തൃശ്ശൂർ: ക്രിസ്‌മസ് വരവായി, ഐറിൻ തിരക്കിലാണ്... നിറങ്ങളിൽ മുക്കിയ പാലറ്റ് കത്തിയിൽ വിരിയുന്നത് വിവിധ രൂപങ്ങൾ.. ക്രിസ്‌മസ് വീട്, വണ്ടി, നക്ഷത്രങ്ങൾ, മെഴുകുതിരി സ്റ്റാൻഡ് എന്നിവയിലെല്ലാം ഐറിന്റെ വർണോത്സവമാണ്. ഇന്ത്യയിൽ അത്ര പരിചിതമില്ലാത്ത ടെക്സ്ചർ ആർട്ടെന്ന ശൈലിക്കാണ് ഈ ഇരുപത്തേഴുകാരി ജീവൻ നൽകുന്നത്. ചെറുപ്പത്തിലേ ചിത്രംവരയോടുള്ള താത്പര്യമാണ് ടെക്സ്ചർ ആർട്ടിന്റെ ലോകത്തേക്കെത്തിച്ചത്. സ്വന്തമായി ബിസിനസ് ചെയ്യണമെന്ന ആഗ്രഹം മനസ്സിൽ മുളപൊട്ടിയപ്പോൾ രണ്ടാമതൊന്നും ആലോചിച്ചില്ല. നേരേ പാരീസിലേക്ക് വണ്ടികയറി. ടെക്സ്ചർ ആർട്ട് പഠിച്ചു. തിരികെയെത്തി ഒരു സംരംഭം തുടങ്ങി, അതാണ് 'ടർട്ടിൽ സ്റ്റെപ്സ്'. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വിവിധതരം രൂപങ്ങൾ ത്രീഡി ആയി പെയിന്റ് ചെയ്ത് ഓൺലൈൻ വിൽപ്പന നടത്തുകയാണ് കുട്ടനെല്ലൂർ സ്വദേശിയായ ഐറിൻ ജോസഫ്.
ആർക്കിടെക്ടിൽ എൻജിനീയറിങ് കഴിഞ്ഞ് യൂട്യൂബും ഇൻസ്റ്റഗ്രാമും മറ്റും നോക്കിയാണ് ആദ്യം ടെക്സ്ചർ ആർട്ടിലേക്കെത്തിയത്. വിവിധ രൂപത്തിലുള്ള പാലറ്റ് കത്തികളുകളുപയോഗിച്ച് ഫ്ലോറൽ (പൂക്കളുടെ രൂപം), സ്കെയിൽ (മീനിന്റെ ചെതുമ്പൽപോലുള്ള രൂപം), ആർച്ച് രൂപത്തിലുള്ള ടെക്സ്ചർ ആർട്ടുകളാണ് പ്രധാനമായും ഐറിൻ തയ്യാറാക്കുന്നത്. പെയിന്റിന് ഉപയോഗിക്കുന്ന പുട്ടിയിൽ ഒരു പ്രത്യേക അനുപാതത്തിൽ വെള്ളവും പശയും ഉപയോഗിച്ചുണ്ടാക്കുന്ന മിശ്രിതമായ ടെക്സ്ചർ പേസ്റ്റാണ് വരയ്ക്കാനായി ഉപയോഗിക്കുന്നത്. വെള്ളനിറത്തിലുള്ള ഈ പേസ്റ്റിൽ അക്രലിക് നിറങ്ങൾ ചേർത്താണ് രൂപങ്ങൾക്ക് ഭംഗി നൽകുന്നത്.
16/16 ഇഞ്ചിലുള്ള ഒരു ഫ്രെയിം ചെയ്തെടുക്കാൻ ഏകദേശം 4,000 രൂപയോളം ചെലവ് വരും. ചുമരിലോ കാർഡ് ബോർഡിലോ മരത്തടിയിലോ, കാൻവാസിലോ ആണ് പെയിന്റ് ചെയ്യുന്നത്. പുസ്തകങ്ങളുടെ പുറംചട്ട, കലണ്ടർ, ഡിന്നർപ്ലേറ്റ് തുടങ്ങിയവയിൽ കംപ്യൂട്ടറൈസ്ഡ് ടെക്സ്ചർ ആർട്ട് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഐറിൻ. കുട്ടനെല്ലൂർ മഞ്ഞളി ജോസഫിന്റെയും ടെസിയുടെയും മകളാണ് ഐറിൻ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group