
കോട്ടയം: ഒരു ഫോട്ടോ എടുക്കുന്നത്ര സമയമേ വേണ്ടൂ മോപ്പസാങ് വാലത്തിന് ഒരു ജലച്ചായചിത്രമൊരുക്കാൻ എന്ന് അതിശയത്തോടെ പറയാറുണ്ട്. പലപ്പോഴും 10 മിനിറ്റ് കൊണ്ടൊക്കെ അദ്ദേഹം മനോഹരമായ ഒരു ചിത്രമൊരുക്കും.
ജലച്ചായചിത്രം ഒരുക്കാൻ വാസ്‌തവത്തിൽ ഏറെ സമയം ആവശ്യമുണ്ട്. 'ഒരു മീഡിയം എന്ന നിലയിൽ ജലച്ചായത്തിന് അനിശ്ചിതത്വവും വഴക്കിയെടുക്കാനുള്ള ബുദ്ധിമുട്ടുമുണ്ട്. അതുതന്നെയാണ് തന്നെ അതിലേക്ക് ആകർഷിച്ചത്.'-മോപ്പസാങ് പറയാറുണ്ട്. നിത്യവും ഒരുചിത്രമെങ്കിലും ആ മാധ്യമത്തിൽ വരച്ചാണ് അദ്ദേഹം വെല്ലുവിളികളെ മറികടന്നത്.
വാലത്തിന്റെ രചനകളോരോന്നും നിറവും നിഴലും സംഗമിച്ച് പ്രകൃതി നേരിട്ട് കാൻവാസിലേക്ക് എത്തിയ പ്രതീതിയാണ് സമ്മാനിച്ചത്. കേരളത്തിലെ ഏറ്റവുമധികം വാണിജ്യമൂല്യമുള്ള ജലച്ചായാചിത്രകാരനും മറ്റാരുമായിരുന്നില്ല. നിറങ്ങളുടെ വിന്യാസത്തിലും അതിൻ്റെ പൂർണതയിലും ആ രചനകൾ സ്വയം ഒപ്പിട്ട് നിന്നു. ഇത് ഒരു മോപ്പസാങ് ചിത്രം എന്ന് വിളിച്ചുപറഞ്ഞ്കൊണ്ട്.
കേരളത്തിലെയും ഇന്ത്യയിലെയും ഗ്രാമീണജീവിതവും പ്രകൃതിഭാവങ്ങളും പകർത്തിയ ചിത്രങ്ങളിൽ പലതും കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ ഹോട്ടൽ സമുച്ചയങ്ങളിലും ആൻട് ഗാലറിയിലുമൊക്കെ പ്രദർശിപ്പിക്കുന്നുണ്ട്. ജലച്ചായാ ശൈലിയിൽ തന്നെ അമൂർത്ത, റിയലിസ്റ്റിക് രീതികൾ സങ്കലനം ചെയ്‌തുകൊണ്ട് മോപ്പസാങ്ങ് രചനാശൈലി തന്നെ ഈ രംഗത്ത് ആവിഷ്കരിച്ചു. ഇന്ത്യയിലെ പ്രധാനനഗരങ്ങളിലൊക്കെയും ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
ഈയിടെ കലാമണ്ഡലം ഗോപിയുടെ നവരസഭാവങ്ങൾ വരച്ച ചിത്രങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോഞ്ചിൽ പ്രദർശിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുദിവസം ആറും ഏഴും ചിത്രങ്ങൾ വരെ അദ്ദേഹം വരയ്ക്കുമായിരുന്നു. ഇതിനുവേണ്ടി കൃത്യമായ പ്രകൃതിനിരീക്ഷണം എന്ന മുന്നൊരുക്കമുണ്ട്. അദ്ദേഹത്തിന്റെ കഥകളി ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാണ്.
വര പോലെ രസകരമായിരുന്നു അദ്ദേഹത്തിൻ്റെ ക്ലാസുകളും, കോവിഡ് കാലത്ത് അദ്ദേഹത്തിൻ്റെ ഓൺലൈൻക്ലാസുകൾ ശ്രദ്ധേയമായിരുന്നു. ഒരു കുട്ടിക്കുപോലും പിൻതുടരാനാവുംവിധം അതീവ ലളിതമായാണ് അദ്ദേഹം സംസാരിക്കുന്നത്.
1999-ൽ സൂര്യ ടി.വി.യിൽ പ്രഭാത പരിപാടി തുടങ്ങിയപ്പോൾ മോപ്പസാങ്ങ് വർണ്ണലോകം അവതരിപ്പിക്കാനെത്തിയിരുന്നു. പിന്നീട് പല ടി.വി.ഷോയുടെയും ഭാഗമായി.
കേരളത്തിലെ ചിത്രകാരൻമാരെ പരിചയപ്പെടുത്തിയിരുന്ന ഒരു ഷോ വളരെ ജനപ്രിയമായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group