച രാഷ്ടീയ പക്ഷികളുടെ ചിറകടിയുണ്ട് .
മനുഷ്യത്വത്തിന്റെ അഗാധതയിൽ നിന്നുറവ പൊട്ടുന്ന ഈ കനിവ് എഴുത്തുകാരനെന്ന നിലയിൽ വിജയനെ നന്ദിയുള്ളവനാക്കുന്നു. ഹൈന്ദവതയിലൂന്നി സമൂഹത്തിലിറങ്ങി വന്ന് പലമതസാരവുമേകം എന്നതിലെത്തപ്പെട്ട നാരായണ ഗുരുവിൽ നിന്ന് മാനവികതയിലൂടെ വികസിക്കുന്ന ഒ.വി.വിജയന്റെ എഴുത്തിലെ സ്പിരിച്ച്വാലിറ്റി തിരിച്ചറിയാത്തത് ഇന്ത്യൻ ബുദ്ധിജീവികളുടെ കള്ളത്തരത്തിന്റെ പ്രകടനപത്രികയാവുന്നു.എന്നിട്ടും ബഷീറിനു ശേഷം ഏറ്റവും ആദരവ് പിടിച്ചു പറ്റിയ എഴുത്തുകാരനായിത്തീരാനുള്ള ഭാഗ്യം വിജയനുണ്ടായി. ആസ്വാദനത്തിന്റെ തീമുഖം ക്ഷണിക്കുന്ന സർഗ്ഗ വേദനയുടെ കഥാനുഭവം 'കടൽത്തീരത്ത് ' എന്ന കഥയിലുണ്ട്. അതുമതി വായനക്കാരനൊപ്പം ഒരെഴുത്തുകാരനു സഫലമാകാൻ .
ചിന്തയിൽ സ്വതന്ത്ര മുഖവും സാഹിത്യത്തിൽ ഹൈന്ദവികതയും കല്പിച്ചു വിവാദമുയർത്തുന്നവർ ഒ.വി.വിജയനെ ശരിക്കും മനസ്സിലാക്കായിട്ടുണ്ടോ എന്നതിൽ ഇപ്പോഴും സംശയം ബാക്കി നില്ക്കുന്നു. അദ്ദേഹത്തിന്റെ മുഖ്യങ്ങളായ ആശയധാരകൾ ("രൂപവും ഭാവവും, പുരോഗമനവും പ്രതിലോ മതയും, ഇടതും വലതും എന്നിങ്ങനെയുള്ള വകതിരിവുകൾ ശീലിച്ച നമുക്ക് രാഷ്ട്രവും, പൗരനും, യുദ്ധവും, യുക്തിയും, പരിഷ്കൃതിയും, പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ഇനിയും ചിന്താവിഷയമായിട്ടില്ല." ഒ.വി.വിജയൻ) ഇതെല്ലാം ഭാവിയോട് നേരിടുന്നവരിൽ നിന്ന് ഇനി വിലയിരുത്തപ്പെടേണ്ടതുണ്ട്. അതേ, മനസ്സിന്റെ വേലിക്കെട്ടുകൾക്കപ്പുറം സഞ്ചരിച്ച് മനസ്സ് നിറയെ മഞ്ഞുതുള്ളിയുമായി മലയാളത്തിനു നല്കിയതിന് നാം കൊടുത്ത ശിക്ഷയെ വേദനയോടെ തിരിച്ചോർമ്മിക്കാനിരിക്കുന്നതേയുള്ളൂ. നമ്മുടെ കാലത്തു ജീവിച്ച ചിന്തനായ മലയാള എഴുത്തുകാരൻ എന്നതു വിജയനെ സംബന്ധിച്ചു അധികം പറച്ചിലല്ല. ഒടുങ്ങാത്ത മുന്നറിയിപ്പും അസഹ്യമായ സത്യങ്ങളും വിളിച്ചു പറഞ്ഞ വിജയനെ കാവിയുടെ പേരിൽ നിറം കെടുത്താൻ കഴിയും. എന്നാൽ ഭാവിതലമുറ മലയാളത്തിന്റെ ജാഗ്രതയുള്ള ചിന്തയെ മുന്നാട്ടുകൊണ്ടുപോകുന്നത് വിജയനൊക്കെയുയർത്തിയ ചോദ്യത്തിന്റെ ഉത്തരം തേടലിലൂടെയായിരിക്കും. രാഷ്ട്രീയം സ്വകാര്യവൽക്കരിക്കപ്പെടുമ്പോൾ, ജനാധിപത്യം വിപുലപ്പെടാതെ ഏക മുഖത്ത് സഹി കെട്ടു നില്ക്കുമ്പോൾ, രോഷത്തോടെ എഴുതിയ മുൻഗാമികളുടെ തിരിച്ചു വരവ് (അടിയന്തിരാവസ്ഥക്കാലത്ത് കാണിച്ച തന്റേടം ഉൾപ്പെടെ) വിജയിനിലൂടെ നവലോക ഫാസിസ്റ്റ് ക്രമത്തിൽ ചിന്തയർഹിക്കുന്നു. ആ ഇടപെടൽ ജനാധിപത്യ സ്വതന്ത്ര സമൂഹം ചിന്താ നിയന്ത്രണം ഇല്ലാതെ പുലർന്നു കാണാനാഗ്രഹിക്കുന്നു. അതിനാൽ ധർമ്മ പുരാണം എന്ന നോവലിന് ഫാസിസ്റ്റ് കാലത്ത് എന്നും പുനർവായനയുണ്ട്.ആ നോവൽ രാഷ്ട്രീയ ചിന്തകനിൽ നിന്ന് രൂപമെടുത്ത ജനാധിപത്യ അവലോകനമാണ്.
ഖസാക്കിന്റെ ഇതിഹാസം ഐക്യ കേരളത്തിനൊപ്പം നേതൃനിരയിലേക്ക് ഉയർന്നു വരാനാഗ്രഹിച്ച നാട്ടുകൂട്ട ദേശീയതയുടെ നിലവാരമുയരലാണ്. ഇത്തരത്തിൽ യുക്തിയുടെ കടുംപിടുത്തമില്ലാത്ത ആസ്വാദനത്തിന്റെ നിറഞ്ഞ മനസ്സിലൂടെയേ ഒ.വി.വിജയൻ എന്ന എഴുത്തുകാരന്റെ സമഗ്രത ഉൾക്കൊള്ളാനാവൂ. അഹങ്കാരവും അഹംബോധവുമില്ലാത്ത അവസ്ഥയിലൂടെ ജനതയെ വിനയത്തോടെ അഭിസംബാധന ചെയ്ത കലാഹൃദയം എഴുത്തുകാരുടെ ഇടയിൽ തന്നെ ഭാഷാ പഠനത്തിനുള്ള ഉന്നത മാതൃക ഒരുക്കുന്നു.

വൈക്കം മുഹമ്മദ് ബഷീർ സുചിപ്പിച്ചത് പോലെ" അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം".

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group