തൃശ്ശൂർ: തൊഴിലാളികൾ ഉലയൂതിക്കാച്ചി വിളക്കിയെടുത്ത സഹകരണക്കൂട്ടായ്‌മ. പൂജാപാത്രങ്ങളും വിഗ്രഹങ്ങളും ക്ഷേത്രവിളക്കും മണിയും മറ്റും നിർമിക്കുന്ന രാജ്യത്തെത്തന്നെ ഏക സഹകരണസ്ഥാപനം. തൃശ്ശൂർ, ഇരിങ്ങാലക്കുട നടവരമ്പിലുള്ള കൃഷ്ണ മെറ്റൽ വർക്കേഴ്സ് ഹാൻഡിക്രാഫ്റ്റ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് വ്യത്യസ്തതകളേറെയാണ്. തൊഴിലാളികളുടെ വിയർപ്പിൽ കരുത്താർജിച്ച ഈ കൂട്ടായ്‌മയിപ്പോൾ 52 വർഷം പിന്നിട്ടു.
ബോണസ് തർക്കത്തെത്തുടർന്ന് ഓട്ടുപാത്രനിർമാണശാലയിൽനിന്ന് പിരിച്ചുവിട്ട തൊഴിലാളികളെ സംരക്ഷിക്കാൻ 1960-കളുടെ തുടക്കത്തിൽ പി.എൻ. കൃഷ്ണനാണ് സ്ഥാപനം തുടങ്ങിയത്. 1972-ൽ അദ്ദേഹം തൊഴിലാളികളുടെ സൊസൈറ്റി രൂപവത്കരിച്ച് ഉടമസ്ഥത അവർക്ക് കൈമാറി. 5000 രൂപ മൂലധനത്തോടെ പ്രവർത്തനം തുടങ്ങിയ സൊസൈറ്റി ഏതാനും വർഷങ്ങൾക്കകംതന്നെ ലാഭത്തിലായി.
കലർപ്പില്ലാത്ത ഓടിൽ, പരമ്പരാഗത നിർമാണരീതി പിന്തുടരുന്ന ഇവരുടെ കരവിരുതിൽ വിശ്വാസമർപ്പിച്ചവരിൽ ഗുരുവായൂരുൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന ക്ഷേത്രങ്ങളേറെയുണ്ട്. കുത്തുവിളക്ക്, അലങ്കാരവിളക്ക്, ഗജലക്ഷ്‌മിവിളക്ക് തുടങ്ങി വൈവിധ്യമാർന്ന വിളക്കുകൾക്കു പുറമേ ഇവിടെ നിർമിക്കുന്ന വാർപ്പുകൾ, ഉരുളി, ചെമ്പുപാത്രങ്ങൾ തുടങ്ങിയവയ്ക്കും അന്വേഷകരേറെ. മറുനാട്ടിൽനിന്നുവരെ ഇവയ്ക്കായി ഓർഡറുകളെത്തുന്നുണ്ട്.
പ്രസിഡന്റും ഡയറക്ടർമാരും തൊഴിലാളികൾത്തന്നെയെന്നതാണ് സംഘത്തിന്റെ സവിശേഷത. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റ്വിറ്റി, ബോണസ്, ഇ.എസ്.ഐ. തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം ലഭിക്കുന്നതിനു പുറമേ, ലാഭവിഹിതവും തൊഴിലാളികളുടെ കൈകളിലെത്തുന്നുണ്ട്. ടി.എസ്. അമ്പിളി സെക്രട്ടറിയും കെ.എസ്. സുനീഷ് പ്രസിഡന്റുമായ സംഘത്തിനു കീഴിൽ 35 സ്ഥിരം തൊഴിലാളികളും ആറ് ട്രെയിനികളുമാണുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group