കാക്കൂർ: മരത്തടികൾ, കല്ലുകൾ, ചിരട്ട, കളിമണ്ണ് തുടങ്ങിയവ കൈയിൽ എത്തിയാൽ ജീവൻ തുടിക്കുന്ന രൂപങ്ങളാക്കി മാറ്റി കരവിരുതിന്റെ വിസ്മയം തീർക്കുകയാണ് ഒരു യുവകലാകാരൻ. കാക്കൂരിലെ ഈന്താട്ട് പി.ടി. പ്രവീഷ് കുമാറാണ് കലാപരമായ നിർമിതികൾ നടത്തി ശ്രദ്ധേയനാവുന്നത്. കേരളത്തിനകത്തും പുറത്തുമായി ദാരുശില്പകലയിൽ ഒട്ടേറെ നിർമിതികൾ പ്രവീഷ് കുമാർ ചെയ്തിട്ടുണ്ട്. ദർപ്പണസുന്ദരി, ഗണപതി, ഋഷഭ കുഞ്ജരം, ശ്രീബുദ്ധൻ, ലക്ഷ്മീദേവി, ശ്രീകൃഷ്ണൻ, വ്യാളിരൂപം, അരയന്നം, നന്ദികേശൻ, മക്ക, മദീന തുടങ്ങിയവ നിർമിച്ചിട്ടുണ്ട്.
കാക്കൂർ ഈന്താട്ട് തറവാട്ടിലെ വേലായുധൻ ആചാരി-പുഷ്പ ദമ്പതിമാരുടെ മകനായ പ്രവീഷ് കുമാർ ചെറുപ്രായം മുതൽക്കേ കലാരംഗത്ത് സജീവമായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യ ഗുരുക്കന്മാർ അച്ഛനും മുത്തശ്ശനുമായിരുന്നു. എടക്കര എ.എസ്.വി.യു.പി. സ്കൂളിലെ ചോയിക്കുട്ടി, പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ യതീന്ദ്രൻ, നിർമല എന്നിവരായിരുന്നു സ്കൂൾ കാലഘട്ടത്തിൽ ഈ മേഖലയിലെ വഴികാട്ടികളെന്ന് പ്രവീഷ് പറയുന്നു.
പ്ലസ് ടു പഠനത്തിനുശേഷം മധുരയിലെ കനറാ ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിസാൻസ് കാരൈക്കുടിയിലെ സജയ് മാധവൻ, പളനിവേൽ, റിഞ്ചു എന്നിവരുടെ ശിക്ഷണത്തിൽ ദാരുശില്പകലയിൽ രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കി. പഠനശേഷം ജീവൻ തുടിക്കുന്ന കലാരൂപങ്ങൾ വളരെ നിഷ്‌പ്രയാസം നിർമിക്കാനും ഈ മേഖലയിൽ ശ്രദ്ധേയമായ പല പുതിയ നിർമിതികൾ ചെയ്യുവാനും സാധിച്ചിട്ടുണ്ട്.
ദാരുശില്പകലയിൽ വെളിയന്നൂർ കേശവൻ ആചാരി, ചങ്ങനാരി കൃഷ്ണൻ ആചാരി, ചങ്ങനാരി സത്യൻ ആചാരി, ചേലിയ മുരളി ആചാരി എന്നിവരുടെ ശിക്ഷണവും ലഭിച്ചു. കേരളത്തിൽ പല ഭാഗങ്ങളിലും ഇതിനോടകം ഒട്ടേറെ ക്ഷേത്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാവാനും സാധിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group